മർക്കൊസ് എഴുതിയത്
1 ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു: 2 യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, “(ഇതാ ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ നിനക്കു വഴി ഒരുക്കും.)+ 3 വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.’”+ 4 യോഹന്നാൻ സ്നാപകൻ വിജനഭൂമിയിൽ ചെന്ന്, പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+ 5 അങ്ങനെ, യഹൂദ്യപ്രദേശത്തും യരുശലേമിലും താമസിക്കുന്ന എല്ലാവരും യോഹന്നാന്റെ അടുത്ത് ചെന്ന് പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു. യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി.+ 6 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകലുകൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്നു.+ വെട്ടുക്കിളിയും+ കാട്ടുതേനും ആയിരുന്നു ഭക്ഷണം.+ 7 യോഹന്നാൻ ഇങ്ങനെ പ്രസംഗിച്ചു: “എന്നെക്കാൾ ശക്തനായവൻ പുറകേ വരുന്നുണ്ട്; കുനിഞ്ഞ് അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ 8 ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി. എന്നാൽ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്* സ്നാനപ്പെടുത്തും.”+
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്ന് യോഹന്നാന്റെ അടുത്ത് വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്നാനപ്പെടുത്തി.+ 10 വെള്ളത്തിൽനിന്ന് കയറിയ ഉടനെ, ആകാശം പിളരുന്നതും ദൈവാത്മാവ് പ്രാവുപോലെ തന്റെ മേൽ വരുന്നതും യേശു കണ്ടു.+ 11 “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+
12 ഉടൻതന്നെ ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു പോകാൻ പ്രേരിപ്പിച്ചു. 13 വന്യമൃഗങ്ങളുള്ള ആ പ്രദേശത്ത് യേശു 40 ദിവസമുണ്ടായിരുന്നു. ആ സമയത്ത് സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചു.+ എന്നാൽ ദൂതന്മാർ യേശുവിനു ശുശ്രൂഷ ചെയ്തു.+
14 യോഹന്നാൻ തടവിലായശേഷം+ യേശു ഗലീലയിൽ ചെന്ന്+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത പ്രസംഗിച്ചു.+ 15 യേശു പറഞ്ഞു: “നിശ്ചയിച്ചിരിക്കുന്ന കാലം വന്നിരിക്കുന്നു; ദൈവരാജ്യം അടുത്തിരിക്കുന്നു. മാനസാന്തരപ്പെടൂ!+ ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ.”
16 യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ ശിമോനും സഹോദരനായ അന്ത്രയോസും+ കടലിൽ വല വീശുന്നതു കണ്ടു.+ അവർ മീൻപിടുത്തക്കാരായിരുന്നു.+ 17 യേശു അവരോട്, “എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 18 അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+ 19 അവിടെനിന്ന് അൽപ്പദൂരം ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും വള്ളത്തിൽ ഇരുന്ന് വല നന്നാക്കുന്നതു യേശു കണ്ടു.+ 20 ഉടനെ യേശു അവരെയും വിളിച്ചു. അവർ അപ്പനായ സെബെദിയെ കൂലിക്കാരുടെകൂടെ വള്ളത്തിൽ വിട്ടിട്ട് യേശുവിനെ അനുഗമിച്ചു. 21 അവിടെനിന്ന് അവർ കഫർന്നഹൂമിലേക്കു പോയി.
ശബത്ത് തുടങ്ങിയ ഉടനെ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.+ 22 യേശു പഠിപ്പിക്കുന്ന രീതി കണ്ട് അവർ അതിശയിച്ചുപോയി. കാരണം ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്.+ 23 അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: 24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ 25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” 26 അശുദ്ധാത്മാവ് അയാളെ ഞെളിപിരികൊള്ളിച്ച് അത്യുച്ചത്തിൽ അലറിക്കൊണ്ട് പുറത്ത് വന്നു.+ 27 ജനമെല്ലാം അതിശയത്തോടെ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “എന്താണ് ഇത്? പുതിയൊരു തരം പഠിപ്പിക്കൽ! അദ്ദേഹം അശുദ്ധാത്മാക്കളോടുപോലും അധികാരത്തോടെ കല്പിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.” 28 അങ്ങനെ യേശുവിനെക്കുറിച്ചുള്ള വാർത്ത ഗലീലയിലെങ്ങും അതിവേഗം പരന്നു.
29 പിന്നെ അവർ സിനഗോഗിൽനിന്ന് ഇറങ്ങി ശിമോന്റെയും അന്ത്രയോസിന്റെയും വീട്ടിലേക്കു പോയി. യാക്കോബും യോഹന്നാനും കൂടെയുണ്ടായിരുന്നു.+ 30 ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടപ്പായിരുന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശുവിനോടു പറഞ്ഞു. 31 യേശു അടുത്ത് ചെന്ന് ആ സ്ത്രീയെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവരുടെ പനി മാറി. അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം ആളുകൾ എല്ലാ രോഗികളെയും ഭൂതബാധിതരെയും യേശുവിന്റെ അടുത്തേക്കു കൊണ്ടുവരാൻതുടങ്ങി.+ 33 നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടിയിരുന്നു. 34 പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി.+ പക്ഷേ, താൻ ക്രിസ്തുവാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.+
35 അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന് യേശു പ്രാർഥിക്കാൻതുടങ്ങി.+ 36 പക്ഷേ ശിമോനും കൂടെയുള്ളവരും യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. 37 യേശുവിനെ കണ്ടപ്പോൾ, “എല്ലാവരും അങ്ങയെ അന്വേഷിക്കുകയാണ് ” എന്നു പറഞ്ഞു. 38 എന്നാൽ യേശു അവരോടു പറഞ്ഞു: “നമുക്കു മറ്റ് എവിടേക്കെങ്കിലും പോകാം. അടുത്ത് വേറെയും പട്ടണങ്ങളുണ്ടല്ലോ. അവിടെയും എനിക്കു പ്രസംഗിക്കണം. ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ.”+ 39 അങ്ങനെ, യേശു ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.+
40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്ത് വന്ന് മുട്ടുകുത്തി ഇങ്ങനെ അപേക്ഷിച്ചു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം.”+ 41 അതു കേട്ട് മനസ്സ് അലിഞ്ഞ+ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു.+ 42 അപ്പോൾത്തന്നെ കുഷ്ഠം മാറി അയാൾ ശുദ്ധനായി. 43 യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശനമായി ഇങ്ങനെ കല്പിക്കുകയും ചെയ്തു: 44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+ 45 പക്ഷേ അയാൾ അവിടെനിന്ന് പോയി ഈ വാർത്ത കൊട്ടിഘോഷിച്ച് നാട്ടിലെങ്ങും പാട്ടാക്കി. അതുകൊണ്ട് യേശുവിനു പരസ്യമായി ഒരു നഗരത്തിലും ചെല്ലാൻ പറ്റാതായി. പുറത്ത് ജനവാസമില്ലാത്ത പ്രദേശങ്ങളിൽ യേശുവിനു താമസിക്കേണ്ടിവന്നു. എന്നിട്ടും എല്ലായിടത്തുനിന്നും ജനങ്ങൾ യേശുവിന്റെ അടുത്ത് വന്നുകൊണ്ടിരുന്നു.+