സംഖ്യ
19 യഹോവ പിന്നെ മോശയോടും അഹരോനോടും പറഞ്ഞു: 2 “യഹോവ കല്പിച്ച നിയമത്തിലെ ഒരു ചട്ടം ഇതാണ്: ‘ന്യൂനതയും വൈകല്യവും ഇല്ലാത്തതും ഇതുവരെ നുകം വെച്ചിട്ടില്ലാത്തതും ആയ ഒരു ചുവന്ന പശുവിനെ+ നിങ്ങൾക്കുവേണ്ടി കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക. 3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസരിന്റെ പക്കൽ ഏൽപ്പിക്കണം. അവൻ അതിനെ പാളയത്തിനു പുറത്തേക്കു കൊണ്ടുപോകും. തുടർന്ന് അതിനെ എലെയാസരിന്റെ മുന്നിൽവെച്ച് അറുക്കണം. 4 പിന്നെ പുരോഹിതനായ എലെയാസർ വിരൽകൊണ്ട് അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിന്റെ മുൻവശത്തിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+ 5 അതിനു ശേഷം എലെയാസരിന്റെ കൺമുന്നിൽവെച്ച് പശുവിനെ തീയിലിട്ട് ചുട്ടുകളയണം. അതിന്റെ തോലും മാംസവും രക്തവും ചാണകവും ചുട്ടുകളയണം.+ 6 തുടർന്ന് പുരോഹിതൻ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പുചെടി,+ കടുഞ്ചുവപ്പുതുണി എന്നിവ എടുത്ത് പശുവിനെ കത്തിക്കുന്ന തീയിലിടണം. 7 പിന്നെ പുരോഹിതൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. അതിനു ശേഷം പുരോഹിതനു പാളയത്തിലേക്കു വരാം. എന്നാൽ വൈകുന്നേരംവരെ പുരോഹിതൻ അശുദ്ധനായിരിക്കും.
8 “‘പശുവിനെ ദഹിപ്പിച്ചവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.
9 “‘ശുദ്ധിയുള്ള ഒരാൾ പശുവിന്റെ ഭസ്മം+ വാരിയെടുത്ത് പാളയത്തിന്റെ പുറത്ത് വൃത്തിയുള്ള ഒരു സ്ഥലത്ത് വെക്കണം. ശുദ്ധീകരണത്തിനുള്ള ജലം+ തയ്യാറാക്കുമ്പോൾ ഉപയോഗിക്കാനായി ഇസ്രായേൽസമൂഹം അതു സൂക്ഷിച്ചുവെക്കണം. അത് ഒരു പാപയാഗമാണ്. 10 പശുവിന്റെ ഭസ്മം വാരിയെടുത്തവൻ വസ്ത്രം അലക്കണം. അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
“‘ഇത് ഇസ്രായേല്യർക്കും അവരുടെ ഇടയിൽ താമസിക്കുന്ന വിദേശിക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.+ 11 മരിച്ച ഒരു വ്യക്തിയെ തൊടുന്ന ഏതൊരാളും ഏഴു ദിവസം അശുദ്ധനായിരിക്കും.+ 12 മൂന്നാം ദിവസം അയാൾ ആ ജലംകൊണ്ട്* തന്നെത്തന്നെ ശുദ്ധീകരിക്കണം. ഏഴാം ദിവസം അയാൾ ശുദ്ധനാകും. എന്നാൽ മൂന്നാം ദിവസം അയാൾ തന്നെത്തന്നെ ശുദ്ധീകരിക്കുന്നില്ലെങ്കിൽ ഏഴാം ദിവസം അയാൾ ശുദ്ധനാകില്ല. 13 ഒരാളുടെ ശവശരീരത്തെ തൊട്ടിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്ത ഏവനും യഹോവയുടെ വിശുദ്ധകൂടാരത്തെ അശുദ്ധമാക്കിയിരിക്കുന്നു.+ അയാളെ ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.*+ കാരണം ശുദ്ധീകരണത്തിനുള്ള ജലം+ അയാളുടെ മേൽ തളിച്ചിട്ടില്ല. അയാൾ അശുദ്ധനാണ്. അയാളുടെ അശുദ്ധി അയാളുടെ മേൽത്തന്നെ ഇരിക്കുന്നു.
14 “‘ഒരുവൻ കൂടാരത്തിൽവെച്ച് മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കയറുന്നവരും ആ സമയത്ത് കൂടാരത്തിലുണ്ടായിരുന്നവരും എല്ലാം ഏഴു ദിവസം അശുദ്ധരായിരിക്കും. 15 അടപ്പു കെട്ടിമുറുക്കാതെ തുറന്നുവെച്ചിരുന്ന എല്ലാ പാത്രങ്ങളും അശുദ്ധമാകും.+ 16 കൂടാരത്തിനു വെളിയിൽവെച്ച് ആരെങ്കിലും ഒരാൾ, വാളുകൊണ്ട് കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ മനുഷ്യന്റെ അസ്ഥിയെയോ കല്ലറയെയോ തൊട്ടാൽ ഏഴു ദിവസത്തേക്ക് അയാൾ അശുദ്ധനായിരിക്കും.+ 17 ദഹിപ്പിച്ച പാപയാഗത്തിൽനിന്ന്, അശുദ്ധനായവനുവേണ്ടി കുറച്ച് ഭസ്മം ഒരു പാത്രത്തിൽ എടുത്ത് അതിൽ ശുദ്ധമായ ഒഴുക്കുവെള്ളം ഒഴിക്കണം. 18 പിന്നെ ശുദ്ധിയുള്ള ഒരാൾ+ ഒരു ഈസോപ്പുചെടി+ എടുത്ത് ആ വെള്ളത്തിൽ മുക്കി, കൂടാരത്തിലും അവിടെയുള്ള പാത്രങ്ങളിലും അവിടെയുണ്ടായിരുന്ന ആളുകളുടെ ദേഹത്തും തളിക്കണം. അതുപോലെ മനുഷ്യന്റെ അസ്ഥിയെയോ ശവശരീരത്തെയോ കല്ലറയെയോ കൊല്ലപ്പെട്ട ഒരാളെയോ തൊട്ടവന്റെ മേലും അതു തളിക്കണം. 19 ശുദ്ധിയുള്ളവൻ മൂന്നാം ദിവസവും ഏഴാം ദിവസവും അത് അശുദ്ധന്റെ മേൽ തളിക്കണം. ഏഴാം ദിവസം അയാൾ അയാളുടെ പാപം നീക്കി അയാളെ ശുദ്ധീകരിക്കും.+ പിന്നെ, അയാൾ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരം അയാൾ ശുദ്ധനാകും.
20 “‘അശുദ്ധനായ ഒരാൾ തന്നെത്തന്നെ ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാളെ സഭയിൽനിന്ന് ഛേദിച്ചുകളയണം.+ കാരണം, അയാൾ യഹോവയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു. ശുദ്ധീകരണത്തിനുള്ള ജലം അയാളുടെ മേൽ തളിക്കാത്തതുകൊണ്ട് അയാൾ അശുദ്ധനാണ്.
21 “‘ഇത് അവർക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും: ശുദ്ധീകരണത്തിനുള്ള ജലം തളിക്കുന്നവൻ+ തന്റെ വസ്ത്രം അലക്കണം. ശുദ്ധീകരണത്തിനുള്ള ജലത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 22 അശുദ്ധനായവൻ തൊടുന്നതെല്ലാം അശുദ്ധമാകും. അവയെ തൊടുന്നവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.’”+