സഭാപ്രസംഗകൻ
4 സൂര്യനു കീഴെ നടക്കുന്ന എല്ലാ അടിച്ചമർത്തലുകളും കാണാൻ ഞാൻ വീണ്ടും ശ്രദ്ധ തിരിച്ചു. അവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു.+ അടിച്ചമർത്തുന്നവർ ശക്തരായിരുന്നു. അതുകൊണ്ട്, അതിന് ഇരയായവരെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. 2 അതുകൊണ്ട്, ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ അഭിനന്ദിക്കുന്നതിനു പകരം ഇതിനോടകം മരിച്ചുപോയവരെ+ ഞാൻ അഭിനന്ദിച്ചു. 3 ഈ രണ്ടു കൂട്ടരെക്കാളും ഇതുവരെ ജനിച്ചിട്ടില്ലാത്തവരുടെ സ്ഥിതി ഏറെ നല്ലത്.+ സൂര്യനു കീഴെ നടക്കുന്ന വേദനിപ്പിക്കുന്ന കാര്യങ്ങൾ അവർ കണ്ടിട്ടില്ലല്ലോ.+
4 ആളുകൾക്കിടയിലെ മത്സരം അവർ പ്രയത്നിക്കുന്നതിനും വിദഗ്ധമായി ജോലി ചെയ്യുന്നതിനും കാരണമാകുന്നെന്നു ഞാൻ കണ്ടു.+ ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
5 തന്റെ ശരീരം ശോഷിക്കുമ്പോഴും* മണ്ടൻ കൈയും കെട്ടി നിൽക്കുന്നു.+
6 ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.+
7 സൂര്യനു കീഴെയുള്ള മറ്റൊരു വ്യർഥതയിലേക്കു ഞാൻ ശ്രദ്ധ തിരിച്ചു: 8 ഒറ്റയ്ക്കുള്ള ഒരാളുണ്ട്, അയാൾക്കു കൂട്ടിന് ആരുമില്ല. മക്കളോ സഹോദരങ്ങളോ ഇല്ല. എങ്കിലും, അയാളുടെ കഠിനാധ്വാനത്തിന് ഒരു അവസാനവുമില്ല. സമ്പത്തു കണ്ട് അയാളുടെ കണ്ണിന് ഒരിക്കലും തൃപ്തിവരുന്നുമില്ല.+ “ആർക്കുവേണ്ടിയാണ് ഞാൻ ഇങ്ങനെ അധ്വാനിക്കുകയും സുഖങ്ങളൊക്കെ ത്യജിക്കുകയും ചെയ്യുന്നത്” എന്ന് അയാൾ തന്നോടുതന്നെ ചോദിക്കാറുണ്ടോ?+ ഇതും വ്യർഥതയാണ്. വളരെ പരിതാപകരം!+
9 ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്.+ കാരണം അവർക്ക് അവരുടെ അധ്വാനത്തിനു നല്ല പ്രതിഫലമുണ്ട്.* 10 ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ. പക്ഷേ എഴുന്നേൽപ്പിക്കാൻ ആരും കൂടെയില്ലെങ്കിൽ വീണയാളുടെ അവസ്ഥ എന്താകും?
11 കൂടാതെ, രണ്ടു പേർ ഒരുമിച്ച് കിടന്നാൽ അവർക്കു ചൂടു കിട്ടും. പക്ഷേ ഒറ്റയ്ക്കു കിടന്നാൽ എങ്ങനെ ചൂടു കിട്ടും? 12 മാത്രമല്ല, തനിച്ചായിരിക്കുന്ന ഒരാളെ ആരെങ്കിലും കീഴ്പെടുത്തിയേക്കാം. പക്ഷേ രണ്ടു പേർ ഒരുമിച്ചാണെങ്കിൽ അവർക്ക് എതിർത്തുനിൽക്കാനാകും. മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.
13 പ്രായമായവനെങ്കിലും മേലാൽ മുന്നറിയിപ്പിനു ചെവി കൊടുക്കാത്ത മണ്ടനായ രാജാവിനെക്കാൾ ഭേദം ദരിദ്രനെങ്കിലും ബുദ്ധിമാനായ ബാലനാണ്.+ 14 ആ രാജാവിന്റെ ഭരണകാലത്ത് ദരിദ്രനായി ജനിച്ച+ അവൻ* തടവറയിൽനിന്ന് ഇറങ്ങിവന്ന് രാജാവായി വാഴുന്നു.+ 15 രാജാവിനു പിൻഗാമിയായി വന്ന ഈ ബാലനും സൂര്യനു കീഴെ ചരിക്കുന്ന ജീവനുള്ള എല്ലാവർക്കും സംഭവിക്കുന്നതു ഞാൻ കണ്ടു. 16 അസംഖ്യം ആളുകൾ അവനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് വരുന്നവർ അവനിൽ തൃപ്തരായിരിക്കില്ല.+ ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.