യഹസ്കേൽ
45 “‘നിങ്ങൾ ദേശം വീതംവെച്ച് അവകാശം കൊടുക്കുമ്പോൾ+ ഒരു വീതം യഹോവയ്ക്കു വിശുദ്ധസംഭാവനയായി നീക്കിവെക്കണം.+ അതിന് 25,000 മുഴം* നീളവും 10,000 മുഴം വീതിയും ഉണ്ടായിരിക്കണം.+ ആ പ്രദേശം മുഴുവനും* വിശുദ്ധമായിരിക്കും. 2 അതിനുള്ളിൽ വിശുദ്ധസ്ഥലത്തിനുവേണ്ടി 500 മുഴം നീളത്തിലും 500 മുഴം വീതിയിലും*+ സമചതുരത്തിലുള്ള ഒരു സ്ഥലമുണ്ടായിരിക്കണം; അതിനു ചുറ്റും 50 മുഴം മേച്ചിൽപ്പുറവും ഉണ്ടായിരിക്കണം.+ 3 അളന്നുതിരിച്ചതിൽനിന്ന് 25,000 മുഴം നീളത്തിലും 10,000 മുഴം വീതിയിലും അളക്കണം. അതിവിശുദ്ധമായ വിശുദ്ധമന്ദിരം അതിനുള്ളിലായിരിക്കണം. 4 ദേശത്തിലെ ഈ ഭാഗം യഹോവയ്ക്കു ശുശ്രൂഷ ചെയ്യാൻ ദൈവസന്നിധിയിലേക്കു ചെല്ലുന്ന+ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകരായ പുരോഹിതന്മാർക്കുള്ളതായിരിക്കും;+ ഈ വീതം വിശുദ്ധമായിരിക്കും. അവരുടെ വീടുകളും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവും അവിടെയായിരിക്കും.
5 “‘ദേവാലയത്തിലെ ശുശ്രൂഷ ചെയ്യുന്ന ലേവ്യർക്ക് 25,000 മുഴം നീളത്തിലും 10,000 മുഴം വീതിയിലും ഒരു ഓഹരിയുണ്ടായിരിക്കും.+ അവർക്ക് 20 ഊണുമുറിയും*+ അവകാശമായുണ്ടായിരിക്കും.
6 “‘(വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി) 25,000 മുഴം നീളത്തിലും 5,000 മുഴം വീതിയിലും ഉള്ള ഒരു പ്രദേശം നഗരത്തിന് അവകാശപ്പെട്ട സ്ഥലമായി നിങ്ങൾ കൊടുക്കണം.+ അത് ഇസ്രായേൽഗൃഹത്തിനു മുഴുവനുമുള്ളതായിരിക്കണം.
7 “‘വിശുദ്ധസംഭാവനയുടെയും നഗരത്തിനു വീതിച്ചുകൊടുത്ത സ്ഥലത്തിന്റെയും ഇരുവശങ്ങളിലും തലവനു സ്ഥലമുണ്ടായിരിക്കും. വിശുദ്ധസംഭാവനയോടും നഗരത്തിന് അവകാശപ്പെട്ട സ്ഥലത്തോടും ചേർന്നായിരിക്കും അത്. അതു പടിഞ്ഞാറും കിഴക്കും ആയിട്ടായിരിക്കും. പടിഞ്ഞാറേ അതിരിൽനിന്ന് കിഴക്കേ അതിരിലേക്ക് അതിന്റെ നീളം ഒരു ഗോത്രവീതത്തിന്റെ നീളത്തിനു തുല്യമായിരിക്കും.+ 8 ഈ സ്ഥലം ഇസ്രായേലിൽ അവന് അവകാശപ്പെട്ടതാകും. എന്റെ തലവന്മാർ പിന്നെ ഒരിക്കലും എന്റെ ജനത്തെ ദ്രോഹിക്കില്ല.+ അവർ ഇസ്രായേൽഗൃഹത്തിനു ഗോത്രമനുസരിച്ച് ദേശം കൊടുക്കും.’+
9 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇസ്രായേൽതലവന്മാരേ, നിങ്ങളുടെ ചെയ്തികൾ അതിരു കടന്നിരിക്കുന്നു!’
“‘നിങ്ങൾ അക്രമവും അടിച്ചമർത്തലും ഉപേക്ഷിച്ച് നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കൂ!+ എന്റെ ജനത്തിന്റെ സ്വത്തു തട്ടിയെടുക്കുന്നതു മതിയാക്കൂ’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 10 ‘നിങ്ങൾ ഉപയോഗിക്കുന്ന ത്രാസ്സും ഏഫായും* ബത്തും* കൃത്യതയുള്ളതായിരിക്കണം.+ 11 ഏഫായുടെയും ബത്തിന്റെയും അളവുപാത്രത്തിനു നിങ്ങൾ വ്യത്യാസം വരുത്തരുത്. ഒരു ബത്ത് അളക്കുമ്പോൾ ഹോമരിന്റെ* പത്തിലൊന്നുണ്ടായിരിക്കണം. ഒരു ഏഫാ അളക്കുമ്പോഴും ഹോമരിന്റെ പത്തിലൊന്നു കാണണം. അളവുകൾക്കുള്ള ആധാരം ഹോമരാണ്. 12 ഒരു ശേക്കെൽ*+ 20 ഗേരയായിരിക്കണം.* നിങ്ങൾ ഉപയോഗിക്കുന്ന മാനേ* 20 ശേക്കെലും 25 ശേക്കെലും 15 ശേക്കെലും കൂട്ടുന്നതായിരിക്കണം.’
13 “‘നിങ്ങൾ കൊടുക്കേണ്ട സംഭാവന ഇതാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ആറിലൊന്ന് ഏഫാ. ഓരോ ഹോമർ ബാർളിയിൽനിന്നും ആറിലൊന്ന് ഏഫാ. 14 എണ്ണ ബത്ത് അളവിൽ അളന്ന് കൊടുക്കണം. കോരിന്റെ* പത്തിലൊന്നാണു ബത്ത്. ഒരു ഹോമർ പത്തു ബത്തിനു തുല്യമായതുകൊണ്ട് പത്തു ബത്താണ് ഒരു ഹോമർ. 15 ഇസ്രായേലിലെ ആട്ടിൻപറ്റത്തിൽനിന്ന് 200 ആടിന് ഒന്ന് എന്ന കണക്കിൽ കൊടുക്കണം. ജനത്തിനു പാപപരിഹാരം വരുത്താൻ+ ധാന്യയാഗമായും+ സമ്പൂർണദഹനയാഗമായും+ സഹഭോജനബലിയായും+ അർപ്പിക്കാനുള്ളതാണ് ഇതെല്ലാം’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
16 “‘ദേശത്തെ ജനങ്ങളെല്ലാം ഈ സംഭാവന+ ഇസ്രായേലിലെ തലവനു കൊടുക്കണം. 17 ഉത്സവസമയത്ത് അർപ്പിക്കുന്ന+ സമ്പൂർണദഹനയാഗം,+ ധാന്യയാഗം,+ പാനീയയാഗം എന്നിവയുടെ ചുമതല തലവനായിരിക്കും. അമാവാസിയും ശബത്തും+ ഇസ്രായേൽഗൃഹത്തോട് ആഘോഷിക്കാൻ പറഞ്ഞിട്ടുള്ള മറ്റെല്ലാ ഉത്സവങ്ങളും ഇതിൽപ്പെടും.+ ഇസ്രായേൽഗൃഹത്തിനു പാപപരിഹാരം വരുത്താനുള്ള പാപയാഗത്തിനും ധാന്യയാഗത്തിനും സമ്പൂർണദഹനയാഗത്തിനും സഹഭോജനബലിക്കും വേണ്ടതെല്ലാം ഏർപ്പാടു ചെയ്യുന്നതു തലവനായിരിക്കും.’
18 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഒന്നാം മാസം ഒന്നാം ദിവസം കന്നുകാലികളിൽനിന്ന് ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ എടുക്കണം. എന്നിട്ട് വിശുദ്ധമന്ദിരത്തിനു പാപശുദ്ധി വരുത്തണം.+ 19 പുരോഹിതൻ പാപയാഗമൃഗത്തിന്റെ രക്തം കുറച്ച് എടുത്ത് ദേവാലയത്തിന്റെ കട്ടിളക്കാലിലും+ യാഗപീഠത്തിന്റെ ചുറ്റുപടിയുടെ നാലു മൂലയിലും അകത്തെ മുറ്റത്തെ കവാടത്തിന്റെ കട്ടിളക്കാലിലും പുരട്ടണം. 20 അബദ്ധവശാലോ അറിവില്ലായ്മയാലോ പാപം ചെയ്യുന്നവർക്കുവേണ്ടി+ മാസത്തിന്റെ ഏഴാം ദിവസവും ഇതുതന്നെ ചെയ്യണം; ദേവാലയത്തിനു പാപപരിഹാരം വരുത്തുകയും വേണം.+
21 “‘ഒന്നാം മാസം 14-ാം ദിവസം നിങ്ങൾ പെസഹാപ്പെരുന്നാൾ ആഘോഷിക്കണം.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത* അപ്പം കഴിക്കണം.+ 22 ആ ദിവസം തലവൻ തനിക്കുവേണ്ടിയും ദേശത്തെ മുഴുവൻ ജനത്തിനുവേണ്ടിയും പാപയാഗത്തിനായി ഒരു കാളക്കുട്ടിയെ കൊടുക്കും.+ 23 ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമയത്ത് ദിവസവും ന്യൂനതയില്ലാത്ത ഏഴു കാളക്കുട്ടിയെയും ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാടിനെയും യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗത്തിനുവേണ്ടി അവൻ നൽകും.+ കൂടാതെ, ദിവസവും ഓരോ ആൺകോലാടിനെ പാപയാഗത്തിനായും കൊടുക്കും. 24 ഇതിനു പുറമേ, ഓരോ കാളക്കുട്ടിക്കും ഓരോ ഏഫാ ധാന്യയാഗവും ഓരോ ആൺചെമ്മരിയാടിനും ഓരോ ഏഫാ ധാന്യയാഗവും ഓരോ ഏഫായ്ക്കും ഓരോ ഹീൻ* എണ്ണയും അവൻ കൊടുക്കണം.
25 “‘ഏഴാം മാസം 15-ാം ദിവസം അതേ പാപയാഗവും സമ്പൂർണദഹനയാഗവും ധാന്യയാഗവും എണ്ണയും അർപ്പിക്കാൻ വേണ്ടതെല്ലാം അവൻ ഏർപ്പാടു ചെയ്യണം; അന്നുമുതൽ ഉത്സവത്തിന്റെ ഏഴു ദിവസവും+ അവൻ ഇങ്ങനെതന്നെ ചെയ്യണം.’”