യോഹന്നാൻ എഴുതിയത്
21 അതിനു ശേഷം തിബെര്യാസ് കടലിന്റെ തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. ഇങ്ങനെയായിരുന്നു ആ സംഭവം: 2 ശിമോൻ പത്രോസും തോമസും (ഇരട്ട എന്നും വിളിച്ചിരുന്നു.)+ ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും+ സെബെദിപുത്രന്മാരും+ വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ച് ഇരിക്കുകയായിരുന്നു. 3 ശിമോൻ പത്രോസ് അവരോട്, “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്” എന്നു പറഞ്ഞു. “ഞങ്ങളും പോരുന്നു” എന്ന് അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടിക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക് ഒന്നും കിട്ടിയില്ല.+
4 നേരം വെളുക്കാറായപ്പോൾ യേശു കടൽത്തീരത്ത് വന്ന് നിന്നു. എന്നാൽ അതു യേശുവാണെന്നു ശിഷ്യന്മാർക്കു മനസ്സിലായില്ല.+ 5 യേശു അവരോട്, “മക്കളേ, നിങ്ങളുടെ കൈയിൽ കഴിക്കാൻ വല്ലതുമുണ്ടോ” എന്നു ചോദിച്ചു. “ഇല്ല” എന്ന് അവർ പറഞ്ഞു. 6 യേശു അവരോടു പറഞ്ഞു: “വള്ളത്തിന്റെ വലതുവശത്ത് വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും.” അവർ വല വീശി. വല വലിച്ചുകയറ്റാൻ പറ്റാത്തതുപോലെ അത്രയധികം മീൻ വലയിൽപ്പെട്ടു.+ 7 യേശു സ്നേഹിച്ച ശിഷ്യൻ+ അപ്പോൾ പത്രോസിനോട്, “അതു കർത്താവാണ്” എന്നു പറഞ്ഞു. അതു കർത്താവാണെന്നു കേട്ട ഉടനെ, നഗ്നനായിരുന്ന ശിമോൻ പത്രോസ് താൻ അഴിച്ചുവെച്ചിരുന്ന പുറങ്കുപ്പായവും ധരിച്ച്* കടലിൽ ചാടി കരയിലേക്കു നീന്തി. 8 വള്ളത്തിൽനിന്ന് കരയിലേക്ക് 300 അടി ദൂരമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മറ്റു ശിഷ്യന്മാർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ട് അവരുടെ ചെറുവള്ളത്തിൽ കരയ്ക്ക് എത്തി.
9 അവർ കരയിൽ ഇറങ്ങിയപ്പോൾ, അവിടെ തീക്കനലുകൾ കൂട്ടി അതിൽ മീൻ വെച്ചിരിക്കുന്നതു കണ്ടു; അപ്പവും അവിടെയുണ്ടായിരുന്നു. 10 യേശു അവരോട്, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച് മീൻ കൊണ്ടുവരൂ” എന്നു പറഞ്ഞു. 11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയിലേക്കു വലിച്ചുകയറ്റി. അതിൽ നിറയെ വലിയ മീനുകളായിരുന്നു, 153 എണ്ണം! അത്രയധികം മീനുണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു അവരോട്, “വരൂ, ഭക്ഷണം കഴിക്കാം”+ എന്നു പറഞ്ഞു. ‘അങ്ങ് ആരാണ്’ എന്നു യേശുവിനോടു ചോദിക്കാൻ ശിഷ്യന്മാരാരും ധൈര്യപ്പെട്ടില്ല. കാരണം അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിരുന്നു. 13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു, മീനും കൊടുത്തു. 14 ഇതു മൂന്നാം തവണയാണു+ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായത്.
15 അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചു. പത്രോസ് യേശുവിനോട്, “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “എന്റെ കുഞ്ഞാടുകളെ തീറ്റുക”+ എന്നു പറഞ്ഞു. 16 യേശു രണ്ടാമതും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചു. അപ്പോൾ പത്രോസ്, “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക”+ എന്നു പറഞ്ഞു. 17 മൂന്നാമത് യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്ന ഈ മൂന്നാമത്തെ ചോദ്യം കേട്ടപ്പോൾ പത്രോസിന് ആകെ സങ്കടമായി. പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങയ്ക്ക് എല്ലാം അറിയാം. എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.” അപ്പോൾ യേശു പത്രോസിനോടു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.+ 18 സത്യംസത്യമായി ഞാൻ നിന്നോടു പറയുന്നു: ചെറുപ്പമായിരുന്നപ്പോൾ നീ തനിയെ വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്തൊക്കെ നടന്നു. എന്നാൽ വയസ്സാകുമ്പോൾ നീ കൈ നീട്ടുകയും മറ്റൊരാൾ നിന്നെ വസ്ത്രം ധരിപ്പിക്കുകയും നിനക്ക് ഇഷ്ടമില്ലാത്തിടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.”+ 19 ഏതുവിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കാനാണു യേശു ഇതു പറഞ്ഞത്. എന്നിട്ട് യേശു പത്രോസിനോട്, “തുടർന്നും എന്നെ അനുഗമിക്കുക”+ എന്നു പറഞ്ഞു.
20 പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിക്കുന്ന ശിഷ്യൻ+ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിലേക്കു ചാഞ്ഞ്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്” എന്നു ചോദിച്ചത് ഈ ശിഷ്യനായിരുന്നു. 21 ഈ ശിഷ്യനെ കണ്ടിട്ട് പത്രോസ് യേശുവിനോട്, “കർത്താവേ, ഇയാളുടെ കാര്യമോ” എന്നു ചോദിച്ചു. 22 യേശു പത്രോസിനോടു പറഞ്ഞു: “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്? നീ തുടർന്നും എന്നെ അനുഗമിക്കുക.” 23 ഇതു കേട്ടിട്ട്, ആ ശിഷ്യൻ മരിക്കില്ല എന്നൊരു സംസാരം സഹോദരങ്ങൾക്കിടയിൽ പരന്നു. എന്നാൽ യേശു പറഞ്ഞത് ഈ ശിഷ്യൻ മരിക്കില്ല എന്നല്ല, “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്” എന്നു മാത്രമാണ്.
24 ഈ ശിഷ്യൻതന്നെയാണ്+ ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും ഇവ എഴുതിയതും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാണെന്നു ഞങ്ങൾക്ക് അറിയാം.+
25 യേശു ചെയ്ത മറ്റ് അനേകം കാര്യങ്ങളുമുണ്ട്. അവയെല്ലാം വിശദമായി എഴുതിയാൽ ആ ചുരുളുകൾ ഈ ലോകത്തുതന്നെ ഒതുങ്ങില്ലെന്നാണ് എനിക്കു തോന്നുന്നത്.+