ന്യായാധിപന്മാർ
8 പിന്നീട് എഫ്രയീമിലെ പുരുഷന്മാർ ഗിദെയോനോടു ചോദിച്ചു: “ഗിദെയോൻ എന്താണ് ഈ ചെയ്തത്? മിദ്യാന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാതിരുന്നത് എന്താണ്?”+ അവർ ഗിദെയോനോട് ഉഗ്രമായി വാദിച്ചു.+ 2 പക്ഷേ ഗിദെയോൻ അവരോട്: “നിങ്ങൾ ചെയ്തതുവെച്ച് നോക്കുമ്പോൾ ഞാൻ ചെയ്തത് എത്ര നിസ്സാരം! എഫ്രയീമിന്റെ+ കാലാ പെറുക്കുന്നതല്ലേ* അബിയേസരിന്റെ+ മുന്തിരിക്കൊയ്ത്തിനെക്കാൾ നല്ലത്! 3 നിങ്ങളുടെ കൈയിലല്ലേ ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും+ ഏൽപ്പിച്ചത്? നിങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് എത്ര നിസ്സാരം!” ഗിദെയോൻ ഈ രീതിയിൽ സംസാരിച്ചപ്പോൾ അവർ ശാന്തരായി.*
4 പിന്നെ ഗിദെയോൻ യോർദാൻ നദിക്കരയിൽ ചെന്ന് അക്കര കടന്നു. വളരെ ക്ഷീണിതരായിരുന്നെങ്കിലും ഗിദെയോനും കൂടെയുണ്ടായിരുന്ന 300 പേരും ശത്രുക്കളെ പിന്തുടർന്നു. 5 ഗിദെയോൻ സുക്കോത്തിലുള്ളവരോടു പറഞ്ഞു: “ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാണ്. എന്റെകൂടെയുള്ളവർ ആകെ ക്ഷീണിച്ചിരിക്കുകയാണ്; ദയവായി അവർക്കു കുറച്ച് അപ്പം കൊടുക്കുക.” 6 പക്ഷേ സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “നിന്റെ സൈന്യത്തിനു ഞങ്ങൾ അപ്പം തരാൻ സേബഹും സൽമുന്നയും ഇപ്പോൾത്തന്നെ നിന്റെ കൈയിലാണോ?” 7 അപ്പോൾ ഗിദെയോൻ പറഞ്ഞു: “അങ്ങനെയോ? എങ്കിൽ യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ മരുഭൂമിയിലെ* മുള്ളും മുൾച്ചെടിയും കൊണ്ട് ഞാൻ നിങ്ങളെ പൊതിരെ തല്ലും.”+ 8 ഗിദെയോൻ അവിടെനിന്ന് പെനുവേലിലേക്കു പോയി, അവരോടും ഇങ്ങനെതന്നെ ചോദിച്ചു. എന്നാൽ പെനുവേലിലുള്ളവരും സുക്കോത്തിലുള്ളവർ പറഞ്ഞതുപോലെതന്നെ പറഞ്ഞു. 9 അതുകൊണ്ട് ഗിദെയോൻ പെനുവേലിലുള്ളവരോടു പറഞ്ഞു: “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുതകർക്കും.”+
10 ആ സമയത്ത്, സേബഹും സൽമുന്നയും 15,000-ത്തോളം വരുന്ന സൈന്യത്തോടൊപ്പം കർക്കോരിലായിരുന്നു. ഇത്രയും പേർ മാത്രമാണു കിഴക്കരുടെ+ സൈന്യത്തിൽ ആകെ അവശേഷിച്ചിരുന്നത്; വാൾ ഏന്തിയ 1,20,000 യോദ്ധാക്കൾ വീണുപോയിരുന്നു. 11 ഗിദെയോൻ നോബഹിനും യൊഗ്ബെഹയ്ക്കും+ കിഴക്കുള്ള കൂടാരവാസികളുടെ സമീപത്തുകൂടെ ചെന്ന് ശത്രുപാളയം ആക്രമിച്ചു. ആ ആക്രമണം അവർ തീരെ പ്രതീക്ഷിച്ചില്ല. 12 മിദ്യാന്യരാജാക്കന്മാരായ സേബഹും സൽമുന്നയും അവിടെനിന്ന് ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്ന് പിടിച്ചു. അങ്ങനെ പാളയം മുഴുവൻ പരിഭ്രാന്തിയിലായി.
13 യുദ്ധം കഴിഞ്ഞ് യോവാശിന്റെ മകനായ ഗിദെയോൻ ഹേരെസിലേക്കുള്ള ചുരത്തിലൂടെ മടങ്ങി. 14 വരുന്ന വഴിക്കു ഗിദെയോൻ സുക്കോത്തിൽനിന്നുള്ള ഒരു യുവാവിനെ പിടിച്ച് ചോദ്യം ചെയ്തു. അയാൾ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരും ആയ 77 പുരുഷന്മാരുടെ പേരുകൾ എഴുതി ഗിദെയോനു കൊടുത്തു. 15 അങ്ങനെ ഗിദെയോൻ സുക്കോത്തിലുള്ളവരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “ഇതാ, സേബഹും സൽമുന്നയും! ‘ക്ഷീണിതരായ നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം തരാൻ സേബഹും സൽമുന്നയും ഇപ്പോൾത്തന്നെ നിന്റെ കൈയിലാണോ’ എന്നു പറഞ്ഞ് നിങ്ങൾ എന്നെ കളിയാക്കിയില്ലേ?”+ 16 പിന്നെ ഗിദെയോൻ സുക്കോത്തിലെ മൂപ്പന്മാരെ പിടികൂടി മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് അവരെ ഒരു പാഠം പഠിപ്പിച്ചു.+ 17 തുടർന്ന് ഗിദെയോൻ പെനുവേലിലെ ഗോപുരം ഇടിച്ചുകളയുകയും+ നഗരവാസികളെ കൊന്നുകളയുകയും ചെയ്തു.
18 ഗിദെയോൻ സേബഹിനോടും സൽമുന്നയോടും, “താബോരിൽവെച്ച് നിങ്ങൾ കൊന്നുകളഞ്ഞ പുരുഷന്മാർ കാഴ്ചയ്ക്ക് എങ്ങനെയുള്ളവരായിരുന്നു” എന്നു ചോദിച്ചു. അതിന് അവർ: “നിന്നെപ്പോലെതന്നെ, അവരെല്ലാം രാജകുമാരന്മാരെപ്പോലെയായിരുന്നു.” 19 അപ്പോൾ ഗിദെയോൻ പറഞ്ഞു: “അവർ എന്റെ സഹോദരന്മാരായിരുന്നു, എന്റെ അമ്മയുടെ മക്കൾ. യഹോവയാണെ, നിങ്ങൾ അവരെ ജീവനോടെ വെച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളെ കൊല്ലില്ലായിരുന്നു.” 20 പിന്നെ ഗിദെയോൻ മൂത്ത മകൻ യേഥെരിനോട്, “ചെന്ന് അവരെ കൊല്ലുക!” എന്നു പറഞ്ഞു. എന്നാൽ ചെറുപ്പമായിരുന്നതുകൊണ്ട് അവൻ ഭയന്നു, അവൻ വാൾ ഊരിയില്ല. 21 അപ്പോൾ സേബഹും സൽമുന്നയും പറഞ്ഞു: “ഗിദെയോൻതന്നെ ഞങ്ങളെ കൊല്ലൂ. ഒരു പുരുഷനെ അളക്കുന്നത് അയാളുടെ ശക്തിയാലാണ്.”* അങ്ങനെ ഗിദെയോൻ ചെന്ന് സേബഹിനെയും സൽമുന്നയെയും കൊന്നു.+ അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലുണ്ടായിരുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങൾ എടുക്കുകയും ചെയ്തു.
22 പിന്നീട് ഇസ്രായേലിലെ പുരുഷന്മാർ ഗിദെയോനോടു പറഞ്ഞു: “ഗിദെയോൻ ഞങ്ങളുടെ രാജാവാകണം. അങ്ങയ്ക്കു ശേഷം അങ്ങയുടെ മകനും മകന്റെ മകനും ഞങ്ങളെ ഭരിക്കട്ടെ. അങ്ങ് ഞങ്ങളെ മിദ്യാന്റെ കൈയിൽനിന്ന് രക്ഷിച്ചല്ലോ.”+ 23 എന്നാൽ ഗിദെയോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ രാജാവാകില്ല. എന്റെ മകനും നിങ്ങളെ ഭരിക്കില്ല. യഹോവയാണു നിങ്ങളുടെ രാജാവ്. ആ രാജാവ് നിങ്ങളെ ഭരിക്കും.”+ 24 ഗിദെയോൻ തുടർന്നു: “ഒരു കാര്യം മാത്രം ഞാൻ നിങ്ങളോട് അപേക്ഷിച്ചുകൊള്ളട്ടെ: നിങ്ങൾ ഓരോരുത്തരും നിങ്ങൾക്കു കിട്ടിയ കൊള്ളവസ്തുക്കളിൽനിന്ന് മൂക്കുത്തികൾ എനിക്കു തരണം.” (അവർ യിശ്മായേല്യരായിരുന്നതുകൊണ്ട്+ അവർക്കു സ്വർണമൂക്കുത്തികളുണ്ടായിരുന്നു.) 25 “ഞങ്ങൾ തരാം” എന്ന് അവർ പറഞ്ഞു. ഒരു വസ്ത്രം നിലത്ത് വിരിച്ചിട്ട് അവർ ഓരോരുത്തരും കൊള്ളയിൽനിന്ന് കിട്ടിയ മൂക്കുത്തി അതിൽ ഇട്ടു. 26 ഗിദെയോൻ ആവശ്യപ്പെട്ടതനുസരിച്ച് അവർ കൊടുത്ത സ്വർണമൂക്കുത്തികളുടെ മാത്രം തൂക്കം 1,700 ശേക്കെലായിരുന്നു.* അതു കൂടാതെ, കമ്മലുകളും ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന പർപ്പിൾ നിറത്തിലുള്ള കമ്പിളിവസ്ത്രങ്ങളും ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങളും+ ഉണ്ടായിരുന്നു.
27 ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ്+ ഉണ്ടാക്കി സ്വന്തം നഗരമായ ഒഫ്രയിൽ+ പ്രദർശിപ്പിച്ചു. എന്നാൽ ഇസ്രായേൽ മുഴുവൻ അതിനെ ആരാധിച്ച് ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ അതു ഗിദെയോനും ഗിദെയോന്റെ വീട്ടിലുള്ളവർക്കും ഒരു കെണിയായിത്തീർന്നു.+
28 അങ്ങനെ ഒടുവിൽ മിദ്യാൻ+ ഇസ്രായേല്യരുടെ മുന്നിൽ മുട്ടുകുത്തി. പിന്നെ അവർ ഇസ്രായേല്യരെ വെല്ലുവിളിച്ചില്ല.* ഗിദെയോന്റെ കാലത്ത് ദേശത്ത് 40 വർഷം സ്വസ്ഥത ഉണ്ടായി.+
29 യോവാശിന്റെ മകനായ യരുബ്ബാൽ+ വീട്ടിലേക്കു തിരിച്ചുവന്ന് അവിടെ താമസിച്ചു.
30 ഗിദെയോനു കുറെ ഭാര്യമാരും 70 ആൺമക്കളും ഉണ്ടായിരുന്നു.* 31 ശെഖേമിലുള്ള ഉപപത്നിയും* ഒരു മകനെ പ്രസവിച്ചു. ഗിദെയോൻ ആ മകന് അബീമേലെക്ക്+ എന്നു പേരിട്ടു. 32 പിന്നെ യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു. ഗിദെയോനെ അബിയേസര്യരുടെ+ ഒഫ്രയിൽ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
33 ഗിദെയോൻ മരിച്ച ഉടനെ ഇസ്രായേല്യർ വീണ്ടും ബാൽ ദൈവങ്ങളുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ അവർ ബാൽബരീത്തിനെ+ അവരുടെ ദൈവമായി പ്രതിഷ്ഠിച്ചു. 34 ചുറ്റുമുണ്ടായിരുന്ന എല്ലാ ശത്രുക്കളുടെയും കൈയിൽനിന്ന് അവരെ രക്ഷിച്ച അവരുടെ ദൈവമായ+ യഹോവയെ ഇസ്രായേല്യർ മറന്നുകളഞ്ഞു.+ 35 ഗിദെയോൻ എന്ന യരുബ്ബാൽ ഇസ്രായേലിനുവേണ്ടി ചെയ്ത നന്മകൾക്കു പകരമായി അവർ ഗിദെയോന്റെ വീട്ടുകാരോട് അചഞ്ചലമായ സ്നേഹം കാണിച്ചുമില്ല.+