യശയ്യ
29 “അരിയേലിന്റെ* കാര്യം കഷ്ടം! ദാവീദ് പാളയമടിച്ചിരുന്ന നഗരമായ അരിയേലിന്റെ കാര്യം കഷ്ടം!+
വർഷങ്ങൾ കടന്നുപോകട്ടെ;
വർഷാവർഷം ഉത്സവങ്ങളെല്ലാം+ നടക്കട്ടെ.
2 എന്നാൽ ഞാൻ അരിയേലിനു ദുരിതം വരുത്തും,+
അവിടെ കരച്ചിലും വിലാപവും ഉണ്ടാകും;+
അവൾ എനിക്കു ദൈവത്തിന്റെ യാഗപീഠത്തിലെ തീത്തട്ടുപോലെയാകും.+
3 ഞാൻ നിനക്ക് എതിരെ നിന്റെ നാലു വശത്തും പാളയമടിക്കും,
കൂർത്ത തടികൾകൊണ്ട് വേലി കെട്ടി ഞാൻ നിന്നെ ഉപരോധിക്കും,
ഞാൻ നിന്റെ ചുറ്റും ഉപരോധം തീർക്കും.+
4 നിന്നെ ഞാൻ താഴെ ഇറക്കും;
നിലത്ത് കിടന്ന് നീ സംസാരിക്കും,
നിന്റെ ശബ്ദം പൊടികൊണ്ട് നേർത്തുപോകും.
നിലത്തുനിന്ന് നിന്റെ ശബ്ദം കേൾക്കും,+
അത് ആത്മാക്കളുടെ ഉപദേശം തേടുന്നവരുടെ* ശബ്ദംപോലെയാകും,
നിന്റെ വാക്കുകൾ പൊടിയിൽനിന്ന് ചിലയ്ക്കും.
5 നിന്റെ ശത്രുക്കളുടെ* കൂട്ടം നേർത്ത പൊടിപോലെയായിത്തീരും,+
മർദകരുടെ കൂട്ടം പാറിപ്പോകുന്ന പതിരുപോലെയാകും.+
അതു പെട്ടെന്ന്, നിമിഷനേരത്തിനുള്ളിൽ സംഭവിക്കും.+
6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും വലിയ ശബ്ദത്തോടും കൂടെ,
വീശിയടിക്കുന്ന കാറ്റിനോടും കൊടുങ്കാറ്റിനോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലകളോടും കൂടെ,
സൈന്യങ്ങളുടെ അധിപനായ യഹോവ നിന്റെ നേർക്കു ശ്രദ്ധ തിരിക്കും.”+
7 അപ്പോൾ അരിയേലിന് എതിരെ യുദ്ധം ചെയ്യുന്ന ജനതകളുടെ സമൂഹം+
—അവൾക്കെതിരെ പടപൊരുതുന്ന എല്ലാവരും,
അവൾക്കെതിരെ ഉയർത്തിയിരിക്കുന്ന ഉപരോധഗോപുരങ്ങളും,
അവൾക്കു ദുരിതം വിതയ്ക്കുന്ന എല്ലാവരും—
ഒരു സ്വപ്നംപോലെ, രാത്രിയിലെ ദർശനംപോലെ, ആയിത്തീരും.
8 വിശന്നിരിക്കുന്നവൻ താൻ ഭക്ഷണം കഴിക്കുന്നതു സ്വപ്നം കണ്ടിട്ട്
വിശപ്പോടെ ഉണരുന്നതുപോലെയും,
ദാഹിച്ചിരിക്കുന്നവൻ വെള്ളം കുടിക്കുന്നതു സ്വപ്നം കണ്ടിട്ട്
ദാഹിച്ചുതളർന്ന് ഉണരുന്നതുപോലെയും, ആയിരിക്കും അത്.
ഇതായിരിക്കും സീയോൻ പർവതത്തോടു യുദ്ധം ചെയ്യുന്ന
ജനസമൂഹങ്ങളുടെ അവസ്ഥ.+
വീഞ്ഞു കുടിച്ചിട്ടില്ലെങ്കിലും അവർ മത്തരായിരിക്കുന്നു,
മദ്യപിച്ചിട്ടില്ലെങ്കിലും ആടിയാടിനടക്കുന്നു.
10 യഹോവ നിങ്ങളുടെ മേൽ ഗാഢനിദ്രയുടെ ആത്മാവിനെ പകർന്നിരിക്കുന്നു;+
ദൈവം നിങ്ങളുടെ കണ്ണുകളായ പ്രവാചകന്മാരെ അടച്ചിരിക്കുന്നു,+
നിങ്ങളുടെ ശിരസ്സുകളായ ദിവ്യദർശികളെ മൂടിയിരിക്കുന്നു.+
11 ദിവ്യദർശനങ്ങളെല്ലാം നിങ്ങൾക്ക് അടച്ചുമുദ്രയിട്ട ഒരു പുസ്തകത്തിലെ+ വാക്കുകൾപോലെയായിരിക്കും. അവർ വായന അറിയാവുന്ന ഒരാളെ അത് ഏൽപ്പിച്ചിട്ട്, “ഇതൊന്ന് ഉറക്കെ വായിക്കാമോ” എന്നു ചോദിച്ചാൽ, “എനിക്കു പറ്റില്ല, ഇത് അടച്ചുമുദ്രയിട്ടിരിക്കുകയല്ലേ” എന്ന് അവൻ മറുപടി പറയും. 12 വായന അറിയാത്ത ഒരാളെ അത് ഏൽപ്പിച്ചിട്ട്, “ഇതൊന്നു വായിക്കാമോ” എന്നു ചോദിച്ചാൽ, “എനിക്കു വായിക്കാനേ അറിയില്ല” എന്ന് അവൻ മറുപടി പറയും.
13 യഹോവ പറയുന്നു: “ഈ ജനം വായ്കൊണ്ട് എന്റെ അടുത്തേക്കു വരുന്നു,
അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു.+
എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്;
അവർ പഠിച്ച മനുഷ്യകല്പനകൾ കാരണമാണ് അവർ എന്നെ ഭയപ്പെടുന്നത്.+
14 അതുകൊണ്ട് ഞാൻ ഇനിയും ഈ ജനത്തിനുവേണ്ടി അത്ഭുതകാര്യങ്ങൾ ചെയ്യും,+
അത്ഭുതങ്ങൾക്കു പിന്നാലെ അത്ഭുതങ്ങൾ!
അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും,
വിവേകികളുടെ ഗ്രാഹ്യം മറഞ്ഞിരിക്കും.”+
15 തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറയ്ക്കാനായി എന്തും ചെയ്യാൻ മടിക്കാത്തവർക്കു ഹാ കഷ്ടം!+
“ഞങ്ങളെ ആരും കാണുന്നില്ല,
ആരും ഇത് അറിയുന്നില്ല”+ എന്നു പറഞ്ഞ്
അവർ ഇരുളിന്റെ മറവിൽ പ്രവർത്തിക്കുന്നു.
16 നിങ്ങൾ സമർഥമായി കാര്യങ്ങൾ വളച്ചൊടിക്കുന്നു!*
കുശവനെയും* കളിമണ്ണിനെയും ഒരേപോലെ കാണുന്നതു ശരിയോ?+
സൃഷ്ടി സ്രഷ്ടാവിനെക്കുറിച്ച്,
“അവനല്ല എന്നെ ഉണ്ടാക്കിയത്”+ എന്നും
നിർമിക്കപ്പെട്ടതു നിർമാതാവിനെക്കുറിച്ച്,
“അവന് ഒട്ടും വകതിരിവില്ല” എന്നും പറയുമോ?+
17 അധികം വൈകാതെ ലബാനോനെ ഒരു ഫലവൃക്ഷത്തോപ്പാക്കി മാറ്റും,+
ആ ഫലവൃക്ഷത്തോപ്പിനെ ഒരു വനമായി കണക്കാക്കും.+
18 അന്നു ബധിരൻ ആ പുസ്തകത്തിലെ വാക്കുകൾ കേൾക്കും,
ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്ച ലഭിക്കും.+
19 സൗമ്യരായവർ യഹോവയിൽ അത്യധികം ആഹ്ലാദിക്കും,
പാവപ്പെട്ട മനുഷ്യർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കും.+
20 അന്നു മർദകർ ഉണ്ടായിരിക്കില്ല.
വീമ്പിളക്കുന്നവർ ഇല്ലാതാകും;
ദ്രോഹിക്കാൻ തക്കംനോക്കിയിരിക്കുന്നവരെല്ലാം നശിച്ചുപോകും.+
21 അസത്യം സംസാരിച്ച് മറ്റുള്ളവരെ കുറ്റക്കാരാക്കുന്നവരും
നഗരകവാടത്തിൽ പ്രതിവാദം ചെയ്യുന്നവനു*+ കെണി വെക്കുന്നവരും
പൊള്ളയായ വാദങ്ങൾകൊണ്ട് നീതിമാനു ന്യായം നിഷേധിക്കുന്നവരും അന്ന് ഇല്ലാതാകും.+
22 അതുകൊണ്ട്, അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ+ യാക്കോബുഗൃഹത്തോടു പറയുന്നു:
23 തന്റെ മധ്യേ ഉള്ള മക്കളെ യാക്കോബ് കാണുമ്പോൾ,
എന്റെ കൈകളാൽ ഞാൻ സൃഷ്ടിച്ചവരെ കാണുമ്പോൾ,+
അവർ എന്റെ പേര് വിശുദ്ധീകരിക്കും.
അതെ, അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കും,
അവർ ഇസ്രായേലിന്റെ ദൈവത്തിനു മുന്നിൽ ഭയഭക്തിയോടെ നിൽക്കും.+
24 തന്നിഷ്ടത്തിന്റെ ആത്മാവുള്ളവർ വകതിരിവുള്ളവരാകും,
പരാതി പറയുന്നവർ ഉപദേശം സ്വീകരിക്കും.”