യിരെമ്യ
33 യിരെമ്യ ഇപ്പോഴും കാവൽക്കാരുടെ മുറ്റത്ത് തടവിൽ കഴിയുകയാണ്.+ അപ്പോൾ യിരെമ്യക്കു രണ്ടാം പ്രാവശ്യം യഹോവയുടെ സന്ദേശം കിട്ടി: 2 “ഭൂമിയെ സൃഷ്ടിച്ച യഹോവ, അതിനെ രൂപപ്പെടുത്തി സുസ്ഥിരമായി സ്ഥാപിച്ച യഹോവ, യഹോവ എന്നു പേരുള്ള ദൈവം, പറയുന്നത് ഇതാണ്: 3 ‘എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം. നിനക്ക് അറിയാത്ത വലുതും ദുർഗ്രഹവും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം.’”+
4 “ആക്രമിക്കാൻ ഉണ്ടാക്കിയ തിട്ടകൾക്കും വാളിനും എതിരെ പ്രതിരോധം തീർക്കാൻവേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യഹൂദാരാജാക്കന്മാരുടെ വീടുകളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു.+ 5 കൽദയരോടു പോരാടാൻ വരുന്നവരെക്കുറിച്ചും തന്റെ കോപത്തിനും ക്രോധത്തിനും ഇരയായവരുടെ ശവശരീരങ്ങൾ നിറയുന്ന ഈ സ്ഥലത്തെക്കുറിച്ചും ദൈവം പറയുന്നു. ജനത്തിന്റെ ദുഷ്ടത കാരണം ഈ നഗരത്തിൽനിന്ന് ദൈവം മുഖം മറച്ചുകളഞ്ഞിരിക്കുന്നു. 6 ദൈവം പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, അവളെ സുഖപ്പെടുത്തി അവൾക്ക് ആരോഗ്യം കൊടുക്കുന്നു.+ ഞാൻ അവരെ സുഖപ്പെടുത്തി അവർക്കു സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി+ എന്തെന്നു കാണിച്ചുകൊടുക്കും. 7 യഹൂദയുടെയും ഇസ്രായേലിന്റെയും ബന്ദികളെ ഞാൻ തിരികെ വരുത്തും.+ തുടക്കത്തിൽ ചെയ്തതുപോലെതന്നെ അവരെ ഞാൻ പണിതുയർത്തും.+ 8 എനിക്ക് എതിരെ അവർ ചെയ്ത പാപങ്ങളുടെയെല്ലാം കുറ്റത്തിൽനിന്ന് ഞാൻ അവരെ ശുദ്ധീകരിക്കും.+ അവർ എനിക്ക് എതിരെ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും ലംഘനങ്ങളും ഞാൻ ക്ഷമിക്കും.+ 9 ഞാൻ അവരുടെ മേൽ ചൊരിയുന്ന നന്മകളെക്കുറിച്ചെല്ലാം കേൾക്കുന്ന ഭൂമിയിലെ എല്ലാ ജനതകളുടെയും മുന്നിൽ അവൾ എനിക്ക് ഒരു ആനന്ദനാമവും സ്തുതിയും ആകും; അവൾ അവരുടെ കണ്ണിൽ സുന്ദരിയായിരിക്കും.+ ഞാൻ അവളുടെ മേൽ ചൊരിയുന്ന സകല നന്മയും സമാധാനവും കാരണം+ ആ ജനതകളെല്ലാം പേടിച്ചുവിറയ്ക്കും.’”+
10 “യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനും മൃഗവും ഇല്ലാത്ത പാഴ്നിലം എന്നു നിങ്ങൾ വിളിക്കാൻപോകുന്ന ഈ സ്ഥലത്ത്, അതായത് മനുഷ്യനോ താമസക്കാരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും, 11 ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാളന്റെയും മണവാട്ടിയുടെയും സ്വരവും വീണ്ടും കേൾക്കും. “സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു നന്ദി പറയൂ. യഹോവ നല്ലവനല്ലോ;+ ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്!”+ എന്നു പറയുന്നവരുടെ സ്വരവും അവിടെ മുഴങ്ങും.’
“‘യഹോവയുടെ ഭവനത്തിലേക്ക് അവർ നന്ദിപ്രകാശനയാഗങ്ങൾ കൊണ്ടുവരും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കിവരുത്തും; അവർ പഴയ അവസ്ഥയിലേക്കു വരും’ എന്ന് യഹോവ പറയുന്നു.”
12 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനോ മൃഗമോ ഇല്ലാത്ത ഈ പാഴിടത്തിലും അതിന്റെ എല്ലാ നഗരങ്ങളിലും വീണ്ടും മേച്ചിൽപ്പുറങ്ങളുണ്ടാകും. അവിടെ ഇടയന്മാർ ആടുകളെ കിടത്തും.’+
13 “‘മലനാട്ടിലെയും താഴ്വാരത്തിലെയും നഗരങ്ങളിലും തെക്കുള്ള നഗരങ്ങളിലും ബന്യാമീൻ ദേശത്തും+ യരുശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യഹൂദാനഗരങ്ങളിലും+ ആട്ടിൻപറ്റങ്ങൾ എണ്ണമെടുക്കുന്നവരുടെ കൈക്കീഴിലൂടെ വീണ്ടും കടന്നുപോകും’ എന്ന് യഹോവ പറയുന്നു.”
14 “‘ഞാൻ ഇസ്രായേൽഗൃഹത്തിനും യഹൂദാഗൃഹത്തിനും കൊടുത്തിരിക്കുന്ന ആ നല്ല വാഗ്ദാനം നിറവേറ്റുന്ന കാലം ഇതാ വരുന്നു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 15 ‘ആ സമയത്ത്, ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള* മുളപ്പിക്കും.+ അവൻ ദേശത്ത് നീതിയും ന്യായവും നടപ്പിലാക്കും.+ 16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+
17 “കാരണം, യഹോവ പറയുന്നത് ഇതാണ്: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെവരില്ല.+ 18 കൂടാതെ, എന്റെ സന്നിധിയിൽ സമ്പൂർണദഹനയാഗങ്ങളും ധാന്യയാഗങ്ങളും ബലികളും അർപ്പിക്കാൻ ലേവ്യരുടെ കൂട്ടത്തിൽ ഒരു പുരോഹിതനും ഇല്ലാതെവരില്ല.’”
19 യിരെമ്യക്കു വീണ്ടും യഹോവയിൽനിന്നുള്ള സന്ദേശം കിട്ടി: 20 “യഹോവ പറയുന്നത് ഇതാണ്: ‘രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും ഉള്ള എന്റെ ഉടമ്പടി വിഫലമാക്കി രാത്രിയും പകലും കൃത്യമായ സമയത്ത് വരുന്നതു തടയാൻ നിനക്കു കഴിയുമോ?+ 21 എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ;+ എങ്കിൽ മാത്രമേ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് രാജാവായി ഭരിക്കാൻ അവന് ഒരു മകൻ ഇല്ലാതെവരുകയുള്ളൂ.+ എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുള്ള എന്റെ ഉടമ്പടിയുടെ കാര്യവും അങ്ങനെതന്നെയാണ്.+ 22 ആകാശത്തിലെ സൈന്യത്തെ എണ്ണാനോ കടലിലെ മണൽ അളക്കാനോ സാധിക്കില്ലല്ലോ. അത്ര അധികമായി ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും* എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യരെയും വർധിപ്പിക്കും.’”
23 യിരെമ്യക്കു വീണ്ടും യഹോവയിൽനിന്ന് സന്ദേശം കിട്ടി: 24 “‘യഹോവ, താൻ തിരഞ്ഞെടുത്ത ഈ രണ്ടു കുടുംബത്തെയും തള്ളിക്കളയും’ എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിച്ചോ? അവർ എന്റെ സ്വന്തജനത്തോടു മര്യാദയില്ലാതെ പെരുമാറുന്നു. അവർ അവരെ ഒരു ജനതയായി കരുതുന്നുപോലുമില്ല.
25 “യഹോവ പറയുന്നത് ഇതാണ്: ‘പകലിനെയും രാത്രിയെയും കുറിച്ചുള്ള ഉടമ്പടി,+ അതായത് ആകാശത്തിന്റെയും ഭൂമിയുടെയും നിയമങ്ങൾ,+ ഞാൻ സ്ഥാപിച്ചിരിക്കുന്നു എന്ന വസ്തുത എത്ര ഉറപ്പാണോ 26 അത്രതന്നെ ഉറപ്പാണു യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ* ഞാൻ ഒരിക്കലും തള്ളിക്കളയില്ല എന്ന കാര്യവും. അതുകൊണ്ടുതന്നെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും പിൻതലമുറക്കാരെ* ഭരിക്കാൻ ഞാൻ അവന്റെ സന്തതിയിൽപ്പെട്ടവരെ* എടുക്കും. ഞാൻ അവരുടെ ബന്ദികളെ ഒന്നിച്ചുകൂട്ടും;+ എനിക്ക് അവരോട് അലിവ് തോന്നും.’”+