സംഖ്യ
16 പിന്നീട് ലേവിയുടെ മകനായ+ കൊഹാത്തിന്റെ മകനായ+ യിസ്ഹാരിന്റെ മകൻ+ കോരഹ്,+ രൂബേന്റെ വംശത്തിൽപ്പെട്ട എലിയാബിന്റെ മക്കളായ+ ദാഥാൻ, അബീരാം എന്നിവരോടും രൂബേന്റെ+ വംശത്തിൽപ്പെട്ട പേലെത്തിന്റെ മകൻ ഓനോടും കൂടെ ചേർന്ന്, 2 സമൂഹത്തിലെ തലവന്മാരും സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രധാനികളും ആയ 250 ഇസ്രായേല്യപുരുഷന്മാരോടൊപ്പം മോശയ്ക്കെതിരെ സംഘടിച്ചു. 3 അവർ മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി+ അവരോടു പറഞ്ഞു: “ഞങ്ങൾക്കു നിങ്ങളെക്കൊണ്ട് മതിയായി. സമൂഹത്തിലുള്ള എല്ലാവരും വിശുദ്ധരാണ്.+ യഹോവ അവരുടെ മധ്യേയുണ്ട്.+ പിന്നെ നിങ്ങൾ എന്തിനാണ് യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത്?”
4 ഇതു കേട്ട ഉടനെ മോശ കമിഴ്ന്നുവീണു. 5 പിന്നെ മോശ കോരഹിനോടും അയാളുടെ എല്ലാ കൂട്ടാളികളോടും പറഞ്ഞു: “തനിക്കുള്ളവൻ ആരെന്നും+ വിശുദ്ധൻ ആരെന്നും തന്നെ സമീപിക്കേണ്ടത് ആരെന്നും രാവിലെ യഹോവ വെളിപ്പെടുത്തും.+ ദൈവം തിരഞ്ഞെടുക്കുന്നയാൾ+ ദൈവത്തെ സമീപിക്കും. 6 കോരഹേ, താങ്കളും താങ്കളുടെ കൂട്ടാളികളും+ ഇങ്ങനെ ചെയ്യുക: നിങ്ങൾ കനൽപ്പാത്രം എടുത്ത്+ 7 നാളെ യഹോവയുടെ മുന്നിൽവെച്ച് അതിൽ തീ ഇട്ട് അതിനു മേൽ സുഗന്ധക്കൂട്ട് ഇടുക. യഹോവ ആരെ തിരഞ്ഞെടുക്കുന്നോ+ അയാളാണു വിശുദ്ധൻ. ലേവിപുത്രന്മാരേ,+ നിങ്ങൾ അതിരുകടന്നിരിക്കുന്നു!”
8 പിന്നെ മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, ഇതു കേൾക്കുക. 9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസമൂഹത്തിൽനിന്ന് വേർതിരിച്ചിരിക്കുന്നതും+ യഹോവയുടെ വിശുദ്ധകൂടാരത്തിൽ സേവിക്കാനായി ദൈവത്തോട് അടുത്ത് ചെല്ലാൻ അനുവദിച്ചിരിക്കുന്നതും സമൂഹത്തെ ശുശ്രൂഷിക്കാനായി അവരുടെ മുമ്പാകെ നിൽക്കാൻ പദവി നൽകിയിരിക്കുന്നതും+ നിസ്സാരകാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്? 10 താങ്കളെ ലേവിപുത്രന്മാരായ താങ്കളുടെ സഹോദരന്മാരോടൊപ്പം ദൈവം തന്റെ അടുത്ത് കൊണ്ടുവന്നിരിക്കുന്നതു ചെറിയ കാര്യമാണോ? പക്ഷേ ഇപ്പോൾ നിങ്ങൾ പൗരോഹിത്യവുംകൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നു!+ 11 അതുകൊണ്ട് യഹോവയ്ക്കെതിരെയാണു താങ്കളും താങ്കളെ പിന്തുണയ്ക്കുന്നവരും സംഘടിച്ചിരിക്കുന്നത്. നിങ്ങൾ അഹരോന് എതിരെ പിറുപിറുക്കാൻ അഹരോൻ ആരാണ്?”+
12 പിന്നീട് എലിയാബിന്റെ മക്കളായ ദാഥാനെയും അബീരാമിനെയും+ വിളിക്കാൻ മോശ ആളയച്ചു. എന്നാൽ അവർ പറഞ്ഞു: “ഞങ്ങൾ വരില്ല! 13 പാലും തേനും ഒഴുകുന്ന ഒരു ദേശത്തുനിന്ന് ഈ മരുഭൂമിയിൽ* ചത്തൊടുങ്ങാനായി ഞങ്ങളെ കൊണ്ടുവന്നതും+ പോരാഞ്ഞിട്ട്, നിനക്കു ഞങ്ങളെ അടക്കിഭരിക്കുകയും വേണോ? 14 ഇതുവരെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്കും നീ ഞങ്ങളെ കൊണ്ടുവന്നിട്ടില്ല;+ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തന്നിട്ടുമില്ല. നീ ആ മനുഷ്യരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമോ? ഇല്ല, ഞങ്ങൾ വരില്ല!”
15 അപ്പോൾ മോശ വല്ലാതെ കോപിച്ചു. മോശ യഹോവയോടു പറഞ്ഞു: “അവരുടെ ധാന്യയാഗങ്ങളെ കടാക്ഷിക്കരുതേ. അവരുടെ ഒരു കഴുതയെപ്പോലും ഞാൻ എടുത്തിട്ടില്ല, അവരിൽ ആരെയും ദ്രോഹിച്ചിട്ടുമില്ല.”+
16 പിന്നെ മോശ കോരഹിനോടു പറഞ്ഞു: “താങ്കളും താങ്കളുടെ പക്ഷത്തുള്ള എല്ലാവരും നാളെ യഹോവയുടെ മുമ്പാകെ സന്നിഹിതരാകണം. താങ്കളും അവരും അഹരോനും അവിടെയുണ്ടായിരിക്കണം. 17 ഓരോരുത്തരും അവരവരുടെ കനൽപ്പാത്രം എടുത്ത് അതിൽ സുഗന്ധക്കൂട്ട് ഇടുക. അവർ ഓരോരുത്തരും സ്വന്തം കനൽപ്പാത്രം—ആകെ 250 കനൽപ്പാത്രം—യഹോവയുടെ മുമ്പാകെ കൊണ്ടുവരണം. കൂടാതെ താങ്കളും അഹരോനും കനൽപ്പാത്രവുമായി വരണം.” 18 അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ കനൽപ്പാത്രം എടുത്ത് അതിൽ തീയും സുഗന്ധക്കൂട്ടും ഇട്ട് മോശയോടും അഹരോനോടും ഒപ്പം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ നിന്നു. 19 കോരഹ് തന്റെ പക്ഷത്തുള്ളവരെ അവർക്കെതിരെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോവയുടെ തേജസ്സു സമൂഹത്തിനു മുഴുവൻ പ്രത്യക്ഷമായി.+
20 അപ്പോൾ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 21 “നിങ്ങൾ ഈ കൂട്ടത്തിൽനിന്ന് മാറി നിൽക്കുക! ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ ഇല്ലാതാക്കാൻപോകുകയാണ്!”+ 22 അപ്പോൾ അവർ കമിഴ്ന്നുവീണ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എല്ലാവരുടെയും ജീവന്റെ+ ഉടയവനായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സമൂഹത്തോടു മുഴുവൻ കോപിക്കുമോ?”+
23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 24 “‘കോരഹ്, ദാഥാൻ, അബീരാം+ എന്നിവരുടെ കൂടാരത്തിന്റെ പരിസരത്തുനിന്ന് മാറിപ്പോകുക!’ എന്നു ജനത്തോടു പറയുക.”
25 പിന്നെ മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കു ചെന്നു; ഇസ്രായേൽമൂപ്പന്മാരും+ മോശയോടൊപ്പം പോയി. 26 മോശ ജനത്തോടു പറഞ്ഞു: “ഇവരുടെ പാപങ്ങളെല്ലാം കാരണം നിങ്ങൾ നശിക്കാതിരിക്കാൻ ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങൾക്കടുത്തുനിന്ന് മാറിനിൽക്കുക, അവർക്കുള്ള യാതൊന്നിലും തൊടരുത്!” 27 ഉടനെ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരത്തിന് അടുത്തുനിന്ന് അവർ മാറിനിന്നു. ദാഥാനും അബീരാമും പുറത്ത് വന്ന് ഭാര്യമാരോടും ആൺമക്കളോടും കുഞ്ഞുങ്ങളോടും ഒപ്പം തങ്ങളുടെ കൂടാരത്തിന്റെ വാതിൽക്കൽ നിന്നു.
28 അപ്പോൾ മോശ പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചതാണ്, ഞാൻ സ്വന്തഹൃദയത്തിൽ തോന്നിയതുപോലെ* ചെയ്തതല്ല എന്ന് ഇങ്ങനെ നിങ്ങൾ അറിയും: 29 എല്ലാ മനുഷ്യരും മരിക്കുന്നതുപോലുള്ള ഒരു സാധാരണമരണമാണ് ഇവരുടേതെങ്കിൽ, എല്ലാ മനുഷ്യർക്കും ലഭിക്കുന്ന ശിക്ഷയാണ് ഇവർക്കു ലഭിക്കുന്നതെങ്കിൽ, യഹോവ എന്നെ അയച്ചിട്ടില്ല.+ 30 എന്നാൽ യഹോവ അസാധാരണമായി എന്തെങ്കിലും അവരോടു ചെയ്യുന്നെങ്കിൽ, അതായത് ഭൂമി വായ് തുറന്ന് അവരെയും അവർക്കുള്ള എല്ലാത്തിനെയും വിഴുങ്ങുകയും അങ്ങനെ അവർ ജീവനോടെ ശവക്കുഴിയിലേക്ക്* ഇറങ്ങുകയും ചെയ്യുന്നെങ്കിൽ, ഈ പുരുഷന്മാർ യഹോവയോടാണ് അനാദരവ് കാണിച്ചിരിക്കുന്നതെന്നു നിങ്ങൾ മനസ്സിലാക്കും.”
31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നതും അവർ നിന്നിരുന്ന നിലം രണ്ടായി പിളർന്നു.+ 32 ഭൂമി വായ് തുറന്ന് അവരെയും അവരുടെ വീട്ടിലുള്ളവരെയും കോരഹിനുള്ള എല്ലാവരെയും+ അവരുടെ വസ്തുവകകളോടൊപ്പം വിഴുങ്ങിക്കളഞ്ഞു. 33 അവരും അവർക്കുള്ള എല്ലാവരും ജീവനോടെ ശവക്കുഴിയിലേക്കു പോയി. ഭൂമി അവരെ മൂടിക്കളഞ്ഞു. അങ്ങനെ അവർ സഭയുടെ മധ്യേനിന്ന് നാമാവശേഷമായി.+ 34 അവരുടെ നിലവിളി കേട്ടപ്പോൾ അവർക്കു ചുറ്റുമുണ്ടായിരുന്ന ഇസ്രായേല്യരെല്ലാം, “അയ്യോ, ഭൂമി നമ്മളെയും വിഴുങ്ങിക്കളയും!” എന്നു പറഞ്ഞ് ഓടിമാറി. 35 തുടർന്ന് യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ സുഗന്ധക്കൂട്ട് അർപ്പിച്ചുകൊണ്ടിരുന്ന 250 പുരുഷന്മാരെയും ദഹിപ്പിച്ചുകളഞ്ഞു.+
36 പിന്നെ യഹോവ മോശയോടു പറഞ്ഞു: 37 “തീയിൽനിന്ന് കനൽപ്പാത്രങ്ങൾ എടുക്കാൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനോടു പറയുക.+ കാരണം അവ വിശുദ്ധമാണ്. കനലുകൾ ദൂരേക്ക് എറിഞ്ഞുകളയാനും പറയുക. 38 പാപം ചെയ്ത് സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ കനൽപ്പാത്രങ്ങൾ യാഗപീഠം+ പൊതിയാൻവേണ്ടി നേർത്ത തകിടുകളാക്കാനും പറയണം. യഹോവയുടെ മുമ്പാകെ അർപ്പിച്ചതിനാൽ അവ വിശുദ്ധമാണ്. അവ ഇസ്രായേല്യർക്ക് ഒരു അടയാളമായിരിക്കണം.”+ 39 അങ്ങനെ പുരോഹിതനായ എലെയാസർ, തീയിൽ എരിഞ്ഞൊടുങ്ങിയവർ സുഗന്ധക്കൂട്ട് അർപ്പിച്ച ചെമ്പുകൊണ്ടുള്ള കനൽപ്പാത്രങ്ങൾ എടുത്ത് യാഗപീഠം പൊതിയാൻവേണ്ടി അടിച്ചുപരത്തി. 40 യഹോവ മോശയിലൂടെ എലെയാസരിനോടു പറഞ്ഞതുപോലെ എലെയാസർ ചെയ്തു. അഹരോന്റെ സന്തതികളല്ലാത്ത, അർഹതയില്ലാത്ത,* ആരും യഹോവയുടെ മുമ്പാകെ സുഗന്ധക്കൂട്ട് കത്തിക്കാൻ വരരുത്+ എന്നും ആരും കോരഹിനെയും അയാളുടെ ആളുകളെയും പോലെയാകരുത് എന്നും ഇസ്രായേല്യരെ ഓർമിപ്പിക്കാനായിരുന്നു അത്.+
41 എന്നാൽ പിറ്റേന്നുതന്നെ, ഇസ്രായേല്യരുടെ സമൂഹം മുഴുവൻ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തുതുടങ്ങി.+ അവർ പറഞ്ഞു: “നിങ്ങൾ രണ്ടും ചേർന്ന് യഹോവയുടെ ജനത്തെ കൊന്നു.” 42 ജനം മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി. അവർ സാന്നിധ്യകൂടാരത്തിനു നേരെ നോക്കിയപ്പോൾ അതാ, മേഘം അതിനെ മൂടിയിരിക്കുന്നു! യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+
43 മോശയും അഹരോനും സാന്നിധ്യകൂടാരത്തിനു മുന്നിലേക്കു ചെന്നു.+ 44 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 45 “പുരുഷന്മാരേ, നിങ്ങൾ ഈ സമൂഹത്തിന്റെ മധ്യേനിന്ന് മാറുക, ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ നശിപ്പിക്കാൻപോകുകയാണ്!”+ അപ്പോൾ അവർ കമിഴ്ന്നുവീണ് നമസ്കരിച്ചു.+ 46 മോശ അഹരോനോടു പറഞ്ഞു: “കനൽപ്പാത്രം എടുത്ത് അതിൽ യാഗപീഠത്തിൽനിന്ന് എടുത്ത തീ ഇടുക.+ അതിൽ സുഗന്ധക്കൂട്ട് ഇട്ട് പെട്ടെന്നുതന്നെ സമൂഹത്തിലേക്കു ചെന്ന് അവർക്കുവേണ്ടി പാപപരിഹാരം വരുത്തുക.+ യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ടിരിക്കുന്നു. ബാധ തുടങ്ങിക്കഴിഞ്ഞു!” 47 മോശ പറഞ്ഞതുപോലെ, ഉടനെ അഹരോൻ അത് എടുത്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. അതാ, ജനത്തിന് ഇടയിൽ ബാധ തുടങ്ങിയിരിക്കുന്നു! അതുകൊണ്ട് അഹരോൻ കനൽപ്പാത്രത്തിൽ സുഗന്ധക്കൂട്ട് ഇട്ട് ജനത്തിനുവേണ്ടി പാപപരിഹാരം വരുത്താൻതുടങ്ങി. 48 മരിച്ചവർക്കും ജീവനുള്ളവർക്കും മധ്യേ അഹരോൻ നിലയുറപ്പിച്ചു. ക്രമേണ ബാധ നിലച്ചു. 49 കോരഹ് കാരണം മരിച്ചവരെക്കൂടാതെ, ബാധയാൽ മരിച്ചവരുടെ എണ്ണം 14,700 ആയിരുന്നു. 50 ബാധ നിലച്ചപ്പോൾ അഹരോൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ മോശയുടെ അടുത്തേക്കു മടങ്ങി.