അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
23 സൻഹെദ്രിനെ നോക്കിക്കൊണ്ട് പൗലോസ് പറഞ്ഞു: “സഹോദരന്മാരേ, ഈ നിമിഷംവരെ ദൈവമുമ്പാകെ തികച്ചും ശുദ്ധമായ മനസ്സാക്ഷിയോടെയാണു+ ഞാൻ ജീവിച്ചിട്ടുള്ളത്.” 2 ഇതു കേട്ട് മഹാപുരോഹിതനായ അനന്യാസ് അടുത്ത് നിന്നവരോടു പൗലോസിന്റെ മുഖത്ത് അടിക്കാൻ+ ആജ്ഞാപിച്ചു. 3 അപ്പോൾ പൗലോസ് അനന്യാസിനോടു പറഞ്ഞു: “വെള്ള തേച്ച ചുവരേ, ദൈവം നിന്നെ അടിക്കും. എന്നെ നിയമപ്രകാരം ന്യായം വിധിക്കാൻ ഇരിക്കുന്ന നീ നിയമം ലംഘിച്ചുകൊണ്ട് എന്നെ അടിക്കാൻ കല്പിക്കുന്നോ?” 4 അരികെ നിന്നവർ പൗലോസിനോട്, “ദൈവത്തിന്റെ മഹാപുരോഹിതനെയാണോ നീ അപമാനിക്കുന്നത്” എന്നു ചോദിച്ചു. 5 അപ്പോൾ പൗലോസ്, “സഹോദരന്മാരേ, ഇദ്ദേഹം മഹാപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല. ‘നിന്റെ ജനത്തിന്റെ അധികാരിയെ നിന്ദിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ”+ എന്നു പറഞ്ഞു.
6 സൻഹെദ്രിനിൽ പകുതി പേർ സദൂക്യരും ബാക്കി പരീശന്മാരും ആണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ ഉറക്കെ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനാണ്,+ പരീശകുടുംബത്തിൽ ജനിച്ചവൻ. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള എന്റെ പ്രത്യാശ കാരണമാണ് എന്നെ ഇപ്പോൾ ന്യായം വിധിക്കുന്നത്.” 7 പൗലോസ് പറഞ്ഞതു കേട്ട് പരീശന്മാരും സദൂക്യരും ചേരിതിരിഞ്ഞു; സഭയിൽ ഭിന്നത ഉണ്ടായി. 8 പുനരുത്ഥാനമോ ദൈവദൂതന്മാരോ ആത്മവ്യക്തികളോ ഇല്ലെന്നായിരുന്നു സദൂക്യരുടെ വിശ്വാസം. പരീശന്മാരാകട്ടെ ഇവയെല്ലാമുണ്ടെന്നു വിശ്വസിച്ചു.+ 9 തുടർന്ന് അവിടെ വലിയ ഒച്ചപ്പാട് ഉണ്ടായി. പരീശന്മാരുടെ പക്ഷത്തുള്ള ചില ശാസ്ത്രിമാർ എഴുന്നേറ്റ് ശക്തമായി വാദിക്കാൻതുടങ്ങി. അവർ പറഞ്ഞു: “ഇയാളിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; എന്നാൽ ഒരു ആത്മവ്യക്തിയോ ദൈവദൂതനോ ഇയാളോടു സംസാരിച്ചിട്ടുണ്ടെങ്കിൽ...”+ 10 അപ്പോഴേക്കും തർക്കം ചൂടു പിടിച്ചു. പൗലോസിനെ അവർ പിച്ചിച്ചീന്തുമോ എന്നു ഭയന്ന സൈന്യാധിപൻ, പടയാളികളോട് ഇറങ്ങിച്ചെന്ന് അവരുടെ കൈയിൽനിന്ന് പൗലോസിനെ രക്ഷിക്കാനും പടയാളികളുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാനും ഉത്തരവിട്ടു.
11 അന്നു രാത്രി കർത്താവ് പൗലോസിന്റെ അടുത്ത് വന്ന്, “ധൈര്യമായിരിക്കുക!+ യരുശലേമിലെങ്ങും നീ എന്നെക്കുറിച്ച് സമഗ്രമായി പ്രസംഗിക്കുന്നതുപോലെതന്നെ റോമിലും പ്രസംഗിക്കേണ്ടതുണ്ട്”+ എന്നു പറഞ്ഞു.
12 നേരം വെളുത്തപ്പോൾ ജൂതന്മാർ കൂടിവന്ന് ഒരു രഹസ്യപദ്ധതി ഉണ്ടാക്കി.+ പൗലോസിനെ കൊല്ലാതെ ഇനി തിന്നുകയോ കുടിക്കുകയോ ചെയ്യില്ലെന്ന് അവർ ശപഥമെടുത്തു. 13 40-ലധികം പേർ ചേർന്നാണ് ഇങ്ങനെ ഗൂഢാലോചന നടത്തി ശപഥം ചെയ്തത്. 14 അവർ മുഖ്യപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് ചെന്ന് പറഞ്ഞു: “പൗലോസിനെ കൊല്ലാതെ ഇനി ഒന്നും കഴിക്കില്ലെന്നു ഞങ്ങൾ ഒരു കഠിനശപഥമെടുത്തിരിക്കുകയാണ്. 15 അതുകൊണ്ട് പൗലോസിനെ നിങ്ങളുടെ അടുത്ത് കൊണ്ടുവരാൻ നിങ്ങളും സൻഹെദ്രിനും കൂടെ സൈന്യാധിപനെ പറഞ്ഞുസമ്മതിപ്പിക്കണം. പൗലോസിനെ വിശദമായി വിസ്തരിക്കാൻവേണ്ടി ഇവിടെ ഹാജരാക്കുന്നു എന്നതുപോലെ വേണം കാര്യം അവതരിപ്പിക്കാൻ. പൗലോസ് ഇവിടെ എത്തുന്നതിനു മുമ്പുതന്നെ ഞങ്ങൾ അവനെ വകവരുത്തിക്കൊള്ളാം.”
16 പതിയിരുന്ന് പൗലോസിനെ കൊല്ലാനുള്ള ഈ പദ്ധതിയെപ്പറ്റി അറിഞ്ഞ പൗലോസിന്റെ പെങ്ങളുടെ മകൻ പടയാളികളുടെ താമസസ്ഥലത്ത് ചെന്ന് ഇക്കാര്യം പൗലോസിനെ അറിയിച്ചു. 17 അപ്പോൾ പൗലോസ് സൈനികോദ്യോഗസ്ഥരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുത്തേക്കു കൊണ്ടുപോകുക. ഇവനു ചിലതു ബോധിപ്പിക്കാനുണ്ട്” എന്നു പറഞ്ഞു. 18 സൈനികോദ്യോഗസ്ഥൻ ആ യുവാവിനെ സൈന്യാധിപന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുചെന്നിട്ട്, “തടവുകാരനായ പൗലോസ് എന്നെ വിളിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു; ഇവന് എന്തോ പറയാനുണ്ട്” എന്ന് അറിയിച്ചു. 19 സൈന്യാധിപൻ യുവാവിനെ കൈക്കു പിടിച്ച് മാറ്റിക്കൊണ്ടുപോയി, “നിനക്ക് എന്താണു പറയാനുള്ളത്” എന്നു രഹസ്യമായി ചോദിച്ചു. 20 ആ യുവാവ് പറഞ്ഞു: “നാളെ പൗലോസിനെ സൻഹെദ്രിനിൽ കൊണ്ടുചെല്ലണമെന്ന് അങ്ങയോട് അപേക്ഷിക്കാൻ ജൂതന്മാർ തമ്മിൽ പറഞ്ഞൊത്തിട്ടുണ്ട്. പൗലോസിന്റെ കേസ് വിശദമായി പഠിക്കാനുണ്ട് എന്ന മട്ടിലായിരിക്കും അവർ വരുന്നത്.+ 21 എന്നാൽ അങ്ങ് അതിനു വഴങ്ങരുത്. അവരുടെകൂടെയുള്ള 40-ലധികം ആളുകൾ പൗലോസിനെ ആക്രമിക്കാൻ പതിയിരിക്കുന്നുണ്ട്. പൗലോസിനെ കൊല്ലുന്നതുവരെ ഒന്നും തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥം ചെയ്തിരിക്കുന്നു.+ അങ്ങയുടെ അനുമതിയും കാത്ത് അവർ ഒരുങ്ങിയിരിക്കുകയാണ്.” 22 അപ്പോൾ സൈന്യാധിപൻ, “ഇക്കാര്യം നീ എന്നോടു പറഞ്ഞെന്ന് ആരും അറിയരുത്” എന്ന നിർദേശം നൽകിയിട്ട് ആ യുവാവിനെ പറഞ്ഞയച്ചു.
23 പിന്നെ സൈന്യാധിപൻ സൈനികോദ്യോഗസ്ഥരിൽ രണ്ടു പേരെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “രാത്രി മൂന്നാം മണി നേരത്ത് കൈസര്യയിലേക്കു പോകാൻ 200 കാലാളുകളെയും 70 കുതിരപ്പടയാളികളെയും 200 കുന്തക്കാരെയും തയ്യാറാക്കിനിറുത്തുക. 24 പൗലോസിനു യാത്ര ചെയ്യാൻ കുതിരകളെയും ഒരുക്കുക; പൗലോസിനെ ഗവർണറായ ഫേലിക്സിന്റെ അടുത്ത് സുരക്ഷിതമായി എത്തിക്കണം.”+ 25 സൈന്യാധിപൻ ഇങ്ങനെ ഒരു കത്തും എഴുതി:
26 “അഭിവന്ദ്യനായ ഗവർണർ ഫേലിക്സിനു ക്ലൗദ്യൊസ് ലുസിയാസ് എഴുതുന്നത്: നമസ്കാരം! 27 ഈ മനുഷ്യനെ ജൂതന്മാർ പിടികൂടി കൊല്ലാൻ ശ്രമിച്ചു. പക്ഷേ ഇയാൾ ഒരു റോമൻ പൗരനാണെന്നു മനസ്സിലായപ്പോൾ+ ഞാൻ ഉടനെ പടയാളികളുമായി ചെന്ന് ഇയാളെ രക്ഷപ്പെടുത്തി.+ 28 അവർ ഇയാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻവേണ്ടി ഞാൻ ഇയാളെ അവരുടെ സൻഹെദ്രിനിൽ കൊണ്ടുചെന്നു.+ 29 ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ അവരുടെ നിയമത്തോടു ബന്ധപ്പെട്ട ചില തർക്കങ്ങളെച്ചൊല്ലിയാണെന്നും+ മരണമോ തടവോ അർഹിക്കുന്ന ഒരു കുറ്റംപോലും ഇയാൾ ചെയ്തിട്ടില്ലെന്നും എനിക്കു മനസ്സിലായി.+ 30 പക്ഷേ ഇയാൾക്കെതിരെ ഒരു ഗൂഢാലോചന നടന്നതായി എനിക്കു വിവരം കിട്ടി.+ അതുകൊണ്ട് ഞാൻ എത്രയും പെട്ടെന്ന് ഇയാളെ താങ്കളുടെ അടുത്തേക്ക് അയയ്ക്കുകയാണ്. ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ താങ്കളുടെ മുമ്പാകെ ബോധിപ്പിക്കാൻ പരാതിക്കാരോടു ഞാൻ കല്പിച്ചിട്ടുമുണ്ട്.”
31 അങ്ങനെ പടയാളികൾ അവർക്കു കിട്ടിയ കല്പനയനുസരിച്ച് പൗലോസിനെ രാത്രി അന്തിപത്രിസിൽ എത്തിച്ചു.+ 32 പിറ്റേന്ന് കുതിരപ്പടയാളികളെ പൗലോസിനോടൊപ്പം അയച്ചിട്ട് ബാക്കിയുള്ളവർ പടയാളികളുടെ താമസസ്ഥലത്തേക്കു മടങ്ങി. 33 കുതിരപ്പടയാളികൾ കൈസര്യയിൽ ചെന്ന് കത്തു ഗവർണർക്കു കൈമാറി. എന്നിട്ട് പൗലോസിനെ ഗവർണറുടെ മുമ്പാകെ ഹാജരാക്കി. 34 കത്തു വായിച്ചിട്ട് ഗവർണർ, പൗലോസ് ഏതു സംസ്ഥാനത്തുനിന്നുള്ളവനാണ് എന്നു ചോദിച്ചു. പൗലോസ് കിലിക്യയിൽനിന്നുള്ളവനാണ് എന്ന് അദ്ദേഹത്തിനു മനസ്സിലായി.+ 35 “നിനക്ക് എതിരെ പരാതിപ്പെട്ടവർ വരുമ്പോൾ ഞാൻ നിന്നെ വിശദമായി വിസ്തരിക്കാം”+ എന്നു പറഞ്ഞിട്ട് പൗലോസിനെ ഹെരോദിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.