ബൈബിൾ വിശേഷാശയങ്ങൾ സഭാപ്രസംഗി 1:1-12:14
“സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിക്കുക”
ഈ നാളിലും യുഗത്തിലും ദൈവത്തെ ഭയപ്പെടുകയും അനുസരിക്കയും ചെയ്യുക എന്നത് ഏററവും അധികം അപ്രായോഗികമായി കണക്കാക്കുന്നു. എന്നാൽ 3000-ത്തോളം വർഷങ്ങൾക്കു മുമ്പ് ശലോമോൻ രാജാവ് എഴുതിയ സഭാപ്രസംഗി (എബ്രായ, ഓഹെലെത്ത്, സഭാ സംഘാടകൻ) എന്ന പുസ്തകം (1:1) ദൈവത്തിന്റെ ഉദ്ദേശ്യത്തെ അവഗണിച്ചുകൊണ്ടുള്ള മാനുഷ പ്രയത്നങ്ങളുടെ വിഫലത വിവരിക്കുന്നു.
ഈ പുസ്തകത്തെ വളരെയധികം ഹൃദയാവർജ്ജകമാക്കുന്നത് എഴുത്തുകാരൻ ചൂഴ്ന്നിറങ്ങുന്ന വിപുലവ്യാപകമായ വിഷയങ്ങളാണ്—മാനുഷ ജ്ഞാനവും ഭരണവും, ഭൗതിക ധനവും ഉല്ലാസങ്ങളും, ബാഹ്യപ്രകടനം മാത്രമുള്ള മതം മുതലായവ. ഈ കാര്യങ്ങളെല്ലാം വ്യർത്ഥമാണ്. കാരണം അവ നിലനിൽക്കുന്നവയല്ല. നേരെമറിച്ച് അവയെക്കുറിച്ചു ധ്യാനിക്കുന്നതിനാൽ വിവേചനാശക്തിയുള്ള മനസ്സിനെ ഒരു നിഗമനത്തിലെത്തിക്കുന്നു: “സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിക്കുക. എന്തുകൊണ്ടെന്നാൽ അതാണ് മമനുഷ്യന്റെ മുഴു കടമയും.”—സഭാപ്രസംഗി 12:13.
“എല്ലാം വ്യർത്ഥമാണ്!”
ദയവായി 1-ഉം2-ഉം അദ്ധ്യായങ്ങൾ വായിക്കുക. പ്രകൃതിയുടെ അനന്തമായ പരിവൃത്തികളോടു ബന്ധപ്പെടുത്തുമ്പോൾ, മുഴു മാനുഷ പ്രയത്നങ്ങളും ക്ഷണികവും താല്ക്കാലികവുമാണ് (1:4-7). ഈ സഭാ സംഘാടകന്റെ മഹത്തായ നേട്ടങ്ങൾപോലും ഒരുപക്ഷേ അർഹതയില്ലാത്ത ആരിലേക്കെങ്കിലും മാററപ്പെടണം (2:18, 19). എബ്രായയിൽ “വ്യർത്ഥം” എന്നതിന് “ആവി” അഥവാ “ശ്വാസം” എന്നാണർത്ഥം.
◆ 1:9—“സൂര്യനുകീഴെ പുതുതായി യാതൊന്നുമില്ലാ”തിരിക്കുന്നത് ഏതു വിധത്തിലാണ്?
സൂര്യൻ പ്രകാശിക്കുന്ന ദൈനംദിന ജീവിതത്തിലെ പ്രാകൃതിക സംഭവങ്ങളുടെ പരിവൃത്തിയിൽ മൊത്തത്തിൽ ഒന്നും പുതുതായി ഇല്ല. “പുതിയ” കണ്ടുപിടുത്തങ്ങൾ പോലും അധികവും യഹോവ സൃഷ്ടികളിൽ നേരത്തെ തന്നെ പ്രയോഗിച്ചിരിക്കുന്ന തത്വങ്ങളുടെ ബാധകമാക്കലുകളാണ്. എന്നാൽ യഹോവ “സൂര്യനു കീഴെ” മനുഷ്യവർഗ്ഗത്തെ ബാധിക്കുന്ന പുതിയ ആത്മീയ വികാസങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.—മാർച്ച് 1, 1987-ലെ വാച്ച് ടവർ പേജ് 27-9 കാണുക.
◆ 2:2—സന്തോഷിക്കുന്നതു തെററാണോ?
അല്ല. തെററല്ല. ചിരി അല്ലെങ്കിൽ സന്തോഷം ഒരുവന്റെ പ്രശ്നങ്ങളിൽ നിന്ന് താല്ക്കാലികമായി വിടുതൽ ലഭിക്കുന്നതിനു സഹായിച്ചേക്കാം, എന്നാൽ പ്രശ്നങ്ങൾ വിട്ടുപോകയില്ല. അതുകൊണ്ട് ആഹ്ലാദിക്കലിലൂടെ യഥാർത്ഥ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് “ചിത്തഭ്രമം” ആണ്, അത് നിരർത്ഥകമാണ്. അതുപോലെ “സന്തോഷിക്കൽ” ജീവിതത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നില്ല. ആഹ്ലാദവും ഉല്ലാസങ്ങളും അപ്രകാരം ഒരുവന്റെ പ്രവർത്തനത്തിൻമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സന്തോഷത്തിനു വിപരീതമായി വരുന്നു.—2:24.
നമുക്കുവേണ്ടിയുള്ള പാഠം: നാം ശലോമോന്റെ ബുദ്ധിയുപദേശം അനുസരിക്കയും ഭൗതിക ലാഭങ്ങൾക്കും രോമാഞ്ചജനകമായ പുതിയ അനുഭവങ്ങൾക്കും വേണ്ടിയുള്ള അനുധാവനം ജീവിതത്തിന്റെ ഏക ലക്ഷ്യമാക്കാതിരിക്കയും വേണം. പകരം നാം യഹോവയെ അനുസരിച്ചുകൊണ്ട് ‘അവന്റെ മുമ്പാകെ നല്ലവരായിരിക്കണം.’ അപ്പോൾ നാം അവന്റെ “ജ്ഞാനം, അറിവ്, സന്തോഷം” എന്നിവയുടെ അനുഗ്രഹം ആസ്വദിക്കും.—2:26.
എല്ലാറ്റിനും ഒരു സമയം
അദ്ധ്യായം 3, 4 വായിക്കുക. ശലോമോൻ ജീവിതത്തിന്റെ വിധി വിശ്വാസ വീക്ഷണത്തെ പിന്താങ്ങുകയല്ലായിരുന്നു (3:1-9). പകരം, ദൈവം മുന്നോട്ടു ചലിപ്പിച്ചിരിക്കുന്നതിനെ മനുഷ്യർക്ക് കേവലം മാററാൻ കഴിയുകയില്ല എന്നു അവൻ സൂചിപ്പിക്കുകയായിരുന്നു. (3:14) ഈ കാര്യത്തിൽ മനുഷ്യർ മൃഗങ്ങളെക്കാൾ മെച്ചമല്ല. (3:19-21). അതുകൊണ്ട് മത്സരാത്മാവിനെക്കാൾ (4:4) സഹകരണ മനോഭാവം (4:9-12) വളരെയധികം പ്രതിഫലദായകമായിരിക്കും.
◆ 3:11—ദൈവം സകലവും “അതതിന്റെ സമയത്തു ഭംഗിയായി” ഉണ്ടാക്കിയിരിക്കുന്നതെങ്ങനെ?
“ഭംഗി” എന്ന പദത്തിന് “നല്ലത്, ഉചിതം, യോജിച്ചത്” എന്നും അർത്ഥമുണ്ട്. ദൈവത്തിന്റെ ഓരോ പ്രവർത്തനവും അവന്റെ ഉദ്ദേശ്യത്തിന് യോജിക്കുന്ന ഉചിതമായ സ്ഥലത്ത് അതിന്റെ സ്വന്തം സമയത്ത് വെളിപ്പെടുത്തും. ദൈവം മനുഷ്യവർഗ്ഗത്തിനുവേണ്ടി അനേകം കാര്യങ്ങൾ “ഭംഗിയായി” ഉണ്ടാക്കിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, അവൻ മനുഷ്യർക്ക് ഏദെനിൽ ഒരു പൂർണ്ണതയുള്ള ആരംഭം നൽകി. മനുഷ്യൻ പാപത്തിൽ വീണപ്പോൾ അവൻ ഒരു വീണ്ടെടുപ്പുകാരനായ സന്തതിയുടെ വരവിനെക്കുറിച്ച് മുൻകൂട്ടി പറഞ്ഞു. തക്ക സമയത്ത് ദൈവം ആ സന്തതിയെ അയച്ചു. എല്ലാററിലും വച്ച് ‘ഏററവും ഭംഗിയായി’ യഹോവ ആ സന്തതിയെ തന്റെ രാജ്യത്തിന്റെ രാജാവാക്കി.
◆ 4:6—ശലോമോൻ ഒരു വിശ്രമ ജീവിതം ശുപാർശ ചെയ്യുകയായിരുന്നോ?
അല്ല. എന്നാൽ ലാഭത്തിനുവേണ്ടിയുള്ള കഠിനാദ്ധ്വാനവും സാമർത്ഥ്യവും മിക്കപ്പോഴും മത്സരത്തിലേക്കും വൈരാഗ്യത്തിലേക്കും നയിക്കുന്നു എന്ന് ശലോമോൻ നിരീക്ഷിച്ചു. (4:4) മറിച്ച്, ഇത് പ്രശ്നങ്ങൾക്കും നേരത്തെയുള്ള മരണത്തിനുംപോലും ഇടയാക്കാൻ കഴിയും. (1 തിമൊഥെയോസ് 6:9, 10) അതുകൊണ്ട് സമനിലയുള്ള വീക്ഷണമെന്താണ്? കഠിനാദ്ധ്വാനവും കലാപവും സഹിതമുള്ള ഇരട്ടി ലാഭത്തിനു പകരം സമാധാനത്തോടെ ഉള്ള കുറഞ്ഞ വരുമാനത്തിൽ തൃപ്തരായിരിക്കുക.
നമുക്കുവേണ്ടിയുള്ള പാഠം: വ്യക്തിപരമായ താല്പര്യങ്ങളിലുള്ള അത്യാശയ്ക്കു പകരം മുമ്പേ ദൈവത്തിന്റെ രാജ്യം അന്വേഷിക്കുന്നതിനുള്ള സമയമാണിത് (3:1). നാം ഒററപ്പെടുന്നതിനുപകരം സഹക്രിസ്ത്യാനികളോടുള്ള സഹകരണത്തിൽ പ്രവർത്തിക്കണം (4:9-12). ഈ വിധത്തിൽ പ്രയാസങ്ങളും എതിർപ്പുകളും ഉണ്ടെങ്കിലും നമുക്ക് ആവശ്യമായ സഹായവും പ്രോത്സാഹനവും ലഭ്യമാക്കാൻ കഴിയും.
സത്യാരാധന തൃപ്തിവരുത്തുന്നു
അദ്ധ്യായം 5, 6 വായിക്കുക. യഹോവ സർവ്വശക്തനാകയാൽ ഭോഷത്വപൂർവ്വവും നമ്മുടെ “യാഗം” സ്വീകരിക്കും എന്നു പ്രതീക്ഷിച്ചുകൊണ്ടും പ്രവർത്തിക്കാതെ നാം അവനുമായുള്ള ബന്ധത്തെ ഗൗരവപൂർവ്വം എടുക്കണം (5:1, 2). ദൈവത്തെ ഭയപ്പെടുന്നവൻ അവന്റെ ഭൗതിക സ്വത്ത് ഉപയോഗിക്കുന്നതിൽ നിന്ന് തൃപ്തിനേടും, എന്നാൽ അതുകൂട്ടിവെക്കുന്നവന് സന്തോഷം ലഭിക്കുന്നില്ല.—5:18-20; 6:2, 3—മായി താരതമ്യം ചെയ്യുക.
◆ 5:2—ഈ ഉപദേശം ബാധകമാക്കുന്നതെങ്ങനെ?
നാം നമ്മുടെ ഹൃദയത്തെ ദൈവത്തിലേക്കു പകരണം, എന്നാൽ അവന്റെ മഹത്വവും ഔന്നത്യവും നിമിത്തം ആവേശത്തോടുകൂടിയതും ചിന്താരഹിതവും ആയ വാക്കുകൾക്കെതിരെ നാം സൂക്ഷിക്കണം. (സങ്കീർത്തനം 62:8) കാടുകയറുന്നതിനു പകരം നാം ലളിതമായ ഹൃദയപൂർവ്വകമായ വാക്കുകൾ ഉപയോഗിക്കണം. (മത്തായി 6:7) മോശെ മിരിയാമിനുവേണ്ടി കേവലം അഞ്ചു ചുരുങ്ങിയ എബ്രായ വാക്കുകൾകൊണ്ട് അപേക്ഷിക്കയും അനുകൂലമായ മറുപടി ലഭിക്കയും ചെയ്തു.—സംഖ്യാപുസ്തകം 12:13.
◆ 6:9—“ദേഹിയുടെ സഞ്ചാരം എന്താണ്?
ഇവിടെ “ദേഹി”ക്ക് “മുഴുദേഹിയോടുകൂടിയ ആഗ്രഹം” എന്നർത്ഥമുണ്ട്. അതുകൊണ്ട് ഈ പ്രയോഗം, നിറവേററാൻ കഴിയാത്ത ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള അനന്തമായ തേട്ടത്തെ പരാമർശിക്കുന്നു. ഇത് “കണ്ണുകൊണ്ട് കാണുന്നതിൽ നിന്ന്” അതായത് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിൽ നിന്ന് വിപരീതമായിരിക്കുന്നു. അപ്രകാരം, ദൈവരാജ്യത്തിനു മാത്രമേ യഥാർത്ഥമാററം വരുത്താൻ കഴിയു എന്നറിഞ്ഞുകൊണ്ട് നാം തൃപ്തരായിരിക്കയും അയഥാർത്ഥ്യവും അപ്രാപ്യവുമായ ആഗ്രഹങ്ങളാൽ നമ്മുടെ സമാധാനം കെടുത്തിക്കളയാൻ അനുവദിക്കാതിരിക്കയും വേണം.
നമുക്കുവേണ്ടിയുള്ള പാഠം: നമ്മുടെ ആരാധനാസ്ഥലത്ത് നാം ഉചിതമായ അന്തസ്സോടെ പെരുമാറുകയും ശ്രദ്ധയുള്ളവരായിരിക്കയും വേണം (5:1) നാം യഹോവയുടെ മുമ്പാകെയുള്ള കടപ്പാടുകൾ നിറവേററുന്നതിൽ വേഗതയുള്ളവരും ആയിരിക്കണം, ഇതിൽ, നാം വിവാഹിതരെങ്കിൽ, നമ്മുടെ വിവാഹ ഉടമ്പടി നിറവേററുന്നതും ഉൾപ്പെടുന്നു.—5:4.
ജ്ഞാനത്തിന്റെ വാക്കുകൾ
അദ്ധ്യായം 7, 8 വായിക്കുക. സഭാസംഘാടകൻ മരണത്തിന്റെ ഗൗരവാവഹമായ പ്രഭാവത്തെയും (7:1-4) ജ്ഞാനത്തിന്റെ മൂല്യത്തെയും (7:11, 12, 16-19) കുറിച്ചു പരിചിന്തിക്കയും ദുഷിച്ച സ്ത്രീക്കെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു (7:26) ഭരണകർത്താക്കളോടു ബുദ്ധിപൂർവ്വം ഇടപെടുക (8:2-4) അനീതിക്കെതിരെ ചൂടാകാതിരിക്കുക (8:11-14) എന്നിങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ബുദ്ധിയുപദേശം നൽകുന്നു.
◆ 7:28—ഈ വാക്കുകൾ സ്ത്രീകളുടെ വിലയിടിക്കുകയാണോ?
നിലവിലിരുന്ന ധാർമ്മിക നിലവാരം വളരെ താഴ്ന്നതായിരുന്നു എന്നു പ്രകടമാകുന്നു. അതുകൊണ്ട് ശലോമോൻ ആ സമയത്തെ നീതിയുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും വിരളതയെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ആയിരം പേരിൽ നീതിയുള്ള ഒരു പുരുഷനെ കണ്ടെത്തുക പ്രയാസമായിരുന്നു, ഒരു നീതിയുള്ള സ്ത്രീയെ കണ്ടെത്തുന്നത് അതിലും പ്രയാസകരമായിരുന്നു. എന്നിരുന്നാലും, ബൈബിൾ “ഉത്തമ സ്ത്രീ”യെക്കുറിച്ചും “പ്രാപ്തിയുള്ള ഭാര്യ”യെ കുറിച്ചും പറയുന്നു (രൂത്ത് 3:11; സദൃശവാക്യങ്ങൾ 31:10) ഈ വാക്യം പ്രവചനപരമായിരുന്നേക്കാം, എന്തുകൊണ്ടെന്നാൽ യഹോവയോട് പൂർണ്ണ അനുസരണം കാണിച്ചിട്ടുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നിട്ടില്ല, എന്നാൽ അത്തരം ഒരു പുരുഷൻ ഉണ്ടായിരുന്നിട്ടുണ്ട്—യേശുക്രിസ്തു.
◆ 8:8—സഭാസംഘാടകൻ ഇവിടെ എന്തിനെക്കുറിച്ച് സംസാരിക്കയായിരുന്നു?
അവൻ മരണത്തെക്കുറിച്ചു സംസാരിക്കയായിരുന്നു. മരണദിവസം നീട്ടിവെക്കാൻ തക്കവണ്ണം ആർക്കും തന്റെ ജീവശക്തി തന്റെ കോശങ്ങളിൽ നിന്ന് വിട്ടുപോകുന്നതിനെ തടയാൻ സാദ്ധ്യമല്ല. നമ്മുടെ പൊതു ശത്രുവായ മരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ആർക്കും വിമുക്തിനേടുന്നതിനോ ഒരു പകരക്കാരനെ അയക്കുന്നതിനോ സാദ്ധ്യമല്ല. (സങ്കീർത്തനം 49:7-9) തങ്ങളുടെ കുടിലമായ പദ്ധതികളോടുകൂടെ ദുഷ്ടൻമാർ പോലും മരണത്തിൽ നിന്നു രക്ഷപെടുകയില്ല.
നമുക്കു വേണ്ടിയുള്ള പാഠം: ഭൗതിക സമ്പത്തുക്കൾ അനേകരുടെയും ജീവിത ലക്ഷ്യമായിത്തീർന്നിരിക്കുന്നെങ്കിലും ദൈവികജ്ഞാനത്തിനു മാത്രമേ നിത്യജീവനിലേക്കു നയിക്കാൻ സാദ്ധ്യമാകയുള്ളു. (7:12; ലൂക്കോസ് 12:15) ‘പഴയ നല്ല കാലത്തിനുവേണ്ടി വാഞ്ഛിക്കുന്നതിനാൽ നമുക്കു കാര്യങ്ങൾ മെച്ചമാക്കിത്തരികയില്ല (7:10). പകരം നാം തുടർന്നും ദൈവത്തെ ഭയപ്പെടുന്നെങ്കിൽ മാത്രമേ കാര്യങ്ങൾ നമുക്കു മെച്ചമായി “തിരിഞ്ഞു വരിക”യുള്ളു.—8:5, 12.
ജീവിതത്തിലെ യാദൃച്ഛിക സംഭവങ്ങൾ
അദ്ധ്യായം 9, 10 വായിക്കുക. ജീവിതം വിലയേറിയതാണ്. നാം അത് ആസ്വദിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (9:4, 7), ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങളിൻമേൽ നമുക്കു നിയന്ത്രണമില്ലാത്തതിനാൽ (9:11, 12), മിക്ക ആളുകളും വിലമതിക്കുന്നില്ലെങ്കിലും, ദൈവികജ്ഞാനത്തിനനുസരിച്ച് ജീവിക്കുന്നതാണ് മെച്ചം (9:17). ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ നിമിത്തം നാം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കയും (10:2) നാം ചെയ്യുന്ന എല്ലാററിലും ജാഗ്രത പാലിക്കയും പ്രായോഗിക ജ്ഞാനത്തോടെ പ്രവർത്തിക്കയും ചെയ്യണം.—10:8-10.
◆ 9:1—ദൈവത്തിന്റെ കരങ്ങളിൽ നീതിമാൻമാരുടെ പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കുന്നു?
ആപത്ത് ജ്ഞാനികളെയും നീതിമാൻമാരെയും വലയം ചെയ്യുമെങ്കിലും ഇത് ദൈവത്തിന്റെ അനുവാദത്തോടുകൂടി മാത്രമേ സംഭവിക്കയുള്ളു, അവൻ അവരെ ഉപേക്ഷിക്കയുമില്ല. ദൈവത്തിന്റെ “കരങ്ങളാൽ” അഥവാ പ്രയോഗിക്കപ്പെടുന്ന ശക്തിയാൽ നീതിമാൻമാർ ഒന്നുകിൽ ഒരു പരിശോധനയിൽ നിന്ന് വിടുവിക്കപ്പെടുകയോ അല്ലെങ്കിൽ അതു സഹിക്കുന്നതിനു ശക്തിപ്പെടുത്തപ്പെടുകയോ ചെയ്യും. (1 കൊരിന്ത്യർ 10:13) ഈ വസ്തുത ഓർമ്മിക്കുന്നതിനാൽ യഹോവയുടെ ഒരു ദാസന് പ്രയാസങ്ങൾ സംഭവിക്കുമ്പോൾ ആശ്വാസപ്പെടാൻ കഴിയും.
◆ 10:2—ഹൃദയം വലതു കൈയിൽ ആകുന്നതെങ്ങനെ?
“വലതു കൈ” മിക്കപ്പോഴും ഒരു ആനുകൂല്യത്തിന്റെ സ്ഥാനത്തെ കുറിക്കുന്നു. (മത്തായി 25:33) അതുകൊണ്ട് ജ്ഞാനിയുടെ ഹൃദയം “അവന്റെ വലതുകൈയിലാണ്” എന്ന വസ്തുത അത് അയാളെ ഒരു നല്ല ആനുകൂല്യത്തിന്റെ ഗതി പിൻതുടരുന്നതിന് പ്രേരിപ്പിക്കും എന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഭോഷന് നല്ല ആന്തരത്തിന്റെ അഭാവമുണ്ട്, ഭോഷത്വപൂർവ്വവും അനുചിതമായും പ്രവർത്തിക്കയും ചെയ്യും. അയാളുടെ ഹൃദയം “ഇടതു കൈയിലാണ്” എന്നതിനാൽ അയാൾ ഒരു തെററായ ഗതി പിൻതുടരുന്നതിന് പ്രേരിപ്പിക്കപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: നമ്മിൽ ഏതൊരുവനും മരണം പെട്ടെന്നു സംഭവിക്കാമെന്നുള്ളതിനാൽ (9:12), നാം നമ്മുടെ ജീവിതത്തെ യഹോവയുടെ സേവനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കണം, നമ്മുടെ ചരമം എല്ലാററിനും ഒരു വിരാമം ഇടും (9:10). ഒരു കുഴി കുഴിക്കുകയോ അല്ലെങ്കിൽ മരം വെട്ടുകയോ പോലെയുള്ള ലളിതമായ കാര്യങ്ങളിൽപോലുമുള്ള നമ്മുടെ കാര്യക്ഷമതക്കുറവുനിമിത്തം നമുക്കു തന്നെയും മററുള്ളവർക്കും അപകടം വരുത്താൻ കഴിയുമെന്നതിനാൽ നാം നമ്മുടെ സേവനത്തിൽ സാമർത്ഥ്യം നേടേണ്ട ആവശ്യമുണ്ട്.—10:8, 9.
ചെറുപ്പക്കാരനും ജീവിത ലക്ഷ്യവും
അദ്ധ്യായം 11, 12 വായിക്കുക. നാമെല്ലാം ഔദാര്യം പ്രകടിപ്പിക്കയും നിർണ്ണായകമായ നടപടി എടുക്കുകയും വേണം (11:1-6) സ്രഷ്ടാവിനെ സേവിക്കുന്നതിൽ തങ്ങളുടെ സമയവും ഊർജ്ജവും നന്നായി ഉപയോഗിക്കുന്ന യുവാക്കൾക്ക് പിന്നീടുള്ള ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടിവരില്ല (11:9, 10). പകരം, തങ്ങളുടെ ആരോഗ്യവും വീര്യവും നഷ്ടപ്പെടുന്നതിനു മുമ്പ് ദൈവത്തെ പ്രീതിപ്പെടുത്തിയതിലുള്ള സംതൃപ്തിയുണ്ടായിരിക്കും.—12:1-7, 1977 ഡിസംബർ 15, വാച്ച് ടവർ പേജ് 746 കാണുക.
◆ 11:1—അപ്രകാരം അപ്പം എറിയുന്നതിന്റെ അർത്ഥം എന്താണ്?
അപ്പം ജീവന്റെ ആധാരമാണ്. അതു “വെള്ളത്തിൽ” എറിയുന്നത് വിലയുള്ള എന്തെങ്കിലും പങ്കുവെക്കലാണ്. എന്നിരുന്നാലും “നിങ്ങൾ അതു വീണ്ടും കണ്ടെത്തും,” എന്തുകൊണ്ടെന്നാൽ അപ്രതീക്ഷിതമായ വിധത്തിൽ ഔദാര്യമുള്ള ഒരുവന് മടക്കി ലഭിക്കും.—ലൂക്കോസ് 6:38.
◆ 12:12—പുസ്തകങ്ങളെക്കുറിച്ച് അത്തരം നിഷേധാത്മക മനോഭാവം എന്തുകൊണ്ട്?
യഹോവയുടെ വചനത്തോടു താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിന്റെ ‘അന്തമില്ലാത്ത’ വാല്യങ്ങൾ വെറും മാനുഷ ന്യായങ്ങൾ അടങ്ങിയവയാണ്. ഈ ചിന്താഗതിയിൽ അധികവും സാത്താന്റെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നു (2 കൊരിന്ത്യർ 4:4) തദനുസരണം, അത്തരം ലൗകിക വസ്തുക്കളിലുള്ള “അധികമായ അർപ്പണം” നിലനിൽക്കുന്ന മൂല്യം ഉളവാക്കുന്നില്ല.
നമുക്കുവേണ്ടിയുള്ള പാഠം: ശലോമോനെപ്പോലെ നാമും ദൈവവചനം ജീവനെക്കുറിച്ചും പറയുന്നതിനെക്കുറിച്ചും ധ്യാനിക്കണം. അപ്പോൾ ദൈവത്തെ ഭയപ്പെടുകയും അനുസരിക്കയും ചെയ്യുന്നതിനുള്ള നമ്മുടെ തീരുമാനം ബലിഷ്ഠമാക്കപ്പെടും. യഹോവയ്ക്ക് നമ്മെ സംബന്ധിച്ച് ഏററവും അടുത്ത പരിഗണനയുണ്ടെന്നറിയുന്നത് (12:13, 14) നമ്മെ അവനോട് കൂടുതൽ അടുപ്പിക്കുന്നു.
അതുകൊണ്ട്, നമുക്ക് “സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിക്കാം.” ഇതു നമ്മുടെ കടമയാണ്, നമുക്ക് നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുകയും ചെയ്യും. (w87 9/15)