രാജാക്കന്മാർ രണ്ടാം ഭാഗം
6 പ്രവാചകപുത്രന്മാർ+ എലീശയോടു പറഞ്ഞു: “ഞങ്ങൾ അങ്ങയോടൊപ്പം താമസിക്കുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്. 2 അതുകൊണ്ട് ഞങ്ങൾ യോർദാനിൽ ചെന്ന് മരം വെട്ടി, താമസിക്കാൻ ഒരു സ്ഥലം ഉണ്ടാക്കട്ടേ?” എലീശ പറഞ്ഞു: “ശരി, പൊയ്ക്കൊള്ളൂ.” 3 അവരിൽ ഒരാൾ എലീശയോട്, “അങ്ങും അടിയങ്ങളോടൊപ്പം വരാമോ” എന്നു ചോദിച്ചു. “ഞാൻ വരാം” എന്ന് എലീശ പറഞ്ഞു. 4 അങ്ങനെ എലീശ അവരോടൊപ്പം പോയി. അവർ യോർദാനിൽ എത്തി മരം വെട്ടാൻതുടങ്ങി. 5 അവർ മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരാളുടെ കോടാലി പിടിയിൽനിന്ന് തെറിച്ച് വെള്ളത്തിൽ പോയി. “അയ്യോ, എന്റെ യജമാനനേ, അതു കടം വാങ്ങിയതായിരുന്നു!” എന്നു പറഞ്ഞ് അയാൾ കരഞ്ഞു. 6 അപ്പോൾ ദൈവപുരുഷൻ, “അതു വീണത് എവിടെയാണ്” എന്നു ചോദിച്ചു. അയാൾ ആ സ്ഥലം കാണിച്ചുകൊടുത്തു. ദൈവപുരുഷൻ ഒരു കമ്പു വെട്ടിയെടുത്ത് അവിടേക്ക് എറിഞ്ഞപ്പോൾ ആ കോടാലി വെള്ളത്തിൽ പൊങ്ങിവന്നു! 7 “അത് എടുത്തുകൊള്ളൂ!” എന്നു ദൈവപുരുഷൻ പറഞ്ഞപ്പോൾ അയാൾ കൈ നീട്ടി അത് എടുത്തു.
8 പിന്നീട് സിറിയയിലെ രാജാവ് ഇസ്രായേലിനോടു യുദ്ധത്തിനു വന്നു.+ സേവകരുമായി കൂടിയാലോചിച്ചശേഷം അയാൾ പറഞ്ഞു: “ഞാൻ നിങ്ങളോടൊപ്പം ഇന്ന സ്ഥലത്ത് പാളയമടിക്കും.” 9 അപ്പോൾ ദൈവപുരുഷൻ+ ഇസ്രായേൽരാജാവിന് ഇങ്ങനെയൊരു സന്ദേശം അയച്ചു: “ആ സ്ഥലത്തുകൂടെ പോകുന്നതു സൂക്ഷിച്ച് വേണം. കാരണം സിറിയക്കാർ അവിടേക്കു വരുന്നുണ്ട്.” 10 അങ്ങനെ, ദൈവപുരുഷൻ മുന്നറിയിപ്പു കൊടുത്ത സ്ഥലത്തുള്ളവരെ ഇസ്രായേൽരാജാവ് വിവരം അറിയിച്ചു. ദൈവപുരുഷൻ രാജാവിനു കൂടെക്കൂടെ മുന്നറിയിപ്പു നൽകിയതുകൊണ്ട് പല തവണ രാജാവ് വഴി മാറി സഞ്ചരിച്ചു.+
11 ഇത് അറിഞ്ഞപ്പോൾ സിറിയയിലെ രാജാവിന്റെ* കോപം ആളിക്കത്തി. അയാൾ സേവകരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “പറയൂ, നമ്മളിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷംചേർന്നിരിക്കുന്നത്?” 12 അപ്പോൾ അയാളുടെ ഒരു സേവകൻ പറഞ്ഞു: “ഞങ്ങൾ ആരുമല്ല എന്റെ യജമാനനായ രാജാവേ! ഇസ്രായേലിലെ പ്രവാചകനായ എലീശയാണ് അങ്ങ് കിടപ്പറയിൽ പറയുന്ന കാര്യങ്ങൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്.”+ 13 അപ്പോൾ അയാൾ പറഞ്ഞു: “പോയി എലീശ എവിടെയുണ്ടെന്നു കണ്ടുപിടിക്കുക; ഞാൻ ആളയച്ച് അയാളെ പിടികൂടും.” അങ്ങനെ, “എലീശ ദോഥാനിലുണ്ട്”+ എന്നു രാജാവിനു വിവരം കിട്ടി. 14 അയാൾ ഉടനെ കുതിരകളും യുദ്ധരഥങ്ങളും സഹിതം വലിയൊരു സൈന്യത്തെ അവിടേക്ക് അയച്ചു. അവർ ചെന്ന് രാത്രി ആ നഗരം വളഞ്ഞു.
15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴുന്നേറ്റ് പുറത്ത് ചെന്നപ്പോൾ കുതിരകളും യുദ്ധരഥങ്ങളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു. ഉടനെ അയാൾ യജമാനനോട്, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു. 16 എന്നാൽ ദൈവപുരുഷൻ പറഞ്ഞു: “പേടിക്കേണ്ടാ!+ അവരോടുകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മളോടുകൂടെയുണ്ട്.”+ 17 പിന്നെ എലീശ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കിയപ്പോൾ അതാ, എലീശയ്ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിരഥങ്ങളും കുതിരകളും!+
18 സിറിയക്കാർ ദൈവപുരുഷന്റെ അടുത്ത് എത്തിയപ്പോൾ എലീശ യഹോവയോട്, “ഈ ജനത്തെ അന്ധരാക്കേണമേ”+ എന്നു പ്രാർഥിച്ചു. എലീശ അപേക്ഷിച്ചതുപോലെതന്നെ ദൈവം അവരെ അന്ധരാക്കി. 19 അപ്പോൾ എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല, നഗരവും ഇതല്ല. എന്റെകൂടെ വരുക. നിങ്ങൾ അന്വേഷിക്കുന്നവന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം.” എന്നാൽ ദൈവപുരുഷൻ അവരെ ശമര്യയിലേക്കാണു+ കൊണ്ടുപോയത്.
20 അവർ ശമര്യയിൽ എത്തിയപ്പോൾ എലീശ ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, അവരുടെ കണ്ണു തുറക്കേണമേ.” അപ്പോൾ യഹോവ അവരുടെ കണ്ണു തുറന്നു; തങ്ങൾ ശമര്യയുടെ നടുക്കാണു നിൽക്കുന്നതെന്ന് അവർക്കു മനസ്സിലായി. 21 അവരെ കണ്ടപ്പോൾ ഇസ്രായേൽരാജാവ് എലീശയോട്, “ഞാൻ അവരെ കൊല്ലട്ടേ, എന്റെ പിതാവേ, ഞാൻ അവരെ കൊല്ലട്ടേ” എന്നു ചോദിച്ചു. 22 പക്ഷേ എലീശ പറഞ്ഞു: “അവരെ നീ കൊല്ലരുത്. വില്ലുകൊണ്ടും വാളുകൊണ്ടും ബന്ദികളായി പിടിച്ചുകൊണ്ടുവരുന്നവരെ നീ കൊല്ലാറുണ്ടോ? അവർക്ക് അപ്പവും വെള്ളവും കൊടുക്കുക.+ അവർ തിന്നുകുടിച്ച് അവരുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകട്ടെ.” 23 അങ്ങനെ രാജാവ് അവർക്കു വലിയൊരു വിരുന്ന് ഒരുക്കി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. അതിനു ശേഷം അവരെ അവരുടെ യജമാനന്റെ അടുത്തേക്കു പറഞ്ഞയച്ചു. പിന്നെ ഒരിക്കലും സിറിയക്കാരുടെ+ കവർച്ചപ്പട ഇസ്രായേൽ ദേശത്തേക്കു വന്നില്ല.
24 പിന്നീട് സിറിയൻ രാജാവായ ബൻ-ഹദദ് അയാളുടെ മുഴുവൻ സൈന്യവുമായി വന്ന് ശമര്യയെ ഉപരോധിച്ചു.+ 25 അങ്ങനെ ശമര്യയിൽ കടുത്ത ക്ഷാമം ഉണ്ടായി.+ ഉപരോധം കാരണം ഒരു കഴുതത്തലയ്ക്ക്+ 80 വെള്ളിക്കാശും രണ്ടു പിടി* പ്രാവിൻകാഷ്ഠത്തിന് 5 വെള്ളിക്കാശും വരെ വില കൊടുക്കേണ്ടിവന്നു. 26 ഇസ്രായേൽരാജാവ് ഒരിക്കൽ മതിലിലൂടെ പോകുമ്പോൾ ഒരു സ്ത്രീ ഇങ്ങനെ നിലവിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, രക്ഷിക്കണേ!” 27 അപ്പോൾ രാജാവ് അവളോട്: “യഹോവ നിന്നെ സഹായിക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെയാണു നിന്നെ സഹായിക്കുക? എന്റെ കൈയിൽ ധാന്യമോ വീഞ്ഞോ എണ്ണയോ ഉണ്ടെന്നാണോ നീ കരുതുന്നത്?” 28 പിന്നെ രാജാവ് ചോദിച്ചു: “എന്താണു കാര്യം?” സ്ത്രീ പറഞ്ഞു: “ഈ സ്ത്രീ എന്നോടു പറഞ്ഞു: ‘നിന്റെ മകനെ കൊണ്ടുവരുക. ഇന്നു നമുക്ക് അവനെ തിന്നാം. നാളെ നമുക്ക് എന്റെ മകനെ തിന്നാം.’+ 29 അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു.+ പിറ്റേന്ന് ഞാൻ ഈ സ്ത്രീയോട്, ‘നിന്റെ മകനെ കൊണ്ടുവരൂ, നമുക്ക് അവനെ തിന്നാം’ എന്നു പറഞ്ഞു. പക്ഷേ ഇവൾ അവനെ ഒളിപ്പിച്ചുകളഞ്ഞു.”
30 ആ സ്ത്രീയുടെ വാക്കുകൾ കേട്ടതും രാജാവ് വസ്ത്രം കീറി.+ രാജാവ് മതിലിലൂടെ പോകുമ്പോൾ, രാജാവിന്റെ വസ്ത്രത്തിന് അടിയിൽ* വിലാപവസ്ത്രം ചുറ്റിയിരിക്കുന്നതു ജനം കണ്ടു. 31 രാജാവ് പറഞ്ഞു: “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അയാളുടെ കഴുത്തിനു മുകളിൽത്തന്നെ ഇരുന്നാൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ!”+
32 എലീശ അപ്പോൾ മൂപ്പന്മാരോടൊപ്പം* സ്വന്തം വീട്ടിൽ ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ തനിക്കു മുമ്പായി പ്രവാചകന്റെ അടുത്തേക്ക് അയച്ചു. എന്നാൽ ആ ദൂതൻ എത്തുന്നതിനു മുമ്പ് എലീശ മൂപ്പന്മാരോടു പറഞ്ഞു: “എന്റെ തലയെടുക്കാൻ ആ കൊലയാളിയുടെ മകൻ+ ആളയച്ചിരിക്കുന്നതു കണ്ടോ? ആ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചുപിടിച്ച് അയാളെ തടഞ്ഞുനിറുത്തണം. അയാളുടെ പുറകിൽ കേൾക്കുന്നത് അയാളുടെ യജമാനന്റെ കാലൊച്ചയല്ലേ?” 33 എലീശ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ആ ദൂതൻ അവിടെ എത്തി. “ഈ ദുരന്തം യഹോവ വരുത്തിയതാണ്, ഇനി ഞാൻ എന്തിന് യഹോവയ്ക്കുവേണ്ടി കാത്തിരിക്കണം” എന്നു രാജാവ് പറഞ്ഞു.