ഇയ്യോബ്
11 നയമാത്യനായ സോഫർ+ അപ്പോൾ ഇങ്ങനെ പറഞ്ഞു:
2 “നീ ഈ പറഞ്ഞതിനെല്ലാം മറുപടി ലഭിക്കാതിരിക്കുമോ?
അധികം സംസാരിച്ചെന്നു കരുതി ഒരുവൻ* നീതിമാനായിത്തീരുമോ?
3 നിന്റെ മണ്ടത്തരം കേട്ട് ആളുകൾ മിണ്ടാതിരിക്കുമോ?
നിന്റെ പരിഹാസവാക്കുകൾ കേട്ട് നിന്നെ ശാസിക്കാതിരിക്കുമോ?+
4 ‘ഞാൻ പഠിപ്പിച്ചതെല്ലാം സത്യമാണ്,+
ഞാൻ തിരുമുമ്പാകെ ശുദ്ധിയുള്ളവനാണ്’+ എന്നു നീ പറയുന്നല്ലോ.
5 ദൈവം നിന്നോടു മറുപടി പറഞ്ഞിരുന്നെങ്കിൽ,
വായ് തുറന്ന് നിന്നോടു സംസാരിച്ചിരുന്നെങ്കിൽ,+ എത്ര നന്നായിരുന്നു!
6 അപ്പോൾ ദൈവം നിനക്കു ജ്ഞാനത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയേനേ,
ജ്ഞാനത്തിനു* പല വശങ്ങളുണ്ടല്ലോ.
ദൈവം നിന്റെ ചില തെറ്റുകൾ മറന്നുകളഞ്ഞെന്ന് അപ്പോൾ നീ മനസ്സിലാക്കിയേനേ.
7 ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ നിനക്കാകുമോ?
സർവശക്തനെക്കുറിച്ചുള്ള സകല വിവരങ്ങളും* കണ്ടെത്താൻ നിനക്കു കഴിയുമോ?
8 അത് ആകാശത്തെക്കാൾ ഉയർന്നതാണ്, നീ എവിടെവരെ എത്തും?
അതു ശവക്കുഴിയെക്കാൾ* ആഴമുള്ളതാണ്, നിനക്ക് എത്രത്തോളം മനസ്സിലാകും?
9 അതിനു ഭൂമിയെക്കാൾ നീളവും
സമുദ്രത്തെക്കാൾ വീതിയും ഉണ്ട്.
10 ദൈവം കടന്നുപോകുമ്പോൾ ഒരുവനെ പിടിച്ച് വിസ്തരിച്ചാൽ
ആർക്കു തടയാനാകും?
11 മനുഷ്യർ വഞ്ചന കാട്ടുമ്പോൾ ദൈവത്തിനു മനസ്സിലാകാതിരിക്കുമോ?
ദുഷ്ടത കാണുമ്പോൾ ദൈവം ശ്രദ്ധിക്കാതിരിക്കുമോ?
13 നീ നിന്റെ ഹൃദയം നേരെയാക്കി
ദൈവത്തിലേക്കു കൈ നീട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
14 നിന്റെ കൈകൾ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ അത് ഉപേക്ഷിച്ചുകളയുക,
നിന്റെ കൂടാരങ്ങളിൽ അനീതി വസിക്കാതിരിക്കട്ടെ.
15 അപ്പോൾ നിനക്കു കളങ്കമൊന്നും കൂടാതെ നിന്റെ മുഖം ഉയർത്താനാകും;
പേടി കൂടാതെ ധൈര്യമായി നിൽക്കാനാകും.
16 അപ്പോൾ നീ നിന്റെ പ്രശ്നങ്ങളെല്ലാം മറക്കും;
അരികിലൂടെ ഒഴുകിപ്പോയ വെള്ളംപോലെയേ നീ അവയെ ഓർക്കൂ.
17 നിന്റെ ജീവിതം നട്ടുച്ചയെക്കാൾ പ്രകാശമുള്ളതായിരിക്കും;
അതിലെ ഇരുട്ടുപോലും പ്രഭാതംപോലെയായിരിക്കും.
18 നിനക്കു പ്രത്യാശയുള്ളതുകൊണ്ട് നീ ധൈര്യമായിരിക്കും,
നീ ചുറ്റും നോക്കിയിട്ട് സമാധാനത്തോടെ കിടന്നുറങ്ങും.
19 നീ സ്വസ്ഥമായി കിടക്കും, ആരും നിന്നെ പേടിപ്പിക്കില്ല;
നിന്റെ പ്രീതി തേടി അനേകർ വരും.