യഹസ്കേൽ
26 11-ാം വർഷം, മാസത്തിന്റെ ഒന്നാം ദിവസം എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, യരുശലേമിനെക്കുറിച്ച് സോർ+ ഇങ്ങനെ പറഞ്ഞില്ലേ? ‘ജനതകളുടെ കവാടം തകർന്നടിഞ്ഞല്ലോ.+ അതു നന്നായി! ഇനി എല്ലാം എന്റെ വഴിക്കു വരും. അവൾ നശിച്ച സ്ഥിതിക്കു ഞാൻ ഇനി സമ്പന്നയാകും.’ 3 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘സോരേ, ഞാൻ നിനക്ക് എതിരാണ്. കടലിൽ തിര അടിക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിനക്ക് എതിരെ വരുത്തും. 4 അവർ സോരിന്റെ മതിലുകൾ തകർക്കും; അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളയും.+ ഞാൻ അവളുടെ മണ്ണു മുഴുവൻ ചുരണ്ടിക്കോരി അവളെ വെറുമൊരു പാറക്കെട്ടാക്കും. 5 സമുദ്രമധ്യേ വല ഉണക്കാനുള്ള ഒരു സ്ഥലമായി അവൾ മാറും.’+
“‘കാരണം, ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘ജനതകൾ അവളെ കൊള്ളയടിക്കും. 6 നാട്ടിൻപുറത്തുള്ള അവളുടെ ഗ്രാമങ്ങൾ* വാളിന് ഇരയാകും. അങ്ങനെ, ഞാൻ യഹോവയാണെന്ന് ആളുകൾ അറിയേണ്ടിവരും.’
7 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, വടക്കുനിന്ന് ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിനെ സോരിന് എതിരെ വരുത്തുന്നു.+ അവൻ കുതിരകളും കുതിരപ്പടയാളികളും+ യുദ്ധരഥങ്ങളും+ ഒരു വൻസൈന്യവും* ഉള്ള രാജാധിരാജാവാണ്.+ 8 നാട്ടിൻപുറത്തുള്ള നിന്റെ ഗ്രാമങ്ങൾ അവൻ വാളിന് ഇരയാക്കും. അവൻ നിനക്ക് എതിരെ ഉപരോധമതിൽ പണിയും. നിന്നെ ആക്രമിക്കാൻവേണ്ടി ചെരിഞ്ഞ തിട്ട ഉണ്ടാക്കും. നിനക്ക് എതിരെ ഒരു വൻപരിച ഉയർത്തും. 9 അവൻ യന്ത്രമുട്ടികൊണ്ട്* നിന്റെ മതിലുകൾ ഇടിച്ച് തകർക്കും. കോടാലികൊണ്ട്* നിന്റെ ഗോപുരങ്ങൾ പൊളിച്ചുകളയും. 10 അവന്റെ അനവധിയായ കുതിരകൾ ഉയർത്തുന്ന പൊടിപടലം നിന്നെ മൂടും. മതിൽ തകർന്ന നഗരത്തിലേക്ക് ആളുകൾ ഇരച്ചുകയറുന്നതുപോലെ അവൻ നിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കും. അപ്പോൾ, കുതിരപ്പടയാളികളുടെയും രഥങ്ങളുടെയും രഥചക്രങ്ങളുടെയും ശബ്ദത്താൽ നിന്റെ മതിലുകൾ കുലുങ്ങും. 11 അവന്റെ കുതിരകളുടെ കുളമ്പുകൾ നിന്റെ തെരുവുകളെല്ലാം ചവിട്ടിമെതിക്കും.+ അവൻ നിന്റെ ജനത്തെ വാളുകൊണ്ട് വെട്ടിക്കൊല്ലും. നിന്റെ ഉറപ്പുള്ള തൂണുകൾ നിലംപൊത്തും. 12 അവർ നിന്റെ സമ്പത്തു കവർച്ച ചെയ്യും. കച്ചവടച്ചരക്കുകൾ+ കൊള്ളയടിക്കും. മതിലുകൾ പൊളിച്ചുകളയും. മനോഹരഭവനങ്ങൾ ഇടിച്ചുകളയും. എന്നിട്ട്, നിന്റെ കല്ലും മണ്ണും തടികൊണ്ടുള്ള ഉരുപ്പടികളും വെള്ളത്തിൽ എറിയും.’
13 “‘നിന്റെ പാട്ടുകളുടെ ശബ്ദം ഞാൻ നിറുത്തിക്കും. നിന്റെ കിന്നരങ്ങൾ ഇനി ഒരിക്കലും നാദം ഉയർത്തില്ല.+ 14 ഞാൻ നിന്നെ തിളങ്ങിക്കിടക്കുന്ന വെറും പാറയാക്കും. വല ഉണക്കാനുള്ള ഒരു സ്ഥലമായി നീ മാറും.+ നിന്നെ ഇനി ഒരിക്കലും പുതുക്കിപ്പണിയില്ല. കാരണം, യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
15 “പരമാധികാരിയായ യഹോവ സോരിനോടു പറയുന്നത് ഇതാണ്: ‘നിന്റെ വീഴ്ചയുടെ ശബ്ദം കേൾക്കുമ്പോൾ, മരിക്കാറായവർ* ഞരങ്ങുമ്പോൾ, നിന്റെ മധ്യേ കൂട്ടക്കുരുതി നടക്കുമ്പോൾ ദ്വീപുകൾ വിറയ്ക്കാതിരിക്കുമോ?+ 16 കടലിലെ പ്രഭുക്കന്മാരെല്ലാം സിംഹാസനം വിട്ട് ഇറങ്ങിവരും. അവർ അവരുടെ കുപ്പായം* അഴിച്ചുമാറ്റും. ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ ഊരിക്കളയും. അവർ പേടിച്ചുവിറച്ച്* നിലത്ത് ഇരുന്ന് ആശ്ചര്യത്തോടെ നിന്നെ തുറിച്ചുനോക്കും. വിറയൽ അവരെ വിട്ടുമാറില്ല.+ 17 അവർ നിന്നെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കും.+ അവർ ഇങ്ങനെ പാടും:
“കടൽ കടന്ന് വന്നവർ താമസമാക്കിയ പുകൾപ്പെറ്റ നഗരമേ, കഷ്ടം! നീ നശിച്ചുപോയല്ലോ!+
എല്ലാ ഭൂവാസികളിലും ഭീതി പടർത്തിയ
നീയും നിന്റെ* നിവാസികളും കടലിലെ പ്രബലരല്ലായിരുന്നോ?+
19 “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘ആൾപ്പാർപ്പില്ലാത്ത നഗരങ്ങളെപ്പോലെ ഞാൻ നിന്നെ ശൂന്യയാക്കുമ്പോൾ, ആർത്തലച്ച് വരുന്ന വെള്ളത്തിൽ മുക്കി പെരുവെള്ളത്താൽ നിന്നെ മൂടുമ്പോൾ,+ 20 നിന്നെയും നിന്നോടൊപ്പം കുഴിയിലേക്കു* പോകുന്നവരെയും ഞാൻ പണ്ടു ജീവിച്ചിരുന്ന ആളുകളുടെ അടുത്തേക്ക് അയയ്ക്കും. നശിച്ചുപോയ പുരാതനസ്ഥലങ്ങളെപ്പോലുള്ള ഒരു അത്യഗാധസ്ഥലത്ത്, കുഴിയിലേക്കു പോകുന്നവരോടൊപ്പം നീ കഴിയേണ്ടിവരും.+ ഞാൻ ഇതു ചെയ്യുന്നതു മേലാൽ ആരും നിന്നിൽ താമസമാക്കാതിരിക്കാനാണ്. പിന്നെ, ജീവിച്ചിരിക്കുന്നവരുടെ ദേശത്തെ ഞാൻ മഹത്ത്വത്തിലേക്ക് ഉയർത്തും.*
21 “‘ഞാൻ പൊടുന്നനെ നിന്റെ മേൽ ഭീതി വിതയ്ക്കും. നീ ഇല്ലാതാകും.+ അവർ നിന്നെ തിരയും; പക്ഷേ, ഒരിക്കലും കണ്ടെത്തില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”