പുറപ്പാട്
22 “ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അതിനെ അറുക്കുകയോ വിൽക്കുകയോ ചെയ്താൽ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും അയാൾ നഷ്ടപരിഹാരമായി കൊടുക്കണം.+
2 (“ഒരു കള്ളൻ+ അതിക്രമിച്ച് കടക്കുന്നതിനിടെ അടിയേറ്റ് മരിച്ചുപോയാൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമുണ്ടായിരിക്കില്ല. 3 എന്നാൽ സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കിൽ അടിച്ചവന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമുണ്ടായിരിക്കും.)
“കള്ളൻ നഷ്ടപരിഹാരം കൊടുക്കണം. അവൻ വകയില്ലാത്തവനാണെങ്കിൽ മോഷ്ടിച്ച സാധനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി അവനെ വിൽക്കണം. 4 അവൻ മോഷ്ടിച്ചതിനെ അവന്റെ കൈവശം ജീവനോടെ കണ്ടെത്തിയാൽ, അതു കാളയോ കഴുതയോ ആടോ ആകട്ടെ, അവൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.
5 “മൃഗങ്ങളെ വയലിലോ മുന്തിരിത്തോട്ടത്തിലോ മേയാൻ വിടുന്ന ഒരാൾ അവയെ മറ്റൊരുവന്റെ വയലിൽ ചെന്ന് മേയാൻ അനുവദിച്ചാൽ അവൻ തന്റെ സ്വന്തം വയലിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ലതു നഷ്ടപരിഹാരമായി കൊടുക്കണം.
6 “ഒരു തീ മുൾച്ചെടികളിലേക്കു പടർന്നിട്ട് കറ്റകളോ വയലിലെ ധാന്യക്കതിരുകളോ വയൽതന്നെയോ കത്തിനശിച്ചാൽ തീ ഇട്ടവൻ കത്തിപ്പോയതിനെല്ലാം നഷ്ടപരിഹാരം കൊടുക്കണം.
7 “ഒരാൾ പണമോ സാധനങ്ങളോ ആരെയെങ്കിലും സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് അത് അയാളുടെ വീട്ടിൽനിന്ന് കളവുപോയാൽ, കള്ളനെ കണ്ടുകിട്ടുന്നപക്ഷം കള്ളൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+ 8 കള്ളനെ കണ്ടുകിട്ടാത്തപക്ഷം, വീട്ടുടമസ്ഥനെ സത്യദൈവത്തിന്റെ മുമ്പാകെ+ കൊണ്ടുവരണം. അയാൾ സഹമനുഷ്യന്റെ സാധനങ്ങളുടെ മേൽ കൈവെച്ചിട്ടുണ്ടോ എന്നു നിർണയിക്കുന്നതിനുവേണ്ടിയാണ് അത്. 9 നിയമവിരുദ്ധമായി സാധനങ്ങൾ കൈവശം വെച്ചിരിക്കുന്നു എന്നുള്ള എല്ലാ പരാതികളിലും—അതു കാള, കഴുത, ആട്, വസ്ത്രം എന്നിങ്ങനെ നഷ്ടപ്പെട്ട എന്തിനെക്കുറിച്ചായാലും—‘ഇത് എന്റേതാണ്!’ എന്ന് ഒരാൾ അവകാശപ്പെടുന്നെങ്കിൽ രണ്ടു കക്ഷികളും കേസുമായി സത്യദൈവത്തിന്റെ മുന്നിൽ വരണം.+ കുറ്റക്കാരനെന്നു ദൈവം പ്രഖ്യാപിക്കുന്നവൻ സഹമനുഷ്യന് ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+
10 “ഒരാൾ ആരുടെയെങ്കിലും പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച കഴുതയോ കാളയോ ആടോ മറ്റ് ഏതെങ്കിലും വളർത്തുമൃഗമോ ചത്തുപോകുകയോ അതിന് അംഗഭംഗം സംഭവിക്കുകയോ അതിനെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകുകയോ ചെയ്യുകയും അതിനു സാക്ഷികൾ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്നെന്നിരിക്കട്ടെ. 11 അയാൾ സഹമനുഷ്യന്റെ സാധനങ്ങളുടെ മേൽ കൈവെച്ചിട്ടില്ലെന്ന കാര്യം അവർ തമ്മിൽ യഹോവയുടെ മുമ്പാകെ ഒരു ആണയാൽ ഉറപ്പിക്കണം. ഉടമസ്ഥൻ അത് അംഗീകരിക്കുകയും വേണം. മറ്റേ വ്യക്തി നഷ്ടപരിഹാരം+ കൊടുക്കേണ്ടതില്ല. 12 എന്നാൽ ആ മൃഗം അയാളുടെ കൈയിൽനിന്ന് മോഷണം പോയതാണെങ്കിൽ അയാൾ അതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം കൊടുക്കണം. 13 ഒരു വന്യമൃഗം അതിനെ കടിച്ചുകീറിയതാണെങ്കിൽ അയാൾ തെളിവായി അതു കൊണ്ടുവരണം. വന്യമൃഗം പിച്ചിച്ചീന്തിയ ഒന്നിനുവേണ്ടിയും നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല.
14 “എന്നാൽ ആരെങ്കിലും സഹമനുഷ്യനിൽനിന്ന് ഒരു മൃഗത്തെ കടം വാങ്ങിയിട്ട് ഉടമസ്ഥന്റെ അസാന്നിധ്യത്തിൽ അതിന് അംഗഭംഗം സംഭവിക്കുകയോ അതു ചാകുകയോ ചെയ്യുന്നെങ്കിൽ കടം വാങ്ങിയ വ്യക്തി നഷ്ടപരിഹാരം കൊടുക്കണം. 15 എന്നാൽ അതു സംഭവിക്കുന്നത് ഉടമസ്ഥന്റെ സാന്നിധ്യത്തിലാണെങ്കിൽ നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. അതിനെ വാടകയ്ക്കു വാങ്ങിയതാണെങ്കിൽ വാടകപ്പണമായിരിക്കും നഷ്ടപരിഹാരം.
16 “വിവാഹനിശ്ചയം കഴിയാത്തൊരു കന്യകയെ ഒരാൾ വശീകരിച്ച് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ വധുവില കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.+ 17 എന്നാൽ അവളെ അവനു കൊടുക്കാൻ അവളുടെ അപ്പൻ ഒട്ടും സമ്മതിക്കുന്നില്ലെങ്കിൽ അവൻ വധുവിലയ്ക്കു തുല്യമായ തുക കൊടുക്കണം.
18 “ആഭിചാരം* ചെയ്യുന്നവളെ നീ ജീവനോടെ വെച്ചേക്കരുത്.+
19 “മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നയാളെ കൊന്നുകളയണം.+
20 “ആരെങ്കിലും യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദൈവങ്ങൾക്കു ബലി അർപ്പിച്ചാൽ അവനെ കൊന്നുകളയണം.+
21 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ ഒരു വിദേശിയെ നീ ദ്രോഹിക്കുകയോ കഷ്ടപ്പെടുത്തുകയോ അരുത്.+ കാരണം നിങ്ങൾ ഈജിപ്ത് ദേശത്ത് പരദേശികളായിരുന്നല്ലോ.+
22 “നിങ്ങൾ വിധവയെയോ അനാഥനെയോ* കഷ്ടപ്പെടുത്തരുത്.+ 23 അഥവാ നിങ്ങൾ അവനെ കഷ്ടപ്പെടുത്തിയിട്ട് അവൻ എന്നോടു കരഞ്ഞപേക്ഷിക്കാൻ ഇടയായാൽ ഞാൻ നിശ്ചയമായും അവന്റെ നിലവിളി കേൾക്കും.+ 24 അപ്പോൾ എന്റെ കോപം ജ്വലിച്ചിട്ട് ഞാൻ വാളുകൊണ്ട് നിങ്ങളെ കൊല്ലും. നിങ്ങളുടെ ഭാര്യമാർ വിധവമാരും കുട്ടികൾ അപ്പനില്ലാത്തവരും ആകും.
25 “നിങ്ങളുടെ ഇടയിൽ താമസിക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരിദ്രനു നീ പണം വായ്പ കൊടുത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനിന്ന് പലിശ ഈടാക്കരുത്.+
26 “വായ്പ കൊടുക്കുമ്പോൾ നീ നിന്റെ സഹമനുഷ്യന്റെ വസ്ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാസ്തമയത്തോടെ നീ അതു തിരികെ കൊടുക്കണം. 27 കാരണം ആ വസ്ത്രമല്ലാതെ അവനു പുതയ്ക്കാനോ വിരിച്ച് കിടന്നുറങ്ങാനോ മറ്റൊന്നുമില്ലല്ലോ.+ അവൻ എന്നെ വിളിച്ച് കരയുമ്പോൾ ഞാൻ നിശ്ചയമായും കേൾക്കും. കാരണം ഞാൻ അനുകമ്പയുള്ളവനാണ്.+
28 “നീ ദൈവത്തെയോ നിന്റെ ജനത്തിന് ഇടയിലുള്ള തലവനെയോ* ശപിക്കരുത്.*+
29 “നിന്റെ സമൃദ്ധമായ വിളവിൽനിന്നും നിറഞ്ഞുകവിയുന്ന ചക്കുകളിൽനിന്നും* കാഴ്ച അർപ്പിക്കാൻ നീ മടിക്കരുത്.+ നിന്റെ ആൺമക്കളിൽ മൂത്തവനെ നീ എനിക്കു തരണം.+ 30 നിന്റെ കാളയുടെയും ആടിന്റെയും കാര്യത്തിലും നീ ഇതു ചെയ്യണം:+ ഏഴു ദിവസം അത് അതിന്റെ തള്ളയുടെകൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.+
31 “നിങ്ങൾ എന്റെ വിശുദ്ധജനമാണെന്നു തെളിയിക്കണം.+ വന്യമൃഗം കടിച്ചുകീറിയിട്ടിരിക്കുന്ന ഒന്നിന്റെയും മാംസം നിങ്ങൾ തിന്നരുത്.+ നിങ്ങൾ അതു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കണം.