യഹസ്കേൽ
12 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നീ ഒരു മത്സരഗൃഹത്തിലാണു കഴിയുന്നത്. കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല.+ കാരണം, അവർ ഒരു മത്സരഗൃഹമാണ്.+ 3 മനുഷ്യപുത്രാ, ബന്ദിയായി പ്രവാസത്തിലേക്കു* പോകുന്നവന്റേതുപോലുള്ള ഒരു ഭാണ്ഡം നീ ഒരുക്കുക. എന്നിട്ട് അവർ കാൺകെ, പകൽസമയത്ത് നീ പ്രവാസത്തിലേക്കു പോകണം. നിന്റെ വീട്ടിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് അവർ കാൺകെ ഒരു പ്രവാസിയായി നീ പോകണം. അവർ ഒരു മത്സരഗൃഹമാണെങ്കിലും ചിലപ്പോൾ അവർക്കു കാര്യം മനസ്സിലായാലോ? 4 പ്രവാസത്തിലേക്കു പോകാൻ നീ തയ്യാറാക്കിയ ഭാണ്ഡം പകൽസമയത്ത് അവർ കാൺകെ പുറത്തേക്കു കൊണ്ടുവരണം. എന്നിട്ട് ബന്ദിയായി പ്രവാസത്തിലേക്കു പോകുന്നവനെപ്പോലെ+ അവർ കാൺകെ വൈകുന്നേരം അവിടം വിടണം.
5 “അവർ കാൺകെ ചുവരിൽ ഒരു ദ്വാരം ഉണ്ടാക്കുക. എന്നിട്ട് അതിലൂടെ നിന്റെ സാധനങ്ങൾ പുറത്ത് കൊണ്ടുവരണം.+ 6 അവർ കാൺകെ നിന്റെ സാധനങ്ങൾ തോളിലേറ്റി അതുമായി ഇരുട്ടത്ത് പുറത്ത് കടക്കുക. നിലം കാണാൻ കഴിയാത്തതുപോലെ നീ മുഖം മൂടണം. കാരണം, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു അടയാളമാക്കുകയാണ്.”+
7 എന്നോടു കല്പിച്ചതുപോലെതന്നെ ഞാൻ ചെയ്തു. ബന്ദിയായി പ്രവാസത്തിലേക്കു പോകുന്നവന്റേതുപോലുള്ള എന്റെ ഭാണ്ഡം ഞാൻ പകൽസമയത്ത് പുറത്തേക്കു കൊണ്ടുവന്നു. വൈകുന്നേരം ഞാൻ എന്റെ കൈകൊണ്ട് ചുവരിൽ ഒരു ദ്വാരമുണ്ടാക്കി. ഇരുട്ടിയപ്പോൾ അവർ കാൺകെ ഞാൻ എന്റെ സാധനങ്ങൾ തോളിലേറ്റി പുറത്ത് കടന്നു.
8 രാവിലെ എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 9 “മനുഷ്യപുത്രാ, ‘നീ എന്താണ് ഈ ചെയ്യുന്നത്’ എന്നു മത്സരഗൃഹമായ ഇസ്രായേൽഗൃഹം നിന്നോടു ചോദിച്ചല്ലോ. 10 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഈ പ്രഖ്യാപനം യരുശലേമിലുള്ള തലവനെക്കുറിച്ചും+ നഗരത്തിലുള്ള മുഴുവൻ ഇസ്രായേൽഗൃഹത്തെക്കുറിച്ചും ഉള്ളതാണ്.”’
11 “നീ അവരോടു പറയണം: ‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാണ്.+ ഞാൻ ചെയ്തതുതന്നെയാണ് അവരുടെ കാര്യത്തിലും സംഭവിക്കാൻപോകുന്നത്. അവരെ ബന്ദികളായി, അടിമത്തത്തിലേക്ക്, കൊണ്ടുപോകും.+ 12 അവരുടെ ഇടയിലുള്ള തലവൻ അയാളുടെ സാധനങ്ങളും തോളിലേറ്റി ഇരുട്ടത്ത് അവിടം വിടും. അയാൾ മതിലിൽ ഒരു ദ്വാരം ഉണ്ടാക്കി അയാളുടെ സാധനങ്ങൾ അതിലേ പുറത്ത് കൊണ്ടുവരും.+ നിലം കാണാൻ കഴിയാത്തതുപോലെ അയാൾ മുഖം മൂടും.’ 13 ഞാൻ എന്റെ വല അയാളുടെ മേൽ വീശിയെറിയും. അയാൾ അതിൽ കുടുങ്ങും.+ എന്നിട്ട് ഞാൻ അയാളെ കൽദയദേശമായ ബാബിലോണിലേക്കു കൊണ്ടുപോകും. പക്ഷേ അയാൾ അതു കാണില്ല. അവിടെവെച്ച് അയാൾ മരിക്കും.+ 14 അയാളുടെകൂടെയുള്ള എല്ലാവരെയും, അയാളുടെ സഹായികളെയും സൈന്യത്തെയും, ഞാൻ നാലുപാടും ചിതറിക്കും.+ ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്ക്കും.+ 15 ഞാൻ അവരെ ജനതകളുടെ ഇടയിലേക്ക് ഓടിക്കുമ്പോഴും പല ദേശങ്ങളിലേക്കു ചിതറിക്കുമ്പോഴും ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 16 പക്ഷേ അവർ ചെല്ലുന്നിടത്തെ ജനതകളോടു തങ്ങളുടെ വൃത്തികെട്ട ആചാരങ്ങളെക്കുറിച്ച് പറയാൻവേണ്ടി ഞാൻ അവരിൽ കുറച്ച് പേരെ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും ജീവനോടെ രക്ഷിക്കും. അങ്ങനെ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”
17 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 18 “മനുഷ്യപുത്രാ, നീ വിറയലോടെ നിന്റെ അപ്പം തിന്നുകയും പരിഭ്രമത്തോടെയും ഉത്കണ്ഠയോടെയും നിന്റെ വെള്ളം കുടിക്കുകയും വേണം.+ 19 ദേശത്തെ ജനത്തോടു നീ പറയണം: ‘ഇസ്രായേൽ ദേശത്തെ യരുശലേമിൽ താമസിക്കുന്നവരോടു പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “അവർ ഉത്കണ്ഠയോടെ അപ്പം തിന്നുകയും ഭീതിയോടെ വെള്ളം കുടിക്കുകയും ചെയ്യും. കാരണം, ദേശത്ത് താമസിക്കുന്നവരുടെയെല്ലാം അക്രമം+ നിമിത്തം ആ ദേശം തീർത്തും വിജനമാകാൻപോകുകയാണ്.+ 20 ജനവാസമുള്ള നഗരങ്ങൾ നാമാവശേഷമാകും; ദേശം ഒരു പാഴിടവും.+ അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”+
21 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നു; ദിവ്യദർശനങ്ങളോ ഒന്നുപോലും നിറവേറുന്നില്ല’ എന്നിങ്ങനെ ഇസ്രായേലിൽ ഒരു ചൊല്ലുണ്ടല്ലോ.+ 23 അതുകൊണ്ട് അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ ആ ചൊല്ല് ഇല്ലാതാക്കും. ആ പഴഞ്ചൊല്ല് ഇനി ഒരിക്കലും ഇസ്രായേലിൽ കേൾക്കില്ല.”’ നീ അവരോടു പറയണം: ‘ആ നാളുകൾ ഇങ്ങെത്തി.+ എല്ലാ ദിവ്യദർശനങ്ങളും നിറവേറും.’ 24 ഇസ്രായേൽഗൃഹത്തിൽ വ്യാജദർശനങ്ങളോ മുഖസ്തുതിയായുള്ള* ഭാവിപ്രവചനങ്ങളോ ഇനിയുണ്ടാകില്ല.+ 25 ‘“കാരണം, യഹോവ എന്ന ഞാൻ സംസാരിക്കും. എന്റെ വചനങ്ങളെല്ലാം ഞാൻ ഒട്ടും കാലതാമസംകൂടാതെ നടപ്പാക്കും.+ മത്സരഗൃഹമേ, നിങ്ങളുടെ കാലത്തുതന്നെ+ ഞാൻ പറയുകയും പറഞ്ഞതു നിവർത്തിക്കുകയും ചെയ്യും” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’”
26 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 27 “മനുഷ്യപുത്രാ, ഇസ്രായേൽ ജനം* പറയുന്നതു കേട്ടോ? ‘അയാൾ കാണുന്ന ദർശനം അടുത്തെങ്ങും സംഭവിക്കാനുള്ളതല്ല. വിദൂരഭാവിയെക്കുറിച്ചാണ് അയാൾ പ്രവചിക്കുന്നത്’ എന്നാണ് അവർ പറയുന്നത്.+ 28 അതുകൊണ്ട് നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “‘എന്റെ വചനങ്ങൾക്കൊന്നും കാലതാമസമുണ്ടാകില്ല. ഞാൻ പറയുന്നതെല്ലാം അങ്ങനെതന്നെ നടക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’”