ലേവ്യ
16 അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ അടുത്തേക്കു ചെന്നതു കാരണം മരിച്ച ആ സംഭവത്തെത്തുടർന്ന്+ യഹോവ മോശയോടു സംസാരിച്ചു. 2 മോശയോട് യഹോവ പറഞ്ഞു: “നിന്റെ സഹോദരനായ അഹരോനോട്, അവൻ മരിക്കാതിരിക്കാൻ,+ തിരശ്ശീലയ്ക്കകത്തുള്ള+ വിശുദ്ധസ്ഥലത്ത്,+ പെട്ടകത്തിന്റെ മുകളിലുള്ള മൂടിയുടെ മുന്നിൽ,+ തോന്നുന്ന സമയത്തെല്ലാം വരരുതെന്നു പറയുക. കാരണം ആ മൂടിയുടെ മുകളിലാണല്ലോ ഞാൻ മേഘത്തിൽ പ്രത്യക്ഷനാകുന്നത്.+
3 “അഹരോൻ അതിവിശുദ്ധസ്ഥലത്തേക്കു വരുമ്പോൾ പാപയാഗത്തിനുവേണ്ടി ഒരു കാളക്കുട്ടിയെയും+ ദഹനയാഗത്തിനുവേണ്ടി ഒരു ആൺചെമ്മരിയാടിനെയും കൊണ്ടുവരണം.+ 4 അവൻ അവിടെ പ്രവേശിക്കുമ്പോൾ ലിനൻകൊണ്ടുള്ള വിശുദ്ധമായ നീളൻ കുപ്പായം+ ധരിച്ചിരിക്കണം. ലിനൻകൊണ്ടുള്ള അടിവസ്ത്രം+ ഉപയോഗിച്ച് തന്റെ നഗ്നത* മറയ്ക്കണം. ലിനൻകൊണ്ടുള്ള നടുക്കെട്ടും+ തലപ്പാവും+ കെട്ടണം. അവ വിശുദ്ധവസ്ത്രങ്ങളാണ്.+ കുളിച്ചശേഷം+ വേണം അവ ധരിക്കാൻ.
5 “ഇസ്രായേല്യരുടെ സമൂഹത്തിൽനിന്ന്, പാപയാഗത്തിനുവേണ്ടി രണ്ട് ആൺകോലാട്ടിൻകുട്ടിയെയും ദഹനയാഗത്തിനുവേണ്ടി ഒരു ആൺചെമ്മരിയാടിനെയും അവൻ എടുക്കണം.+
6 “തുടർന്ന് അഹരോൻ അവനുവേണ്ടിയുള്ള പാപയാഗത്തിന്റെ+ കാളയെ കൊണ്ടുവന്ന് അവനും അവന്റെ ഭവനത്തിനും പാപപരിഹാരം വരുത്തണം.
7 “പിന്നെ അവൻ രണ്ടു കോലാടിനെയും കൊണ്ടുവന്ന് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിറുത്തും. 8 അഹരോൻ രണ്ടു കോലാടിനുംവേണ്ടി നറുക്കിടും. ഒന്ന് യഹോവയ്ക്കും മറ്റേത് അസസേലിനും.* 9 യഹോവയ്ക്കായി നറുക്കു+ വീണ കോലാടിനെ അഹരോൻ കൊണ്ടുവന്ന് പാപയാഗമായി അർപ്പിക്കും. 10 പക്ഷേ അസസേലിനായി നറുക്കു വീണ കോലാടിനെ യഹോവയുടെ സന്നിധിയിൽ ജീവനോടെ കൊണ്ടുവന്ന് നിറുത്തി അതിന്മേൽ പാപപരിഹാരകർമം നടത്തണം. അതിനെ അസസേലിനുവേണ്ടി വിജനഭൂമിയിലേക്ക് അയയ്ക്കും.+
11 “അഹരോൻ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ യാഗപീഠത്തിന് അടുത്തേക്കു കൊണ്ടുവന്ന് തനിക്കും ഭവനത്തിനും പാപപരിഹാരം വരുത്തും.+ അതിനു ശേഷം, ആ കാളയെ അവൻ അറുക്കും.
12 “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമയായി പൊടിച്ച സുഗന്ധദ്രവ്യവും യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിൽനിന്ന് സുഗന്ധക്കൂട്ട്+ അർപ്പിക്കാനുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത് അവ തിരശ്ശീലയുടെ ഉള്ളിൽ+ കൊണ്ടുവരും. 13 അവൻ യഹോവയുടെ സന്നിധിയിൽവെച്ച്+ സുഗന്ധക്കൂട്ടു തീയിലിടുമ്പോൾ, സുഗന്ധക്കൂട്ടിന്റെ പുക ‘സാക്ഷ്യം’+ വെച്ചിരിക്കുന്ന പെട്ടകത്തിന്റെ മൂടിയെ+ ആവരണം ചെയ്യും. അവൻ മരിക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണം.
14 “അവൻ കാളയുടെ രക്തത്തിൽ+ കുറച്ച് എടുത്ത് കൈവിരൽകൊണ്ട് മൂടിയുടെ മുൻവശത്ത്, അതായത് കിഴക്കുവശത്ത്, തളിക്കും. അവൻ വിരൽകൊണ്ട് രക്തത്തിൽ കുറച്ച് എടുത്ത് മൂടിയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും.+
15 “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാഗത്തിന്റെ കോലാടിനെ അറുത്ത് അതിന്റെ രക്തം തിരശ്ശീലയ്ക്കുള്ളിൽ+ കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ട്+ ചെയ്തതുപോലെതന്നെ ചെയ്യും. അവൻ ആ രക്തം മൂടിയുടെ നേർക്ക്, അതിന്റെ മുന്നിൽ തളിക്കും.
16 “ഇസ്രായേല്യരുടെ അശുദ്ധമായ പ്രവൃത്തികളും ലംഘനങ്ങളും പാപങ്ങളും കാരണം അവൻ അതിവിശുദ്ധസ്ഥലത്തിനു പാപപരിഹാരം വരുത്തണം.+ അവരുടെ അശുദ്ധമായ പ്രവൃത്തികളുടെ മധ്യേ, അവരുടെ ഇടയിൽ സ്ഥിതിചെയ്യുന്ന സാന്നിധ്യകൂടാരത്തിനുവേണ്ടിയും ഇതുതന്നെ ചെയ്യണം.
17 “അതിവിശുദ്ധസ്ഥലത്തുവെച്ച് പാപപരിഹാരം വരുത്താൻ അവൻ അകത്ത് പ്രവേശിക്കുന്ന സമയംമുതൽ പുറത്ത് വരുന്നതുവരെ മറ്റാരും സാന്നിധ്യകൂടാരത്തിൽ ഉണ്ടാകരുത്. അവൻ അവനും അവന്റെ ഭവനത്തിനും ഇസ്രായേൽസഭയ്ക്കു മുഴുവനും പാപപരിഹാരം വരുത്തും.+
18 “പിന്നെ അവൻ വെളിയിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ അടുത്ത് വന്ന് അതിനു പാപപരിഹാരം വരുത്തും. അവൻ കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ ഓരോ കൊമ്പിലും പുരട്ടും. 19 കൂടാതെ അവൻ രക്തത്തിൽ കുറച്ച് കൈവിരൽകൊണ്ട് ഏഴു പ്രാവശ്യം അതിൽ തളിച്ച് ഇസ്രായേല്യരുടെ അശുദ്ധമായ പ്രവൃത്തികളിൽനിന്ന് അതിനു ശുദ്ധിവരുത്തി അതിനെ വിശുദ്ധീകരിക്കും.
20 “അവൻ അതിവിശുദ്ധസ്ഥലത്തിനും സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പാപപരിഹാരം വരുത്തിക്കഴിയുമ്പോൾ+ ജീവനുള്ള കോലാടിനെ കൊണ്ടുവരും.+ 21 അഹരോൻ ഇരുകൈകളും ജീവനുള്ള കോലാടിന്റെ തലയിൽ വെച്ച് ഇസ്രായേല്യരുടെ എല്ലാ തെറ്റുകളും ലംഘനങ്ങളും പാപങ്ങളും ഏറ്റുപറഞ്ഞ് അവ അതിന്റെ തലയിൽ ചുമത്തും.+ എന്നിട്ട് അതിനെ വിജനഭൂമിയിലേക്കു വിടാൻ നിയമിച്ചിരിക്കുന്ന* ആളുടെ കൈവശം കൊടുത്തയയ്ക്കും. 22 അങ്ങനെ കോലാട് അവരുടെ എല്ലാ തെറ്റുകളും ഒരു മരുപ്രദേശത്തേക്കു+ വഹിച്ചുകൊണ്ടുപോകും.+ ആ കോലാടിനെ അവൻ വിജനഭൂമിയിലേക്കു വിടും.+
23 “തുടർന്ന് അഹരോൻ സാന്നിധ്യകൂടാരത്തിനുള്ളിൽ പ്രവേശിച്ച്, അതിവിശുദ്ധസ്ഥലത്തിനുള്ളിലേക്കു പോയപ്പോൾ ധരിച്ച ലിനൻവസ്ത്രങ്ങൾ അവിടെ ഊരിയിടും. 24 അവൻ വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് കുളിച്ചശേഷം+ വസ്ത്രം+ ധരിച്ച് പുറത്ത് വരും. പിന്നെ തന്റെ ദഹനയാഗവും+ ജനത്തിന്റെ ദഹനയാഗവും+ അർപ്പിച്ച് തനിക്കും ജനത്തിനും പാപപരിഹാരം വരുത്തും.+ 25 പാപയാഗത്തിന്റെ കൊഴുപ്പ് അവൻ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.*
26 “അസസേലിനുള്ള കോലാടിനെയുംകൊണ്ട്+ പോയ വ്യക്തി വസ്ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിൽ വരാം.
27 “പാപപരിഹാരം വരുത്താൻവേണ്ടി അതിവിശുദ്ധസ്ഥലത്തിനുള്ളിലേക്കു രക്തം കൊണ്ടുവരാൻ അറുത്ത പാപയാഗത്തിന്റെ കാളയെയും പാപയാഗത്തിന്റെ കോലാടിനെയും പാളയത്തിനു വെളിയിൽ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും അവിടെവെച്ച് കത്തിച്ചുകളയും.+ 28 അവ കത്തിക്കുന്നവൻ വസ്ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിനുള്ളിൽ വരാം.
29 “ഇതു നിങ്ങൾക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും: ഏഴാം മാസം പത്താം ദിവസം നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം.* സ്വദേശിയോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, നിങ്ങൾ ആരും ഒരു ജോലിയും ചെയ്യുകയുമരുത്.+ 30 അന്നായിരിക്കും നിങ്ങളെ ശുദ്ധിയുള്ളവരായി പ്രഖ്യാപിക്കാൻ നിങ്ങൾക്കു പാപപരിഹാരം+ വരുത്തുന്നത്. യഹോവയുടെ മുന്നിൽ നിങ്ങൾ നിങ്ങളുടെ എല്ലാ പാപങ്ങളിൽനിന്നും ശുദ്ധരാകും.+ 31 അതു നിങ്ങൾക്കു സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്. നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം.+ ഇതു ദീർഘകാലത്തേക്കുള്ള ഒരു നിയമമാണ്.
32 “തന്റെ അപ്പന്റെ സ്ഥാനത്ത് പുരോഹിതനായി സേവിക്കാൻ+ അഭിഷേകം+ ചെയ്യപ്പെട്ട് അവരോധിതനാകുന്ന പുരോഹിതൻ+ പാപപരിഹാരം വരുത്തുകയും വിശുദ്ധവസ്ത്രങ്ങളായ+ ലിനൻവസ്ത്രങ്ങൾ+ ധരിക്കുകയും ചെയ്യും. 33 അവൻ അതിവിശുദ്ധസ്ഥലത്തിനും സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പാപപരിഹാരം വരുത്തും.+ പുരോഹിതന്മാർക്കും സഭയിലെ സർവജനത്തിനും അവൻ പാപപരിഹാരം വരുത്തും.+ 34 ഇസ്രായേല്യരുടെ എല്ലാ പാപങ്ങളും കാരണം വർഷത്തിലൊരിക്കൽ അവർക്കു പാപപരിഹാരം വരുത്താൻവേണ്ടി+ ഇതു നിങ്ങൾക്കു ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”+
അങ്ങനെ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അഹരോൻ ചെയ്തു.