യോഹന്നാൻ എഴുതിയത്
20 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ അടുത്ത് എത്തി.+ അപ്പോൾ, കല്ലറയുടെ വാതിൽക്കൽനിന്ന് കല്ല് എടുത്തുമാറ്റിയിരിക്കുന്നതു കണ്ടു.+ 2 മറിയ ഓടി ശിമോൻ പത്രോസിന്റെയും യേശുവിനു പ്രിയപ്പെട്ട ശിഷ്യന്റെയും+ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി.+ എവിടെയാണു വെച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.”
3 പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പോയി. 4 അവർ ഇരുവരും ഓടുകയായിരുന്നു. എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്ത് എത്തി. 5 ആ ശിഷ്യൻ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ ലിനൻതുണികൾ അവിടെ കിടക്കുന്നതു കണ്ടു.+ എന്നാൽ അകത്ത് കടന്നില്ല. 6 പിന്നാലെ ശിമോൻ പത്രോസും ഓടിയെത്തി. പത്രോസ് കല്ലറയുടെ അകത്ത് കടന്നു. ലിനൻതുണികൾ കിടക്കുന്നതു പത്രോസും കണ്ടു. 7 യേശുവിന്റെ തലയിലുണ്ടായിരുന്ന തുണി മറ്റു തുണികളുടെകൂടെയല്ലാതെ വേറൊരിടത്ത് ചുരുട്ടിവെച്ചിരിക്കുകയായിരുന്നു. 8 ആദ്യം കല്ലറയുടെ അടുത്ത് എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്ത് കടന്നു. എല്ലാം നേരിട്ട് കണ്ടപ്പോൾ ആ ശിഷ്യനും വിശ്വാസമായി. 9 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന തിരുവെഴുത്ത് അവർക്ക് അപ്പോഴും മനസ്സിലായിരുന്നില്ല.+ 10 അങ്ങനെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങി.
11 എന്നാൽ മറിയ, കല്ലറയ്ക്കു പുറത്ത് കരഞ്ഞുകൊണ്ട് നിന്നു. കരയുന്നതിന് ഇടയിൽ മറിയ കുനിഞ്ഞ് കല്ലറയുടെ അകത്തേക്കു നോക്കി. 12 വെള്ളവസ്ത്രം ധരിച്ച രണ്ടു ദൈവദൂതന്മാർ+ യേശുവിന്റെ ശരീരം കിടന്നിരുന്ന സ്ഥലത്ത്, ഒരാൾ തലയ്ക്കലും ഒരാൾ കാൽക്കലും, ഇരിക്കുന്നതു കണ്ടു. 13 അവർ മറിയയോട്, “സ്ത്രീയേ, എന്തിനാണ് ഇങ്ങനെ കരയുന്നത്” എന്നു ചോദിച്ചു. മറിയ അവരോടു പറഞ്ഞു: “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന് എനിക്ക് അറിഞ്ഞുകൂടാ.” 14 ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു. എന്നാൽ അതു യേശുവാണെന്നു മറിയയ്ക്കു മനസ്സിലായില്ല.+ 15 യേശു മറിയയോടു ചോദിച്ചു: “സ്ത്രീയേ, എന്തിനാണു കരയുന്നത്? ആരെയാണു നീ അന്വേഷിക്കുന്നത്?” അതു തോട്ടക്കാരനായിരിക്കുമെന്നു കരുതി മറിയ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങാണു യേശുവിനെ എടുത്തുകൊണ്ടുപോയതെങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം.” 16 അപ്പോൾ യേശു, “മറിയേ” എന്നു വിളിച്ചു. മറിയ തിരിഞ്ഞ് എബ്രായയിൽ, “റബ്ബോനി!” (“ഗുരു!” എന്ന് അർഥം.) എന്നു പറഞ്ഞു. 17 യേശു മറിയയോടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്. ഞാൻ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിപ്പോയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്ത് ചെന്ന്+ അവരോട്, ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും+ ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു’+ എന്നു പറയുക.” 18 “ഞാൻ കർത്താവിനെ കണ്ടു” എന്ന വാർത്തയുമായി മഗ്ദലക്കാരി മറിയ ശിഷ്യന്മാരുടെ അടുത്ത് എത്തി. യേശു തന്നോടു പറഞ്ഞതെല്ലാം മറിയ അവരെ പറഞ്ഞുകേൾപ്പിച്ചു.+
19 ആഴ്ചയുടെ ഒന്നാം ദിവസം നേരം വൈകിയ സമയത്ത് ശിഷ്യന്മാർ ജൂതന്മാരെ പേടിച്ച് വാതിൽ പൂട്ടി അകത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ യേശു വന്ന് അവരുടെ ഇടയിൽ നിന്ന്, “നിങ്ങൾക്കു സമാധാനം!”+ എന്നു പറഞ്ഞു. 20 ഇങ്ങനെ പറഞ്ഞിട്ട് യേശു കൈകളും വിലാപ്പുറവും* അവരെ കാണിച്ചു.+ കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർക്കു വലിയ സന്തോഷമായി.+ 21 യേശു വീണ്ടും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം!+ പിതാവ് എന്നെ അയച്ചതുപോലെ+ ഞാനും നിങ്ങളെ അയയ്ക്കുന്നു.”+ 22 അതിനു ശേഷം യേശു അവരുടെ മേൽ ഊതിയിട്ട് പറഞ്ഞു: “പരിശുദ്ധാത്മാവിനെ സ്വീകരിക്കൂ.+ 23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവരോട് അവ ക്ഷമിച്ചിരിക്കുന്നു. നിങ്ങൾ ക്ഷമിക്കാതിരുന്നാലോ അവ നിലനിൽക്കുകയും ചെയ്യുന്നു.”
24 എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട*+ തോമസ്+—ഇദ്ദേഹത്തെ ഇരട്ട എന്നു വിളിച്ചിരുന്നു—അവരുടെകൂടെയുണ്ടായിരുന്നില്ല. 25 മറ്റു ശിഷ്യന്മാർ തോമസിനോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. തോമസ് അവരോട്, “യേശുവിന്റെ കൈകളിലെ ആണിപ്പഴുതുകൾ* കണ്ട് അവയിൽ വിരൽ ഇട്ടുനോക്കാതെയും വിലാപ്പുറത്ത്* തൊട്ടുനോക്കാതെയും+ ഞാൻ വിശ്വസിക്കില്ല” എന്നു പറഞ്ഞു.+
26 എട്ടു ദിവസം കഴിഞ്ഞ് വീണ്ടും യേശുവിന്റെ ശിഷ്യന്മാർ ഒരു മുറിക്കുള്ളിൽ കൂടിവന്നിരിക്കുകയായിരുന്നു. തോമസും അവരുടെകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചുപൂട്ടിയിരുന്നെങ്കിലും യേശു പെട്ടെന്ന് അവരുടെ നടുവിൽ വന്ന് നിന്ന്, “നിങ്ങൾക്കു സമാധാനം!” എന്നു പറഞ്ഞു.+ 27 പിന്നെ യേശു തോമസിനോടു പറഞ്ഞു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടുനോക്ക്. എന്റെ വിലാപ്പുറത്ത്* തൊട്ടുനോക്ക്. സംശയിക്കാതെ* വിശ്വസിക്ക്.” 28 അപ്പോൾ തോമസ് യേശുവിനോട്, “എന്റെ കർത്താവേ! എന്റെ ദൈവമേ!”+ എന്നു പറഞ്ഞു. 29 യേശു തോമസിനോടു ചോദിച്ചു: “എന്നെ കണ്ടതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? കാണാതെ വിശ്വസിക്കുന്നവർ സന്തുഷ്ടർ.”+
30 ഈ ചുരുളിൽ എഴുതിയിട്ടില്ലാത്ത മറ്റ് അനേകം അടയാളങ്ങൾ യേശു ശിഷ്യന്മാർ കാൺകെ ചെയ്തിട്ടുണ്ട്.+ 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+