യഹസ്കേൽ
36 “മനുഷ്യപുത്രാ, ഇസ്രായേൽമലകളെക്കുറിച്ച് ഇങ്ങനെ പ്രവചിക്കൂ: ‘ഇസ്രായേൽമലകളേ, യഹോവയുടെ സന്ദേശം കേൾക്കൂ! 2 പരമാധികാരിയായ യഹോവ പറയുന്നു: “‘ആഹാ! പുരാതനമായ കുന്നുകൾപോലും നമ്മുടെ കൈയിലായല്ലോ!’ എന്നു ശത്രു നിങ്ങൾക്കെതിരെ പറഞ്ഞില്ലേ?”’+
3 “അതുകൊണ്ട്, ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “അവർ നിങ്ങളെ വിജനമാക്കിയില്ലേ? നാലുപാടുനിന്നും ആക്രമിച്ചില്ലേ? ജനതകളിൽനിന്നുള്ള അതിജീവകർ* നിങ്ങളെ സ്വന്തമാക്കട്ടെ എന്ന് അവർ കരുതി. ആളുകളുടെ മുഖ്യ സംസാരവിഷയം നിങ്ങളാണ്. അവർ നിങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നു.+ 4 അതുകൊണ്ട് ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ മലകളോടും കുന്നുകളോടും, അരുവികളോടും താഴ്വരകളോടും, ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കുന്ന സ്ഥലങ്ങളോടും,+ ചുറ്റുമുള്ള ജനതകളിലെ അതിജീവകരുടെ പരിഹാസത്തിനും കവർച്ചയ്ക്കും ഇരയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന നഗരങ്ങളോടും സംസാരിക്കുന്നു.+ 5 ഇവയോടു പരമാധികാരിയായ യഹോവ പറയുന്നു: ‘ജ്വലിക്കുന്ന ആവേശത്തോടെ+ ജനതകളിലെ അതിജീവകർക്കെതിരെയും ഏദോമിന് എതിരെയും ഞാൻ സംസാരിക്കും. എന്റെ ദേശം അവരുടെ സ്വന്തമാണെന്ന് ആർത്തുല്ലസിച്ച് പരമപുച്ഛത്തോടെ+ അവർ അവകാശവാദം മുഴക്കി. ആ ദേശത്തെ മേച്ചിൽപ്പുറങ്ങൾ കൈവശമാക്കാനും അതിനെ കൊള്ളയടിക്കാനും അവർ നോക്കി.’”’+
6 “അതുകൊണ്ട്, ഇസ്രായേൽ ദേശത്തെക്കുറിച്ച് പ്രവചിക്കൂ! മലകളോടും കുന്നുകളോടും, അരുവികളോടും താഴ്വരകളോടും ഇങ്ങനെ പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “ജനതകളിൽനിന്ന് നിങ്ങൾക്ക് അപമാനം സഹിക്കേണ്ടിവന്നതുകൊണ്ട് ഞാൻ ആവേശത്തോടെ, ഉഗ്രകോപത്തോടെ സംസാരിക്കും.”’+
7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ചുറ്റുമുള്ള ജനതകൾ തങ്ങൾക്കുണ്ടായ നാണക്കേടു സഹിക്കേണ്ടിവരുമെന്നു ഞാൻ കൈ ഉയർത്തി ആണയിടുന്നു.+ 8 പക്ഷേ ഇസ്രായേൽമലകളേ, എന്റെ ജനമായ ഇസ്രായേലിനുവേണ്ടി നിങ്ങളിൽ ശാഖകളും കായ്കനികളും ഉണ്ടാകും;+ അവർ ഉടൻതന്നെ മടങ്ങിവരുമല്ലോ. 9 കാരണം, ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളിലേക്കു മുഖം തിരിക്കും. ആളുകൾ നിങ്ങളിൽ കൃഷിയിറക്കും; വിത്തു വിതയ്ക്കും. 10 ഞാൻ നിങ്ങളുടെ ആളുകളെ, ഇസ്രായേൽഗൃഹത്തെ മുഴുവൻ, വർധിപ്പിക്കും. നഗരങ്ങളിൽ ആൾത്താമസമുണ്ടാകും.+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ അവർ പുനർനിർമിക്കും.+ 11 അതെ, ഞാൻ നിങ്ങളുടെ ആളുകളെയും മൃഗങ്ങളെയും വർധിപ്പിക്കും.+ അവ പെറ്റുപെരുകും. മുമ്പത്തെപ്പോലെ നിങ്ങളിൽ ആൾത്താമസമുണ്ടാകാൻ ഞാൻ ഇടയാക്കും.+ മുമ്പത്തെക്കാൾ അഭിവൃദ്ധി തന്ന് ഞാൻ നിങ്ങളെ അനുഗ്രഹിക്കും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 12 ഞാൻ മനുഷ്യരെ, എന്റെ ജനമായ ഇസ്രായേലിനെ, വരുത്തും. അവർ നിങ്ങളെ കൈവശമാക്കി അതിലേ നടക്കും.+ നിങ്ങൾ അവരുടെ അവകാശമാകും. ഇനി ഒരിക്കലും നിങ്ങൾ അവരെ മക്കളില്ലാത്തവരാക്കില്ല.’”+
13 “പരമാധികാരിയായ യഹോവ പറയുന്നു: ‘അവർ നിങ്ങളോട്, “ആളുകളെ വിഴുങ്ങുകയും നിന്നിലെ ജനതകളെ മക്കളില്ലാത്തവരാക്കുകയും ചെയ്യുന്ന ദേശമാണു നീ” എന്നു പറയുന്നുണ്ടല്ലോ.’ 14 ‘അതുകൊണ്ട്, നീ ഇനി ഒരിക്കലും ആളുകളെ വിഴുങ്ങുകയോ നിന്നിലെ ജനതകളെ മക്കളില്ലാത്തവരാക്കുകയോ ചെയ്യില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 15 ‘നീ ഇനി ജനതകളുടെ പരിഹാസത്തിനോ ആളുകളുടെ നിന്ദയ്ക്കോ പാത്രമാകാൻ ഞാൻ അനുവദിക്കില്ല.+ ഇനി ഒരിക്കലും നീ നിന്നിലെ ജനതകളെ ഇടറിവീഴിക്കില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
16 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 17 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം അവരുടെ ദേശത്ത് താമസിച്ചിരുന്നപ്പോൾ അവരുടെ വഴികളാലും പെരുമാറ്റത്താലും ദേശം അശുദ്ധമാക്കി.+ അവരുടെ വഴികൾ എനിക്ക് ആർത്തവാശുദ്ധിപോലെയായിരുന്നു.+ 18 അവർ ദേശത്ത് രക്തം ചൊരിഞ്ഞതുകൊണ്ടും+ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* ദേശം അശുദ്ധമാക്കിയതുകൊണ്ടും ഞാൻ അവരുടെ മേൽ എന്റെ ഉഗ്രകോപം ചൊരിഞ്ഞു.+ 19 ഞാൻ ജനതകളുടെ ഇടയിൽ അവരെ ചിതറിച്ചു. പല ദേശങ്ങളിലേക്ക് അവരെ ഓടിച്ചുകളഞ്ഞു.+ അവരുടെ വഴികൾക്കും പെരുമാറ്റത്തിനും അനുസൃതമായി ഞാൻ അവരെ ന്യായം വിധിച്ചു. 20 പക്ഷേ, അവർ ജനതകളുടെ അടുത്ത് എത്തിയപ്പോൾ ആളുകൾ അവരെക്കുറിച്ച്, ‘യഹോവയുടെ ജനമാണ് ഇവർ; പക്ഷേ, അവർക്ക് അവന്റെ ദേശം വിട്ടുപോരേണ്ടിവന്നു’ എന്നു പറഞ്ഞ് എന്റെ വിശുദ്ധനാമം അശുദ്ധമാക്കി.+ 21 അതുകൊണ്ട്, ഇസ്രായേൽഗൃഹത്തിലുള്ളവർ ചെന്നെത്തിയ ജനതകളുടെ ഇടയിൽ ഇസ്രായേൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തോടു ഞാൻ താത്പര്യം കാണിക്കും.”+
22 “അതുകൊണ്ട്, ഇസ്രായേൽഗൃഹത്തോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഇസ്രായേൽഗൃഹമേ, നിങ്ങളെ ഓർത്തല്ല, പകരം നിങ്ങൾ ചെന്നെത്തിയ ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെ ഓർത്താണു ഞാൻ പ്രവർത്തിക്കുന്നത്.”’+ 23 ‘ജനതകളുടെ ഇടയിൽ അശുദ്ധമായ എന്റെ മഹനീയനാമത്തെ, നിങ്ങൾ അശുദ്ധമാക്കിയ ആ നാമത്തെ, ഞാൻ നിശ്ചയമായും വിശുദ്ധീകരിക്കും.+ അവർ കാൺകെ നിങ്ങളുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവയാണെന്നു ജനതകൾ അറിയേണ്ടിവരും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 24 ‘ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടും. എല്ലാ ദേശങ്ങളിൽനിന്നും നിങ്ങളെ കൂട്ടിവരുത്തും. നിങ്ങളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരും.+ 25 ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും; നിങ്ങൾ ശുദ്ധരാകും.+ അശുദ്ധിയിൽനിന്നും എല്ലാ മ്ലേച്ഛവിഗ്രഹങ്ങളിൽനിന്നും+ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും.+ 26 ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും;+ പുതിയൊരു ആത്മാവ്* നിങ്ങളുടെ ഉള്ളിൽ വെക്കും.+ ഞാൻ നിങ്ങളുടെ ശരീരത്തിൽനിന്ന് കല്ലുകൊണ്ടുള്ള ഹൃദയം+ മാറ്റി മാംസംകൊണ്ടുള്ള ഹൃദയം* തരും. 27 ഞാൻ എന്റെ ആത്മാവ് നിങ്ങളുടെ ഉള്ളിൽ വെക്കും. എന്റെ ചട്ടങ്ങളിൽ ഞാൻ നിങ്ങളെ നടത്തും.+ നിങ്ങൾ എന്റെ ന്യായത്തീർപ്പുകൾ പാലിക്കുകയും പിൻപറ്റുകയും ചെയ്യും. 28 അപ്പോൾ, നിങ്ങളുടെ പൂർവികർക്കു ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ താമസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.’+
29 “‘നിങ്ങളുടെ സകല അശുദ്ധിയിൽനിന്നും ഞാൻ നിങ്ങളെ മോചിപ്പിക്കും. സമൃദ്ധമായി വിളയാൻ ഞാൻ ധാന്യത്തോടു പറയും; ഞാൻ നിങ്ങൾക്കു ക്ഷാമം വരുത്തില്ല.+ 30 മരത്തിൽ കായ്കനികളും നിലത്ത് വിളവും സമൃദ്ധമായി ഉണ്ടാകാൻ ഞാൻ ഇടവരുത്തും. പിന്നെ, നിങ്ങൾക്ക് ഒരിക്കലും ചുറ്റുമുള്ള ജനതകളുടെ മുന്നിൽ ക്ഷാമംമൂലമുള്ള മാനക്കേടു സഹിച്ച് ജീവിക്കേണ്ടിവരില്ല.+ 31 അപ്പോൾ, നിങ്ങളുടെ ദുഷിച്ച വഴികളും മോശമായ പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകളും വൃത്തികെട്ട ആചാരങ്ങളും കാരണം നിങ്ങൾക്കു നിങ്ങളോടുതന്നെ അറപ്പു തോന്നും.+ 32 പക്ഷേ ഇത് ഓർത്തോ: നിങ്ങളെ കരുതിയല്ല ഞാൻ ഇതു ചെയ്യുന്നത്’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, നിങ്ങളുടെ വഴികൾ കാരണം ലജ്ജിച്ച് തല താഴ്ത്തൂ!’
33 “പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളിൽനിന്നും ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന ദിവസം നഗരങ്ങളിൽ ആൾപ്പാർപ്പുണ്ടാകാനും+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ പുനർനിർമിക്കാനും ഞാൻ ഇടയാക്കും.+ 34 ആൾപ്പാർപ്പില്ലാതെ പാഴായിക്കിടന്നതായി വഴിപോക്കർ കണ്ടിരുന്ന നിലത്ത് വീണ്ടും കൃഷിയിറക്കും. 35 ആളുകൾ പറയും: “പാഴായിക്കിടന്ന ദേശം ഏദെൻ തോട്ടംപോലെയായി.+ തകർന്നടിഞ്ഞ് ആൾപ്പാർപ്പില്ലാതെ കിടന്ന നഗരങ്ങൾ ഇപ്പോൾ പണിതുയർത്തി ഭദ്രമാക്കിയിരിക്കുന്നു; അവിടെ ആൾത്താമസവുമുണ്ട്.”+ 36 തകർന്നുകിടന്നവ പണിതതും പാഴായിക്കിടന്നിടം നട്ടുപിടിപ്പിച്ചതും യഹോവ എന്ന ഞാനാണെന്നു നിങ്ങൾക്കു ചുറ്റും ബാക്കിയുള്ള ജനതകൾ അപ്പോൾ അറിയേണ്ടിവരും. യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്. ഞാൻ ഇതു ചെയ്തിരിക്കുന്നു.’+
37 “പരമാധികാരിയായ യഹോവ പറയുന്നു: ‘തങ്ങൾക്ക് ഇങ്ങനെയൊരു കാര്യം ചെയ്തുതരാമോ എന്ന് എന്നോടു ചോദിക്കാൻ ഞാൻ ഇസ്രായേൽഗൃഹത്തെ അനുവദിക്കും: അവരുടെ ആളുകളെ ഞാൻ ആട്ടിൻപറ്റത്തെപ്പോലെ വർധിപ്പിക്കും. 38 വിശുദ്ധരുടെ വൻസമൂഹത്തെപ്പോലെ, ഉത്സവകാലത്ത്+ യരുശലേമിലുള്ള വലിയ ആൾക്കൂട്ടത്തെപ്പോലെ,* നശിച്ചുകിടന്ന നഗരങ്ങളിൽ ആളുകൾ തിങ്ങിനിറയും.+ അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”