അധ്യായം 10
വിവാഹം—ദൈവത്തിന്റെ സമ്മാനം
“മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.”—സഭാപ്രസംഗകൻ 4:12.
1, 2. (എ) നവദമ്പതികളുടെ പ്രതീക്ഷ എന്താണ്? (ബി) ഈ അധ്യായത്തിൽ ഏതൊക്കെ ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
വിവാഹദിവസം അണിഞ്ഞൊരുങ്ങി നിറപുഞ്ചിരിയോടെ നിൽക്കുന്ന വധൂവരന്മാരെ മനസ്സിൽ സങ്കൽപ്പിക്കുക. ഇപ്പോൾ അവർ ആവേശഭരിതരാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആണ് അവരുടെ മനസ്സു നിറയെ. വിവാഹജീവിതം എന്നും സന്തോഷമായിരിക്കുമെന്ന് അവർ കരുതുന്നു.
2 എങ്കിലും നന്നായി തുടങ്ങുന്ന പല വിവാഹജീവിതവും എന്നും അങ്ങനെ നിലനിൽക്കുന്നില്ല. നീണ്ടുനിൽക്കുന്ന, സന്തോഷം നിറഞ്ഞ ഒരു വിവാഹജീവിതത്തിനു ദമ്പതികൾക്കു ദൈവത്തിന്റെ മാർഗനിർദേശം ആവശ്യമാണ്. അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം നമുക്കു നോക്കാം: വിവാഹം കഴിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരു നല്ല ഇണയെ എങ്ങനെ തിരഞ്ഞെടുക്കാം? എങ്ങനെ ഒരു നല്ല ഭാര്യയോ ഭർത്താവോ ആയിരിക്കാം? ദാമ്പത്യം നിലനിൽക്കാൻ സഹായിക്കുന്നത് എന്താണ്?—സുഭാഷിതങ്ങൾ 3:5, 6 വായിക്കുക.
ഞാൻ വിവാഹം കഴിക്കണോ?
3. വിവാഹം കഴിച്ചാലേ ഒരാൾക്കു സന്തോഷം കിട്ടൂ എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? വിശദീകരിക്കുക.
3 വിവാഹം കഴിച്ചില്ലെങ്കിൽ സന്തോഷത്തോടിരിക്കാനാകില്ലെന്നു ചിലർ വിചാരിക്കുന്നു. പക്ഷേ, അതു സത്യമല്ല. ഏകാകിത്വം ഒരു വരമാണെന്നു യേശു പറഞ്ഞു. (മത്തായി 19:11, 12) ഏകാകിയായിരുന്നാൽ പ്രയോജനങ്ങളുണ്ടെന്ന് അപ്പോസ്തലനായ പൗലോസും പറഞ്ഞു. (1 കൊരിന്ത്യർ 7:32-38) കല്യാണം കഴിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്. അല്ലാതെ കൂട്ടുകാരോ കുടുംബാംഗങ്ങളോ അല്ല. അവരുടെ നിർബന്ധംകൊണ്ടോ നാട്ടുനടപ്പിന്റെ അടിസ്ഥാനത്തിലോ ആയിരിക്കരുത് നിങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്.
4. നല്ല ദാമ്പത്യത്തിന്റെ ചില പ്രയോജനങ്ങൾ എന്താണ്?
4 വിവാഹവും ദൈവത്തിന്റെ ഒരു സമ്മാനമാണെന്നു ബൈബിൾ പറയുന്നു. വിവാഹംകൊണ്ട് ചില പ്രയോജനങ്ങളുണ്ടെന്നും ബൈബിൾ കാണിക്കുന്നു. ആദ്യമനുഷ്യനായ ആദാമിനെക്കുറിച്ച് ദൈവം പറഞ്ഞു: “മനുഷ്യൻ ഏകനായി കഴിയുന്നതു നല്ലതല്ല. ഞാൻ അവനു പൂരകമായി ഒരു സഹായിയെ ഉണ്ടാക്കിക്കൊടുക്കും.” (ഉൽപത്തി 2:18) യഹോവ ആദാമിനു ഹവ്വയെ ഭാര്യയായി കൊടുത്തു. അവരാണ് ആദ്യത്തെ മനുഷ്യകുടുംബം. ദമ്പതികൾക്കു മക്കളുണ്ടെങ്കിൽ അവരെ വളർത്തിക്കൊണ്ടുവരാൻ പറ്റിയ ഒരു ചുറ്റുപാട് കുടുംബത്തിൽ ഉണ്ടായിരിക്കണം. എന്നാൽ കുട്ടികളെ ജനിപ്പിക്കുക എന്നതു മാത്രമല്ല ദാമ്പത്യത്തിന്റെ ഉദ്ദേശ്യം.—സങ്കീർത്തനം 127:3; എഫെസ്യർ 6:1-4.
5, 6. ദാമ്പത്യം “മുപ്പിരിച്ചരടു”പോലെയാകുന്നത് എങ്ങനെ?
5 ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. കാരണം അവർക്ക് അവരുടെ അധ്വാനത്തിനു നല്ല പ്രതിഫലമുണ്ട്. ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ. പക്ഷേ എഴുന്നേൽപ്പിക്കാൻ ആരും കൂടെയില്ലെങ്കിൽ വീണയാളുടെ അവസ്ഥ എന്താകും? . . . മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.”—സഭാപ്രസംഗകൻ 4:9-12.
6 അന്യോന്യം സഹായിക്കുകയും ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രണ്ടു പേർ തമ്മിലുള്ള ഏറ്റവും അടുത്ത സുഹൃദ്ബന്ധമാണു നല്ലൊരു ദാമ്പത്യം. സ്നേഹത്തിന് ഒരു ദാമ്പത്യത്തെ ശക്തമാക്കാനാകും. എന്നാൽ ഭാര്യയും ഭർത്താവും യഹോവയെ ആരാധിക്കുന്നവരാണെങ്കിൽ അവരുടെ ദാമ്പത്യം കൂടുതൽ ശക്തമാകും. അപ്പോൾ മൂന്ന് ഇഴകൾ കൂട്ടിപ്പിരിച്ച ശക്തമായ ഒരു “മുപ്പിരിച്ചരടു”പോലെയാകും അവരുടെ ദാമ്പത്യം. ഇങ്ങനെയുള്ള ഒരു കയർ രണ്ട് ഇഴയുള്ള കയറിനെക്കാൾ ബലമുള്ളതായിരിക്കും. വിവാഹജീവിതത്തിൽ യഹോവയെ ഉൾപ്പെടുത്തുന്നെങ്കിൽ ആ ദാമ്പത്യം ശക്തമായിരിക്കും.
7, 8. വിവാഹത്തെക്കുറിച്ച് പൗലോസ് എന്ത് ഉപദേശം നൽകി?
7 വിവാഹത്തിനു ശേഷം, ദമ്പതികൾക്ക് അവരുടെ ലൈംഗികാഗ്രഹങ്ങൾ അന്യോന്യം തൃപ്തിപ്പെടുത്താനാകും. (സുഭാഷിതങ്ങൾ 5:18) പക്ഷേ, ഒരാൾ വിവാഹം കഴിക്കുന്നത് ഇങ്ങനെയുള്ള ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ മാത്രമാണെങ്കിൽ അയാൾ നല്ലൊരു ഇണയെ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണു ലൈംഗികാഗ്രഹങ്ങൾ ശക്തമായിരിക്കുന്ന “നവയൗവനം” പിന്നിട്ടശേഷം വിവാഹം കഴിക്കാൻ ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 7:36) നവയൗവനത്തിലുണ്ടാകുന്ന വികാരങ്ങൾ ശമിക്കുന്നതുവരെ കാത്തിരിക്കുന്നതാണു ബുദ്ധി. അപ്പോൾ ഒരാൾക്കു നന്നായി ചിന്തിക്കാനും നല്ല തീരുമാനം എടുക്കാനും കഴിയും.—1 കൊരിന്ത്യർ 7:9; യാക്കോബ് 1:15.
8 നിങ്ങൾ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ എല്ലാ വിവാഹത്തിലും പ്രശ്നങ്ങളുണ്ടാകുമെന്ന യാഥാർഥ്യം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. വിവാഹം കഴിക്കുന്നവർക്കു “ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും” എന്നു പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 7:28) ഏറ്റവും നല്ല ദാമ്പത്യത്തിൽപ്പോലും പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ ഇണയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക.
ഞാൻ ആരെ വിവാഹം കഴിക്കണം?
9, 10. നമ്മൾ ദൈവത്തെ ആരാധിക്കാത്ത ഒരാളെ വിവാഹം കഴിച്ചാൽ എന്തു സംഭവിക്കും?
9 ഇണയെ തിരഞ്ഞടുക്കുമ്പോൾ ഓർക്കേണ്ട പ്രധാനപ്പെട്ട ഒരു ബൈബിൾതത്ത്വം ഇതാണ്: “അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്.” (2 കൊരിന്ത്യർ 6:14) കൃഷിയുമായി ബന്ധപ്പെട്ട ഒരു ദൃഷ്ടാന്തമാണ് ഇത്. വലുപ്പത്തിന്റെയോ കരുത്തിന്റെയോ കാര്യത്തിൽ വളരെയധികം വ്യത്യാസമുള്ള രണ്ടു മൃഗങ്ങളെ ഒരു കൃഷിക്കാരൻ ഒരു നുകത്തിന്റെ കീഴിൽ കെട്ടില്ല. അത് ആ മൃഗങ്ങളോടുള്ള ക്രൂരതയായിരിക്കും. കാരണം രണ്ടും കഷ്ടപ്പെടും. ഇതുപോലെ യഹോവയെ സേവിക്കുന്ന ഒരാളും സേവിക്കാത്ത ഒരാളും തമ്മിൽ വിവാഹം കഴിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ട്, വിവാഹം “കർത്താവിൽ മാത്രമേ ആകാവൂ” എന്ന ഉപദേശം ബൈബിൾ തരുന്നു.—1 കൊരിന്ത്യർ 7:39.
10 യഹോവയെ സേവിക്കാത്ത ഒരാളെ വിവാഹം കഴിക്കേണ്ടിവന്നാലും, അതാണ് ഒറ്റയ്ക്കു ജീവിക്കുന്നതിലും നല്ലതെന്നു ചിലർ ചിന്തിച്ചിരിക്കുന്നു. എന്നാൽ ബൈബിളിന്റെ ഉപദേശം ശ്രദ്ധിക്കുന്നില്ലെങ്കിൽ മിക്കപ്പോഴും വേദനയും നിരാശയും ആയിരിക്കാം ഫലം. യഹോവയുടെ ആരാധകരായ നമുക്കു ദൈവസേവനമാണു ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യം. ഈ സുപ്രധാനസേവനത്തിൽ ഇണയോടൊപ്പം ഏർപ്പെടാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും? യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാത്ത ഒരാളെ വിവാഹം കഴിക്കുന്നതിനു പകരം ഏകാകിയായിത്തന്നെ നിൽക്കാൻ പലരും തീരുമാനിച്ചിരിക്കുന്നു.—സങ്കീർത്തനം 32:8 വായിക്കുക.
11. നിങ്ങൾക്കു നല്ലൊരു ഇണയെ എങ്ങനെ തിരഞ്ഞെടുക്കാം?
11 ഇതിന് അർഥം യഹോവയെ സേവിക്കുന്ന ഏതൊരാളും നിങ്ങൾക്കു പറ്റിയ ഭർത്താവോ ഭാര്യയോ ആയിരിക്കുമെന്നല്ല. നിങ്ങൾ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ നിങ്ങൾക്കു ശരിക്കും ഇഷ്ടപ്പെടുന്ന, ഒത്തുപോകാൻ പറ്റിയ ഒരാളെ നോക്കുക. ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന അതേ കാര്യങ്ങൾ ചെയ്യാൻ താത്പര്യപ്പെടുന്ന, ദൈവസേവനം ഒന്നാമതു വെക്കുന്ന ഒരാളെ കണ്ടെത്തുന്നതുവരെ കാത്തിരിക്കുക. വിശ്വസ്തനായ അടിമ പ്രസിദ്ധീകരണങ്ങളിലൂടെ തരുന്ന സഹായകമായ നിർദേശങ്ങൾ വായിക്കാനും ധ്യാനിക്കാനും സമയമെടുക്കുക.—സങ്കീർത്തനം 119:105 വായിക്കുക.
12. മാതാപിതാക്കൾ മക്കൾക്കുവേണ്ടി വിവാഹം ആലോചിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
12 ചില സംസ്കാരങ്ങളിൽ മക്കൾക്കുവേണ്ടി വിവാഹം ആലോചിക്കുന്നതു മാതാപിതാക്കളാണ്. മക്കൾക്കു പറ്റിയത് എങ്ങനെയുള്ളവരാണെന്ന് അറിയാവുന്നതു മാതാപിതാക്കൾക്കാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. ബൈബിൾക്കാലങ്ങളിലും ഇതേ രീതിയുണ്ടായിരുന്നു. ഈ രീതി പിൻപറ്റാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എങ്ങനെയുള്ള ഒരാളെ നോക്കണമെന്നു മനസ്സിലാക്കാൻ മാതാപിതാക്കളെ ബൈബിൾ സഹായിക്കും. ഉദാഹരണത്തിന്, അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിന് ഒരു ഭാര്യയെ തിരഞ്ഞെടുത്തപ്പോൾ പണമോ സമൂഹത്തിലെ നിലയോ അല്ല നോക്കിയത്. പെൺകുട്ടി യഹോവയെ സ്നേഹിക്കുന്ന ഒരാളാണോ എന്നാണു നോക്കിയത്.—ഉൽപത്തി 24:3, 67; പിൻകുറിപ്പ് 25 കാണുക.
വിവാഹത്തിനുള്ള പക്വതയിലെത്താൻ ഞാൻ എന്തു ചെയ്യണം?
13-15. (എ) ഒരു പുരുഷനു നല്ലൊരു ഭർത്താവാകാൻ എങ്ങനെ തയ്യാറെടുക്കാം? (ബി) ഒരു സ്ത്രീക്കു നല്ലൊരു ഭാര്യയാകാൻ എങ്ങനെ തയ്യാറെടുക്കാം?
13 വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ നിങ്ങൾക്ക് അതിനുള്ള പക്വതയുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾക്കു പക്വതയുണ്ടെന്ന് ഒരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ വിവാഹത്തിനു വേണ്ട പക്വത എന്നു പറഞ്ഞാൽ ശരിക്കും എന്താണെന്നു നോക്കാം. ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.
14 കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ടെന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് വിവാഹത്തിനു വേണ്ട പക്വത പ്രാപിക്കുന്നതിന് ഒരു സ്ത്രീയും പുരുഷനും വ്യത്യസ്തകാര്യങ്ങളിലായിരിക്കാം ശ്രദ്ധിക്കേണ്ടത്. ഒരു പുരുഷൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെങ്കിൽ കുടുംബത്തിന്റെ തലയാകാൻ വേണ്ട പക്വത തനിക്ക് ഉണ്ടോ എന്നു സ്വയം ചോദിക്കണം. ഒരു ഭർത്താവ് ഭാര്യക്കും മക്കൾക്കും ചെലവിനു കൊടുക്കാനും വൈകാരികമായി നല്ല പിന്തുണ കൊടുക്കാനും യഹോവ പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും പ്രധാനമായി, ദൈവത്തെ ആരാധിക്കുന്ന കാര്യത്തിൽ കുടുംബത്തിൽ അദ്ദേഹം നേതൃത്വമെടുക്കണം. കുടുംബത്തിനുവേണ്ടി കരുതാത്ത ഒരാളെ ‘അവിശ്വാസിയെക്കാൾ മോശമായ’ ഒരാളായിട്ടാണു ബൈബിൾ പറയുന്നത്. (1 തിമൊഥെയൊസ് 5:8) നിങ്ങൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്ന ഒരു പുരുഷനാണെങ്കിൽ പിൻവരുന്ന ബൈബിൾതത്ത്വം എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക: “വെളിയിലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാക്കുക; പിന്നെ നിന്റെ വീടു പണിയുക.” മറ്റു വാക്കുകളിൽ പറഞ്ഞാൽ നിങ്ങൾക്ക് യഹോവ പ്രതീക്ഷിക്കുന്ന തരം ഒരു ഭർത്താവാകാൻ കഴിയുമെന്നു വിവാഹത്തിനു മുമ്പേ ഉറപ്പുവരുത്തുക.—സുഭാഷിതങ്ങൾ 24:27.
15 വിവാഹത്തെക്കുറിച്ച് ആലോചിക്കുന്ന ഒരു സ്ത്രീ താൻ ഒരു ഭാര്യയുടെയും ഒരുപക്ഷേ ഒരു അമ്മയുടെയും ഉത്തരവാദിത്വങ്ങൾ ചെയ്യാൻ ഒരുങ്ങിയിട്ടുണ്ടോ എന്നു സ്വയം ചോദിക്കണം. നല്ലൊരു ഭാര്യ ഭർത്താവിനുവേണ്ടിയും മക്കൾക്കുവേണ്ടിയും കരുതുന്ന പല വിധങ്ങളിൽ ചിലതു ബൈബിൾ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 31:10-31) വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പല സ്ത്രീപുരുഷന്മാരും അവരുടെ ഇണ തങ്ങൾക്കുവേണ്ടി എന്തു ചെയ്യുമെന്നു മാത്രമാണു ചിന്തിക്കുന്നത്. എന്നാൽ ഇണയ്ക്കുവേണ്ടി എന്തു ചെയ്യാൻ പറ്റുമെന്നു നമ്മൾ ചിന്തിക്കണമെന്നാണ് യഹോവ പ്രതീക്ഷിക്കുന്നത്.
16, 17. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തു ചിന്തിക്കണം?
16 നിങ്ങൾ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ ഭാര്യാഭർത്താക്കന്മാരെക്കുറിച്ച് യഹോവ എന്തു പറയുന്നെന്ന കാര്യം ചിന്തിക്കുക. കുടുംബത്തിന്റെ തലയായിരിക്കുക എന്നു പറഞ്ഞാൽ ഭാര്യയെയും മക്കളെയും വിരട്ടി നിറുത്തുക എന്നല്ല, സംസാരത്തിലും ഇടപെടലിലും അങ്ങനെയായിരിക്കരുത്. നല്ലൊരു കുടുംബനാഥൻ യേശുവിനെ അനുകരിക്കും. യേശു തന്റെ കീഴിലുള്ളവരെ എപ്പോഴും സ്നേഹിക്കുകയും അവരോടു ദയയോടെ പെരുമാറുകയും ചെയ്തു. (എഫെസ്യർ 5:23) ഭർത്താവിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുക, അദ്ദേഹവുമായി സഹകരിച്ചുപോകുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് ഒരു സ്ത്രീ ചിന്തിക്കണം. (റോമർ 7:2) ഒരു സ്ത്രീക്ക് ഇങ്ങനെ ചോദിക്കാം: ‘സന്തോഷത്തോടെ ഒരു അപൂർണമനുഷ്യനു കീഴ്പെട്ടിരിക്കാൻ എനിക്കു പറ്റുമോ?’ അതിനു പറ്റില്ലെന്നു തോന്നുന്ന ഒരു സ്ത്രീ തത്കാലം ഏകാകിയായി തുടരാൻ തീരുമാനിച്ചേക്കാം.
17 ഭാര്യയും ഭർത്താവും സ്വന്തം സന്തോഷത്തെക്കാൾ ഇണയുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കണം. (ഫിലിപ്പിയർ 2:4 വായിക്കുക.) “നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം. അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം” എന്നു പൗലോസ് എഴുതി. (എഫെസ്യർ 5:21-33) തനിക്കു സ്നേഹവും ആദരവും ലഭിക്കുന്നുണ്ടെന്നു സ്ത്രീക്കും പുരുഷനും തോന്നണം. ദാമ്പത്യം നന്നായി മുന്നോട്ടു പോകണമെങ്കിൽ ഭാര്യ തന്നെ ആദരിക്കുന്നുണ്ടെന്ന് ഒരു പുരുഷനും, ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഒരു സ്ത്രീക്കും മനസ്സിലാകണം.
18. പരസ്പരം അടുത്ത് അറിയാൻ ഒന്നിച്ച് സമയം ചെലവഴിക്കുമ്പോൾ ഒരു പുരുഷനും സ്ത്രീയും ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
18 വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തിൽ പരസ്പരം അടുത്ത് അറിയാൻ ഒന്നിച്ച് സമയം ചെലവഴിക്കുന്നെങ്കിൽ അതു സന്തോഷപ്രദമായിരിക്കണം. ആ സമയത്ത് സത്യസന്ധമായി സംസാരിക്കുക, വസ്തുതകൾ ശരിയായി വിലയിരുത്താൻ ശ്രമിക്കുക. അപ്പോൾ ഇരുവർക്കും ഒന്നിച്ച് ജീവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ കഴിയും. ഒരു പുരുഷനും സ്ത്രീയും പരസ്പരം ആശയവിനിമയം നടത്താൻ പഠിക്കുകയും മറ്റേയാളുടെ ഹൃദയത്തിൽ ശരിക്കും എന്താണുള്ളതെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. അങ്ങനെ അവരുടെ ബന്ധത്തിന്റെ ആഴം കൂടുമ്പോൾ സ്വാഭാവികമായും അവർക്കു തമ്മിൽ ശാരീരികമായ ആകർഷണം തോന്നും. വിവാഹത്തിനു മുമ്പ് ഇത്തരം വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അധാർമികതയിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. യഥാർഥസ്നേഹം ആത്മനിയന്ത്രണം പാലിക്കാനും അവർ തമ്മിലുള്ള ബന്ധവും അവർക്ക് യഹോവയുമായുള്ള ബന്ധവും തകരാതിരിക്കാനും സഹായിക്കും.—1 തെസ്സലോനിക്യർ 4:6.
ദാമ്പത്യം നിലനിൽക്കുന്നതാക്കാൻ എനിക്ക് എന്തു ചെയ്യാം?
19, 20. ക്രിസ്ത്യാനികൾ വിവാഹത്തെ എങ്ങനെയാണു കാണുന്നത്?
19 പല പുസ്തകങ്ങളിലും സിനിമകളിലും കഥ അവസാനിക്കുന്നതു വലിയ, സന്തോഷകരമായ വിവാഹത്തോടെയാണ്. എന്നാൽ യഥാർഥജീവിതത്തിൽ വിവാഹം ഒരു തുടക്കം മാത്രമാണ്. വിവാഹം ഒരു നിലനിൽക്കുന്ന ബന്ധമായിരിക്കാനാണ് യഹോവ ഉദ്ദേശിച്ചത്.—ഉൽപത്തി 2:24.
20 ഇന്നു പലരും വിവാഹത്തെ ഒരു താത്കാലികക്രമീകരണമായിട്ടാണു കാണുന്നത്. വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും ഇന്ന് എളുപ്പമാണ്. പ്രശ്നങ്ങൾ തുടങ്ങുമ്പോൾ, ഇണയെ ഉപേക്ഷിച്ച് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള സമയമായെന്നാണു ചിലർ വിചാരിക്കുന്നത്. എന്നാൽ മൂന്നു പിരിയുള്ള, ബലമുള്ള കയറിന്റെ ബൈബിൾദൃഷ്ടാന്തം ഓർക്കുക. ഇങ്ങനെയുള്ള ഒരു കയർ അത്ര പെട്ടെന്നൊന്നും പൊട്ടില്ല. വിവാഹം നിലനിൽക്കണമെങ്കിൽ യഹോവയുടെ സഹായം തേടണം. യേശു പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”—മത്തായി 19:6.
21. പരസ്പരം സ്നേഹിക്കാൻ ഭാര്യാഭർത്താക്കന്മാരെ എന്തു സഹായിക്കും?
21 നമുക്കെല്ലാം കഴിവുകളും കുറവുകളും ഉണ്ട്. മറ്റുള്ളവരുടെ കുറവുകൾ ശ്രദ്ധിക്കാൻ എളുപ്പമാണ്, പ്രത്യേകിച്ചും നമ്മുടെ ഇണയുടേത്. എന്നാൽ നമ്മൾ ഇങ്ങനെ ചെയ്താൽ നമുക്കു സന്തോഷം കിട്ടില്ല. നേരെ മറിച്ച് ഇണയുടെ നല്ല ഗുണങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നെങ്കിൽ നമ്മുടെ വിവാഹജീവിതം സന്തോഷമുള്ളതായിരിക്കും. അപൂർണതയുള്ള ഒരാളുടെ നല്ല ഗുണങ്ങൾ മാത്രം ശ്രദ്ധിക്കാൻ പറയുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതാണോ? അതെ! നമ്മൾ എത്രത്തോളം അപൂർണരാണെന്ന് യഹോവയ്ക്ക് അറിയാം. എന്നിട്ടും യഹോവ നമ്മുടെ നല്ല ഗുണങ്ങളിലാണു ശ്രദ്ധിക്കുന്നത്. ദൈവം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിലോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, തെറ്റുകളിലാണ് അങ്ങ് ശ്രദ്ധ വെക്കുന്നതെങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും?” (സങ്കീർത്തനം 130:3) ഇണയിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ടും പെട്ടെന്നു ക്ഷമിച്ചുകൊണ്ടും ഭാര്യാഭർത്താക്കന്മാർക്ക് യഹോവയെ അനുകരിക്കാം.—കൊലോസ്യർ 3:13 വായിക്കുക.
22, 23. അബ്രാഹാമും സാറയും വിവാഹിതർക്ക് ഒരു നല്ല മാതൃക വെച്ചത് എങ്ങനെ?
22 വർഷങ്ങൾ കടന്നുപോകുന്തോറും വിവാഹബന്ധം കൂടുതൽ ശക്തമായേക്കാം. അബ്രാഹാമിന്റെയും സാറയുടെയും വിവാഹജീവിതം അങ്ങനെയുള്ള ഒന്നായിരുന്നു, വളരെ സന്തോഷകരവുമായിരുന്നു. ഊർ നഗരത്തിലെ വീടു വിട്ടുപോകാൻ യഹോവ അബ്രാഹാമിനോടു പറഞ്ഞപ്പോൾ സാറയ്ക്കു സാധ്യതയനുസരിച്ച് 60 വയസ്സിനു മേൽ പ്രായമുണ്ടായിരുന്നു. സുഖസൗകര്യമുള്ള വീടു വിട്ട് കൂടാരങ്ങളിൽ താമസിക്കുക എന്നതു സാറയ്ക്ക് എത്ര ബുദ്ധിമുട്ടായിരുന്നിരിക്കാം എന്നു ചിന്തിച്ചുനോക്കൂ. എന്നാൽ സാറ തന്റെ ഭർത്താവിന്റെ നല്ല സുഹൃത്തും പങ്കാളിയും ആയിരുന്നു. അബ്രാഹാമിനോടു നല്ല ആദരവുമുണ്ടായിരുന്നു. അതുകൊണ്ട് സാറ അബ്രാഹാമിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയും അവ വിജയിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.—ഉൽപത്തി 18:12; 1 പത്രോസ് 3:6.
23 നല്ലൊരു വിവാഹജീവിതം എന്നതുകൊണ്ട് അർഥമാക്കുന്നത് ഭാര്യാഭർത്താക്കന്മാർക്ക് എല്ലാ കാര്യത്തിലും എല്ലായ്പോഴും ഒരേ അഭിപ്രായം ഉണ്ടായിരിക്കും എന്നല്ല. ഒരിക്കൽ അബ്രാഹാമിനു സാറയുമായി ഒരു കാര്യത്തിൽ യോജിക്കാൻ പറ്റാതെ വന്നപ്പോൾ “സാറ പറയുന്നതു കേൾക്കുക” എന്ന് യഹോവ അബ്രാഹാമിനോടു പറഞ്ഞു. അബ്രാഹാം അങ്ങനെ ചെയ്തു, അതുകൊണ്ടു ഗുണവുമുണ്ടായി. (ഉൽപത്തി 21:9-13) നിങ്ങളും ഇണയും തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകുന്നെങ്കിൽ നിരുത്സാഹപ്പെടരുത്. ഏറ്റവും പ്രധാനകാര്യം, വിയോജിപ്പുള്ളപ്പോൾപ്പോലും പരസ്പരം സ്നേഹത്തോടെയും ആദരവോടെയും വേണം നിങ്ങൾ ഇടപെടാൻ എന്നതാണ്.
24. നമ്മുടെ വിവാഹജീവിതം യഹോവയ്ക്കു മഹത്ത്വം നൽകിയേക്കാവുന്നത് എങ്ങനെ?
24 ക്രിസ്തീയസഭയിൽ സന്തോഷമുള്ള ആയിരക്കണക്കിന് ദമ്പതികളുണ്ട്. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇക്കാര്യം ഓർക്കുക: ഇണയെ തിരഞ്ഞെടുക്കുന്നതാണു നിങ്ങൾ ജീവിതത്തിൽ എടുത്തേക്കാവുന്നതിലുംവെച്ച് ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. അതു നിങ്ങളുടെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. അതുകൊണ്ട് മാർഗനിർദേശത്തിനുവേണ്ടി യഹോവയിലേക്കു നോക്കുക. അപ്പോൾ നിങ്ങൾക്കു ജ്ഞാനപൂർവം ഇണയെ കണ്ടെത്താനും വിവാഹത്തിനായി നന്നായി തയ്യാറെടുക്കാനും യഹോവയ്ക്കു മഹത്ത്വം നൽകുന്ന ശക്തമായ സ്നേഹബന്ധം ഇണയുമായി വളർത്തിയെടുക്കാനും കഴിയും.