അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
22 “സഹോദരന്മാരേ, പിതാക്കന്മാരേ, നിങ്ങളോട് എനിക്കു പറയാനുള്ളതു കേട്ടുകൊള്ളുക.”+ 2 പൗലോസ് എബ്രായ ഭാഷയിൽ സംസാരിക്കുന്നതു കേട്ട് എല്ലാവരും നിശ്ശബ്ദരായി. പൗലോസ് പറഞ്ഞു: 3 “ഞാൻ ഒരു ജൂതനാണ്,+ കിലിക്യയിലെ തർസൊസിൽ+ ജനിച്ചവൻ. ഈ നഗരത്തിൽ ഗമാലിയേലിന്റെ+ കാൽക്കലിരുന്നാണു ഞാൻ പഠിച്ചത്. പൂർവികരുടെ നിയമം കണിശമായി പാലിക്കാൻ എന്നെ അഭ്യസിപ്പിച്ചു.+ ദൈവത്തിനുവേണ്ടി ഇന്നു നിങ്ങളെല്ലാം കാണിക്കുന്ന ഇതേ തീക്ഷ്ണത എനിക്കുമുണ്ടായിരുന്നു.+ 4 ഈ മാർഗത്തിൽപ്പെട്ട* സ്ത്രീപുരുഷന്മാരെ പിടിച്ചുകെട്ടി ജയിലിലാക്കാനും അവരെ ഉപദ്രവിച്ച് ഇല്ലാതാക്കാനും ശ്രമിച്ചവനാണു ഞാൻ.+ 5 മഹാപുരോഹിതനും മൂപ്പന്മാരുടെ സഭയ്ക്കും ഇക്കാര്യം അറിയാം. അവരിൽനിന്ന് ദമസ്കൊസിലുള്ള സഹോദരന്മാർക്കു നൽകാൻ കത്തുകളും തരപ്പെടുത്തി ഞാൻ പുറപ്പെട്ടു. അവിടെയുള്ളവരെ പിടിച്ചുകെട്ടി യരുശലേമിലേക്കു കൊണ്ടുവന്ന് ശിക്ഷിക്കാനായിരുന്നു എന്റെ പദ്ധതി.
6 “ഞാൻ യാത്ര ചെയ്ത് നട്ടുച്ചയോടെ ദമസ്കൊസിൽ എത്താറായപ്പോൾ, പെട്ടെന്ന് ആകാശത്തുനിന്ന് വലിയൊരു വെളിച്ചം എനിക്കു ചുറ്റും മിന്നി.+ 7 ഞാൻ നിലത്ത് വീണു. ‘ശൗലേ, ശൗലേ, എന്തിനാണു നീ എന്നെ ഉപദ്രവിക്കുന്നത്’ എന്നു ചോദിക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു. 8 ‘പ്രഭോ, അങ്ങ് ആരാണ്’ എന്നു ഞാൻ ചോദിച്ചപ്പോൾ, ‘നീ ഉപദ്രവിക്കുന്ന നസറെത്തുകാരനായ യേശുവാണു ഞാൻ’ എന്ന് ആ ശബ്ദം എന്നോടു പറഞ്ഞു. 9 എന്റെകൂടെയുണ്ടായിരുന്നവർ വെളിച്ചം കണ്ടെങ്കിലും എന്നോടു സംസാരിക്കുന്നയാളുടെ ശബ്ദം കേട്ടില്ല.+ 10 ‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്’ എന്നു ഞാൻ ചോദിച്ചു. കർത്താവ് എന്നോട്, ‘എഴുന്നേറ്റ് ദമസ്കൊസിലേക്കു പോകുക. നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ച് നിനക്കു പറഞ്ഞുതരും’+ എന്നു പറഞ്ഞു. 11 ആ ഉജ്ജ്വലപ്രകാശം കാരണം എനിക്കു കണ്ണു കാണാൻ കഴിയാതായി. കൂടെയുള്ളവർ എന്നെ കൈപിടിച്ച് നടത്തി ദമസ്കൊസിൽ എത്തിച്ചു.
12 “അവിടെവെച്ച് അനന്യാസ്+ എന്നൊരാൾ എന്റെ അടുത്ത് വന്നു. വളരെ ഭയഭക്തിയോടെ നിയമം പാലിച്ചുപോന്ന അനന്യാസിനെക്കുറിച്ച് അവിടെ താമസിക്കുന്ന ജൂതന്മാർക്കൊക്കെ വളരെ നല്ല അഭിപ്രായമായിരുന്നു. 13 അനന്യാസ് എന്റെ അരികെ നിന്ന് എന്നോട്, ‘ശൗലേ, സഹോദരാ, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടി; ഞാൻ അനന്യാസിനെ കണ്ടു.+ 14 അനന്യാസ് എന്നോടു പറഞ്ഞു: ‘നീ ദൈവത്തിന്റെ ഇഷ്ടം അറിയാനും നീതിമാനായവനെ കാണാനും+ അവന്റെ ശബ്ദം കേൾക്കാനും വേണ്ടി നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. 15 കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് നീ യേശുവിനുവേണ്ടി എല്ലാ മനുഷ്യരുടെയും മുമ്പാകെ സാക്ഷി പറയേണ്ടതുണ്ട്.+ 16 ഇനി എന്തിനാണു വൈകുന്നത്? എഴുന്നേറ്റ് സ്നാനമേൽക്കുക. യേശുവിന്റെ പേര് വിളിച്ച്+ നിന്റെ പാപങ്ങൾ കഴുകിക്കളയുക.’+
17 “പിന്നെ യരുശലേമിൽ തിരിച്ചെത്തി+ ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ സ്വപ്നാവസ്ഥയിലായി. 18 ഞാൻ കർത്താവിനെ കണ്ടു. കർത്താവ് എന്നോടു പറഞ്ഞു: ‘പെട്ടെന്നുതന്നെ യരുശലേമിൽനിന്ന് പുറത്ത് കടക്കുക, വേഗമാകട്ടെ! എന്നെക്കുറിച്ചുള്ള നിന്റെ വാക്കുകൾ അവർ സ്വീകരിക്കില്ല.’+ 19 അപ്പോൾ ഞാൻ പറഞ്ഞു: ‘കർത്താവേ, ഞാൻ സിനഗോഗുകൾതോറും ചെന്ന് അങ്ങയിൽ വിശ്വസിക്കുന്നവരെ അടിക്കുകയും ജയിലിലാക്കുകയും ചെയ്തിരുന്നതൊക്കെ അവർക്കു നന്നായി അറിയാം.+ 20 അങ്ങയുടെ സാക്ഷിയായ സ്തെഫാനൊസ് കൊല്ലപ്പെട്ട സമയത്ത് ഞാനും അടുത്തുനിന്ന് അതിനെ അനുകൂലിക്കുകയും സ്തെഫാനൊസിനെ കൊന്നവരുടെ പുറങ്കുപ്പായങ്ങൾ സൂക്ഷിക്കുകയും ചെയ്തതല്ലേ?’+ 21 എന്നാൽ കർത്താവ് എന്നോട്, ‘പോകൂ, ഞാൻ നിന്നെ ദൂരെ ജനതകളുടെ അടുത്തേക്ക് അയയ്ക്കും’+ എന്നു പറഞ്ഞു.”
22 അത്രയും നേരം അവർ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നു. എന്നാൽ ഇതു കേട്ടപ്പോൾ അവർ ഉറക്കെ, “ഇങ്ങനെയുള്ളവനെ ഈ ഭൂമിയിൽ വെച്ചേക്കരുത്, ഇവൻ ജീവനോടിരിക്കാൻ പാടില്ല” എന്നു വിളിച്ചുപറഞ്ഞു. 23 അവർ ഇങ്ങനെ അലറുകയും പുറങ്കുപ്പായങ്ങൾ ഊരിയെറിയുകയും മണ്ണു വാരിയെറിയുകയും ചെയ്തുകൊണ്ടിരുന്നു.+ 24 അതുകൊണ്ട് പൗലോസിനെ പടയാളികളുടെ താമസസ്ഥലത്തേക്കു കൊണ്ടുവന്ന് ചാട്ടയ്ക്ക് അടിച്ച് ചോദ്യം ചെയ്യാൻ സൈന്യാധിപൻ ആജ്ഞാപിച്ചു. എന്തിനാണ് ആളുകൾ ഇങ്ങനെ പൗലോസിനു നേരെ അലറുന്നതെന്നു മനസ്സിലാക്കാനായിരുന്നു അത്. 25 ചാട്ടയ്ക്ക് അടിക്കാനായി അവർ പിടിച്ചുകെട്ടിയപ്പോൾ പൗലോസ് അടുത്തുനിന്ന സൈനികോദ്യോഗസ്ഥനോട്, “വിചാരണ ചെയ്യാതെ* ഒരു റോമാക്കാരനെ ചാട്ടയ്ക്കടിക്കുന്നതു നിയമാനുസൃതമാണോ”+ എന്നു ചോദിച്ചു. 26 ഇതു കേട്ട സൈനികോദ്യോഗസ്ഥൻ സൈന്യാധിപന്റെ അടുത്ത് ചെന്ന്, “അങ്ങ് എന്താണു ചെയ്യാൻപോകുന്നത്? ഈ മനുഷ്യൻ റോമാക്കാരനാണ്” എന്നു പറഞ്ഞു. 27 അപ്പോൾ സൈന്യാധിപൻ പൗലോസിന്റെ അടുത്ത് വന്ന്, “പറയൂ, നീ ഒരു റോമാക്കാരനാണോ” എന്നു ചോദിച്ചു. “അതെ” എന്നു പൗലോസ് പറഞ്ഞു. 28 അപ്പോൾ സൈന്യാധിപൻ പറഞ്ഞു: “ഞാൻ ഒരു വലിയ തുക കൊടുത്തിട്ടാണ് ഈ പൗരത്വം നേടിയത്.” പൗലോസ് പറഞ്ഞു: “ഞാൻ ജനിച്ചതുതന്നെ റോമൻ പൗരനായിട്ടാണ്.”+
29 പൗലോസിനെ ഉപദ്രവിച്ച് ചോദ്യം ചെയ്യാൻ നിന്നവർ ഉടനെ പിന്മാറി. പൗലോസ് റോമാക്കാരനാണെന്നു തിരിച്ചറിഞ്ഞപ്പോൾ പൗലോസിനെ ചങ്ങലയിട്ട് ബന്ധിച്ചത് ഓർത്ത് സൈന്യാധിപനു ഭയം തോന്നി.+
30 ജൂതന്മാർ പൗലോസിന്റെ മേൽ കുറ്റം ആരോപിക്കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമായി അറിയാൻ സൈന്യാധിപൻ ആഗ്രഹിച്ചു. അതുകൊണ്ട് പിറ്റേന്നു മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ മുഴുവനും കൂടിവരാൻ സൈന്യാധിപൻ കല്പിച്ചു. എന്നിട്ട് പൗലോസിനെ സ്വതന്ത്രനാക്കി അവരുടെ മധ്യേ നിറുത്തി.+