ലേവ്യ
25 സീനായ് പർവതത്തിൽവെച്ച് യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ഞാൻ തരുന്ന ദേശത്ത് നിങ്ങൾ എത്തിക്കഴിയുമ്പോൾ+ ദേശം യഹോവയ്ക്കു ശബത്ത് ആചരിക്കും.+ 3 ആറു വർഷം നിന്റെ വയലിൽ വിത്തു വിതയ്ക്കുകയും ആറു വർഷം നിന്റെ മുന്തിരി വെട്ടിയൊരുക്കുകയും ദേശത്ത് വിളയുന്നതു ശേഖരിക്കുകയും വേണം.+ 4 എന്നാൽ ഏഴാം വർഷം ദേശത്തിനു സമ്പൂർണവിശ്രമത്തിന്റെ ശബത്തായിരിക്കണം. ഇത് യഹോവയ്ക്കുള്ള ശബത്താണ്. നീ വയലിൽ വിത്തു വിതയ്ക്കുകയോ മുന്തിരി വെട്ടിയൊരുക്കുകയോ അരുത്. 5 വയലിൽ താനേ വളർന്നതിന്റെപോലും കൊയ്ത്തു നടത്താനോ വെട്ടിയൊരുക്കാത്ത മുന്തിരിയിൽനിന്ന് മുന്തിരിപ്പഴത്തിന്റെ വിളവെടുക്കാനോ പാടില്ല. ഒരു വർഷം ദേശത്തിനു സമ്പൂർണവിശ്രമമായിരിക്കണം. 6 പക്ഷേ ദേശത്തിന്റെ ശബത്തിൽ അവിടെ വിളയുന്നതു നിനക്കു കഴിക്കാം. നിനക്കും നിന്റെ അടിമകൾക്കും നിന്റെ കൂലിക്കാരനും നിന്നോടൊപ്പം വന്നുതാമസിക്കുന്ന വിദേശികളായ കുടിയേറ്റക്കാർക്കും അതു കഴിക്കാം. 7 നിന്റെ ദേശത്തെ വളർത്തുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കും അതു കഴിക്കാം. ദേശം ഉത്പാദിപ്പിക്കുന്നതെല്ലാം നിനക്കു കഴിക്കാം.
8 “‘നീ ഏഴു ശബത്തുവർഷം എണ്ണണം. അതായത് ഏഴു പ്രാവശ്യം ഏഴു വർഷം എണ്ണണം. ഏഴു ശബത്തുവർഷത്തിന്റെ ദൈർഘ്യം 49 വർഷമായിരിക്കും. 9 തുടർന്ന് പാപപരിഹാരദിവസമായ+ ഏഴാം മാസം പത്താം ദിവസം ഉച്ചത്തിൽ കൊമ്പു* വിളിക്കണം. ആ കൊമ്പുവിളി ദേശം മുഴുവൻ കേൾക്കണം. 10 നിങ്ങൾ 50-ാം വർഷത്തെ വിശുദ്ധീകരിച്ച് ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം.+ അതു നിങ്ങൾക്ക് ഒരു ജൂബിലിയായിരിക്കും. നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കും അവരവരുടെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.+ 11 നിങ്ങൾക്ക് 50-ാം വർഷം ഒരു ജൂബിലിയായിരിക്കും. നിങ്ങൾ വിത്തു വിതയ്ക്കുകയോ വീണുകിടന്ന ധാന്യമണികൾ താനേ വളർന്നുണ്ടായതിന്റെ കൊയ്ത്തു നടത്തുകയോ വെട്ടിയൊരുക്കാത്ത മുന്തിരിവള്ളിയിൽനിന്നുള്ള മുന്തിരിപ്പഴത്തിന്റെ വിളവെടുക്കുകയോ അരുത്.+ 12 കാരണം അതു ജൂബിലിയാണ്. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം. എന്നാൽ ദേശത്ത് താനേ വിളയുന്നതു നിങ്ങൾക്കു കഴിക്കാം.+
13 “‘ജൂബിലിവർഷത്തിൽ നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങിപ്പോകണം.+ 14 നിങ്ങൾ എന്തെങ്കിലും വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ പരസ്പരം ചൂഷണം ചെയ്യരുത്.+ 15 നീ സഹമനുഷ്യനിൽനിന്ന് വാങ്ങുന്നതു ജൂബിലിക്കു ശേഷം കടന്നുപോയ വർഷങ്ങളുടെ എണ്ണം കണക്കിലെടുത്തായിരിക്കണം. വിളവെടുപ്പിനു ബാക്കിയുള്ള വർഷങ്ങൾ കണക്കിലെടുത്ത് വേണം അവൻ നിനക്കു വിൽക്കാൻ.+ 16 ധാരാളം വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അവന് അതിന്റെ വില കൂട്ടാം. എന്നാൽ കുറച്ച് വർഷങ്ങളേ ബാക്കിയുള്ളെങ്കിൽ അവൻ അതിന്റെ വില കുറയ്ക്കണം. കാരണം ശേഷിച്ചിരിക്കുന്ന വിളവെടുപ്പുകളാണല്ലോ അവൻ നിനക്കു വിൽക്കുന്നത്. 17 നിങ്ങൾ ആരും സഹമനുഷ്യനെ ചൂഷണം ചെയ്യരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ 18 എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നപക്ഷം നിങ്ങൾ ദേശത്ത് സുരക്ഷിതരായി താമസിക്കും.+ 19 ദേശം അതിന്റെ ഫലം തരും.+ നിങ്ങൾ തൃപ്തിയാകുന്നതുവരെ കഴിച്ച് അവിടെ സുരക്ഷിതരായി താമസിക്കും.+
20 “‘“വിത്തു വിതയ്ക്കാതെയും വിളവെടുക്കാതെയും ഇരുന്നാൽ ഏഴാം വർഷം എന്തു തിന്നും”+ എന്നു നിങ്ങൾ ചോദിച്ചേക്കാം. 21 ആറാം വർഷം ഞാൻ നിങ്ങളുടെ മേൽ എന്റെ അനുഗ്രഹം ചൊരിയും. അങ്ങനെ മൂന്നു വർഷത്തേക്ക് ആവശ്യമായത്ര വിളവ് ദേശത്ത് വിളയും.+ 22 പിന്നെ എട്ടാം വർഷം നിങ്ങൾ വിത്തു വിതയ്ക്കും. ഒൻപതാം വർഷംവരെ പഴയ വിളവിൽനിന്നായിരിക്കും കഴിക്കുന്നത്. പുതിയ വിളവ് കിട്ടുന്നതുവരെ പഴയതിൽനിന്നുതന്നെ നിങ്ങൾ തിന്നും.
23 “‘നിലം എന്നേക്കുമായി വിറ്റുകളയരുത്.+ കാരണം അത് എന്റേതാണ്.+ നിങ്ങൾ എന്റെ വീക്ഷണത്തിൽ, വന്നുതാമസിക്കുന്ന വിദേശികളും കുടിയേറ്റക്കാരും ആണല്ലോ.+ 24 നിങ്ങളുടെ അവകാശദേശത്ത് എല്ലായിടത്തും, നിലം തിരികെ വാങ്ങാനുള്ള അവകാശം നിങ്ങൾ അനുവദിച്ചുകൊടുക്കണം.
25 “‘ദരിദ്രനായിട്ട് നിന്റെ സഹോദരനു തന്റെ വസ്തുവിൽ കുറച്ച് വിൽക്കേണ്ടിവന്നാൽ അവന്റെ അടുത്ത ബന്ധത്തിലുള്ള ഒരു വീണ്ടെടുപ്പുകാരൻ വന്ന് തന്റെ സഹോദരൻ വിറ്റതു തിരികെ വാങ്ങണം.+ 26 എന്നാൽ വീണ്ടെടുപ്പുകാരനില്ലാത്ത ആർക്കെങ്കിലും പിന്നീടു സമൃദ്ധി ഉണ്ടായിട്ട് അതു വീണ്ടെടുക്കാനുള്ള വക ഉണ്ടായാൽ, 27 അവൻ അതു വിറ്റ സമയംമുതലുള്ള വർഷങ്ങളിലെ അതിന്റെ ആകെ മൂല്യം കണക്കുകൂട്ടണം. എന്നിട്ട് വ്യത്യാസം കണക്കാക്കി ബാക്കി പണം ആ വസ്തു വാങ്ങിയ വ്യക്തിക്കു മടക്കിക്കൊടുക്കണം. പിന്നെ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
28 “‘എന്നാൽ അതു തിരികെ വാങ്ങാനുള്ള വക കണ്ടെത്താൻ അവനു സാധിക്കുന്നില്ലെങ്കിൽ വാങ്ങിയ ആളുടെ കൈവശംതന്നെ ജൂബിലിവർഷംവരെ അത് ഇരിക്കും.+ ജൂബിലിയിൽ അത് അവനു തിരികെ കിട്ടും. അപ്പോൾ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
29 “‘ഇനി, ചുറ്റുമതിലുള്ള നഗരത്തിലെ ഒരു വീട് ഒരാൾ വിൽക്കുന്നെങ്കിൽ വിൽപ്പന നടന്നതുമുതൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ അവന് അതു വീണ്ടെടുക്കാനുള്ള അവകാശമുണ്ട്. ഒരു വർഷം മുഴുവൻ അവന്റെ വീണ്ടെടുപ്പവകാശം+ പ്രാബല്യത്തിലുണ്ടായിരിക്കും. 30 എന്നാൽ ഒരു വർഷത്തിനുള്ളിൽ അതു തിരികെ വാങ്ങുന്നില്ലെങ്കിൽ ചുറ്റുമതിലുള്ള നഗരത്തിലെ ആ വീട്, അതു വാങ്ങിയ ആൾക്കു തലമുറകളിലുടനീളം സ്ഥിരമായ ഒരു അവകാശമാകും. ജൂബിലിയിൽ അതു വിട്ടുകൊടുക്കേണ്ടതില്ല. 31 എന്നാൽ ചുറ്റുമതിലില്ലാത്ത ഒരു പാർപ്പിടമേഖലയിലെ വീടുകൾ നാട്ടിൻപുറത്തെ നിലത്തിന്റെ ഭാഗമായി കണക്കാക്കണം. അവ വീണ്ടെടുക്കാനുള്ള അവകാശം എപ്പോഴുമുണ്ടായിരിക്കും. ജൂബിലിയിൽ അവ വിട്ടുകൊടുക്കുകയും വേണം.
32 “‘ലേവ്യരുടെ നഗരങ്ങളിലെ+ അവരുടെ വീടുകളുടെ കാര്യത്തിൽ, അവ വീണ്ടെടുക്കാൻ അവർക്ക് എന്നും അവകാശമുണ്ടായിരിക്കും. 33 അവർ ആ വീടുകൾ തിരികെ വാങ്ങുന്നില്ലെങ്കിൽ, അവരുടെ നഗരത്തിലുള്ള വിറ്റുപോയ വീടുകൾ ജൂബിലിയിൽ വിട്ട് കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ അവകാശമാണ്.+ 34 പക്ഷേ നഗരത്തിനു ചുറ്റുമുള്ള മേച്ചിൽപ്പുറമായ നിലം+ വിൽക്കരുത്. കാരണം അത് അവരുടെ സ്ഥിരമായ അവകാശമാണ്.
35 “‘നിന്റെ അയൽക്കാരനായ സഹോദരൻ ദരിദ്രനായി അവന് ഉപജീവനത്തിനു വകയില്ലാതാകുന്നെങ്കിൽ അവൻ നിങ്ങളുടെ ഇടയിൽ ജീവിച്ചിരിക്കാൻവേണ്ടി, ദേശത്ത് താമസമാക്കിയ ഒരു വിദേശിയുടെയും കുടിയേറ്റക്കാരന്റെയും+ കാര്യത്തിൽ ചെയ്യുന്നതുപോലെതന്നെ നീ അവനെയും പുലർത്തണം.+ 36 അവനിൽനിന്ന് പലിശ വാങ്ങുകയോ അവനെക്കൊണ്ട് ലാഭം ഉണ്ടാക്കുകയോ* അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ അങ്ങനെ നിന്റെ സഹോദരൻ നിങ്ങളുടെ ഇടയിൽ ജീവനോടിരിക്കാൻ ഇടയാകും. 37 നീ അവനു പലിശയ്ക്കു പണം കൊടുക്കരുത്.+ ലാഭം വാങ്ങി ആഹാരം കൊടുക്കുകയുമരുത്. 38 നിങ്ങൾക്കു ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച്+ കനാൻ ദേശം തരാൻ കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+
39 “‘നിന്റെ അയൽക്കാരനായ ഒരു സഹോദരൻ ദരിദ്രനായിട്ട് അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊരു അടിമയെപ്പോലെ അവനെക്കൊണ്ട് പണിയെടുപ്പിക്കരുത്.+ 40 പകരം ഒരു കൂലിക്കാരനോടോ+ ഒരു കുടിയേറ്റക്കാരനോടോ പെരുമാറുന്നതുപോലെ അവനോടു പെരുമാറണം. ജൂബിലിവർഷംവരെ അവൻ നിന്നെ സേവിക്കണം. 41 പിന്നെ അവൻ നിന്നെ വിട്ട് പോകും. അവനും കുട്ടികളും* അവന്റെ കുടുംബത്തിലേക്കു തിരികെപ്പോകും. അവൻ പൂർവികരുടെ അവകാശത്തിലേക്കു തിരികെപ്പോകണം.+ 42 കാരണം അവർ എന്റെ അടിമകളാണ്; ഈജിപ്ത് ദേശത്തുനിന്ന് ഞാൻ വിടുവിച്ച് കൊണ്ടുവന്നവർ.+ ഒരു അടിമയെ വിൽക്കുന്നതുപോലെ അവർ തങ്ങളെത്തന്നെ വിൽക്കരുത്. 43 നീ അവനോടു ക്രൂരമായി പെരുമാറരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ 44 എന്നാൽ ചുറ്റുമുള്ള ജനതകളിൽനിന്ന് നിങ്ങൾ ആണുങ്ങളെയും പെണ്ണുങ്ങളെയും അടിമകളായി സ്വന്തമാക്കിക്കൊള്ളൂ. അവരുടെ ഇടയിൽനിന്ന് അടിമകളെ നിങ്ങൾക്കു വിലയ്ക്കു വാങ്ങാം. 45 കൂടാതെ നിങ്ങളോടൊപ്പം വന്നുതാമസിക്കുന്ന വിദേശികളായ+ കുടിയേറ്റക്കാരിൽനിന്നും നിങ്ങളുടെ ദേശത്തുവെച്ച് അവർക്കു ജനിച്ച മക്കളിൽനിന്നും അടിമകളെ നിങ്ങൾക്കു വാങ്ങാം. അവർ നിങ്ങളുടെ സ്വത്താകും. 46 ഒരു പൈതൃകസ്വത്തായി നിങ്ങൾക്ക് അവരെ നിങ്ങളുടെ മക്കൾക്കു കൈമാറാം. അങ്ങനെ നിങ്ങളുടെ മക്കൾക്ക് അവരെ സ്ഥിരമായ ഒരു അവകാശമായി സ്വന്തമാക്കാം. നിങ്ങൾക്ക് അവരെ ജോലിക്കാരായി ഉപയോഗിക്കാം. എന്നാൽ നീ നിന്റെ ഇസ്രായേല്യസഹോദരന്മാരോടു ക്രൂരമായി പെരുമാറരുത്.+
47 “‘എന്നാൽ നിന്റെ ഇടയിൽ വന്നുതാമസിക്കുന്ന ഒരു വിദേശിയോ കുടിയേറ്റക്കാരനോ സമ്പന്നനാകുകയും അതേസമയം അവന്റെ അടുത്ത് താമസിക്കുന്ന നിന്റെ ഒരു സഹോദരൻ ദരിദ്രനായിട്ട് തന്നെത്തന്നെ ആ വിദേശിക്കോ കുടിയേറ്റക്കാരനോ വിദേശിയുടെ ഒരു കുടുംബാംഗത്തിനോ വിൽക്കേണ്ടിവരുകയും ചെയ്യുന്നെങ്കിൽ 48 അവൻ തന്നെത്തന്നെ വിറ്റശേഷവും അവന്റെ കാര്യത്തിൽ വീണ്ടെടുപ്പവകാശം പ്രാബല്യത്തിലുണ്ടായിരിക്കും. അവന്റെ സഹോദരന്മാരിൽ ഒരാൾക്ക് അവനെ തിരികെ വാങ്ങാം.+ 49 അല്ലെങ്കിൽ അവന്റെ പിതൃസഹോദരനോ പിതൃസഹോദരപുത്രനോ അവന്റെ കുടുംബത്തിൽപ്പെട്ട ഏതെങ്കിലും അടുത്ത ബന്ധുവിനോ* അവനെ തിരികെ വാങ്ങാം.
“‘ഇനി, അവൻ സമ്പന്നനാകുന്നെങ്കിൽ അവനു സ്വയമായും തന്നെ തിരികെ വാങ്ങാവുന്നതാണ്.+ 50 തന്നെ വിറ്റ വർഷംമുതൽ ജൂബിലിവർഷംവരെയുള്ള+ കാലയളവ് അവനും അവനെ വാങ്ങുന്നയാളും ചേർന്ന് കണക്കുകൂട്ടി നോക്കണം. അവന്റെ വിൽപ്പനവില ആ വർഷങ്ങളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം.+ ഒരു കൂലിക്കാരന്റെ വേതനനിരക്കിന് അനുസൃതമായിട്ടായിരിക്കും ആ കാലയളവിലെ അവന്റെ പ്രവൃത്തിദിനങ്ങളുടെ മൂല്യം നിർണയിക്കുന്നത്.+ 51 ധാരാളം വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ ബാക്കിയുള്ള വർഷങ്ങൾക്ക് ആനുപാതികമായി അവൻ അവന്റെ വീണ്ടെടുപ്പുവില കൊടുക്കണം. 52 പക്ഷേ ജൂബിലിവർഷമാകാൻ കുറച്ച് വർഷങ്ങളേ ബാക്കിയുള്ളൂ എങ്കിൽ അവശേഷിക്കുന്ന വർഷങ്ങൾക്ക് ആനുപാതികമായി അവന്റെ വീണ്ടെടുപ്പുവില കണക്കുകൂട്ടി ആ തുക കൊടുക്കണം. 53 അവൻ എല്ലാ വർഷവും ഒരു കൂലിക്കാരനായി അവനെ സേവിക്കണം. വാങ്ങിയയാൾ അവനോടു ക്രൂരമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കണം.+ 54 എന്നാൽ ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അവനു തന്നെത്തന്നെ തിരികെ വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ജൂബിലിവർഷം അവൻ സ്വതന്ത്രനായി പോകും.+ അവനും അവനോടൊപ്പം മക്കളും പോകും.
55 “‘ഇസ്രായേല്യർ എന്റെ സ്വന്തം അടിമകളാണല്ലോ; ഈജിപ്ത് ദേശത്തുനിന്ന് ഞാൻ വിടുവിച്ച് കൊണ്ടുവന്ന എന്റെ അടിമകൾ.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.