സഭാപ്രസംഗകൻ
6 സൂര്യനു കീഴെ ഞാൻ കണ്ട മറ്റൊരു ദുരന്തമുണ്ട്. മനുഷ്യരുടെ ഇടയിൽ പൊതുവേ കണ്ടുവരുന്ന ഒരു കാര്യം: 2 ആഗ്രഹിക്കുന്ന ഒന്നിനും കുറവുവരാത്ത വിധം സത്യദൈവം ഒരുവനു സമ്പത്തും വസ്തുവകകളും പ്രതാപവും കൊടുക്കുന്നു. പക്ഷേ ഒന്നും അനുഭവിക്കാൻ ദൈവം അയാൾക്ക് അവസരം കൊടുക്കുന്നില്ല. അതേസമയം ഒരു അന്യൻ അവ അനുഭവിച്ചേക്കാം. ഇതു വ്യർഥതയും വലിയ കഷ്ടവും ആണ്. 3 ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പിച്ചാലും വളരെക്കാലം ജീവിച്ച് വൃദ്ധനായിത്തീർന്നാലും ശവക്കുഴിയിലേക്കു പോകുന്നതിനു മുമ്പ് തനിക്കുള്ള നല്ലതെല്ലാം ആസ്വദിക്കുന്നില്ലെങ്കിൽ, അയാളെക്കാൾ ഭേദം ചാപിള്ളയായി ജനിക്കുന്നവനാണെന്നു ഞാൻ പറയും.+ 4 ഇവൻ വെറുതേ വന്നു, ഇരുളിലേക്കു യാത്രയായി, ഇവന്റെ പേർ ഇരുളിൽ മറയുന്നു. 5 സൂര്യനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, മുമ്പ് പറഞ്ഞയാളെക്കാൾ ഇവൻ എത്രയോ ഭേദം!*+ 6 ആയിരമോ രണ്ടായിരമോ വർഷം ജീവിച്ചാലും ജീവിതം ആസ്വദിക്കാനാകുന്നില്ലെങ്കിൽ എന്തു പ്രയോജനം? എല്ലാവരും പോകുന്നത് ഒരേ സ്ഥലത്തേക്കല്ലേ?+
7 വയറു നിറയ്ക്കാൻവേണ്ടിയാണു മനുഷ്യന്റെ അധ്വാനമെല്ലാം.+ പക്ഷേ ഒരിക്കലും അവന്റെ വിശപ്പ് അടങ്ങുന്നില്ല. 8 ആ സ്ഥിതിക്കു മണ്ടന്മാരെക്കാൾ ബുദ്ധിമാന് എന്തു മേന്മയാണുള്ളത്?+ കഴിഞ്ഞുകൂടാൻ* അറിയാമെന്നതുകൊണ്ട് ദരിദ്രന് എന്താണു പ്രയോജനം? 9 ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്നതിനെക്കാൾ ഏറെ നല്ലതു കൺമുന്നിലുള്ളത് ആസ്വദിക്കുന്നതാണ്. ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
10 അസ്തിത്വത്തിൽ വന്നിട്ടുള്ളവയ്ക്കെല്ലാം ഇതിനോടകം പേരിട്ടിട്ടുണ്ട്. മനുഷ്യൻ വാസ്തവത്തിൽ ആരാണെന്നും വെളിപ്പെട്ടിരിക്കുന്നു. തന്നെക്കാൾ ശക്തനായവനോടു തർക്കിക്കാൻ* അവനു കഴിവില്ല. 11 വാക്കുകൾ* പെരുകുമ്പോൾ വ്യർഥതയും പെരുകുന്നു. ആ സ്ഥിതിക്ക് ഏറെ വാക്കുകൾകൊണ്ട് മനുഷ്യന് എന്തു പ്രയോജനം? 12 നിഴൽപോലെ പെട്ടെന്നു കടന്നുപോകുന്ന വ്യർഥമായ ജീവിതത്തിൽ മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു പറഞ്ഞുകൊടുക്കാൻ ആർക്കാകും?+ അവൻ പോയശേഷം സൂര്യനു കീഴെ എന്തു നടക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?