ദാനിയേൽ
3 നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ടുള്ള ഒരു പ്രതിമ ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും* വീതി 6 മുഴവും* ആയിരുന്നു. ബാബിലോൺ സംസ്ഥാനത്തിലെ ദൂരാ സമതലത്തിൽ അദ്ദേഹം അതു സ്ഥാപിച്ചു. 2 എന്നിട്ട്, സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും ഉപദേഷ്ടാക്കളും ധനകാര്യവിചാരകരും ന്യായാധിപന്മാരും മജിസ്റ്റ്രേട്ടുമാരും സംസ്ഥാനങ്ങളിലെ എല്ലാ അധികാരികളും താൻ സ്ഥാപിച്ച പ്രതിമയുടെ ഉദ്ഘാടനത്തിനു കൂടിവരാൻ നെബൂഖദ്നേസർ രാജാവ് സന്ദേശം അയച്ചു.
3 അങ്ങനെ, സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും ഉപദേഷ്ടാക്കളും ധനകാര്യവിചാരകരും ന്യായാധിപന്മാരും മജിസ്റ്റ്രേട്ടുമാരും സംസ്ഥാനങ്ങളിലെ എല്ലാ അധികാരികളും നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച പ്രതിമയുടെ ഉദ്ഘാടനത്തിനു കൂടിവന്നു; അവരെല്ലാം ആ പ്രതിമയുടെ മുന്നിൽ വന്ന് നിന്നു. 4 വിളംബരം ചെയ്യുന്നവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “ജനതകളേ, വിവിധരാജ്യക്കാരേ, വിവിധഭാഷക്കാരേ, നിങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: 5 കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കണം. 6 ആരെങ്കിലും വീണ് ആരാധിക്കാതിരുന്നാൽ ഉടൻ അയാളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയും.”+ 7 അതുകൊണ്ട്, കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേട്ടപ്പോൾ അവിടെ കൂടിയിരുന്ന എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിച്ചു.
8 ആ സമയത്ത് ചില കൽദയർ മുന്നോട്ടു വന്ന് ജൂതന്മാർക്കെതിരെ കുറ്റം ആരോപിച്ചു.* 9 അവർ നെബൂഖദ്നേസർ രാജാവിനോടു പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 10 രാജാവേ, കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ എല്ലാവരും വീണ് സ്വർണപ്രതിമയെ ആരാധിക്കണമെന്ന് അങ്ങ് കല്പിച്ചല്ലോ. 11 ആരെങ്കിലും വീണ് ആരാധിക്കാതിരുന്നാൽ അയാളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയണം എന്നും കല്പിച്ചിരുന്നല്ലോ.+ 12 എന്നാൽ, അങ്ങ് ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏൽപ്പിച്ച ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ+ എന്നീ ജൂതന്മാരുണ്ടല്ലോ; രാജാവേ, അവർ അങ്ങയെ ഒട്ടും വകവെക്കുന്നില്ല. അവർ അങ്ങയുടെ ദൈവങ്ങളെ സേവിക്കുന്നില്ല. മാത്രമല്ല, അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാനും വിസമ്മതിക്കുന്നു.”
13 അതു കേട്ട് കോപപരവശനായ നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും തന്റെ മുന്നിൽ ഹാജരാക്കാൻ കല്പിച്ചു. അങ്ങനെ, അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു. 14 നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്-നെഗൊയേ, നിങ്ങൾ എന്റെ ദൈവങ്ങളെ സേവിക്കുന്നില്ലെന്നും+ ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ കൂട്ടാക്കുന്നില്ലെന്നും കേട്ടതു നേരാണോ? 15 ഇപ്പോൾ കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ വീണ് ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ തയ്യാറായാൽ നല്ലത്. ആരാധിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഉടനടി നിങ്ങളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയും. എന്റെ കൈകളിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഏതു ദൈവത്തിനു കഴിയുമെന്നു നോക്കട്ടെ.”+
16 ശദ്രക്കും മേശക്കും അബേദ്-നെഗൊയും രാജാവിനോടു പറഞ്ഞു: “നെബൂഖദ്നേസറേ, ഇക്കാര്യത്തിൽ ഞങ്ങൾ പ്രത്യേകിച്ചു മറുപടിയൊന്നും പറയേണ്ടതില്ല. 17 രാജാവേ, ഞങ്ങളെ തീച്ചൂളയിൽ ഇട്ടാൽപ്പോലും ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു കത്തിജ്വലിക്കുന്ന തീച്ചൂളയിൽനിന്നും അങ്ങയുടെ കൈകളിൽനിന്നും ഞങ്ങളെ രക്ഷിക്കാനാകും.+ 18 എന്നാൽ, ദൈവം അങ്ങനെ ചെയ്യുന്നില്ലെങ്കിലും രാജാവേ, ഇത് അറിഞ്ഞാലും: ഞങ്ങൾ അങ്ങയുടെ ദൈവങ്ങളെ സേവിക്കുകയോ അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കുകയോ ഇല്ല.”+
19 ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും മറുപടി കേട്ട് നെബൂഖദ്നേസറിന് കോപം അടക്കാനായില്ല; രാജാവിന്റെ മുഖഭാവം* ആകെ മാറി. ചൂള പതിവിലും ഏഴു മടങ്ങു ചൂടാക്കാൻ രാജാവ് കല്പിച്ചു. 20 ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും ബന്ധിച്ച് കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയാൻ രാജാവ് തന്റെ സൈന്യത്തിലെ ബലവാന്മാരായ ചിലരോട് ആജ്ഞാപിച്ചു.
21 അങ്ങനെ അവരെ, മേലങ്കിയും കുപ്പായവും തൊപ്പിയും മറ്റെല്ലാ വസ്ത്രങ്ങളും സഹിതം വരിഞ്ഞുകെട്ടി കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു. 22 രാജാവിന്റെ ആജ്ഞ കർശനമായിരുന്നു, ചൂള അസാധാരണമായി ചൂടുള്ളതും; അതുകൊണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും കൊണ്ടുപോയവരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു. 23 എന്നാൽ ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നീ മൂന്നു പുരുഷന്മാർ ബന്ധനസ്ഥരായി കത്തിജ്വലിക്കുന്ന തീച്ചൂളയിൽ വീണു.
24 നെബൂഖദ്നേസർ രാജാവ് പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റ് തന്റെ ഉന്നതോദ്യോഗസ്ഥരോടു പറഞ്ഞു: “മൂന്നു പുരുഷന്മാരെയല്ലേ നമ്മൾ ബന്ധിച്ച് തീയിൽ എറിഞ്ഞത്?” “അതെ രാജാവേ” എന്ന് അവർ മറുപടി പറഞ്ഞു. 25 രാജാവ് പറഞ്ഞു: “പക്ഷേ കണ്ടോ! തീയുടെ നടുവിൽ നാലു പുരുഷന്മാർ സ്വതന്ത്രരായി നടക്കുന്നു. അവർക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. നാലാമനെ കണ്ടിട്ട് ദൈവങ്ങളുടെ ഒരു പുത്രനെപ്പോലിരിക്കുന്നു.”
26 നെബൂഖദ്നേസർ കത്തിജ്വലിക്കുന്ന തീച്ചൂളയുടെ വാതിലിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അത്യുന്നതദൈവത്തിന്റെ+ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്-നെഗൊയേ, പുറത്ത് വരൂ!” ശദ്രക്കും മേശക്കും അബേദ്-നെഗൊയും തീയുടെ നടുവിൽനിന്ന് പുറത്ത് വന്നു. 27 അവിടെ കൂടിയിരുന്ന സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും രാജാവിന്റെ ഉന്നതോദ്യോഗസ്ഥരും+ നോക്കിയപ്പോൾ ആ പുരുഷന്മാരുടെ ശരീരത്തിൽ അൽപ്പംപോലും പൊള്ളൽ ഏറ്റിട്ടില്ല.+ അവരുടെ ഒറ്റ മുടിപോലും കരിഞ്ഞിട്ടില്ല. മേലങ്കികൾ അതുപോലെതന്നെ ഇരിക്കുന്നു. അവരുടെ ദേഹത്ത് തീയുടെ മണംപോലുമില്ലായിരുന്നു.
28 അപ്പോൾ, നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ.+ സ്വന്തം ദൂതനെ അയച്ച് ദൈവം തന്റെ ഈ ദാസന്മാരെ രക്ഷിച്ചല്ലോ. അവർ അവരുടെ ദൈവത്തിൽ ആശ്രയിച്ച് രാജകല്പനപോലും ലംഘിച്ചു. അവരുടെ ദൈവത്തെയല്ലാതെ മറ്റ് ഒരു ദൈവത്തെയും സേവിക്കാനോ ആരാധിക്കാനോ അവർ തയ്യാറായില്ല. അതിനുവേണ്ടി മരിക്കാനും അവർ ഒരുക്കമായിരുന്നു.+ 29 അതുകൊണ്ട്, എന്റെ ആജ്ഞ കേട്ടുകൊള്ളൂ! ഏതെങ്കിലും ജനതയോ രാജ്യക്കാരോ ഭാഷക്കാരോ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും ദൈവത്തിന് എതിരെ എന്തെങ്കിലും മിണ്ടിയാൽ അവരെ തുണ്ടംതുണ്ടമാക്കും. അവരുടെ വീടുകൾ പൊതുശൗചാലയമാക്കും.* രക്ഷിക്കാൻ ഇതുപോലെ കഴിവുള്ളൊരു ദൈവം വേറെയില്ലല്ലോ.”+
30 തുടർന്ന്, രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്-നെഗൊയ്ക്കും ബാബിലോൺ സംസ്ഥാനത്ത് സ്ഥാനക്കയറ്റം* നൽകി.+