യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്
5 യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചവരാണ്.+ പിതാവിനെ സ്നേഹിക്കുന്നവരെല്ലാം പിതാവിൽനിന്ന് ജനിച്ചവരെയും സ്നേഹിക്കുന്നു. 2 നമ്മൾ ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ, നമ്മൾ ദൈവമക്കളെയും+ സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. 3 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.+ ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.+ 4 കാരണം ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെ* ലോകത്തെ കീഴടക്കുന്നു.+ ലോകത്തെ കീഴടക്കാൻ നമ്മളെ പ്രാപ്തരാക്കിയതു നമ്മുടെ വിശ്വാസമാണ്.+
5 ആർക്കാണു ലോകത്തെ കീഴടക്കാനാകുന്നത്?+ യേശു ദൈവപുത്രനാണെന്നു+ വിശ്വസിക്കുന്നയാൾക്കല്ലേ അതിനു കഴിയൂ? 6 വെള്ളത്താലും രക്തത്താലും വന്നവനാണു യേശുക്രിസ്തു. അതെ, വെള്ളത്തോടെ മാത്രമല്ല,+ വെള്ളത്തോടും രക്തത്തോടും കൂടെ.+ ഇതെക്കുറിച്ച് ദൈവാത്മാവ് സാക്ഷ്യപ്പെടുത്തുന്നു;+ ദൈവാത്മാവ് സത്യമാണല്ലോ. 7 സാക്ഷി പറയുന്നവർ മൂന്നുണ്ട്: 8 ദൈവാത്മാവ്,+ വെള്ളം,+ രക്തം.+ ഇവർ മൂന്നും യോജിപ്പിലാണ്.
9 മനുഷ്യരുടെ സാക്ഷിമൊഴി നമ്മൾ സ്വീകരിക്കാറുണ്ടല്ലോ. ദൈവം പുത്രനെക്കുറിച്ച് സാക്ഷി പറഞ്ഞിരിക്കുന്നതുകൊണ്ട് ദൈവത്തിന്റെ സാക്ഷിമൊഴി അതിലും എത്രയോ വലുതാണ്. 10 ദൈവപുത്രനിൽ വിശ്വസിക്കുന്നയാളുടെ ഉള്ളിൽ ദൈവത്തിന്റെ സാക്ഷിമൊഴികളുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്തയാൾ ദൈവത്തെ ഒരു നുണയനാക്കിയിരിക്കുന്നു.+ കാരണം ദൈവം പുത്രനെക്കുറിച്ച് നൽകിയ സാക്ഷിമൊഴിയിൽ അയാൾ വിശ്വസിക്കുന്നില്ല. 11 ദൈവം നമുക്കു നിത്യജീവൻ+ നൽകിയെന്നും തന്റെ പുത്രനിലൂടെയാണ്+ ഈ ജീവൻ നമുക്കു ലഭിക്കുന്നതെന്നും ഉള്ളതാണ് ആ സാക്ഷിമൊഴി. 12 പുത്രനെ അംഗീകരിക്കുന്നവനു നിത്യജീവനുണ്ട്; ദൈവപുത്രനെ അംഗീകരിക്കാത്തവന് ഈ ജീവനില്ല.+
13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ടെന്നു+ നിങ്ങൾ അറിയാൻവേണ്ടിയാണു ഞാൻ നിങ്ങൾക്ക് ഇത് എഴുതുന്നത്.+ 14 ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും+ ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.+ 15 നമ്മൾ എന്ത് അപേക്ഷിച്ചാലും ദൈവം അതു കേൾക്കുമെന്ന് ഉറപ്പുള്ളതിനാൽ ദൈവത്തോടു ചോദിച്ചതു തീർച്ചയായും ലഭിക്കുമെന്നും നമുക്ക് അറിയാം.+
16 സഹോദരൻ മരണശിക്ഷ അർഹിക്കാത്ത ഒരു പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അയാൾ ആ സഹോദരനുവേണ്ടി പ്രാർഥിക്കണം. ദൈവം ആ വ്യക്തിക്കു ജീവൻ നൽകും.+ മരണശിക്ഷ അർഹിക്കാത്ത പാപം ചെയ്യുന്നവരുടെ കാര്യത്തിലാണ് ഇത്. എന്നാൽ മരണശിക്ഷ അർഹിക്കുന്ന പാപവുമുണ്ട്.+ ഇങ്ങനെയുള്ള പാപം ചെയ്യുന്നയാൾക്കുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. 17 എല്ലാ അനീതിയും പാപമാണ്.+ എന്നാൽ മരണശിക്ഷ അർഹിക്കാത്ത പാപവുമുണ്ട്.
18 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ലെന്നു നമുക്ക് അറിയാം. ദൈവത്തിൽനിന്ന് ജനിച്ചവൻ* അയാളെ കാക്കുന്നു; അതുകൊണ്ട് ദുഷ്ടന് അയാളെ തൊടാൻപോലും പറ്റില്ല.+ 19 നമ്മൾ ദൈവത്തിൽനിന്നുള്ളവരാണെന്നു നമുക്ക് അറിയാം. പക്ഷേ ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.+ 20 എന്നാൽ ദൈവപുത്രൻ വന്നെന്നും+ നമ്മൾ സത്യദൈവത്തെക്കുറിച്ച് അറിവ് നേടാനായി നമുക്ക് ഉൾക്കാഴ്ച* തന്നെന്നും നമുക്ക് അറിയാം. പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവവുമായി യോജിപ്പിലുമാണ്.+ ഈ ദൈവമാണു സത്യദൈവവും നിത്യജീവനും.+ 21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിച്ചുകൊള്ളൂ.+