ബൈബിൾ പുസ്തക നമ്പർ 27—ദാനീയേൽ
എഴുത്തുകാരൻ: ദാനീയേൽ
എഴുതിയ സ്ഥലം: ബാബിലോൻ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 536
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 618-ഏകദേശം 536
1. ദാനീയേലിൽ ഏതു തരം ചരിത്രം അടങ്ങിയിരിക്കുന്നു, അത് എന്തു പ്രദീപ്തമാക്കുന്നു?
ഭൂമിയിലെ സകല രാഷ്ട്രങ്ങളും വിപത്തിന്റെ വക്കിൽ നിലകൊളളുന്ന ഇന്ന് ദാനീയേലിന്റെ പുസ്തകം അതിപ്രധാനമായ പ്രാവചനിക സന്ദേശങ്ങൾ ശ്രദ്ധയിലേക്കു വരുത്തുന്നു. ശമൂവേൽ, രാജാക്കൻമാർ, ദിനവൃത്താന്തങ്ങൾ എന്നീ ബൈബിൾപുസ്തകങ്ങൾ ദൈവത്തിന്റെ മാതൃകാരാജ്യത്തിന്റെ (ദാവീദികരാജവംശം) ചരിത്രത്തിലെ ദൃക്സാക്ഷിരേഖകളിൽ അധിഷ്ഠിതമാണെങ്കിലും ദാനീയേൽ ലോകത്തിലെ രാഷ്ട്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദാനീയേലിന്റെ കാലംമുതൽ ‘അന്ത്യകാലം’വരെയുളള വലിയ രാജവംശങ്ങളുടെ ശാക്തികപോരാട്ടങ്ങളുടെ പൂർവദർശനങ്ങൾ നൽകുകയും ചെയ്യുന്നു. ഇതു മുന്നമേ എഴുതിയിരിക്കുന്ന ലോകചരിത്രമാണ്. അതു “നാളുകളുടെ അന്തിമഭാഗത്തു” സംഭവിപ്പാനുളളതു കാണിച്ചുതരുന്നതിൽ ഹഠാദാകർഷിക്കുന്ന ഒരു പാരമ്യത്തിലേക്കു നയിക്കുന്നു. ‘അത്യുന്നതൻ മനുഷ്യരുടെ രാജത്വത്തിൻമേൽ വാഴുന്നു’വെന്നും അന്തിമമായി അവൻ മിശിഹായും നേതാവുമായ ക്രിസ്തുയേശുവാകുന്ന “മനുഷ്യപുത്രനോടു സദൃശനായ” ഒരുവന് അതു കൊടുക്കുന്നുവെന്നും നെബുഖദ്നേസറെപ്പോലെ ജനതകൾ കഠിനവിധത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. (ദാനീ. 12:4; 10:14, NW; 4:25; 7:13, 14; 9:25; യോഹ. 3:13-16) ദാനീയേലിന്റെ നിശ്വസ്തപുസ്തകത്തിന്റെ പ്രാവചനികനിവൃത്തികൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുന്നതിനാൽ യഹോവയുടെ പ്രാവചനികശക്തിയും അവന്റെ ജനത്തിന്റെ സംരക്ഷണവും അനുഗ്രഹവും സംബന്ധിച്ച ഉറപ്പുകളും നാം കൂടുതൽ പൂർണമായി മനസ്സിലാക്കും.—2 പത്രൊ. 1:19.
2. ദാനീയേൽ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്നു സ്ഥിരീകരിക്കുന്നത് എന്ത്, അദ്ദേഹം ഏതു സംഭവബഹുലമായ കാലഘട്ടത്തിലാണു പ്രവചിച്ചത്?
2 പുസ്തകത്തിന് അതിന്റെ എഴുത്തുകാരന്റെ പേരാണിട്ടിരിക്കുന്നത്. “ദാനീയേൽ” (എബ്രായ, ദാനിയെൽ) എന്നതിന്റെ അർഥം “എന്റെ ന്യായാധിപൻ ദൈവമാകുന്നു” എന്നാണ്. അതേ കാലത്തു ജീവിച്ചിരുന്ന യെഹെസ്കേൽ നോഹയോടും ഇയ്യോബിനോടുംകൂടെ ദാനീയേലിന്റെയും പേർ പറഞ്ഞുകൊണ്ടു ദാനീയേൽ ഒരു യഥാർഥ വ്യക്തിയാണെന്നു സ്ഥിരീകരിക്കുന്നു. (യെഹെ. 14:14, 20; 28:3) തന്റെ പുസ്തകത്തിന്റെ തുടക്കത്തിന്റെ തീയതിയായി ദാനീയേൽ കൊടുക്കുന്നതു “യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം” ആണ്ട് ആണ്. അതു പൊ.യു.മു. 618 ആയിരുന്നു, അതായതു നെബുഖദ്നേസരിന്റെ സാമന്തരാജാവെന്ന നിലയിലുളള യെഹോയാക്കീമിന്റെ മൂന്നാം വർഷം.a ദാനീയേലിന്റെ പ്രാവചനികദർശനങ്ങൾ കോരേശിന്റെ മൂന്നാമാണ്ടായ പൊ.യു.മു. ഏതാണ്ട് 536 വരെ തുടർന്നു. (ദാനീ. 1:1; 2:1; 10:1, 4) ദാനീയേലിന്റെ ആയുഷ്കാലത്ത് ഏതു സംഭവബഹുലങ്ങളായ വർഷങ്ങളാണു കടന്നുപോയത്! അവന്റെ ആദിമനാളുകൾ യഹൂദയിലെ ദൈവരാജ്യത്തിൻകീഴിലാണു ചെലവഴിക്കപ്പെട്ടത്. പിന്നീട് ഒരു കൗമാരപ്രായക്കാരനായ പ്രഭുവെന്ന നിലയിൽ തന്റെ കുലീന യഹൂദ്യകൂട്ടാളികളോടൊത്ത് അവൻ ബൈബിൾചരിത്രത്തിലെ മൂന്നാമത്തെ ലോകശക്തിയുടെ ഉയർച്ചയിലും താഴ്ചയിലുംകൂടെ ജീവിക്കാൻ ബാബിലോനിലേക്കു കൊണ്ടുപോകപ്പെട്ടു. ദാനീയേൽ നാലാം ലോകശക്തിയായ മേദോ-പേർഷ്യയിലെ ഗവൺമെൻറ് ഉദ്യോഗസ്ഥനായി സേവിക്കുന്നതിന് അതിജീവിച്ചു. ദാനീയേൽ നൂറു വർഷത്തോടടുത്തു ജീവിച്ചിരിക്കണം.
3. ദാനീയേൽപുസ്തകത്തിന്റെ കാനോനികത്വത്തെയും വിശ്വാസ്യതയെയും തെളിയിക്കുന്നത് എന്ത്?
3 ദാനീയേലിന്റെ പുസ്തകം നിശ്വസ്ത തിരുവെഴുത്തുകളുടെ യഹൂദ പുസ്തകപ്പട്ടികയിൽ എല്ലായ്പോഴും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചാവുകടൽ ചുരുളുകളിലെ മററു കാനോനിക പുസ്തകങ്ങളുടെ കൂട്ടത്തിൽ ദാനീയേലിന്റെ ശകലങ്ങളും കണ്ടെത്തപ്പെട്ടിരിക്കുന്നു. അവയിൽ ചിലതു പൊ.യു.മു. ഒന്നാം നൂററാണ്ടിന്റെ ആദ്യപകുതി മുതലുളളതാണ്. എന്നിരുന്നാലും, പുസ്തകത്തിന്റെ വിശ്വാസ്യതയുടെ അതിനെക്കാൾ മൂല്യവത്തായ ഒരു തെളിവ് അതിൽനിന്നുളള ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ പരാമർശങ്ങളിൽ കാണാം. യേശു “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചുളള തന്റെ പ്രവചനത്തിൽ ദാനീയേലിനെ പ്രത്യേകമായി പറയുന്നു, അതിൽ അവൻ ഈ പുസ്തകത്തിൽനിന്നുളള പല ഉദ്ധരണികൾ ഉൾപ്പെടുത്തുന്നു.—മത്താ. 24:3, NW; ദാനീ. 9:27; 11:31; 12:11—മത്താ. 24:15-ഉം മർക്കൊ. 13:14-ഉം; ദാനീ. 12:1—മത്താ. 24:21; ദാനീ. 7:13, 14—മത്താ. 24:30, ഇവകൂടെ കാണുക.
4, 5. ദാനീയേലിനെ സംബന്ധിച്ച അമിതകൃത്തിപ്പുകാരുടെ അവകാശവാദങ്ങളെ പുരാവസ്തുശാസ്ത്രം ഖണ്ഡിച്ചിരിക്കുന്നത് എങ്ങനെ?
4 ബൈബിളിന്റെ അമിതകൃത്തിപ്പുകാർ ദാനീയേലിന്റെ പുസ്തകത്തിന്റെ ചരിത്രപരതയെ ചോദ്യംചെയ്തിട്ടുണ്ടെങ്കിലും പല വർഷങ്ങളിലെ പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങൾ അവരുടെ അവകാശവാദങ്ങളെ പൂർണമായി ഖണ്ഡിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, നബോണീഡസ് ഭരണാധികാരിയെന്ന നിലയിൽ പ്രസിദ്ധനായിരുന്ന ഒരു കാലത്തു ബാബിലോനിൽ ബേൽശസ്സർ രാജാവായിരുന്നുവെന്ന ദാനീയേലിന്റെ പ്രസ്താവനയെ ഈ വിമർശകർ പുച്ഛിച്ചു. (ദാനീ. 5:1) ബേൽശസ്സർ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്നും ബാബിലോന്യസാമ്രാജ്യത്തിന്റെ അവസാനവർഷങ്ങളിൽ അവൻ നബോണീഡസിന്റെ സഹഭരണാധികാരിയായിരുന്നുവെന്നും പുരാവസ്തുശാസ്ത്രം ഇപ്പോൾ നിസ്തർക്കമായി സ്ഥാപിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, “നബോണീഡസിന്റെ പാഠവിവരണം” എന്നു വർണിക്കപ്പെടുന്ന ഒരു പുരാതന ക്യൂനിഫോം പാഠം ബേൽശസ്സർ ബാബിലോനിൽ രാജാധികാരം പ്രയോഗിച്ചുവെന്നു വ്യക്തമായി സ്ഥിരീകരിക്കുകയും അവൻ നബോണീഡസിന്റെ സഹഭരണാധികാരിയായിത്തീർന്ന രീതിയെ വിശദീകരിക്കുകയും ചെയ്യുന്നു.b മററു ക്യൂനിഫോം തെളിവ് ബേൽശസ്സർ രാജകീയ ധർമങ്ങൾ നിറവേററിയെന്ന വീക്ഷണത്തെ പിന്താങ്ങുന്നു. നബോണീഡസിന്റെ 12-ാംവർഷത്തിൽ തീയതിവെച്ച ഒരു ഇഷ്ടികയിൽ, ബേൽശസ്സറിന് അവന്റെ പിതാവിനോടൊപ്പം സ്ഥാനമുണ്ടായിരുന്നുവെന്നു പ്രകടമാക്കുന്നതായി രാജാവായ നബോണീഡസിന്റെയും രാജാവിന്റെ പുത്രനായ ബേൽശസ്സരിന്റെയും നാമത്തിൽ ചെയ്ത ഒരു പ്രതിജ്ഞ അടങ്ങിയിരിക്കുന്നു.c ദാനീയേലിനു ചുവരിലെ കൈയെഴുത്തു വായിക്കാൻ കഴിയുമെങ്കിൽ അവനെ “രാജ്യത്തിൽ മൂന്നാമൻ” ആക്കാമെന്നു ബേൽശസ്സർ വാഗ്ദാനംചെയ്തത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നതിലും ഇതു താത്പര്യജനകമാണ്. നബോണീഡസ് ഒന്നാമനെന്നു പരിഗണിക്കപ്പെടും, ബേൽശസ്സർ രണ്ടാമനായിരിക്കും, ദാനീയേൽ മൂന്നാമനായി ഘോഷിക്കപ്പെടും. (5:16, 29) ഒരു ഗവേഷകൻ ഇങ്ങനെ പറയുന്നു: “ചരിത്രത്തിലെ ബേൽശസ്സറിന്റെ സ്ഥാനം വ്യക്തമായി വെളിപ്പെടത്തക്കവണ്ണം അവൻ വഹിച്ച പങ്കിൻമേൽ ബേൽശസ്സറിനെസംബന്ധിച്ച ക്യൂനിഫോം സൂചനങ്ങൾ വളരെയധികം വെളിച്ചം ചൊരിഞ്ഞിട്ടുണ്ട്. ബേൽശസ്സറിനു സ്ഥാനത്തിലും പ്രശസ്തിയിലും നബോണീഡസിനോടു മിക്കവാറും തുല്യതയുണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്ന അനേകം പാഠങ്ങളുണ്ട്. ഒടുവിലത്തെ പുത്തൻ-ബാബിലോന്യവാഴ്ചയുടെ അധികഭാഗത്തുമുണ്ടായിരുന്ന ദ്വിഭരണം ഒരു സ്ഥാപിതവസ്തുതയാണ്. നബോണീഡസ് അറേബ്യയിൽ തേമയിലെ തന്റെ രാജധാനിയിൽനിന്നു പരമാധികാരം പ്രയോഗിച്ചു, അതേസമയം ബേൽശസ്സർ ബാബിലോനെ തന്റെ സ്വാധീനകേന്ദ്രമാക്കി സ്വദേശത്തു സഹഭരണാധികാരിയായി വർത്തിച്ചു. ബേൽശസ്സർ ദുർബലനായ ഒരു രാജപ്രതിനിധിയല്ലായിരുന്നുവെന്നു വ്യക്തമാണ്; അവനെ ‘രാജത്വം’ ഭരമേൽപ്പിച്ചിരുന്നു.”d
5 തീച്ചൂളയെ സംബന്ധിച്ച ദാനീയേലിന്റെ വിവരണം (അധ്യാ. 3) ഐതിഹ്യപരമായ ഒരു കണ്ടുപിടിത്തമാണെന്നു പറഞ്ഞുകൊണ്ടു ചിലർ അതിനെ അവഗണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പഴയ-ബാബിലോന്യ ലേഖനം ഭാഗികമായി ഇങ്ങനെ വായിക്കപ്പെടുന്നു: “കർത്താവായ റിം-സിൻ ഇങ്ങനെ പറയുന്നു: അവൻ അടിമബാലനെ അടുപ്പിൽ എറിഞ്ഞതുകൊണ്ടു നിങ്ങൾ അടിമയെ ചൂളയിൽ എറിയുന്നുവോ.” രസാവഹമായി, അതിനെ പരാമർശിച്ചുകൊണ്ട് ഈ ശിക്ഷ “മൂന്നു വിശുദ്ധ മനുഷ്യരുടെ (ദാനീ. III 6, 15, 19-27) കഥയിൽ കാണപ്പെടുന്നു” എന്നു ജീ. ആർ. ഡ്രൈവർ പ്രസ്താവിച്ചു.e
6. ഏതു രണ്ടു ഭാഗങ്ങൾ ദാനീയേലിന്റെ പുസ്തകത്തിനുണ്ട്?
6 യഹൂദൻമാർ ദാനീയേലിന്റെ പുസ്തകം പ്രവാചകൻമാരുടെ കൂട്ടത്തിലല്ല, ലിഖിതങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. മറിച്ച്, ഇംഗ്ലീഷ് ബൈബിൾ ദാനീയേലിനെ വലിയ പ്രവാചകൻമാരുടെയും ചെറിയ പ്രവാചകൻമാരുടെയും ഇടയിൽ വെച്ചുകൊണ്ടു ഗ്രീക്ക് സെപ്ററുവജിൻറിന്റെയും ലാററിൻ വൾഗേററിന്റെയും പുസ്തകപ്പട്ടികയിലെ ക്രമം പിന്തുടരുന്നു. യഥാർഥത്തിൽ പുസ്തകത്തിനു രണ്ടു ഭാഗങ്ങളുണ്ട്. 1 മുതൽ 6 വരെ അധ്യായങ്ങളടങ്ങുന്ന ഇവയിൽ ആദ്യത്തേതു പൊ.യു.മു. 617 മുതൽ 538 വരെയുളള ഗവൺമെൻറ് സേവനത്തിലെ ദാനീയേലിന്റെയും അവന്റെ കൂട്ടാളികളുടെയും അനുഭവങ്ങൾ കാലാനുക്രമത്തിൽ കൊടുക്കുന്നു. (ദാനീ. 1:1, 21) 7 മുതൽ 12 വരെയുളള അധ്യായങ്ങളടങ്ങിയ രണ്ടാം ഭാഗം ലേഖകൻ എന്ന നിലയിൽ ദാനീയേൽതന്നെ പ്രഥമപുരുഷനിൽ എഴുതുന്നു, പൊ.യു.മു. ഏതാണ്ട് 553f മുതൽ പൊ.യു.മു. ഏതാണ്ട് 536 വരെ ദാനീയേലിനുണ്ടായ സ്വകാര്യദർശനങ്ങളും ദൂതൻമാരുമായുളള അഭിമുഖങ്ങളും വർണിക്കുകയും ചെയ്യുന്നു. (7:2, 28; 8:2; 9:2; 12:5, 7, 8) രണ്ടു ഭാഗങ്ങളും കൂടിച്ചേർന്നു ദാനീയേലിന്റെ യോജിപ്പുളള ഏക പുസ്തകമായിത്തീരുന്നു.
ദാനീയേലിന്റെ ഉളളടക്കം
7. ദാനീയേലും അവന്റെ കൂട്ടാളികളും ബാബിലോന്യഗവൺമെൻറ് സേവനത്തിൽ പ്രവേശിക്കുന്നതിലേക്കു നയിക്കുന്നത് എന്ത്?
7 സംസ്ഥാനസേവനത്തിനുളള ഒരുക്കം (1:1-21). പൊ.യു.മു. 617-ൽ ദാനീയേൽ ബന്ദികളായ യഹൂദൻമാരുടെ കൂട്ടത്തിൽ ബാബിലോനിലേക്കു വരുന്നു. യെരുശലേമിലെ ആലയത്തിൽനിന്നുളള വിശുദ്ധ ഉപകരണങ്ങളും ഒരു പുറജാതീയ നിക്ഷേപശാലയിൽ വെക്കാൻ കൊണ്ടുവരുന്നു. രാജകൊട്ടാരത്തിലെ ഒരു ത്രിവത്സര പരിശീലനകോഴ്സിനു തിരഞ്ഞെടുക്കപ്പെട്ട രാജകീയ യഹൂദ്യ യുവാക്കളിൽ പെട്ടവരാണു ദാനീയേലും അവന്റെ മൂന്നു കൂട്ടാളികളും. രാജാവിന്റെ പുറജാതീയ വിശിഷ്ട ഭോജ്യങ്ങളാൽ മലിനപ്പെടാതിരിക്കാൻ തന്റെ ഹൃദയത്തിൽ ദൃഢനിശ്ചയത്തോടെ ദാനീയേൽ സസ്യാഹാരം കൊണ്ടുളള പത്തു ദിവസത്തെ ഒരു പരീക്ഷണം നിർദേശിക്കുന്നു. പരീക്ഷണം ദാനീയേലിനും അവന്റെ കൂട്ടാളികൾക്കും അനുകൂലമായി പരിണമിക്കുന്നു. ദൈവം അവർക്ക് അറിവും ജ്ഞാനവും കൊടുക്കുന്നു. നെബുഖദ്നേസർ നാലുപേരെയും തന്റെ മുമ്പാകെ ആലോചനക്കാരായി നിൽക്കാൻ നിയമിക്കുന്നു. തൊട്ടുമുമ്പിലത്തെ ഭാഗം എഴുതപ്പെട്ട ശേഷം ദീർഘനാൾ കഴിഞ്ഞു കൂട്ടിച്ചേർത്തിരിക്കാവുന്ന 1-ാം അധ്യായത്തിന്റെ അവസാന വാക്യം ദാനീയേൽ പ്രവാസത്തിലേക്കു പോയശേഷം 80 വർഷം കഴിഞ്ഞും അവൻ രാജകീയസേവനത്തിലാണെന്നു സൂചിപ്പിക്കുന്നു, അതു പൊ.യു.മു. ഏതാണ്ട് 538-ൽ ആയിരിക്കും.
8. ദൈവം ദാനീയേലിന് ഏതു സ്വപ്നവും വ്യാഖ്യാനവും വെളിപ്പെടുത്തുന്നു, നെബുഖദ്നേസർ തന്റെ വിലമതിപ്പു പ്രകടമാക്കുന്നത് എങ്ങനെ?
8 ഭീതിജനകമായ പ്രതിമയുടെ സ്വപ്നം (2:1-49). നെബുഖദ്നേസരിന്റെ രാജത്വത്തിന്റെ രണ്ടാം വർഷത്തിൽ (സാധ്യതയനുസരിച്ചു പൊ.യു.മു. 607-ലെ യെരുശലേമിന്റെ നാശംമുതൽ) അവൻ ഒരു സ്വപ്നം കണ്ട് അസ്വസ്ഥനായിരിക്കുകയാണ്. മന്ത്രവാദികളായ അവന്റെ പുരോഹിതൻമാർ സ്വപ്നവും അതിന്റെ വ്യാഖ്യാനവും വെളിപ്പെടുത്താൻ അപ്രാപ്തരാണ്. അവൻ അവർക്കു വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ദൈവങ്ങൾക്കല്ലാതെ മറെറാരുവനും രാജാവ് ആവശ്യപ്പെടുന്ന കാര്യം അവനു കാണിച്ചുകൊടുക്കാൻ സാധ്യമല്ലെന്നു പറഞ്ഞുകൊണ്ട് അവർ പ്രതിഷേധിക്കുന്നു. രാജാവ് കോപാകുലനായി ജ്ഞാനികളുടെ കഥ കഴിക്കാൻ ആജ്ഞാപിക്കുന്നു. ഈ കൽപ്പനയിൽ നാല് എബ്രായരും ഉൾപ്പെടുന്നതുകൊണ്ടു സ്വപ്നം വെളിപ്പെടുത്താൻ ദാനീയേൽ സമയം ആവശ്യപ്പെടുന്നു. ദാനീയേലും അവന്റെ കൂട്ടാളികളും മാർഗനിർദേശത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുന്നു. യഹോവ സ്വപ്നവും അതിന്റെ അർഥവും ദാനീയേലിനു വെളിപ്പെടുത്തുന്നു. അവൻ അപ്പോൾ രാജാവിന്റെ അടുക്കലേക്കു പോയി ഇങ്ങനെ പറയുന്നു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിക്കാനിരിക്കുന്നതു നെബുഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു.” (2:28) ദാനീയേൽ സ്വപ്നം വർണിക്കുന്നു. അതു ബൃഹത്തായ ഒരു പ്രതിമയെ സംബന്ധിക്കുന്നതാണ്. പ്രതിമയുടെ തല പൊന്നുകൊണ്ടുളളതാണ്. നെഞ്ചും കൈകളും വെളളികൊണ്ടും തുടകൾ ചെമ്പുകൊണ്ടും അതിന്റെ കാലുകൾ ഇരുമ്പുകൊണ്ടും പാദങ്ങൾ ഭാഗികമായി ഇരുമ്പും ഭാഗികമായി കളിമണ്ണും കൊണ്ടും ഉളളതാണ്. ഒരു കല്ലു പ്രതിമയെ അടിച്ചുതകർക്കുകയും മുഴു ഭൂമിയെയും നിറയ്ക്കുന്ന ഒരു വലിയ പർവതമായിത്തീരുകയും ചെയ്യുന്നു. എന്താണിതിന്റെ അർഥം? ബാബിലോൻ രാജാവാണു പൊന്നുകൊണ്ടുളള തലയെന്നു ദാനീയേൽ അറിയിക്കുന്നു. അവന്റെ രാജ്യത്തിനുശേഷം രണ്ടാമത്തേതും മൂന്നാമത്തേതും നാലാമത്തേതും വരും. ഒടുവിൽ “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (2:44) നന്ദിയോടും വിലമതിപ്പോടും കൂടെ രാജാവ് ദാനീയേലിന്റെ ദൈവത്തെ “ദൈവാധിദൈവമായി” പുകഴ്ത്തുകയും ദാനീയേലിനെ ‘ബാബേൽസംസ്ഥാനത്തിനൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാൻമാർക്കും പ്രധാനവിചാരകനും ആക്കുകയും’ ചെയ്യുന്നു. ദാനീയേലിന്റെ മൂന്നു കൂട്ടാളികൾ രാജ്യത്തിൽ ഭരണാധികാരികളാക്കപ്പെടുന്നു.—2:47, 48.
9. പ്രതിമാരാധനക്കെതിരായ മൂന്ന് എബ്രായരുടെ ധീരമായ നിലപാടിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
9 മൂന്ന് എബ്രായർ തീച്ചൂളയെ അതിജീവിക്കുന്നു (3:1-30). നെബുഖദ്നേസർ സ്വർണംകൊണ്ട് 60 മുഴം (88 അടി) ഉയരമുളള ഒരു വലിയ പ്രതിമ ഉണ്ടാക്കിയിട്ട് അതിന്റെ സമർപ്പണത്തിനു കൂടിവരാൻ രാജ്യത്തിലെ ഭരണാധികാരികളോടു കൽപ്പിക്കുന്നു. പ്രത്യേക സംഗീതത്തിന്റെ ശബ്ദം കേൾക്കുമ്പോൾ, എല്ലാവരും കുമ്പിട്ടു പ്രതിമയെ ആരാധിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്ന ആരും എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെടണം. ദാനീയേലിന്റെ മൂന്നു കൂട്ടാളികളായ ശദ്രക്കും മേശക്കും അബേദ്നെഗോയും അനുസരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതായി അറിയിക്കപ്പെടുന്നു. അവർ കുപിതനായ രാജാവിന്റെ മുമ്പാകെ വരുത്തപ്പെടുന്നു, അവിടെവെച്ച് അവർ സധൈര്യം ഇങ്ങനെ സാക്ഷ്യംപറയുന്നു: “ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ രക്ഷിക്കാൻ പ്രാപ്തിയുണ്ട്. . . . അങ്ങ് നിർത്തിയിരിക്കുന്ന സ്വർണബിംബത്തെ ഞങ്ങൾ ആരാധിക്കുകയില്ല.” (3:17, 18, NW) ക്രോധം നിറഞ്ഞ്, ചൂള പതിവിലും ഏഴു മടങ്ങ് കൂടുതൽ ചൂടാക്കാനും മൂന്ന് എബ്രായരെ കെട്ടി അതിലേക്ക് എറിയാനും രാജാവ് ആജ്ഞാപിക്കുന്നു. വധാധികൃതരാകേണ്ടവർ ഇതു ചെയ്യവേ എരിയുന്ന തീജ്ജ്വാലയാൽ കൊല്ലപ്പെടുന്നു. നെബുഖദ്നേസർ ഭയാക്രാന്തനാകുന്നു. അവൻ എന്താണു തീച്ചൂളയിൽ കാണുന്നത്? നാലു പുരുഷൻമാർ തീയുടെ നടുവിൽ ഹാനി തട്ടാതെ നടക്കുന്നു, “നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു.” (3:25) തീയിൽനിന്നു പുറത്തേക്കു നടന്നുവരാൻ രാജാവ് മൂന്നു എബ്രായരോടു വിളിച്ചുപറയുന്നു. തീപിടിക്കാതെയും തങ്ങളുടെമേൽ തീയുടെ മണംപോലുമില്ലാതെയും അവർ പുറത്തുവരുന്നു! സത്യാരാധന സംബന്ധിച്ച അവരുടെ ധീരമായ നിലപാടു നിമിത്തം നെബുഖദ്നേസർ സാമ്രാജ്യത്തിലുടനീളം യഹൂദൻമാർക്ക് ആരാധനാസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
10. “ഏഴു കാലം” ഉൾപ്പെടുന്ന ഏതു ഭീതിപ്പെടുത്തുന്ന സ്വപ്നം നെബുഖദ്നേസർ കാണുന്നു, അത് അവനിൽ നിറവേറിയോ?
10 “ഏഴു കാല”ത്തിന്റെ സ്വപ്നം (4:1-37). ഈ സ്വപ്നം ബാബിലോനിലെ ഒരു സംസ്ഥാനരേഖയുടെ ദാനീയേലെഴുതിയ പകർപ്പായിട്ടാണു രേഖയിൽ കാണപ്പെടുന്നത്. താഴ്ത്തപ്പെട്ട നെബുഖദ്നേസരാണ് അത് എഴുതിയത്. ആദ്യമായി നെബുഖദ്നേസർ അത്യുന്നതദൈവത്തിന്റെ ശക്തിയും രാജ്യവും അംഗീകരിക്കുന്നു. പിന്നീട് അവൻ ഭീതിപ്പെടുത്തുന്ന ഒരു സ്വപ്നവും അതു തന്റെമേൽ നിറവേറിയ വിധവും പ്രതിപാദിക്കുന്നു. ആകാശത്തോളം എത്തിയതും സകല ജഡത്തിനും ആഹാരം പ്രദാനംചെയ്തതുമായ ഒരു വൃക്ഷം അവൻ കണ്ടു. ‘വൃക്ഷം വെട്ടിയിടുക. അതിന്റെ കുററി ഇരുമ്പും ചെമ്പുംകൊണ്ടു ബന്ധിക്കുക. അത്യുന്നതൻ മനുഷ്യവർഗത്തിന്റെ രാജ്യത്തിൻമേൽ ഭരണാധികാരിയാകുന്നുവെന്നും മനുഷ്യവർഗത്തിലെ ഏററവും എളിയവനെ അതിൻമേൽ ആക്കിവെക്കുന്നുവെന്നും അറിയപ്പെടത്തക്കവണ്ണം അതിൻമേൽ ഏഴു കാലങ്ങൾ കടന്നുപോകട്ടെ’ എന്ന് ഒരു കാവൽക്കാരൻ വിളിച്ചുപറഞ്ഞു. (4:14-17, NW) വൃക്ഷം നെബുഖദ്നേസരെ പ്രതിനിധാനംചെയ്യുന്നുവെന്ന് അറിയിച്ചുകൊണ്ടു ദാനീയേൽ സ്വപ്നം വ്യാഖ്യാനിച്ചു. ഈ പ്രാവചനിക സ്വപ്നത്തിന്റെ നിവൃത്തി പെട്ടെന്നുതന്നെ തുടർന്നു സംഭവിച്ചു. വലിയ അഹങ്കാരം പ്രകടമാക്കിയ ഒരു സമയത്തു രാജാവിനു ഭ്രാന്തു പിടിച്ചു; അവൻ ഏഴുവർഷം വയലിൽ ഒരു കാട്ടുമൃഗത്തെപ്പോലെ ജീവിച്ചു. അതിനുശേഷം അവനു സുബോധം തിരികെകിട്ടി, അദ്ദേഹം യഹോവയുടെ പരമോന്നതത്വം അംഗീകരിച്ചു.
11. ഏതു മദ്യപാനോത്സവത്തിൽ ബേൽശസ്സർ വിനാശകരമായ കൈയെഴുത്തു കാണുന്നു, ദാനീയേൽ അതു വ്യാഖ്യാനിക്കുന്നത് എങ്ങനെ, അത് എങ്ങനെ നിറവേറുന്നു?
11 ബേൽശസ്സറിന്റെ വിരുന്ന്: കൈയെഴുത്തു വ്യാഖ്യാനിക്കപ്പെടുന്നു (5:1-31). അതു പൊ.യു.മു. 539 ഒക്ടോബർ 5-ലെ നാശകരമായ രാത്രിയാണ്. നബോണീഡസിന്റെ പുത്രനായ ബേൽശസ്സർരാജാവ് ബാബിലോനിലെ സഹഭരണാധികാരിയെന്ന നിലയിൽ അവന്റെ ആയിരം മഹത്തുക്കൾക്കായി ഒരു വലിയ വിരുന്നു കഴിക്കുന്നു. രാജാവ് വീഞ്ഞിന്റെ സ്വാധീനത്തിൽ യഹോവയുടെ ആലയത്തിൽനിന്നുളള വിശുദ്ധ പൊൻപാത്രങ്ങളും വെളളിപ്പാത്രങ്ങളും വരുത്തുന്നു. ബേൽശസ്സറും അവന്റെ അതിഥികളും തങ്ങളുടെ പുറജാതിദൈവങ്ങളെ സ്തുതിക്കവേ തങ്ങളുടെ മദ്യപാനോത്സവത്തിൽ അവയിൽനിന്നു കുടിക്കുന്നു. പെട്ടെന്ന് ഒരു കൈ പ്രത്യക്ഷപ്പെട്ടു ചുവരിൽ ഒരു ഗൂഢാർഥ സന്ദേശം എഴുതുന്നു. രാജാവ് ഭയപ്പെട്ടുപോകുന്നു. അവന്റെ ജ്ഞാനികൾക്ക് എഴുത്തു വ്യാഖ്യാനിക്കാൻ കഴിയുന്നില്ല. ഒടുവിൽ ദാനീയേൽ വരുത്തപ്പെടുന്നു. അവന് എഴുത്തു വായിക്കാനും വ്യാഖ്യാനിക്കാനും കഴിയുമെങ്കിൽ അവനെ രാജ്യത്തെ മൂന്നാമനാക്കാമെന്നു രാജാവ് വാഗ്ദാനംചെയ്യുന്നു. എന്നാൽ സമ്മാനങ്ങൾ രാജാവുതന്നെ സൂക്ഷിച്ചുകൊളളാൻ ദാനീയേൽ അവനോടു പറയുന്നു. അനന്തരം അവൻ എഴുത്തും അതിന്റെ അർഥവും അറിയിക്കുന്നു. “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. . . . ദൈവം നിന്റെ രാജത്വം എണ്ണി അതിന്നു അന്തം വരുത്തിയിരിക്കുന്നു. . . . തുലാസിൽ നിന്നെ തൂക്കി, കുറവുളളവനായി കണ്ടിരിക്കുന്നു. . . നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.” (5:25-28) അന്നുരാത്രിതന്നെ ബേൽശസ്സർ കൊല്ലപ്പെടുന്നു, മേദ്യനായ ദാര്യാവേശിനു രാജ്യം കിട്ടുന്നു.
12. ദാനീയേലിനെതിരായ ഒരു ഗൂഢാലോചന ധ്വംസിക്കപ്പെടുന്നത് എങ്ങനെ, ദാര്യാവേശ് അപ്പോൾ ഏതു കൽപ്പന പുറപ്പെടുവിക്കുന്നു?
12 ദാനീയേൽ സിംഹക്കുഴിയിൽ (6:1-28). രാജാവിനോടല്ലാതെ ഒരു ദൈവത്തോടോ മനുഷ്യനോടോ പ്രാർഥനനടത്തുന്നതിനു 30 ദിവസത്തേക്കു വിലക്കു കൽപ്പിക്കുന്ന ഒരു നിയമം രാജാവു പാസ്സാക്കാനിടയാക്കിക്കൊണ്ടു ദാര്യാവേശിന്റെ ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻമാർ ദാനീയേലിനെതിരെ ദ്രോഹം ചെയ്യുന്നു. അതനുസരിക്കാത്ത ഏതൊരുവനും സിംഹങ്ങളുടെ മുമ്പിലേക്ക് എറിയപ്പെടണം. തന്റെ ആരാധനയെ ബാധിക്കുന്ന ഈ നിയമം അനുസരിക്കാൻ ദാനീയേൽ വിസമ്മതിക്കുകയും പ്രാർഥനയിൽ യഹോവയിലേക്കു തിരിയുകയും ചെയ്യുന്നു. അവൻ സിംഹക്കുഴിയിലേക്ക് എറിയപ്പെടുന്നു. യഹോവയുടെ ദൂതൻ അത്ഭുതകരമായി സിംഹങ്ങളുടെ വായ് അടയ്ക്കുന്നു. അടുത്ത പ്രഭാതത്തിൽ ദാനീയേലിന് ഉപദ്രവമേററിട്ടില്ലെന്നു കണ്ടെത്തുന്നതിൽ ദാര്യാവേശ് രാജാവ് സന്തുഷ്ടനാണ്. ഇപ്പോൾ ശത്രുക്കളെ സിംഹങ്ങൾക്ക് ഇട്ടുകൊടുക്കുന്നു, ദാനീയേലിന്റെ ദൈവത്തെ ഭയപ്പെടാൻ രാജാവ് ഒരു കൽപ്പന പുറപ്പെടുവിക്കുന്നു, കാരണം “അവൻ ജീവനുളള ദൈവ”മാകുന്നു. (6:26) ദാനീയേൽ കോരേശിന്റെ വാഴ്ചയിലേക്കു കടന്ന കാലം വരെയും ഗവൺമെൻറ് സേവനത്തിൽ ഉന്നതി പ്രാപിക്കുന്നു.
13. ഒരു സ്വകാര്യസ്വപ്നത്തിൽ, നാലു മൃഗങ്ങളെസംബന്ധിച്ചും രാജ്യാധിപത്യത്തെസംബന്ധിച്ചും ദാനീയേലിന് ഏതു ദർശനം ലഭിക്കുന്നു?
13 മൃഗങ്ങളുടെ ദർശനങ്ങൾ (7:1–8:27). നാം “ബേൽശസ്സരിന്റെ ഒന്നാം ആണ്ടി”ലേക്കു മടങ്ങിപ്പോകുന്നു, തെളിവനുസരിച്ച് അവന്റെ വാഴ്ച തുടങ്ങിയതു പൊ.യു.മു. 553-ൽ ആണ്. ദാനീയേൽ സ്വകാര്യമായ ഒരു സ്വപ്നം കാണുന്നു, അവൻ അത് അരമായ ഭാഷയിൽ എഴുതുന്നു.g വലിയ നാലു ബീഭത്സ മൃഗങ്ങൾ ഓരോന്നും അതിന്റെ ക്രമത്തിൽ പ്രത്യക്ഷപ്പെടുന്നത് അവൻ കാണുന്നു. നാലാമത്തേത് അസാധാരണമായി ശക്തമാണ്. അതിന്റെ മററു കൊമ്പുകളുടെ ഇടയിൽ ‘വമ്പു പറയുന്ന’ ഒരു ചെറിയ കൊമ്പ് മുളച്ചുവരുന്നു. (7:8) വയോധികൻ പ്രത്യക്ഷപ്പെടുകയും ആസനസ്ഥനാകുകയും ചെയ്യുന്നു. “ആയിരമായിരംപേർ” അവനു ശുശ്രൂഷിക്കുന്നു. തിരുസന്നിധിയിലേക്കു “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” വരുകയും “സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭി”ക്കുകയും ചെയ്യുന്നു. (7:10, 13, 14) പിന്നീടു ദാനീയേലിനു നാലു മൃഗങ്ങളുടെ വ്യാഖ്യാനം ലഭിക്കുന്നു. അവ നാലു രാജാക്കൻമാരെ അല്ലെങ്കിൽ രാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്നു. നാലാമത്തെ മൃഗത്തിന്റെ പത്തു കൊമ്പുകളുടെ ഇടയിൽനിന്ന് ഒരു ചെറിയ കൊമ്പ് ഉയർന്നുവരുന്നു. അതു ശക്തമായിത്തീർന്നു വിശുദ്ധൻമാരോടു യുദ്ധം ചെയ്യുന്നു. എന്നിരുന്നാലും, സ്വർഗീയ കോടതി “രാജത്വവും ആധിപത്യവും ആകാശത്തിൻകീഴെല്ലാടവുമുളള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധൻമാരായ ജനത്തിന്നു” കൊടുക്കുന്നതിന് ഇടപെടുന്നു.—7:27.
14. ഒരു കോലാട്ടുകൊററനെയും രണ്ടുകൊമ്പുളള ഒരു ആട്ടുകൊററനെയും വിശേഷവൽക്കരിക്കുന്ന ഏതു ദർശനം ദാനീയേൽ കാണുന്നു? ഗബ്രിയേൽ അതു വിശദീകരിക്കുന്നത് എങ്ങനെ?
14 രണ്ടുവർഷം കഴിഞ്ഞ്, ബാബിലോന്റെ വീഴ്ചക്കു ദീർഘനാൾമുമ്പു ദാനീയേൽ മറെറാരു ദർശനം കാണുന്നു, അത് അവൻ എബ്രായയിൽ രേഖപ്പെടുത്തുന്നു. കണ്ണുകൾക്കിടയിൽ വിശേഷതയുളള ഒരു കൊമ്പോടുകൂടിയ ഒരു കോലാട്ടുകൊററൻ രണ്ടുകൊമ്പുളള ഉദ്ധതനായ ഒരു ആട്ടുകൊററനോടു പൊരുതുകയും അതിനെ കീഴടക്കുകയും ചെയ്യുന്നു. കോലാട്ടുകൊററന്റെ വലിയ കൊമ്പു തകർന്നുപോകുന്നു, നാലു ചെറിയ കൊമ്പുകൾ മുളക്കുകയും ചെയ്യുന്നു. ഇവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പ് ഉണ്ടായിവന്നു വലുതായിത്തീരുകയും ആകാശത്തിലെ സൈന്യങ്ങളെപോലും ധിക്കരിക്കുകയും ചെയ്യുന്നു. വിശുദ്ധസ്ഥലം അതിന്റെ “ശരിയായ അവസ്ഥ”യിലേക്കു വരുത്തപ്പെടുന്നതുവരെയുളള 2,300 ദിവസങ്ങളുടെ ഒരു കാലഘട്ടം മുൻകൂട്ടിപ്പറയുന്നു. (8:14, NW) ഗബ്രിയേൽ ദാനീയേലിനു ദർശനം വിശദീകരിച്ചുകൊടുക്കുന്നു. ആട്ടുകൊററൻ മേദ്യയിലെയും പേർഷ്യയിലെയും രാജാക്കൻമാരെ പ്രതിനിധാനം ചെയ്യുന്നു. കോലാട്ടുകൊററൻ ഗ്രീസിലെ രാജാവാണ്, അവന്റെ രാജ്യം നാലായി പിരിയും. പിൽക്കാലത്ത്, ഉഗ്രഭാവമുളള ഒരു രാജാവ് “കർത്താധികർത്താവിനോടു [“പ്രഭുക്കൻമാരുടെ പ്രഭുവിനെതിരെ,” NW] എതിർത്തു”നിൽക്കും. ദർശനം “ബഹുകാലത്തേക്കുളളതാകയാൽ” ദാനീയേൽ അതു തത്കാലം രഹസ്യമായി സൂക്ഷിക്കണം.—8:25, 26.
15. ദാനീയേൽ യഹോവയോടു പ്രാർഥിക്കാനിടയാക്കുന്നത് എന്ത്, ഇപ്പോൾ ഗബ്രിയേൽ “എഴുപതു ആഴ്ച”യെക്കുറിച്ച് എന്തറിയിക്കുന്നു?
15 നേതാവായ മിശിഹാ മുൻകൂട്ടിപ്പറയപ്പെടുന്നു (9:1-27). “മേദ്യസന്തതിയിലുളള . . . ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ” ദാനീയേൽ യിരെമ്യാവിന്റെ പ്രവചനം പരിശോധിക്കുന്നു. മുൻകൂട്ടിപ്പറയപ്പെട്ട യെരുശലേമിന്റെ 70-വർഷ ശൂന്യകാലം അതിന്റെ അവസാനത്തോടടുക്കുകയാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്, ദാനീയേൽ സ്വന്തം പാപവും ഇസ്രായേലിന്റെ പാപവും ഏററുപറഞ്ഞു യഹോവയോടു പ്രാർഥിക്കുന്നു. (ദാനീ. 9:1-4; യിരെ. 29:10) ‘അതിക്രമത്തെ തടസ്ഥംചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്യുവാനും എഴുപതു ആഴ്ചവട്ടം’ ഉണ്ടായിരിക്കുമെന്നറിയിക്കാൻ ഗബ്രിയേൽ പ്രത്യക്ഷപ്പെടുന്നു. നേതാവാം മിശിഹാ 69 ആഴ്ചകളുടെ അവസാനത്തിൽ വരും, അതിനുശേഷം അവൻ ഛേദിക്കപ്പെടും. 70-ാമത്തെ ആഴ്ചയുടെ അവസാനംവരെ ഉടമ്പടി അനേകർക്കായി പ്രാബല്യത്തിൽ നിലനിർത്തപ്പെടും. ഒടുവിൽ ശൂന്യമാക്കലും ഒരു നിർമൂലനാശവും ഉണ്ടായിരിക്കും.—ദാനീ. 9:24-27.
16. ഏതു സാഹചര്യങ്ങളിൻകീഴിൽ ഒരു ദൂതൻ വീണ്ടും ദാനീയേലിനു പ്രത്യക്ഷപ്പെടുന്നു?
16 വടക്ക് തെക്കിനെതിരെ, മീഖായേൽ എഴുന്നേൽക്കുന്നു (10:1–12:13). സമയം “കോരേശിന്റെ മൂന്നാം വർഷം,” തന്നിമിത്തം യഹൂദൻമാരുടെ മടങ്ങിവരവിനുശേഷം അധികം ദീർഘിച്ചിട്ടില്ലാത്ത പൊ.യു.മു. ഏതാണ്ട് 536. മൂന്നാഴ്ചത്തെ ഉപവാസത്തിനുശേഷം ദാനീയേൽ ഹിദ്ദേക്കൽ നദീതീരത്തിരിക്കുകയാണ്. (ദാനീ. 10:1, 4; ഉല്പ. 2:14) ഒരു ദൂതൻ അവനു പ്രത്യക്ഷപ്പെട്ട് താൻ ദാനീയേലിന്റെ അടുക്കലെത്തുന്നതിനെ ‘പാർസിപ്രഭു’ എതിർത്തുവെന്നും എന്നാൽ “പ്രധാനപ്രഭുക്കൻമാരിൽ ഒരുത്തനായ മീഖായേൽ” തന്നെ സഹായിച്ചുവെന്നും വിശദീകരിക്കുന്നു. അവൻ ഇപ്പോൾ “ഭാവികാലത്തു സംഭവിപ്പാനുളള” ഒരു ദർശനം ദാനീയേലിനോടു വിവരിക്കുന്നു.—10:13, 14.
17. ദാനീയേൽ ഇപ്പോൾ വടക്കേ രാജാവിനെയും തെക്കേ രാജാവിനെയും സംബന്ധിച്ച ഏതു പ്രാവചനികചരിത്രം രേഖപ്പെടുത്തുന്നു?
17 തുടക്കത്തിൽ, മോഹിപ്പിക്കുന്ന ഈ ദർശനം പേർഷ്യൻ രാജവംശത്തെക്കുറിച്ചും വരാനിരിക്കുന്ന ഗ്രീസുമായുളള ഒരു പോരാട്ടത്തെക്കുറിച്ചും പറയുന്നു. ശക്തനായ ഒരു രാജാവ് വിപുലമായ അധിനായകത്വത്തോടെ എഴുന്നേൽക്കും, എന്നാൽ അവന്റെ രാജ്യം നാലു ഭാഗങ്ങളായി പിരിയും. ഒടുവിൽ രാജാക്കൻമാരുടെ രണ്ടു പരമ്പര ഉണ്ടായിരിക്കും, തെക്കിന്റെ രാജാവ് വടക്കിന്റെ രാജാവിന് എതിരെ. ശാക്തികപോരാട്ടം അങ്ങോട്ടുമിങ്ങോട്ടും മുന്നേറും. ഗുണപ്പെടാത്തവിധം ദുഷ്ടരായ ഈ രാജാക്കൻമാർ ഒരു മേശയ്ക്കൽ ഭോഷ്കു പറഞ്ഞുകൊണ്ടിരിക്കും. “നിയമിക്കപ്പെട്ട കാലത്തു” യുദ്ധം വീണ്ടും ഉഗ്രമാകും. ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിന്റെ ഒരു അശുദ്ധമാക്കൽ ഉണ്ടായിരിക്കും, “ശൂന്യമാക്കുന്ന മ്ലേച്ഛബിംബ”ത്തെ സ്ഥാപിക്കുകയും ചെയ്യും. (11:29-31) വടക്കേ രാജ്യം ദൈവങ്ങളുടെ ദൈവത്തിനെതിരെ അത്ഭുതകാര്യങ്ങൾ സംസാരിക്കുകയും കോട്ടകളുടെ ദൈവത്തിനു മഹത്ത്വം കൊടുക്കുകയും ചെയ്യും. “അന്ത്യകാലത്തു” തെക്കേ രാജാവ് ഒരു ആക്രമണത്തിൽ വടക്കേ രാജാവിനോട് ഏററുമുട്ടുമ്പോൾ വടക്കേ രാജാവ് “മനോഹരദേശത്തിലേക്കും” പ്രവേശിച്ചുകൊണ്ട് അനേകം ദേശങ്ങളിലേക്കു കവിഞ്ഞു കടന്നുപോകും. കിഴക്കുനിന്നും വടക്കുനിന്നുമുളള വാർത്തകളാൽ അസ്വസ്ഥനായി അവൻ ഉഗ്രമായി നീങ്ങുകയും “സമുദ്രത്തിന്നും മഹത്വമുളള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടു”കയും ചെയ്യും. അങ്ങനെ, “അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.”—11:40, 41, 45.
18. ‘ദൈവജനത്തിന്റെ പുത്രൻമാർക്കുവേണ്ടി’ മീഖായേൽ എഴുന്നേൽക്കുന്ന സമയത്ത് ഏതു കാര്യങ്ങൾ സംഭവിക്കുന്നു?
18 മഹത്തായ ദർശനം തുടരുന്നു: ‘ദൈവജനത്തിന്റെ പുത്രൻമാർക്കുവേണ്ടി’ മീഖായേൽ നിൽക്കുന്നതായി കാണപ്പെടുന്നു. മനുഷ്യചരിത്രത്തിൽ അഭൂതപൂർവമായ ഒരു “കഷ്ടകാലം” ഉണ്ടാകണം, എന്നാൽ പുസ്തകത്തിൽ എഴുതിക്കാണുന്നവർ രക്ഷപ്പെടും. അനേകർ പൊടിയിൽനിന്നു നിത്യജീവനിലേക്ക് ഉണരും, ‘ബുദ്ധിമാൻമാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെ പ്രകാശിക്കും.’ അവർ അനേകരെ നീതിയിലേക്കു വരുത്തും. ദാനീയേൽ പുസ്തകം “അന്ത്യകാലംവരെ” മുദ്രയിടണം. ‘ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും’? ദൂതൻ മൂന്നര കാലങ്ങളുടെയും 1,290 ദിവസങ്ങളുടെയും 1,335 ദിവസങ്ങളുടെയും കാലഘട്ടങ്ങളെ പരാമർശിക്കുകയും ‘ബുദ്ധിമാൻമാർ മാത്രം ഗ്രഹിക്കും’ എന്നു പറയുകയും ചെയ്യുന്നു. അങ്ങനെയുളളവർ സന്തുഷ്ടരാകുന്നു! ഒടുവിൽ, ദാനീയേൽ വിശ്രമിക്കുമെന്നും അവന്റെ ഓഹരിക്കുവേണ്ടി “കാലാവസാനത്തിങ്കൽ” എഴുന്നേററുനിൽക്കുമെന്നുമുളള ആശ്വാസദായകമായ വാഗ്ദാനം അവനു ദൂതൻ വെച്ചുനീട്ടുന്നു.—12:1, 3, 4, 6, 10, 13.
എന്തുകൊണ്ടു പ്രയോജനപ്രദം
19. ദാനീയേലിന്റെ പുസ്തകത്തിൽ നിർമലതയുടെയും യഹോവയിലുളള പ്രാർഥനാപൂർവകമായ ആശ്രയത്തിന്റെയും ഏതു നല്ല ദൃഷ്ടാന്തങ്ങൾ കാണാനുണ്ട്?
19 ഒരു അന്യലോകത്തു നിർമലത പാലിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന എല്ലാവരും ദാനീയേലിന്റെയും അവന്റെ മൂന്ന് കൂട്ടാളികളുടെയും നല്ല മാതൃക പരിചിന്തിക്കുന്നതു നല്ലതാണ്. ഭീഷണി എത്ര ഘോരമാണെന്നു നോക്കാതെ അവർ ദിവ്യതത്ത്വങ്ങളനുസരിച്ചു ജീവിക്കുന്നതിൽ തുടർന്നു. അവരുടെ ജീവൻ അപകടത്തിലായപ്പോൾ, ദാനീയേൽ “ബുദ്ധിയോടും വിവേകത്തോടും” രാജാവിന്റെ ശ്രേഷ്ഠാധികാരത്തോടുളള ആദരവോടും കൂടെ പ്രവർത്തിച്ചു. (2:14-16) വിവാദം ശക്തമാക്കപ്പെട്ടപ്പോൾ മൂന്ന് എബ്രായർ ഒരു വിഗ്രഹാരാധനാക്രിയക്കു പകരം എരിയുന്ന തീച്ചൂളയാണു കൂടുതലിഷ്ടപ്പെട്ടത്. ദാനീയേൽ യഹോവയോടുളള തന്റെ പ്രാർഥനയുടെ പദവി കൈവെടിയുന്നതിനു പകരം സിംഹക്കുഴിയെയാണു കൂടുതലിഷ്ടപ്പെട്ടത്. ഓരോ സന്ദർഭത്തിലും യഹോവ സംരക്ഷണം നൽകി. (3:4-6, 16-18, 27; 6:10, 11, 23) ദാനീയേൽതന്നെ യഹോവയാം ദൈവത്തിലുളള പ്രാർഥനാനിരതമായ ആശ്രയത്തിന്റെ വിശിഷ്ടമായ ദൃഷ്ടാന്തം വെക്കുന്നു.—2:19-23; 9:3-23; 10:12.
20. ലോകശക്തികളെ സംബന്ധിച്ച് ഏതു നാലു ദർശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു, ഇവ ഇന്നു പരിചിന്തിക്കുന്നതു വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരിക്കുന്നത് എന്തുകൊണ്ട്?
20 ദാനീയേലിന്റെ ദർശനങ്ങൾ പുനരവലോകനം ചെയ്യുന്നതു പുളകപ്രദവും വിശ്വാസത്തെ ബലപ്പെടുത്തുന്നതുമാണ്. ആദ്യമായി, ലോകശക്തികളെ സംബന്ധിച്ച നാലു ദർശനങ്ങൾ പരിചിന്തിക്കുക: (1) ഭയജനകമായ പ്രതിമയുടെ ദർശനമുണ്ട്, അതിന്റെ പൊന്നുകൊണ്ടുളള തല നെബുഖദ്നേസർ മുതലുളള ബാബിലോന്യരാജാക്കൻമാരുടെ രാജവംശത്തെ പ്രതിനിധാനംചെയ്യുന്നു. അതിനുശേഷം പ്രതിമയുടെ മററു ഭാഗങ്ങളാൽ ചിത്രീകരിക്കപ്പെടുന്ന വേറെ മൂന്നു രാജ്യങ്ങൾ ഉയർന്നുവരുന്നു. ഈ രാജ്യങ്ങളെയാണ് “ഒരുനാളും നശിച്ചുപോകാത്ത ഒരു രാജ്യ”മായ ദൈവരാജ്യമായിത്തീരുന്ന “ഒരു കല്ല്” തകർത്തുകളയുന്നത്. (2:31-45) (2) തുടർന്നു ദാനീയേലിന്റെ സ്വകാര്യദർശനങ്ങൾ വരുന്നു, ആദ്യത്തേതു “നാലു രാജാക്കൻമാരെ” പ്രതിനിധാനംചെയ്യുന്ന നാലു മൃഗങ്ങളുടേതാണ്. ഇവ ഒരു സിംഹത്തെയും ഒരു കരടിയെയും നാലുതലയുളള ഒരു പുളളിപ്പുലിയെയും വലിയ ഇരുമ്പുപല്ലുകളും പത്തുകൊമ്പും പിന്നീട് ഒരു ചെറിയ കൊമ്പും ഉളള ഒരു മൃഗത്തെയും പോലെയാണ്. (7:1-8, 17-28) അടുത്തതായി, ആട്ടുകൊററന്റെയും (മേദോ-പേർഷ്യ) കോലാട്ടുകൊററന്റെയും (ഗ്രീസ്) ചെറിയ കൊമ്പിന്റെയും ദർശനമുണ്ട്. (8:1-27) (4) ഒടുവിൽ, തെക്കേ രാജാവിന്റെയും വടക്കേ രാജാവിന്റെയും ദർശനം നമുക്കുണ്ട്. ദാനീയേൽ 11:5-19 പൊ.യു.മു. 323-ലെ അലക്സാണ്ടറുടെ മരണത്തെ തുടർന്ന് അവന്റെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഈജിപ്ഷ്യൻ ശാഖയും സെല്യൂസിഡ്ശാഖയും തമ്മിലുളള മാത്സര്യത്തെ കൃത്യമായി വർണിക്കുന്നു. 20-ാം വാക്യം മുതൽ പ്രവചനം തെക്കും വടക്കും ഉളള പിൻതുടർച്ചക്കാരായ ജനതകളുടെ ഗതിയെ വരച്ചുകാട്ടുന്നതിൽ തുടരുന്നു. തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുളള തന്റെ പ്രവചനത്തിൽ യേശു “ശൂന്യമാക്കുന്ന മ്ലേച്ഛബിംബ”ത്തെക്കുറിച്ചു (11:31) നടത്തിയ പരാമർശം രണ്ടു രാജാക്കൻമാർ തമ്മിലുളള ഈ ശാക്തികപോരാട്ടം “വ്യവസ്ഥിതിയുടെ സമാപനം”വരെ തുടരുന്നുവെന്നു പ്രകടമാക്കുന്നു. (മത്താ. 24:3, NW) “ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാല”ത്തു മീഖായേൽതന്നെ ഭക്തികെട്ട ജനതകളെ നീക്കംചെയ്ത് അനുസരണമുളള മനുഷ്യവർഗത്തിനു സമാധാനം കൈവരുത്താൻ എഴുന്നേൽക്കുമെന്നുളള പ്രവചനത്തിന്റെ ഉറപ്പ് എത്ര ആശ്വാസപ്രദമാണ്!—ദാനീ. 11:20–12:1.
21. “എഴുപതു ആഴ്ച”യെ സംബന്ധിച്ച ദാനീയേലിന്റെ പ്രവചനത്തിനു ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായത് എങ്ങനെ?
21 ഇനി ദാനീയേലിന്റെ “എഴുപത് ആഴ്ചയെ”ക്കുറിച്ചുളള പ്രവചനമുണ്ട്. 69 ആഴ്ചക്കുശേഷം “നേതാവായ മിശിഹാ” പ്രത്യക്ഷപ്പെടണമായിരുന്നു. ശ്രദ്ധേയമായി, തന്റെ 20-ാം വർഷത്തിൽ അർഥഹ്ശഷ്ടാവ് അധികാരപ്പെടുത്തിയ പ്രകാരവും യെരുശലേമിൽ നെഹെമ്യാവ് നടപ്പിലാക്കിയ പ്രകാരവും യെരുശലേമിനെ പുതുക്കിപ്പണിയാൻ “കല്പന പുറപ്പെടുന്നതുമുതൽ” 483 വർഷം (7 വർഷത്തിന്റെ 69 ഇരട്ടി) കഴിഞ്ഞു നസറേത്തിലെ യേശു യോർദാൻ നദിയിൽ സ്നാപനം കഴിപ്പിക്കപ്പെടുകയും ക്രിസ്തുവോ മിശിഹായോ (അതായതു അഭിഷിക്തൻ) ആയിത്തീർന്നുകൊണ്ടു പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെടുകയും ചെയ്തു.h അതു പൊ.യു. 29-ാംവർഷത്തിലായിരുന്നു. അതിനുശേഷം, ദാനീയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ, യെരുശലേം പൊ.യു. 70-ൽ ശൂന്യമാക്കപ്പെട്ടപ്പോൾ ഒരു “നിർമൂലനാശം” ഉണ്ടായി.—ദാനീ. 9:24-27, NW; ലൂക്കൊ. 3:21-23; 21:20.
22. നെബുഖദ്നേസരുടെ താഴ്ത്തലിൽനിന്നു നാം എന്തു പാഠം പഠിക്കുന്നു?
22 ദാനീയേൽ 4-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, വെട്ടിയിടപ്പെട്ട വൃക്ഷത്തെസംബന്ധിച്ച നെബുഖദ്നേസരിന്റെ സ്വപ്നത്തിൽ, സ്വന്തം നേട്ടങ്ങളെക്കുറിച്ചു വീമ്പിളക്കിയവനും സ്വന്തം ശക്തിയിൽ ആത്മവിശ്വാസമുണ്ടായിരുന്നവനുമായ രാജാവ് യഹോവയാം ദൈവത്താൽ താഴ്ത്തപ്പെട്ടുവെന്നു പ്രതിപാദിക്കപ്പെടുന്നു. “അത്യുന്നതൻ മനുഷ്യവർഗത്തിന്റെ രാജ്യത്തിൽ ഭരണാധിപനാണെന്നും താൻ ആഗ്രഹിക്കുന്നവന് അതു കൊടുക്കുന്നുവെന്നും” അംഗീകരിക്കുന്നതുവരെ അവൻ വയലിലെ ഒരു മൃഗത്തെപ്പോലെ ജീവിക്കാനിടയാക്കപ്പെട്ടു. (ദാനി. 4:32, NW) ഇന്നു നാം ദൈവം നമ്മെ ശിക്ഷിക്കേണ്ടിവരത്തക്കവണ്ണം നമ്മുടെ നേട്ടങ്ങളിൽ വീമ്പിളക്കുകയും മനുഷ്യരുടെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്തുകൊണ്ടു നെബുഖദ്നേസരെപ്പോലെയാകാൻ പോകുകയാണോ? അതോ അവൻ മനുഷ്യവർഗത്തിന്റെ രാജ്യത്തിൽ ഭരണാധികാരിയാണെന്നു നാം ജ്ഞാനപൂർവം സമ്മതിക്കുകയും അവന്റെ രാജ്യത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുമോ?
23. (എ) ദാനീയേലിലുടനീളം രാജ്യപ്രത്യാശ ദൃഢീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) ഈ പ്രവചനപുസ്തകം എന്തു ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കേണ്ടതാണ്?
23 രാജ്യപ്രത്യാശയെ ദാനീയേലിന്റെ പുസ്തകത്തിലുടനീളം വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു വിധത്തിൽ ഊന്നിപ്പറയുന്നു! യഹോവയാം ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്തതും മററു രാജ്യങ്ങളെയെല്ലാം തകർക്കുന്നതുമായ ഒരു രാജ്യം സ്ഥാപിക്കുന്ന പരമോന്നത പരമാധികാരിയായി പ്രകടമാക്കപ്പെടുന്നു. (2:19-23, 44; 4:25) പുറജാതി രാജാക്കൻമാരായ നെബുഖദ്നേസരും ദാര്യാവേശും യഹോവയുടെ പരമോന്നതത്വം അംഗീകരിക്കാൻ നിർബന്ധിതരായി. (3:28, 29; 4:2, 3, 37; 6:25-27) രാജ്യ വാദവിഷയത്തിനു വിധി പ്രസ്താവിക്കുന്നവനും “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്നു” ‘സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു ആധിപത്യവും മഹത്വവും രാജത്വവും’ കൊടുക്കുന്നവനുമായി നാളുകൾസംബന്ധിച്ചു പുരാതനനെന്ന നിലയിൽ യഹോവ പുകഴ്ത്തപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നു. “അത്യുന്നതനായവന്റെ വിശുദ്ധൻമാ”രാണു “മനുഷ്യപുത്രനായ” ക്രിസ്തുയേശുവിനോടുകൂടെ രാജ്യത്തിൽ പങ്കുവഹിക്കുന്നത്. (ദാനീ. 7:13, 14, 18, 22, NW; മത്താ. 24:30; വെളി. 14:14) അവൻ ഈ പഴയലോകത്തിലെ സകല രാജ്യങ്ങളെയും തകർക്കാനും അവസാനിപ്പിക്കാനും തന്റെ രാജ്യാധികാരം പ്രയോഗിക്കുന്ന മഹാപ്രഭുവായ മീഖായേലാണ്. (ദാനീ. 12:1; 2:44; മത്താ. 24:3, 21; വെളി. 12:7-10) തങ്ങളേത്തന്നെ ഉത്തേജിപ്പിക്കുന്നതിനും നിശ്വസ്തവും പ്രയോജനപ്രദവുമായ ദാനീയേലിന്റെ പുസ്തകത്തിലൂടെ നമുക്കു വെളിപ്പെടുത്തിത്തരുന്ന ദൈവത്തിന്റെ രാജ്യോദ്ദേശ്യങ്ങളിലെ യഥാർഥ ‘അതിശയകാര്യങ്ങൾ’ കണ്ടെത്തുന്നതിനു ദൈവവചനത്തിന്റെ ഏടുകളിലൂടെ പര്യടനംചെയ്യുന്നതിനും ഈ പ്രവചനങ്ങളുടെയും ദർശനങ്ങളുടെയും ഗ്രാഹ്യം നീതിസ്നേഹികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.—ദാനീ. 12:2, 3, 6.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 1269.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 283.
c പുരാവസ്തുശാസ്ത്രവും ബൈബിളും (ഇംഗ്ലീഷ്), 1949, ജോർജ് എ. ബാർട്ടൻ, പേജ് 483.
d യേയ്ൽ പൗരസ്ത്യ പരമ്പര· ഗവേഷണങ്ങൾ (ഇംഗ്ലീഷ്), വാല്യം XV, 1929.
e ആർക്കൈവ് ഫർ ഓറിയൻറ് ഫോർസ്ച്യൂങ്, വാല്യം 18, 1957-58, പേജ് 129.
f തെളിവനുസരിച്ചു ബേൽശസ്സർ നബോണീഡസിന്റെ മൂന്നാം വർഷംമുതലാണു സഹഭരണാധികാരിയായി വാഴാൻ തുടങ്ങിയത്. നബോണീഡസ് ഭരണം തുടങ്ങിയതു പൊ.യു.മു. 556-ൽ ആണെന്നു വിശ്വസിക്കപ്പെടുന്നതിനാൽ അവന്റെ ഭരണത്തിന്റെ മൂന്നാം വർഷവും “ബേൽശസ്സരിന്റെ ഒന്നാം വർഷവും” പ്രസ്പഷ്ടമായി പൊ.യു.മു. 553 ആയിരുന്നു.—ദാനീയേൽ 7:1; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 283; വാല്യം 2, പേജ് 457 കാണുക.
g ദാനീയേൽ 2:4ബി–7:28 അരമായയിലാണ് എഴുതപ്പെട്ടത്, അതേസമയം പുസ്തകത്തിന്റെ ശേഷിച്ച ഭാഗം എബ്രായയിലാണ് എഴുതപ്പെട്ടത്.
h നെഹെമ്യാവു 2:1-8; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 899-901 കൂടെ കാണുക.