സംഖ്യ
13 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന കനാൻ ദേശം ഒറ്റുനോക്കാനായി* ആളുകളെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അവർക്കിടയിലെ+ ഒരു തലവനെ+ വീതം നീ അയയ്ക്കണം.”
3 അങ്ങനെ യഹോവയുടെ ആജ്ഞയനുസരിച്ച് മോശ ഇസ്രായേല്യരുടെ തലവന്മാരായ ചിലരെ പാരാൻ വിജനഭൂമിയിൽനിന്ന്+ പറഞ്ഞയച്ചു. 4 അവരുടെ പേരുകൾ: രൂബേൻ ഗോത്രത്തിൽനിന്ന് സക്കൂരിന്റെ മകൻ ശമ്മൂവ, 5 ശിമെയോൻ ഗോത്രത്തിൽനിന്ന് ഹോരിയുടെ മകൻ ശാഫാത്ത്, 6 യഹൂദ ഗോത്രത്തിൽനിന്ന് യഫുന്നയുടെ മകൻ കാലേബ്,+ 7 യിസ്സാഖാർ ഗോത്രത്തിൽനിന്ന് യോസേഫിന്റെ മകൻ ഈഗാൽ, 8 എഫ്രയീം ഗോത്രത്തിൽനിന്ന് നൂന്റെ മകൻ ഹോശയ,+ 9 ബന്യാമീൻ ഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ പൽതി, 10 സെബുലൂൻ ഗോത്രത്തിൽനിന്ന് സോദിയുടെ മകൻ ഗദ്ദീയേൽ, 11 യോസേഫ്+ ഗോത്രത്തിൽ മനശ്ശെയുടെ ഗോത്രത്തിനുവേണ്ടി+ സൂസിയുടെ മകൻ ഗദ്ദി, 12 ദാൻ ഗോത്രത്തിൽനിന്ന് ഗമല്ലിയുടെ മകൻ അമ്മീയേൽ, 13 ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ, 14 നഫ്താലി ഗോത്രത്തിൽനിന്ന് വൊപ്സിയുടെ മകൻ നഹ്ബി, 15 ഗാദ് ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ. 16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി.
17 കനാൻ ദേശം ഒറ്റുനോക്കാൻ അവരെ അയച്ചപ്പോൾ മോശ അവരോടു പറഞ്ഞു: “നെഗെബിലേക്കു ചെന്നിട്ട് അവിടെനിന്ന് മലനാട്ടിലേക്കു പോകുക.+ 18 ദേശം എങ്ങനെയുള്ളതാണെന്നു നോക്കണം.+ അവിടെ താമസിക്കുന്ന ജനം ശക്തരാണോ അതോ ദുർബലരാണോ, അവർ എണ്ണത്തിൽ കുറവാണോ കൂടുതലാണോ, 19 ദേശം നല്ലതാണോ മോശമാണോ, അവർ താമസിക്കുന്നതു പാളയങ്ങളിലാണോ കോട്ടമതിലുള്ള നഗരങ്ങളിലാണോ എന്നെല്ലാം നിങ്ങൾ നോക്കണം. 20 ദേശം ഫലഭൂയിഷ്ഠമാണോ* അതോ തരിശ്ശാണോ*+ എന്നും അവിടെ മരങ്ങളുണ്ടോ ഇല്ലയോ എന്നും നോക്കി മനസ്സിലാക്കണം. നിങ്ങൾ ധൈര്യത്തോടെ+ ആ ദേശത്തുനിന്ന് കുറച്ച് പഴവർഗങ്ങൾ പറിച്ചുകൊണ്ടുവരുകയും വേണം.” മുന്തിരിയുടെ ആദ്യത്തെ വിളവെടുപ്പു നടത്തുന്ന സമയമായിരുന്നു അത്.+
21 അങ്ങനെ അവർ പുറപ്പെട്ട് സീൻ വിജനഭൂമി+ മുതൽ ലബോ-ഹമാത്തിന്*+ അടുത്ത് സ്ഥിതി ചെയ്യുന്ന രഹോബ്+ വരെയുള്ള ദേശം ഒറ്റുനോക്കി. 22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ. 23 എശ്ക്കോൽ താഴ്വരയിൽ*+ എത്തിയ അവർ അവിടെനിന്ന് ഒരു മുന്തിരിക്കുല അതിന്റെ ശാഖയോടുകൂടെ മുറിച്ചെടുത്തു. അതു രണ്ടു പേർ ചേർന്ന് ഒരു തണ്ടിൽ ചുമക്കേണ്ടിവന്നു! കുറച്ച് മാതളനാരങ്ങയും അത്തിപ്പഴവും അവർ കൊണ്ടുപോന്നു.+ 24 അവിടെനിന്ന് ഇസ്രായേല്യർ മുന്തിരിക്കുല മുറിച്ചെടുത്തതുകൊണ്ട് അവർ ആ സ്ഥലത്തെ എശ്ക്കോൽ* താഴ്വര*+ എന്നു വിളിച്ചു.
25 ദേശം ഒറ്റുനോക്കി 40-ാം ദിവസം+ അവർ മടങ്ങി. 26 അവർ പാരാൻ വിജനഭൂമിയിലെ കാദേശിൽ+ മോശയുടെയും അഹരോന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത് എത്തി. അവർ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെല്ലാം സമൂഹത്തെ മുഴുവൻ അറിയിച്ചു; അവിടെനിന്ന് കൊണ്ടുവന്ന പഴവർഗങ്ങൾ അവരെ കാണിക്കുകയും ചെയ്തു. 27 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്ത് ഞങ്ങൾ ചെന്നു. പാലും തേനും ഒഴുകുന്ന ദേശംതന്നെയാണ് അത്.+ ഇത് അവിടത്തെ ചില പഴങ്ങളാണ്.+ 28 പക്ഷേ ആ ദേശത്ത് താമസിക്കുന്നവർ വളരെ ശക്തരാണ്. അവരുടെ നഗരങ്ങൾ വളരെ വലുതും കോട്ടമതിൽ കെട്ടി സുരക്ഷിതമാക്കിയവയും ആണ്. അവിടെ ഞങ്ങൾ അനാക്യരെയും കണ്ടു.+ 29 അമാലേക്യർ+ നെഗെബ് ദേശത്തും,+ ഹിത്യരും യബൂസ്യരും+ അമോര്യരും+ മലനാട്ടിലും, കനാന്യർ+ കടൽത്തീരത്തും+ യോർദാന്റെ കരയിലും താമസിക്കുന്നു.”
30 അപ്പോൾ കാലേബ് മോശയുടെ മുന്നിൽ നിന്നിരുന്ന ജനത്തെ ശാന്തരാക്കാൻ ശ്രമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “വേഗം വരൂ, നമുക്ക് ഉടനെ പുറപ്പെടാം. അതു കീഴടക്കാനും കൈവശമാക്കാനും നമുക്കു കഴിയും, ഉറപ്പ്.”+ 31 പക്ഷേ കാലേബിനോടുകൂടെ പോയ പുരുഷന്മാർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെക്കാൾ ശക്തരാണ്.”+ 32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ ഇസ്രായേല്യരുടെ ഇടയിൽ മോശമായ വാർത്ത പ്രചരിപ്പിച്ചു.+ അവർ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റുനോക്കിയ ദേശം നിവാസികളെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെ കണ്ട ജനങ്ങളെല്ലാം അസാമാന്യവലുപ്പമുള്ളവരാണ്.+ 33 ഞങ്ങൾ അവിടെ നെഫിലിമുകളെയും കണ്ടു. നെഫിലിമുകളിൽനിന്നുള്ള* ആ അനാക്യവംശജരുടെ+ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാടികളെപ്പോലെയായിരുന്നു. അവർക്കും ഞങ്ങളെ കണ്ട് അങ്ങനെതന്നെ തോന്നി.”