യോന
1 അമിത്ഥായിയുടെ മകൻ യോനയ്ക്ക്*+ യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: 2 “നീ മഹാനഗരമായ നിനെവെയിലേക്കു+ ചെന്ന് അതിനു ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രഖ്യാപിക്കുക. അവരുടെ ദുഷ്ടത എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.”
3 പക്ഷേ യോന യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്ക് ഓടിപ്പോകാൻ തീരുമാനിച്ച് യോപ്പയിൽ ചെന്നു, അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. യഹോവയിൽനിന്ന് അകലെ, തർശീശിലേക്കു പോകാനായി യോന യാത്രക്കൂലി കൊടുത്ത് അവരോടൊപ്പം ആ കപ്പലിൽ കയറി.
4 യഹോവ കടലിൽ ശക്തമായ ഒരു കാറ്റ് അടിപ്പിച്ചു. കടൽ ഉഗ്രമായി ക്ഷോഭിച്ചു, കപ്പൽ തകരുമെന്നായി! 5 നാവികരെല്ലാം ഭയന്നുവിറച്ചു. അവർ ഓരോരുത്തരും സഹായത്തിനായി അവരവരുടെ ദൈവത്തെ വിളിച്ച് പ്രാർഥിക്കാൻതുടങ്ങി. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ അതിലുള്ള സാധനങ്ങൾ കടലിൽ എറിഞ്ഞു.+ എന്നാൽ യോന കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. 6 കപ്പിത്താൻ യോനയുടെ അടുത്ത് ചെന്ന് പറഞ്ഞു: “നീ എന്താണു കിടന്ന് ഉറങ്ങുന്നത്? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ച് പ്രാർഥിക്കൂ! ചിലപ്പോൾ സത്യദൈവം നമ്മളോടു കരുണ കാണിച്ച് നമ്മളെ രക്ഷിച്ചേക്കും.”+
7 അവർ പരസ്പരം പറഞ്ഞു: “വരൂ, ഈ ദുരന്തത്തിന് ഉത്തരവാദി ആരാണെന്ന് അറിയാൻ നമുക്കു നറുക്കിട്ട് നോക്കാം.”+ അവർ നറുക്കിട്ടു, നറുക്കു യോനയ്ക്കു വീണു.+ 8 അവർ യോനയോടു ചോദിച്ചു: “ഞങ്ങളോടു പറയൂ, നമുക്കു വന്ന ഈ ദുരന്തത്തിന് ആരാണ് ഉത്തരവാദി? എന്താണു താങ്കളുടെ ജോലി? എവിടെനിന്നാണു താങ്കൾ വരുന്നത്? താങ്കൾ ഏതു രാജ്യക്കാരനാണ്, ഏതു ജനതയിൽപ്പെട്ടയാളാണ്?”
9 യോന പറഞ്ഞു: “ഞാനൊരു എബ്രായനാണ്. കടലും കരയും ഉണ്ടാക്കിയ, സ്വർഗത്തിലെ ദൈവമായ യഹോവയെ ഭയപ്പെടുന്നവനാണു* ഞാൻ.”
10 അതു കേട്ടപ്പോൾ അവർക്ക് ഒന്നുകൂടെ ഭയമായി. അവർ ചോദിച്ചു: “താങ്കൾ എന്താണു ചെയ്തത്?” (താൻ യഹോവയുടെ അടുത്തുനിന്ന് ഓടിപ്പോകുകയാണെന്നു യോന പറഞ്ഞ് അവർ അറിഞ്ഞിരുന്നു.) 11 കടൽ കൂടുതൽക്കൂടുതൽ ക്ഷോഭിച്ചപ്പോൾ അവർ യോനയോടു ചോദിച്ചു: “ഞങ്ങൾ താങ്കളെ എന്തു ചെയ്താലാണ് ഈ കടലൊന്നു ശാന്തമാകുക?” 12 യോന പറഞ്ഞു: “എന്നെ എടുത്ത് കടലിൽ ഇടുക, അപ്പോൾ കടൽ ശാന്തമാകും. കടൽ നിങ്ങളോട് ഇത്ര കോപിക്കാൻ കാരണക്കാരൻ ഞാനാണെന്ന് എനിക്ക് അറിയാം.” 13 എങ്കിലും കപ്പൽ കരയ്ക്കെത്തിക്കാൻ അവർ ആഞ്ഞ് തുഴഞ്ഞു. പക്ഷേ, ചുറ്റുമുള്ള കടൽ കൂടുതൽക്കൂടുതൽ ക്ഷോഭിച്ചതുകൊണ്ട് അവർക്ക് അതിനു കഴിഞ്ഞില്ല.
14 അപ്പോൾ അവർ യഹോവയെ വിളിച്ച് പ്രാർഥിച്ചു: “അയ്യോ യഹോവേ, ഇയാൾ കാരണം ഞങ്ങൾ നശിച്ചുപോകരുതേ! നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം ഞങ്ങളുടെ മേൽ ചുമത്തരുതേ. യഹോവേ, എല്ലാം അങ്ങയുടെ ഇഷ്ടമനുസരിച്ചാണല്ലോ നടക്കുന്നത്.” 15 എന്നിട്ട് അവർ യോനയെ എടുത്ത് കടലിലേക്ക് ഇട്ടു; കടൽ ശാന്തമായി. 16 അപ്പോൾ അവർക്ക് യഹോവയോടു വലിയ ഭയം തോന്നി.+ അവർ യഹോവയ്ക്കൊരു ബലി അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
17 യോനയെ വിഴുങ്ങാൻ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ മൂന്നു പകലും മൂന്നു രാത്രിയും യോന മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞു.+