കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
5 നിങ്ങൾക്കിടയിൽ ലൈംഗിക അധാർമികതയുണ്ടെന്ന്*+ എനിക്കു വിവരം കിട്ടി. അതും ജനതകളുടെ ഇടയിൽപ്പോലുമില്ലാത്ത തരം പാപം. ഒരാൾ അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുന്നു!+ 2 എന്നിട്ടും നിങ്ങൾ അഭിമാനിക്കുകയാണോ? നിങ്ങൾ ദുഃഖിക്കുകയും+ അതു ചെയ്തയാളെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുകയും അല്ലേ വേണ്ടത്?+ 3 ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട്* അവിടെയുണ്ട്. ഞാൻ അവിടെയുണ്ടായിരുന്നാൽ എന്നപോലെതന്നെ ഈ പ്രവൃത്തി ചെയ്തയാളെ വിധിച്ചുകഴിഞ്ഞു. 4 നിങ്ങൾ നമ്മുടെ കർത്താവായ യേശുവിന്റെ പേരിൽ ഒന്നിച്ചുകൂടുമ്പോൾ, നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയാൽ മനസ്സുകൊണ്ട്* ഞാനും അവിടെയുണ്ടെന്നു മനസ്സിലാക്കി 5 ആ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക.+ അങ്ങനെ ആ ദുഷിച്ച* സ്വാധീനം നീങ്ങി കർത്താവിന്റെ ദിവസത്തിൽ+ സഭയുടെ ആത്മാവ് പരിരക്ഷിക്കപ്പെടട്ടെ.
6 നിങ്ങളുടെ ആത്മപ്രശംസ നല്ലതല്ല. പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു എന്നു നിങ്ങൾക്ക് അറിയില്ലേ?+ 7 നിങ്ങൾ ഇപ്പോഴായിരിക്കുന്നതുപോലെ, എന്നും പുളിപ്പില്ലാത്ത പുതിയ മാവായിരിക്കാൻ പുളിപ്പുള്ള പഴയ മാവ് നീക്കിക്കളയുക. കാരണം നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു+ ബലി അർപ്പിക്കപ്പെട്ടല്ലോ.+ 8 അതുകൊണ്ട് നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊണ്ടല്ല, ദുഷിപ്പിന്റെയും വഷളത്തത്തിന്റെയും പുളിച്ച മാവുകൊണ്ടുമല്ല. ആത്മാർഥതയുടെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത* അപ്പംകൊണ്ട് നമുക്ക് ഉത്സവം ആചരിക്കാം.
9 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു* ഞാൻ മുമ്പ് എന്റെ കത്തിൽ നിങ്ങൾക്ക് എഴുതിയിരുന്നല്ലോ. 10 ഈ ലോകത്തിലെ,+ അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയോ അത്യാഗ്രഹികളെയോ പിടിച്ചുപറിക്കാരെയോ* വിഗ്രഹാരാധകരെയോ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെയെങ്കിൽ നിങ്ങൾ ഈ ലോകം വിട്ട് പോകേണ്ടിവന്നേനേ.+ 11 എന്നാൽ സഹോദരൻ എന്നു നമ്മൾ വിളിക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യുന്നയാളോ അത്യാഗ്രഹിയോ+ വിഗ്രഹാരാധകനോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നത്. അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല. 12 പുറത്തുള്ളവരെ വിധിക്കാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ വിധിക്കേണ്ടത് അകത്തുള്ളവരെയല്ലേ? 13 പുറത്തുള്ളവരെ വിധിക്കുന്നതു ദൈവമാണല്ലോ.+ “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”+