നെഹമ്യ
9 ആ മാസം 24-ാം ദിവസം ഇസ്രായേല്യർ ഒന്നിച്ചുകൂടി; അവർ വിലാപവസ്ത്രം ധരിച്ചും തലയിൽ പൊടി വാരിയിട്ടും ഉപവസിച്ചു.+ 2 ഇസ്രായേല്യവംശജരെല്ലാം വിദേശികളുടെ അടുത്തുനിന്ന് മാറിനിന്ന്+ സ്വന്തം പാപങ്ങളും പിതാക്കന്മാരുടെ തെറ്റുകളും ഏറ്റുപറഞ്ഞു.+ 3 എന്നിട്ട് അവർ എല്ലാവരും എഴുന്നേറ്റുനിന്ന് കാൽ ദിവസം* തങ്ങളുടെ ദൈവമായ യഹോവയുടെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും+ കാൽ ദിവസം കുറ്റങ്ങൾ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ കുമ്പിടുകയും ചെയ്തു.
4 യേശുവ, ബാനി, കദ്മിയേൽ, ശെബന്യ, ബുന്നി, ശേരെബ്യ,+ ബാനി, കെനാനി എന്നിവർ ലേവ്യരുടെ വേദിയിൽ+ കയറിനിന്ന് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ വിളിച്ചപേക്ഷിച്ചു. 5 ലേവ്യരായ യേശുവ, കദ്മിയേൽ, ബാനി, ഹശബ്നെയ, ശേരെബ്യ, ഹോദിയ, ശെബന്യ, പെതഹ്യ എന്നിവർ പറഞ്ഞു: “എഴുന്നേറ്റുനിന്ന് നിങ്ങളുടെ ദൈവമായ യഹോവയെ നിത്യതയിലുടനീളം* സ്തുതിക്കുക.+ എത്ര പുകഴ്ത്തിയാലും സ്തുതിച്ചാലും പോരാത്തത്ര മഹനീയമായ അങ്ങയുടെ പേര് അവർ സ്തുതിക്കട്ടെ.
6 “അങ്ങ് മാത്രമാണ് യഹോവ.+ അങ്ങ് സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സൈന്യങ്ങളെയും സൃഷ്ടിച്ചു; ഭൂമിയും അതിലുള്ളതൊക്കെയും സമുദ്രങ്ങളും അവയിലുള്ളതൊക്കെയും അങ്ങ് സൃഷ്ടിച്ചു; അങ്ങ് അവയെ എല്ലാം സംരക്ഷിച്ച് അവയുടെ ജീവൻ നിലനിറുത്തുകയും ചെയ്യുന്നു. സ്വർഗീയസൈന്യം അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. 7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്. 8 അബ്രാഹാമിന്റെ ഹൃദയം അങ്ങയുടെ മുന്നിൽ വിശ്വസ്തമെന്നു+ കണ്ട് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യബൂസ്യർ, ഗിർഗശ്യർ എന്നിവരുടെ ദേശം അബ്രാഹാമിന്, അബ്രാഹാമിന്റെ സന്തതിക്ക്,* കൊടുക്കുമെന്ന് അങ്ങ് അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്തു;+ അങ്ങ് നീതിമാനായതുകൊണ്ട് വാക്കു പാലിക്കുകയും ചെയ്തു.
9 “ഈജിപ്തിൽ ഞങ്ങളുടെ പൂർവികർ അനുഭവിച്ച ക്ലേശങ്ങൾ അങ്ങ് കണ്ടു;+ ചെങ്കടലിന് അടുത്തുവെച്ച് അവർ നിലവിളിച്ചത് അങ്ങ് കേട്ടു. 10 ഈജിപ്തുകാർ അവരോടു ധാർഷ്ട്യത്തോടെയാണു പെരുമാറിയതെന്ന്+ അങ്ങ് അറിഞ്ഞു. അതുകൊണ്ട്, അങ്ങ് ഫറവോനും അയാളുടെ എല്ലാ ഭൃത്യന്മാർക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.+ അങ്ങനെ, അങ്ങ് ഒരു പേര് നേടി; അത് ഇന്നുവരെ നിലനിൽക്കുന്നു.+ 11 അങ്ങ് അവരുടെ മുന്നിൽ കടൽ വിഭജിച്ചു; ആ ഉണങ്ങിയ നിലത്തുകൂടെ അവർ അക്കരെ കടന്നു.+ ഇളകിമറിയുന്ന വെള്ളത്തിലേക്ക് ഒരു കല്ല് എറിഞ്ഞുകളയുന്നതുപോലെ, അവരെ പിന്തുടർന്നവരെ അങ്ങ് ആഴങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു.+ 12 പകൽസമയത്ത് മേഘസ്തംഭവും രാത്രിയിൽ അഗ്നിസ്തംഭത്തിന്റെ പ്രകാശവും കൊണ്ട് അങ്ങ് അവരെ വഴിനടത്തി.+ 13 അങ്ങ് സീനായ് പർവതത്തിൽ ഇറങ്ങിവന്നു;+ സ്വർഗത്തിൽനിന്ന് അവരോടു സംസാരിച്ച്+ അവർക്കു നീതിയുള്ള ന്യായത്തീർപ്പുകളും സത്യനിയമങ്ങളും* നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.+ 14 അങ്ങയുടെ ദാസനായ മോശയിലൂടെ അങ്ങ് വിശുദ്ധശബത്തിനെക്കുറിച്ച്+ അവരെ അറിയിക്കുകയും അങ്ങയുടെ കല്പനകളും ചട്ടങ്ങളും നിയമവും കൊടുക്കുകയും ചെയ്തു. 15 അവർക്കു വിശന്നപ്പോൾ അങ്ങ് ആകാശത്തുനിന്ന് അപ്പം കൊടുത്തു;+ ദാഹിച്ചപ്പോൾ പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു.+ അങ്ങ് അവർക്കു കൊടുക്കുമെന്നു സത്യം ചെയ്തിരുന്ന* ദേശത്തേക്കു ചെന്ന് അതു കൈവശമാക്കാൻ അവരോടു പറഞ്ഞു.
16 “പക്ഷേ ഞങ്ങളുടെ പൂർവികർ ധാർഷ്ട്യം കാണിച്ചു.+ അവർ ദുശ്ശാഠ്യക്കാരായി.*+ അവർ അങ്ങയുടെ കല്പനകൾ അനുസരിക്കാതിരുന്നു. 17 അനുസരണംകെട്ടവരായ അവർ അവരുടെ ഇടയിൽ അങ്ങ് കാണിച്ച അതിശയകരമായ കാര്യങ്ങൾ ഓർത്തില്ല.+ ദുശ്ശാഠ്യം കാണിച്ച അവർ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു തലവനെ നിയമിച്ചു.+ പക്ഷേ, അങ്ങ് ക്ഷമിക്കാൻ മനസ്സുള്ള, അനുകമ്പയുള്ള,* കരുണാമയനായ, പെട്ടെന്നു കോപിക്കാത്ത, ഏറെ അചഞ്ചലസ്നേഹം കാണിക്കുന്ന ഒരു ദൈവമാണ്.+ അതുകൊണ്ട്, അങ്ങ് അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല.+ 18 അവർ തങ്ങൾക്കുവേണ്ടി ഒരു കാളക്കുട്ടിയുടെ ലോഹപ്രതിമ* ഉണ്ടാക്കി, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദൈവം ഇതാണ്’+ എന്നു പറയുകയും അവരുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്തു. 19 എന്നിട്ടും, മഹാകാരുണ്യവാനായതുകൊണ്ട് അങ്ങ് അവരെ വിജനഭൂമിയിൽ* ഉപേക്ഷിച്ചില്ല.+ പകൽസമയത്ത് അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ പ്രകാശം ചൊരിഞ്ഞ് അവരെ വഴിനടത്തിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.+ 20 ഉൾക്കാഴ്ചയുണ്ടാകാൻ അങ്ങയുടെ നല്ല ആത്മാവിനെ അവർക്കു കൊടുത്തു.+ അവർക്കു മന്ന കൊടുക്കുന്നതു നിറുത്തിക്കളഞ്ഞില്ല.+ ദാഹിച്ചപ്പോൾ അങ്ങ് അവർക്കു വെള്ളം കൊടുത്തു.+ 21 അവർക്ക് 40 വർഷം വിജനഭൂമിയിൽ ഭക്ഷണം കൊടുത്തു.+ അവർക്ക് ഒന്നിനും ഒരു കുറവുമില്ലായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകിപ്പോയില്ല.+ അവരുടെ കാലുകൾ നീരുവെച്ച് വീങ്ങിയതുമില്ല.
22 “അങ്ങ് അവർക്കു രാജ്യങ്ങളെയും ജനതകളെയും വിഭാഗിച്ച് കൊടുത്തു.+ അങ്ങനെ, അവർ ഹെശ്ബോൻരാജാവായ+ സീഹോന്റെ+ ദേശവും ബാശാൻരാജാവായ ഓഗിന്റെ+ ദേശവും കൈവശമാക്കി. 23 അങ്ങ് അവരുടെ മക്കളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിച്ചു.+ അവർ കൈവശമാക്കുമെന്ന് അവരുടെ പൂർവികരോട് അങ്ങ് വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുകയും ചെയ്തു.+ 24 അങ്ങനെ, അവരുടെ മക്കൾ ചെന്ന് ആ ദേശം കൈവശമാക്കി.+ അവിടെ താമസിച്ചിരുന്ന കനാന്യരെ അങ്ങ് അവർക്കു കീഴ്പെടുത്തിക്കൊടുത്തു.+ അവരുടെ രാജാക്കന്മാരെയും ആ ദേശത്തെ ജനതകളെയും അങ്ങ് അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർക്ക് അവരോട് എന്തും ചെയ്യാമായിരുന്നു. 25 ഫലഭൂയിഷ്ഠമായ* ആ ദേശവും+ കോട്ടമതിലുള്ള നഗരങ്ങളും അവർ പിടിച്ചെടുത്തു.+ എല്ലാ തരം വിശിഷ്ടവസ്തുക്കളും നിറഞ്ഞ വീടുകൾ, ജലസംഭരണികൾ,* മുന്തിരിത്തോട്ടങ്ങൾ, ഒലിവുതോട്ടങ്ങൾ,+ ധാരാളം ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം അവർ കൈവശമാക്കി. അവർ തിന്ന് തൃപ്തരായി തടിച്ച് കൊഴുത്തു. അങ്ങയുടെ മഹാനന്മ വേണ്ടുവോളം ആസ്വദിച്ച് അവർ ജീവിച്ചു.
26 “പക്ഷേ, അനുസരണംകെട്ടവരായിത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്+ അങ്ങയുടെ നിയമത്തിനു പുറംതിരിഞ്ഞു.* അങ്ങയുടെ പ്രവാചകന്മാർ ആവശ്യമായ മുന്നറിയിപ്പു കൊടുത്ത് അവരെ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവർ അവരെ കൊന്നുകളഞ്ഞു. അവർ തങ്ങളുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്തു.+ 27 ഇതു കാരണം അങ്ങ് അവരെ അവരുടെ എതിരാളികളുടെ കൈയിൽ ഏൽപ്പിച്ചു;+ അവരോ അവരെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.+ പക്ഷേ, അവർ തങ്ങളുടെ കഷ്ടതയിൽ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോഴെല്ലാം തന്റെ മഹാകരുണകൊണ്ട് സ്വർഗത്തിൽനിന്ന് അതു കേട്ട് എതിരാളികളുടെ കൈയിൽനിന്ന് അവരെ വിടുവിക്കാൻ രക്ഷകന്മാരെ കൊടുത്തു.+
28 “പക്ഷേ, അവർക്കു സ്വസ്ഥത കിട്ടിയാൽ ഉടൻ അവർ വീണ്ടും അങ്ങയുടെ മുന്നിൽവെച്ച് തിന്മ പ്രവർത്തിക്കുമായിരുന്നു.+ അപ്പോൾ, അങ്ങ് അവരെ ഉപേക്ഷിച്ച് ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും അവർ അവരുടെ മേൽ ആധിപത്യം നടത്തുകയും ചെയ്യും.*+ ആ സമയത്ത്, അവർ തിരിഞ്ഞ് സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കും.+ അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അതു സ്വർഗത്തിൽനിന്ന് കേട്ട് അവരെ രക്ഷിക്കും; പല തവണ അങ്ങ് ഇങ്ങനെ ചെയ്തു.+ 29 അങ്ങയുടെ നിയമത്തിലേക്കു തിരികെ കൊണ്ടുവരാൻ അവർക്കു മുന്നറിയിപ്പു കൊടുക്കുമ്പോഴും അവർ ധാർഷ്ട്യത്തോടെ അങ്ങയുടെ കല്പനകൾക്കു ചെവി കൊടുക്കാൻ വിസമ്മതിച്ചു.+ അനുസരിക്കുന്നവരെ ജീവനോടിരിക്കാൻ സഹായിക്കുന്ന ദിവ്യചട്ടങ്ങൾ+ ലംഘിച്ച് അവർ പാപം ചെയ്തു; ദുശ്ശാഠ്യത്തോടെ പുറംതിരിഞ്ഞ് മർക്കടമുഷ്ടി കാണിച്ചു; അനുസരിക്കാൻ കൂട്ടാക്കിയില്ല. 30 വർഷങ്ങളോളം അങ്ങ് അവരോടു ക്ഷമിക്കുകയും+ അങ്ങയുടെ ആത്മാവിനാൽ പ്രവാചകന്മാരിലൂടെ വീണ്ടുംവീണ്ടും മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. പക്ഷേ, അവർ കേൾക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ, അങ്ങ് അവരെ ചുറ്റുമുള്ള ദേശങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു.+ 31 പക്ഷേ, അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാരണം, അങ്ങ് അനുകമ്പയും കരുണയും ഉള്ള ദൈവമാണല്ലോ.+
32 “ഞങ്ങളുടെ ദൈവമേ, മഹാനും ശക്തനും ഭയാദരവ് ഉണർത്തുന്നവനും ആയ ഞങ്ങളുടെ ദൈവമേ, തന്റെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം കാണിക്കുകയും ചെയ്ത ദൈവമേ,+ അസീറിയയിലെ+ രാജാക്കന്മാരുടെ കാലംമുതൽ ഇന്നോളം ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും+ പുരോഹിതന്മാർക്കും+ പ്രവാചകന്മാർക്കും+ പൂർവികർക്കും അങ്ങയുടെ സർവജനത്തിനും നേരിട്ടിരിക്കുന്ന കഷ്ടതകളൊന്നും അങ്ങ് നിസ്സാരമായി കാണരുതേ! 33 അങ്ങ് വിശ്വസ്തതയോടെ പ്രവർത്തിച്ചതുകൊണ്ട് ഞങ്ങൾ അനുഭവിച്ച കാര്യങ്ങളോടുള്ള ബന്ധത്തിൽ അങ്ങ് നീതിമാനാണ്; വാസ്തവത്തിൽ, ദുഷ്ടത പ്രവർത്തിച്ചതു ഞങ്ങളാണ്.+ 34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പൂർവികരും അങ്ങയുടെ നിയമം പാലിക്കുകയോ മുന്നറിയിപ്പായി ഓർമിപ്പിച്ച കാര്യങ്ങൾക്കും കല്പനകൾക്കും ചെവി കൊടുക്കുകയോ ചെയ്തിട്ടില്ല. 35 അങ്ങ് അവർക്കു കൊടുത്ത വിശാലവും ഫലഭൂയിഷ്ഠവും ആയ രാജ്യത്ത് അങ്ങ് സമൃദ്ധമായി വർഷിച്ച നന്മ ആസ്വദിച്ച് ജീവിച്ച കാലത്തുപോലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശമായ പ്രവൃത്തികളിൽനിന്ന് പിന്തിരിയുകയോ ചെയ്തില്ല. 36 അതുകൊണ്ട് ഇതാ, ഞങ്ങൾ ഇന്ന് അടിമകളായി കഴിയുകയാണ്.+ ദേശത്തെ വിളവും നല്ല വസ്തുക്കളും ആസ്വദിച്ച് ജീവിക്കാൻവേണ്ടി അങ്ങ് ഞങ്ങളുടെ പൂർവികർക്കു കൊടുത്ത ദേശത്ത് ഞങ്ങൾ ഇപ്പോൾ അടിമകളായി കഴിയുന്നു. 37 ഞങ്ങളുടെ പാപങ്ങൾ കാരണം, ആ ദേശത്തെ സമൃദ്ധമായ വിളവ് ഇപ്പോൾ അനുഭവിക്കുന്നത് അങ്ങ് ഞങ്ങളുടെ മേൽ ആക്കിവെച്ച രാജാക്കന്മാരാണ്.+ ഞങ്ങളെയും ഞങ്ങളുടെ മൃഗങ്ങളെയും അവർ തോന്നിയതുപോലെ ഭരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വലിയ കഷ്ടത്തിലാണ്.
38 “ഇക്കാരണങ്ങളാലെല്ലാം ഞങ്ങൾ ഒരു കരാർ എഴുതിയുണ്ടാക്കുന്നു.+ അത് അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിൽ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തുന്നു.”+