കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
14 സ്നേഹത്തെ വിടാതെ പിന്തുടരുക. എന്നാൽ ആത്മീയമായ കഴിവുകൾക്കുവേണ്ടി,* പ്രത്യേകിച്ച് പ്രവചിക്കാനുള്ള+ കഴിവിനുവേണ്ടി,* പരിശ്രമിക്കുന്നതു നിറുത്തരുത്. 2 അന്യഭാഷയിൽ സംസാരിക്കുന്നയാൾ മനുഷ്യരോടല്ല, ദൈവത്തോടാണു സംസാരിക്കുന്നത്. ദൈവാത്മാവിനാൽ അയാൾ പാവനരഹസ്യങ്ങൾ+ സംസാരിക്കുന്നു. എന്നാൽ ആരും മനസ്സിലാക്കുന്നില്ല.+ 3 പക്ഷേ പ്രവചിക്കുന്നയാൾ തന്റെ വാക്കുകൾകൊണ്ട് മറ്റുള്ളവരെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 4 അന്യഭാഷയിൽ സംസാരിക്കുന്നയാൾ തന്നെത്തന്നെ ബലപ്പെടുത്തുന്നു. എന്നാൽ പ്രവചിക്കുന്നയാൾ മുഴുസഭയെയും ബലപ്പെടുത്തുന്നു. 5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണമെന്നാണ്+ എന്റെ ആഗ്രഹം. എന്നാൽ അതിനെക്കാൾ ഞാൻ ആഗ്രഹിക്കുന്നതു നിങ്ങൾ പ്രവചിക്കണമെന്നാണ്.+ അന്യഭാഷകളിൽ സംസാരിക്കുന്ന കാര്യങ്ങൾ സഭയെ ബലപ്പെടുത്താൻവേണ്ടി വ്യാഖ്യാനിച്ചുകൊടുക്കുന്നില്ലെങ്കിൽ,* അന്യഭാഷകളിൽ സംസാരിക്കുന്നയാളെക്കാൾ പ്രവചിക്കുന്നയാളാണു വലിയത്. 6 സഹോദരങ്ങളേ, വെളിപാടോ+ അറിവോ+ പ്രവചനമോ ഉപദേശമോ ഇല്ലാതെ ഞാൻ നിങ്ങളുടെ അടുത്ത് വന്ന് അന്യഭാഷകളിൽ സംസാരിച്ചാൽ നിങ്ങൾക്ക് അതുകൊണ്ട് എന്തു പ്രയോജനം?
7 കുഴൽവാദ്യം, കിന്നരം എന്നിങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്ന നിർജീവവസ്തുക്കളുടെ കാര്യംതന്നെയെടുക്കാം. സ്വരവ്യത്യാസം ഇല്ലെങ്കിൽ അവയുടെ ഈണങ്ങൾ തിരിച്ചറിയാൻ പറ്റുമോ? 8 കാഹളധ്വനി വ്യക്തമല്ലെങ്കിൽ ആരെങ്കിലും യുദ്ധത്തിന് ഒരുങ്ങുമോ? 9 അതുപോലെ അന്യഭാഷകൾ സംസാരിക്കുന്ന നിങ്ങളും, എളുപ്പം മനസ്സിലാകുന്ന വാക്കുകൾ ഉച്ചരിക്കുന്നില്ലെങ്കിൽ, നിങ്ങൾ സംസാരിക്കുന്നത് എന്താണെന്ന് എങ്ങനെ മനസ്സിലാകും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവരാണെന്നു വരും. 10 ലോകത്തിൽ പല തരം ഭാഷകളുണ്ട്. പക്ഷേ ഒന്നുപോലും അർഥമില്ലാത്തവയല്ല. 11 എന്നാൽ ഒരാൾ പറയുന്ന കാര്യങ്ങളുടെ അർഥം എനിക്കു മനസ്സിലാകുന്നില്ലെങ്കിൽ, ഞാൻ അയാൾക്കും അയാൾ എനിക്കും ഒരു വിദേശിയെപ്പോലെയായിരിക്കും. 12 അതുകൊണ്ട്, ദൈവാത്മാവിനാലുള്ള കഴിവുകൾക്കുവേണ്ടി* ആഗ്രഹിക്കുന്ന നിങ്ങൾ സഭയെ ബലപ്പെടുത്താൻ ഉപകരിക്കുന്ന കഴിവുകൾ+ സമൃദ്ധമായി നേടാൻ ശ്രമിക്കുക.
13 അന്യഭാഷ സംസാരിക്കുന്നയാൾ വ്യാഖ്യാനിക്കാനുള്ള* കഴിവിനുവേണ്ടി+ പ്രാർഥിക്കട്ടെ. 14 ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ, ദൈവാത്മാവിനാൽ എനിക്കു കിട്ടിയ കഴിവാണു* പ്രാർഥിക്കുന്നത്. എന്റെ മനസ്സിനു പക്ഷേ അതിലൊരു പങ്കുമില്ല. 15 അപ്പോൾ ഞാൻ എന്താണു ചെയ്യേണ്ടത്? ആത്മാവിനാലുള്ള കഴിവ്* ഉപയോഗിച്ച് ഞാൻ പ്രാർഥിക്കും; എന്റെ മനസ്സുകൊണ്ടും ഞാൻ പ്രാർഥിക്കും. ആത്മാവിനാലുള്ള കഴിവ് ഉപയോഗിച്ച് ഞാൻ സ്തുതി പാടും; എന്റെ മനസ്സുകൊണ്ടും ഞാൻ സ്തുതി പാടും. 16 അല്ലാത്തപക്ഷം ആത്മാവിനാലുള്ള കഴിവ് ഉപയോഗിച്ച് നീ സ്തുതിക്കുമ്പോൾ നിങ്ങൾക്കിടയിലെ ഒരു സാധാരണക്കാരൻ എങ്ങനെ “ആമേൻ” പറയും? നീ ദൈവത്തിനു നന്ദി പറയുകയാണെന്ന് അയാൾക്കു മനസ്സിലാകുന്നില്ലല്ലോ. 17 ശരിയാണ്, നീ നന്നായി നന്ദി പറയുന്നുണ്ടാകാം. പക്ഷേ അതു മറ്റേയാളെ ബലപ്പെടുത്തുന്നില്ല. 18 നിങ്ങളെക്കാളെല്ലാം കൂടുതൽ അന്യഭാഷകളിൽ സംസാരിക്കാൻ എനിക്കു പറ്റുന്നതുകൊണ്ട് ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 19 എന്നാൽ സഭയിൽ അന്യഭാഷയിൽ+ പതിനായിരം വാക്കു പറയുന്നതിനെക്കാൾ, മറ്റുള്ളവരെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ, മനസ്സിലാകുന്ന* അഞ്ചു വാക്കു പറയാനാണ് എനിക്ക് ഇഷ്ടം.
20 സഹോദരങ്ങളേ, കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ നിങ്ങൾ കുട്ടികളായിരിക്കരുത്.+ പക്ഷേ തിന്മ സംബന്ധിച്ച് നിങ്ങൾ കുട്ടികളായിരിക്കണം.+ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുതിർന്നവരായിരിക്കുക.+ 21 നിയമത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “‘വിദേശികളുടെ ഭാഷയിലും അപരിചിതരുടെ അധരങ്ങൾകൊണ്ടും ഞാൻ ഈ ജനത്തോടു സംസാരിക്കും. എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധിക്കില്ല’ എന്ന് യഹോവ* പറയുന്നു.”+ 22 അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ്.+ എന്നാൽ പ്രവചനം അവിശ്വാസികൾക്കുവേണ്ടിയല്ല, വിശ്വാസികൾക്കുവേണ്ടിയാണ്. 23 സഭ മുഴുവനും ഒരുമിച്ചുകൂടിയിരിക്കുമ്പോൾ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചാൽ അകത്തേക്കു വരുന്ന സാധാരണക്കാരോ അവിശ്വാസികളോ അതു കണ്ടിട്ട് നിങ്ങൾക്കു ഭ്രാന്താണ് എന്നു പറയില്ലേ? 24 എന്നാൽ നിങ്ങൾ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അവിശ്വാസിയോ സാധാരണക്കാരനോ അകത്ത് വരുന്നതെങ്കിൽ എല്ലാവരും പറയുന്നതു കേട്ട് അയാൾക്കു തിരുത്തൽ ലഭിക്കുകയും അയാൾ ആത്മപരിശോധന നടത്താൻ ഇടയാകുകയും ചെയ്യും. 25 അങ്ങനെ തന്റെ ഹൃദയരഹസ്യങ്ങൾ പുറത്തുവരുമ്പോൾ അയാൾ കമിഴ്ന്നുവീണ്, “ദൈവം തീർച്ചയായും നിങ്ങളുടെ ഇടയിലുണ്ട്”+ എന്നു പറഞ്ഞ് ദൈവത്തെ ആരാധിക്കും.
26 സഹോദരങ്ങളേ, അതുകൊണ്ട് എന്തു ചെയ്യണം? നിങ്ങൾ കൂടിവരുമ്പോൾ ഒരാൾക്കു സങ്കീർത്തനവും വേറൊരാൾക്ക് ഉപദേശവും മറ്റൊരാൾക്കു വെളിപാടും ഇനിയൊരാൾക്ക് അന്യഭാഷയും മറ്റൊരാൾക്കു വ്യാഖ്യാനവും+ ഉണ്ടായിരിക്കാം; എല്ലാം ബലപ്പെടുത്താൻ ഉപകരിക്കട്ടെ. 27 ഇനി, അന്യഭാഷയിൽ സംസാരിക്കണമെന്നുണ്ടെങ്കിൽ രണ്ടു പേർക്കോ കൂടിപ്പോയാൽ മൂന്നു പേർക്കോ സംസാരിക്കാം. അവർ ഓരോരുത്തരായി സംസാരിക്കട്ടെ; ഒരാൾ അതു വ്യാഖ്യാനിക്കുകയും* വേണം.+ 28 എന്നാൽ വ്യാഖ്യാനിക്കാൻ* ആളില്ലെങ്കിൽ അവർ ഓരോരുത്തരും സഭയിൽ മിണ്ടാതിരുന്ന് തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ. 29 രണ്ടോ മൂന്നോ പ്രവാചകന്മാർ+ സംസാരിക്കുകയും മറ്റുള്ളവർ അർഥം വിവേചിച്ചെടുക്കുകയും ചെയ്യട്ടെ. 30 അവിടെ ഇരിക്കുന്ന ആർക്കെങ്കിലും ഒരു വെളിപാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ സംസാരം നിറുത്തട്ടെ. 31 കാരണം നിങ്ങൾക്ക് എല്ലാവർക്കും പ്രവചിക്കാനുള്ള അവസരമുണ്ട്. എന്നാൽ എല്ലാവരും പഠിക്കുകയും പ്രോത്സാഹനം നേടുകയും ചെയ്യണമെങ്കിൽ+ ഒരു സമയത്ത് ഒരാൾ മാത്രമേ പ്രവചിക്കാവൂ. 32 പ്രവചിക്കാൻ ദൈവാത്മാവിനാൽ ലഭിക്കുന്ന കഴിവുകൾ* പ്രവാചകന്മാർ നിയന്ത്രിച്ച് ഉപയോഗിക്കണം. 33 ദൈവം സമാധാനത്തിന്റെ ദൈവമാണ്, കുഴഞ്ഞുമറിഞ്ഞ അവസ്ഥയുടെ ദൈവമല്ല.+
വിശുദ്ധരുടെ എല്ലാ സഭകളിലെയുംപോലെ 34 സ്ത്രീകൾ സഭകളിൽ മിണ്ടാതിരിക്കട്ടെ. കാരണം സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല.+ പകരം അവർ കീഴ്പെട്ടിരിക്കട്ടെ.+ നിയമവും അതുതന്നെയാണല്ലോ പറയുന്നത്. 35 എന്തെങ്കിലും പഠിക്കണമെന്നുണ്ടെങ്കിൽ അവർ വീട്ടിൽവെച്ച് ഭർത്താവിനോടു ചോദിക്കട്ടെ. സ്ത്രീ സഭയിൽ സംസാരിക്കുന്നതു മാനക്കേടാണ്.
36 ദൈവത്തിന്റെ വചനം നിങ്ങളിൽനിന്നാണോ ഉത്ഭവിച്ചത്? അതോ, അതു നിങ്ങൾക്കു മാത്രമേ കിട്ടിയിട്ടുള്ളോ?*
37 താൻ പ്രവാചകനാണെന്നോ ദൈവാത്മാവിനാലുള്ള കഴിവ്* കിട്ടിയ ആളാണെന്നോ ഒരാൾ വിചാരിക്കുന്നെങ്കിൽ ഞാൻ നിങ്ങൾക്ക് എഴുതുന്ന കാര്യങ്ങൾ കർത്താവിന്റെ കല്പനയാണെന്ന് അയാൾ അംഗീകരിക്കണം. 38 ആരെങ്കിലും അത് അവഗണിച്ചാൽ അയാളെയും അവഗണിക്കും.* 39 അതുകൊണ്ട് എന്റെ സഹോദരങ്ങളേ, പ്രവചിക്കാൻവേണ്ടി+ പരിശ്രമിക്കുക. എന്നുവെച്ച് അന്യഭാഷകളിൽ+ സംസാരിക്കുന്നതു വിലക്കരുത്. 40 എല്ലാം മാന്യമായും ചിട്ടയോടെയും* നടക്കട്ടെ.+