രാജാക്കന്മാർ ഒന്നാം ഭാഗം
17 അപ്പോൾ, ഗിലെയാദിൽ+ താമസിച്ചിരുന്ന തിശ്ബ്യനായ ഏലിയ*+ ആഹാബിനോടു പറഞ്ഞു: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ, ഞാൻ പറഞ്ഞിട്ടല്ലാതെ ഇനിയുള്ള വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകില്ല!”+
2 പിന്നെ ഏലിയയ്ക്ക് യഹോവയുടെ സന്ദേശം ലഭിച്ചു: 3 “നീ ഇവിടം വിട്ട് കിഴക്കോട്ടു പോയി, യോർദാനു കിഴക്കുള്ള കെരീത്ത് താഴ്വരയിൽ* ഒളിച്ചുതാമസിക്കുക. 4 അവിടെയുള്ള അരുവിയിൽനിന്ന് നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം തരാൻ+ ഞാൻ മലങ്കാക്കകളോടു കല്പിക്കും.” 5 ഏലിയ ഉടനെ പോയി യഹോവ പറഞ്ഞതുപോലെ ചെയ്തു; ചെന്ന് യോർദാനു കിഴക്കുള്ള കെരീത്ത് താഴ്വരയിൽ താമസിച്ചു. 6 രാവിലെയും വൈകിട്ടും മലങ്കാക്കകൾ ഏലിയയ്ക്ക് അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു; ഏലിയ അരുവിയിൽനിന്ന് വെള്ളം കുടിച്ചു.+ 7 എന്നാൽ ദേശത്ത് മഴയില്ലാതിരുന്നതുകൊണ്ട്+ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അരുവി വറ്റിപ്പോയി.
8 അപ്പോൾ യഹോവ പറഞ്ഞു: 9 “എഴുന്നേറ്റ് സീദോന്റെ അധീനതയിലുള്ള സാരെഫാത്തിലേക്കു പോയി അവിടെ താമസിക്കുക. നിനക്കു ഭക്ഷണം തരാൻ അവിടെയുള്ള ഒരു വിധവയോടു ഞാൻ കല്പിക്കും.”+ 10 അങ്ങനെ ഏലിയ എഴുന്നേറ്റ് സാരെഫാത്തിലേക്കു പോയി. ഏലിയ നഗരവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു പെറുക്കുന്നതു കണ്ടു. ആ സ്ത്രീയെ വിളിച്ച്, “എനിക്കു കുടിക്കാൻ ഒരു പാത്രത്തിൽ അൽപ്പം വെള്ളം കൊണ്ടുവരാമോ”+ എന്നു ചോദിച്ചു. 11 സ്ത്രീ വെള്ളം എടുക്കാൻ പോയപ്പോൾ ഏലിയ സ്ത്രീയെ വിളിച്ച്, “ദയവുചെയ്ത് ഒരു കഷണം അപ്പവുംകൂടെ കൊണ്ടുവരണം” എന്നു പറഞ്ഞു. 12 അപ്പോൾ സ്ത്രീ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയാണെ, എന്റെ കൈയിൽ അപ്പമില്ല. ആകെയുള്ളതു വലിയ കലത്തിൽ ഒരു പിടി മാവും ചെറിയ ഭരണിയിൽ അൽപ്പം എണ്ണയും മാത്രമാണ്.+ ഞാൻ പെറുക്കിയ ഈ വിറകുകൊള്ളികളുമായി വീട്ടിൽ ചെന്ന് എനിക്കും എന്റെ മകനും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണം. അതു കഴിച്ചശേഷം ഞങ്ങൾ മരിക്കും.”
13 അപ്പോൾ ഏലിയ സ്ത്രീയോടു പറഞ്ഞു: “പേടിക്കേണ്ടാ! പോയി നീ പറഞ്ഞതുപോലെ ചെയ്യുക. പക്ഷേ ആദ്യം നീ അതുകൊണ്ട് എനിക്ക് ഒരു ചെറിയ അപ്പം ഉണ്ടാക്കിക്കൊണ്ടുവരുക. അതിനു ശേഷം നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊള്ളുക. 14 കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘യഹോവ ഭൂമുഖത്ത് മഴ പെയ്യിക്കുന്ന നാൾവരെ ആ വലിയ കലത്തിലെ മാവ് തീർന്നുപോകുകയോ ചെറിയ ഭരണിയിലെ എണ്ണ വറ്റിപ്പോകുകയോ ഇല്ല.’”+ 15 സ്ത്രീ പോയി ഏലിയ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ ഏലിയയും സ്ത്രീയും സ്ത്രീയുടെ വീട്ടിലുള്ളവരും കുറെ നാളുകൾ ഭക്ഷണം കഴിച്ചു.+ 16 യഹോവ ഏലിയയിലൂടെ പറഞ്ഞതുപോലെ, വലിയ കലത്തിലെ മാവ് തീർന്നുപോകുകയോ ചെറിയ ഭരണിയിലെ എണ്ണ വറ്റിപ്പോകുകയോ ചെയ്തില്ല.
17 അങ്ങനെയിരിക്കെ വീട്ടുടമസ്ഥയായ ആ സ്ത്രീയുടെ മകന് ഒരു രോഗം ബാധിച്ചു; രോഗം മൂർച്ഛിച്ച് കുട്ടിയുടെ ശ്വാസം നിലച്ചു.+ 18 അപ്പോൾ ആ സ്ത്രീ ഏലിയയോട്: “ദൈവപുരുഷാ, എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപത്തെക്കുറിച്ച് എന്നെ ഓർമിപ്പിക്കാനും+ എന്റെ മകനെ കൊല്ലാനും ആണോ അങ്ങ് എന്റെ അടുത്ത് വന്നത്?” 19 എന്നാൽ ഏലിയ സ്ത്രീയോടു പറഞ്ഞു: “നിന്റെ മകനെ എന്റെ കൈയിലേക്കു തരുക.” ഏലിയ കുട്ടിയെ സ്ത്രീയുടെ കൈയിൽനിന്ന് വാങ്ങി താൻ താമസിക്കുന്ന മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. എന്നിട്ട് കുട്ടിയെ തന്റെ കിടക്കയിൽ കിടത്തി.+ 20 ഏലിയ യഹോവയോട് ഇങ്ങനെ യാചിച്ചു:+ “എന്റെ ദൈവമായ യഹോവേ, ഞാൻ താമസിക്കുന്നിടത്തെ ഈ വിധവയുടെ മകന്റെ ജീവനെടുത്തുകൊണ്ട് അങ്ങ് ഈ സ്ത്രീക്കും ആപത്തു വരുത്തിയോ?” 21 പിന്നെ കുട്ടിയുടെ ദേഹത്ത് മൂന്നു തവണ കമിഴ്ന്നുകിടന്ന് യഹോവയോട് ഇങ്ങനെ യാചിച്ചു: “എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ ഇവനിൽ മടക്കിവരുത്തേണമേ.” 22 യഹോവ ഏലിയയുടെ അപേക്ഷ കേട്ടു.+ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു; കുട്ടി ജീവിച്ചു.+ 23 ഏലിയ മുകളിലത്തെ മുറിയിൽനിന്ന് കുട്ടിയെ എടുത്ത് താഴെ വീടിന് അകത്ത് കൊണ്ടുവന്ന് കുട്ടിയുടെ അമ്മയെ ഏൽപ്പിച്ചു. ഏലിയ സ്ത്രീയോടു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു!”+ 24 അപ്പോൾ ആ സ്ത്രീ ഏലിയയോടു പറഞ്ഞു: “അങ്ങ് ദൈവപുരുഷനാണെന്നും അങ്ങയുടെ വായിൽനിന്ന് പുറപ്പെടുന്ന യഹോവയുടെ വാക്കുകൾ സത്യമാണെന്നും എനിക്ക് ഇപ്പോൾ ബോധ്യമായി.”+