ദാനിയേൽ
5 ഒരിക്കൽ ബേൽശസ്സർ+ രാജാവ് തന്റെ പ്രധാനികളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നു നടത്തി. അവരുടെ മുന്നിൽവെച്ച് അദ്ദേഹം വീഞ്ഞു കുടിക്കുകയായിരുന്നു.+ 2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്. 3 അങ്ങനെ, യരുശലേമിലുള്ള ദൈവഭവനത്തിലെ വിശുദ്ധമന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങൾ അവർ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവും അദ്ദേഹത്തിന്റെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും അതിൽനിന്ന് കുടിച്ചു. 4 അവർ വീഞ്ഞു കുടിച്ചിട്ട് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, കല്ല് എന്നിവകൊണ്ടുള്ള ദൈവങ്ങളെ സ്തുതിച്ചു.
5 ആ നിമിഷംതന്നെ ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് രാജകൊട്ടാരത്തിലെ വിളക്കുതണ്ടിനു നേരെയുള്ള തേച്ച ഭിത്തിയിൽ എഴുതിത്തുടങ്ങി. എഴുതിക്കൊണ്ടിരുന്ന കൈയുടെ പുറകുവശം രാജാവ് കണ്ടു. 6 അപ്പോൾ രാജാവ് ആകെ വിളറിവെളുത്തു.* മനസ്സിലെ ചിന്തകൾ അദ്ദേഹത്തെ ഭയപ്പെടുത്തി. അദ്ദേഹത്തിന്റെ അരക്കെട്ട് ഇളകിയാടി,+ കാൽമുട്ടുകൾ കൂട്ടിയിടിക്കാൻതുടങ്ങി.
7 മാന്ത്രികരെയും കൽദയരെയും* ജ്യോതിഷക്കാരെയും വിളിക്കാൻ രാജാവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.+ ബാബിലോണിലെ ജ്ഞാനികളോടു രാജാവ് പറഞ്ഞു: “ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതരുന്നയാളെ പർപ്പിൾ നിറമുള്ള വസ്ത്രം ധരിപ്പിച്ച് അയാളുടെ കഴുത്തിൽ സ്വർണമാല അണിയിക്കും.+ അയാൾ രാജ്യത്തെ മൂന്നാമനായി വാഴും.”+
8 രാജാവിന്റെ ജ്ഞാനികളെല്ലാം വന്നെങ്കിലും ഒരാൾക്കുപോലും എഴുതിയിരിക്കുന്നതു വായിക്കാനോ രാജാവിന് അതിന്റെ അർഥം പറഞ്ഞുകൊടുക്കാനോ കഴിഞ്ഞില്ല.+ 9 ബേൽശസ്സർ രാജാവ് ആകെ പരിഭ്രമിച്ചു. അദ്ദേഹത്തിന്റെ മുഖം വിളറിവെളുത്തു. പ്രധാനികളെല്ലാം കുഴങ്ങി.+
10 രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രധാനികളുടെയും വാക്കുകൾ കേട്ട് രാജ്ഞി വിരുന്നുശാലയിലേക്കു കടന്നുവന്നു. രാജ്ഞി പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. മനസ്സിലെ ചിന്തകൾ അങ്ങയെ ഭയപ്പെടുത്തേണ്ടതില്ല. അങ്ങയുടെ മുഖം വിളറുകയും വേണ്ടാ. 11 വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള ഒരാൾ* അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത്, തെളിഞ്ഞ ബുദ്ധിയും ഉൾക്കാഴ്ചയും ദൈവങ്ങളുടേതുപോലുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു.+ അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ് അയാളെ മന്ത്രവാദികളുടെയും മാന്ത്രികരുടെയും കൽദയരുടെയും* ജ്യോതിഷക്കാരുടെയും പ്രമാണിയായി നിയമിച്ചു.+ അതെ രാജാവേ, അങ്ങയുടെ പിതാവ് അങ്ങനെ ചെയ്തു. 12 കാരണം, രാജാവ് ബേൽത്ത്ശസ്സർ എന്നു പേരിട്ട ദാനിയേലിനു+ സ്വപ്നങ്ങളുടെ അർഥം വിശദീകരിക്കാനും നിഗൂഢതകളുടെ ചുരുളഴിക്കാനും കുഴപ്പിക്കുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും അസാധാരണമായ ബുദ്ധിയും ജ്ഞാനവും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു.+ ഇപ്പോൾ, ദാനിയേലിനെ വിളിച്ചുവരുത്തിയാലും. ദാനിയേൽ ഇതിന്റെ അർഥം വിശദീകരിച്ചുതരും.”
13 അങ്ങനെ, ദാനിയേലിനെ രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ദാനിയേലിനോടു ചോദിച്ചു: “രാജാവായ എന്റെ അപ്പൻ യഹൂദയിൽനിന്ന് കൊണ്ടുവന്ന+ യഹൂദാപ്രവാസികളിൽപ്പെട്ട ദാനിയേൽ താങ്കളല്ലേ?+ 14 താങ്കളിൽ ദൈവങ്ങളുടെ ആത്മാവുണ്ടെന്നും+ താങ്കൾ തെളിഞ്ഞ ബുദ്ധിയും ഉൾക്കാഴ്ചയും അസാധാരണമായ ജ്ഞാനവും ഉള്ളവനാണെന്നും ഞാൻ കേട്ടിരിക്കുന്നു.+ 15 ഇപ്പോൾ, ഈ എഴുതിയിരിക്കുന്നതു വായിച്ച് അർഥം പറഞ്ഞുതരാൻ ജ്ഞാനികളെയും മാന്ത്രികരെയും എന്റെ മുന്നിൽ കൊണ്ടുവന്നു. പക്ഷേ, സന്ദേശത്തിന്റെ അർഥം പറയാൻ അവർക്ക് ആർക്കും കഴിയുന്നില്ല.+ 16 എന്നാൽ കുഴപ്പിക്കുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും അർഥം വിശദീകരിക്കാനും താങ്കൾക്കു കഴിവുണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു.+ ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതന്നാൽ താങ്കളെ പർപ്പിൾ നിറമുള്ള വസ്ത്രം ധരിപ്പിച്ച് താങ്കളുടെ കഴുത്തിൽ സ്വർണമാല അണിയിക്കും. താങ്കൾ രാജ്യത്തെ മൂന്നാമനായി വാഴും.”+
17 ദാനിയേൽ അപ്പോൾ രാജാവിനോടു പറഞ്ഞു: “സമ്മാനങ്ങൾ അങ്ങയുടെ പക്കൽ ഇരിക്കട്ടെ; പാരിതോഷികങ്ങൾ മറ്റാർക്കെങ്കിലും നൽകിയാലും. എങ്കിലും എഴുതിയിരിക്കുന്നതു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ച് അർഥം പറഞ്ഞുതരാം. 18 അല്ലയോ രാജാവേ, അത്യുന്നതനായ ദൈവം അങ്ങയുടെ പിതാവായ നെബൂഖദ്നേസറിനു രാജ്യവും മഹത്ത്വവും ബഹുമാനവും പ്രതാപവും നൽകി.+ 19 ദൈവം നൽകിയ മാഹാത്മ്യം നിമിത്തം സകല ജനതകളും രാജ്യക്കാരും ഭാഷക്കാരും അദ്ദേഹത്തിന്റെ സന്നിധിയിൽ ഭയന്നുവിറച്ചു.+ തനിക്കു തോന്നിയതുപോലെ അദ്ദേഹം ആളുകളെ കൊല്ലുകയോ ജീവനോടെ വെക്കുകയോ ചെയ്തു. തന്റെ ഇഷ്ടമനുസരിച്ച് ആളുകളെ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്തു.+ 20 പക്ഷേ, ഹൃദയം അഹങ്കരിച്ച് മനസ്സു* കഠിനമായി അദ്ദേഹം ധാർഷ്ട്യത്തോടെ പെരുമാറിയപ്പോൾ,+ രാജ്യത്തെ സിംഹാസനത്തിൽനിന്ന് അദ്ദേഹത്തെ താഴെ ഇറക്കി; മഹത്ത്വം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റി. 21 മനുഷ്യരുടെ ഇടയിൽനിന്ന് അദ്ദേഹത്തെ ഓടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിന്റേതുപോലെയായി. കാട്ടുകഴുതകളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. അദ്ദേഹത്തിനു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു കൊടുത്തു. ആകാശത്തുനിന്നുള്ള മഞ്ഞു വീണ് അദ്ദേഹം നനഞ്ഞു. അങ്ങനെ, അത്യുന്നതദൈവമാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനെ ദൈവം അതിന്റെ ഭരണം ഏൽപ്പിക്കുന്നെന്നും അദ്ദേഹം മനസ്സിലാക്കി.+
22 “എന്നാൽ, അദ്ദേഹത്തിന്റെ മകനായ ബേൽശസ്സരേ, ഇതെല്ലാം അറിയാമായിരുന്നിട്ടും അങ്ങ് ഹൃദയം താഴ്മയുള്ളതാക്കിയില്ല. 23 പകരം, സ്വർഗാധിസ്വർഗങ്ങളുടെ കർത്താവിന് എതിരെ അങ്ങ് സ്വയം ഉയർത്തി,+ ദൈവഭവനത്തിലെ പാത്രങ്ങൾ അങ്ങയുടെ സന്നിധിയിൽ വരുത്തിച്ചു.+ അങ്ങും അങ്ങയുടെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽ വീഞ്ഞു കുടിച്ചു. എന്നിട്ട് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, കല്ല് എന്നിവകൊണ്ടുള്ള ദൈവങ്ങളെ, ഒന്നും കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത ദൈവങ്ങളെ, നിങ്ങൾ സ്തുതിച്ചു.+ പക്ഷേ, അങ്ങയുടെ ജീവന്റെമേലും+ അങ്ങ് ചെയ്യുന്ന എല്ലാ കാര്യങ്ങളുടെ മേലും അധികാരമുള്ള* ദൈവത്തെ അങ്ങ് മഹത്ത്വപ്പെടുത്തിയില്ല. 24 അതുകൊണ്ടാണ് ദൈവം കൈ അയച്ചതും ഇത് എഴുതിച്ചതും.+ 25 എഴുതിയിരിക്കുന്നത് ഇതാണ്: മെനേ, മെനേ, തെക്കേൽ, പർസീൻ.
26 “വാക്കുകളുടെ അർഥമോ: മെനേ എന്നാൽ, ദൈവം അങ്ങയുടെ രാജ്യത്തിന്റെ നാളുകൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നാണ്.+
27 “തെക്കേൽ എന്നാൽ, അങ്ങയെ ത്രാസ്സിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നാണ്.
28 “പെരെസ് എന്നാൽ, അങ്ങയുടെ രാജ്യം വിഭജിച്ച് മേദ്യർക്കും പേർഷ്യക്കാർക്കും കൊടുത്തിരിക്കുന്നു എന്നും.”+
29 തുടർന്ന്, ബേൽശസ്സരിന്റെ കല്പനയനുസരിച്ച് അവർ ദാനിയേലിനെ പർപ്പിൾ നിറമുള്ള വസ്ത്രം ധരിപ്പിച്ചു; ദാനിയേലിന്റെ കഴുത്തിൽ സ്വർണമാല അണിയിച്ചു; ദാനിയേൽ രാജ്യത്തെ മൂന്നാമനായി വാഴും എന്നു വിളംബരം ചെയ്തു.+
30 ആ രാത്രിതന്നെ കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.+ 31 രാജ്യം മേദ്യനായ ദാര്യാവേശിനു+ ലഭിച്ചു; അപ്പോൾ, ദാര്യാവേശിന് ഏകദേശം 62 വയസ്സുണ്ടായിരുന്നു.