തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്ത്
2 എന്റെ മകനേ,+ ക്രിസ്തുയേശുവിലുള്ള അനർഹദയയാൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുക. 2 നീ എന്നിൽനിന്ന് കേട്ടതും അനേകം സാക്ഷികൾ സ്ഥിരീകരിച്ചതും+ ആയ കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക. അപ്പോൾ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവരാകും. 3 ക്രിസ്തുയേശുവിന്റെ ഒരു മികച്ച പടയാളിയെന്ന+ നിലയിൽ കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകുക.+ 4 പടയാളിയായി സേവനം അനുഷ്ഠിക്കുന്ന ഒരാൾ, തന്നെ സൈന്യത്തിൽ ചേർത്ത വ്യക്തിയുടെ അംഗീകാരം നേടാൻവേണ്ടി അനുദിനജീവിതത്തിലെ വ്യാപാരയിടപാടുകളിലൊന്നും* ഉൾപ്പെടാതിരിക്കുന്നു.* 5 ഇനി കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമമനുസരിച്ച് മത്സരിച്ചാൽ മാത്രമേ അയാളെ വിജയകിരീടം അണിയിക്കൂ.+ 6 അതുപോലെ, അധ്വാനിക്കുന്ന കർഷകനാണു വിളവ് ആദ്യം അനുഭവിക്കേണ്ടത്. 7 ഞാൻ ഈ പറയുന്നത് എപ്പോഴും മനസ്സിൽപ്പിടിക്കണം. കർത്താവ് നിനക്ക് എല്ലാ കാര്യത്തിലും ഗ്രാഹ്യം* തരും.
8 ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്തയനുസരിച്ച്,+ യേശുക്രിസ്തു മരിച്ച് ഉയിർപ്പിക്കപ്പെട്ടെന്നും+ ദാവീദിന്റെ സന്തതിയായിരുന്നെന്നും+ ഓർക്കണം. 9 ഈ സന്തോഷവാർത്തയുടെ പേരിലാണ് ഒരു കുറ്റവാളിയെപ്പോലെ ഞാൻ തടവിലായിരിക്കുന്നതും കഷ്ടപ്പാടുകൾ സഹിക്കുന്നതും.+ എങ്കിലും ദൈവത്തിന്റെ വചനം ബന്ധനത്തിലല്ല.+ 10 അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർ നിത്യതേജസ്സോടെ ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ നേടാൻ അവർക്കുവേണ്ടി ഞാൻ എല്ലാം സഹിക്കുകയാണ്.+ 11 ഈ പറയുന്നതു വിശ്വസിക്കാം: നമ്മൾ ക്രിസ്തുവിനൊപ്പം മരിച്ചെങ്കിൽ ക്രിസ്തുവിനൊപ്പം ജീവിക്കുകയും ചെയ്യും.+ 12 നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പറയുന്നെങ്കിൽ നമ്മളെയും തള്ളിപ്പറയും.+ 13 നമ്മൾ അവിശ്വസ്തരായിപ്പോയാലും ദൈവം വിശ്വസ്തനായിരിക്കും. കാരണം തന്റെ പ്രകൃതത്തിനു നിരക്കാത്തതു ചെയ്യാൻ ദൈവത്തിനു കഴിയില്ല.
14 ഈ കാര്യങ്ങൾ അവരെ എപ്പോഴും ഓർമിപ്പിക്കുക. വാക്കുകളെച്ചൊല്ലി തർക്കിക്കരുതെന്നു ദൈവസന്നിധിയിൽ നീ അവർക്കു നിർദേശം കൊടുക്കണം. കാരണം കേൾവിക്കാർക്കു ദോഷം ചെയ്യുമെന്നല്ലാതെ* അതുകൊണ്ട് ഗുണമൊന്നുമില്ല. 15 സത്യവചനം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തുകൊണ്ട്+ ലജ്ജിക്കാൻ കാരണമില്ലാത്ത പണിക്കാരനായി, ദൈവാംഗീകാരത്തോടെ തിരുസന്നിധിയിൽ നിൽക്കാൻ നിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുക. 16 വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥസംഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക.+ കാരണം അത്തരം സംഭാഷണങ്ങൾ കൂടുതൽക്കൂടുതൽ അഭക്തിയിലേക്കു നയിക്കുകയേ ഉള്ളൂ. 17 അവരുടെ വാക്കുകൾ ശരീരത്തെ കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിക്കും. ഹുമനയൊസും ഫിലേത്തൊസും അക്കൂട്ടത്തിൽപ്പെട്ടവരാണ്.+ 18 “പുനരുത്ഥാനം നടന്നുകഴിഞ്ഞു”+ എന്നു വാദിച്ചുകൊണ്ട് സത്യത്തിൽനിന്ന് വ്യതിചലിച്ചുപോയിരിക്കുന്ന ഇവർ ചിലരുടെ വിശ്വാസത്തെ തകിടംമറിക്കുന്നു. 19 എന്നിട്ടും ദൈവം ഇട്ട അടിസ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. “യഹോവ* തനിക്കുള്ളവരെ അറിയുന്നു”+ എന്നും “യഹോവയുടെ* പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും+ അനീതി വിട്ടകലട്ടെ” എന്നും ആ അടിസ്ഥാനത്തിന്മേൽ മുദ്രകുത്തിയിട്ടുണ്ട്.
20 ഒരു വലിയ വീട്ടിൽ സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള പാത്രങ്ങൾ മാത്രമല്ല, മരംകൊണ്ടും മണ്ണുകൊണ്ടും ഉള്ള പാത്രങ്ങളുമുണ്ടാകും. ചിലതു മാന്യമായ കാര്യങ്ങൾക്കും മറ്റു ചിലതു മാന്യമല്ലാത്ത കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. 21 മാന്യമല്ലാത്ത കാര്യങ്ങൾക്കായുള്ള പാത്രങ്ങളിൽനിന്ന് ഒരാൾ അകന്നുനിന്നാൽ അയാൾ മാന്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന, വിശുദ്ധവും ഉടമസ്ഥന് ഉപകാരപ്പെടുന്നതും ഏതൊരു നല്ല കാര്യത്തിനും പറ്റിയതും ആയ ഒരു ഉപകരണമായിരിക്കും.* 22 അതുകൊണ്ട് യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടി, ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ പിന്തുടരുക.
23 ബുദ്ധിശൂന്യവും കഴമ്പില്ലാത്തതും ആയ തർക്കങ്ങൾ വഴക്കിനു കാരണമാകും എന്ന് ഓർത്ത് അവയിൽനിന്ന് ഒഴിഞ്ഞിരിക്കുക.+ 24 കാരണം കർത്താവിന്റെ അടിമ വഴക്കുണ്ടാക്കേണ്ടതില്ല. പകരം എല്ലാവരോടും ശാന്തമായി* ഇടപെടുന്നവനും+ പഠിപ്പിക്കാൻ കഴിവുള്ളവനും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്താലും സംയമനം പാലിക്കുന്നവനും+ 25 വിയോജിപ്പുള്ളവർക്കു സൗമ്യമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവനും+ ആയിരിക്കണം. അപ്പോൾ ഒരുപക്ഷേ ദൈവം അവർക്കു മാനസാന്തരം* നൽകിയെന്നു വരാം. അത് അവരെ സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവിലേക്കു നയിച്ചിട്ട്+ 26 അവർ സുബോധത്തിലേക്കു വരാനും പിശാച് തന്റെ ഇഷ്ടം നടപ്പാക്കാൻ തങ്ങളെ ജീവനോടെ പിടികൂടിയിരിക്കുകയാണെന്നു+ മനസ്സിലാക്കി പിശാചിന്റെ കെണിയിൽനിന്ന് രക്ഷപ്പെടാനും സാധ്യതയുണ്ട്.