രാജാക്കന്മാർ ഒന്നാം ഭാഗം
10 യഹോവയുടെ പേരുമായി ബന്ധപ്പെട്ട് ശലോമോനെക്കുറിച്ച്+ കേട്ടറിഞ്ഞ ശേബയിലെ രാജ്ഞി, ശലോമോനെ പരീക്ഷിക്കാൻ കുഴപ്പിക്കുന്ന കുറെ ചോദ്യങ്ങളുമായി* അദ്ദേഹത്തിന്റെ അടുത്ത് വന്നു.+ 2 പരിവാരങ്ങളോടൊപ്പം, ഒട്ടകപ്പുറത്ത് ധാരാളം സ്വർണവും അമൂല്യരത്നങ്ങളും സുഗന്ധതൈലവും*+ കയറ്റി പ്രൗഢിയോടെയാണു രാജ്ഞി യരുശലേമിലേക്കു വന്നത്.+ രാജ്ഞി ശലോമോന്റെ സന്നിധിയിൽ ചെന്ന് ഹൃദയത്തിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശലോമോനോടു സംസാരിച്ചു. 3 രാജ്ഞിയുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം കൊടുത്തു. ഉത്തരം കൊടുക്കാൻ രാജാവിന് ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല.*
4 ശലോമോന്റെ അതിരറ്റ ജ്ഞാനം,+ ശലോമോൻ പണിത ഭവനം,+ 5 മേശയിലെ വിഭവങ്ങൾ,+ ഭൃത്യന്മാരുടെ ഇരിപ്പിടക്രമീകരണങ്ങൾ, ഭക്ഷണം വിളമ്പുന്ന പരിചാരകരുടെ ഉപചാരങ്ങൾ, അവരുടെ വേഷഭൂഷാദികൾ, പാനപാത്രവാഹകർ, യഹോവയുടെ ഭവനത്തിൽ ശലോമോൻ പതിവായി അർപ്പിക്കുന്ന ദഹനബലികൾ എന്നിങ്ങനെയുള്ളതെല്ലാം നേരിട്ട് കണ്ടപ്പോൾ ശേബാരാജ്ഞി അമ്പരന്നുപോയി!* 6 രാജ്ഞി ശലോമോൻ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാനത്തെയും കുറിച്ച് എന്റെ ദേശത്തുവെച്ച് കേട്ടതെല്ലാം സത്യമാണെന്ന് എനിക്കു ബോധ്യമായി. 7 പക്ഷേ ഇവിടെ വന്ന് ഇതെല്ലാം സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ അതു വിശ്വസിച്ചില്ല. ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല എന്നതാണു വാസ്തവം! അങ്ങയുടെ ജ്ഞാനവും സമ്പദ്സമൃദ്ധിയും ഞാൻ കേട്ടതിലും എത്രയോ അധികമാണ്! 8 അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിത്യം നിൽക്കുന്ന ഭൃത്യന്മാരും എത്ര ഭാഗ്യവാന്മാർ!+ 9 അങ്ങയിൽ പ്രസാദിച്ച് അങ്ങയെ ഇസ്രായേലിന്റെ സിംഹാസനത്തിൽ അവരോധിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ.+ ഇസ്രായേലിനോടുള്ള നിത്യസ്നേഹം കാരണമാണു നീതിയോടും ന്യായത്തോടും കൂടെ ഭരിക്കാൻ യഹോവ അങ്ങയെ രാജാവായി നിയമിച്ചിരിക്കുന്നത്.”
10 പിന്നെ രാജ്ഞി ശലോമോൻ രാജാവിന് 120 താലന്തു* സ്വർണവും വളരെയധികം സുഗന്ധതൈലവും+ അമൂല്യരത്നങ്ങളും സമ്മാനിച്ചു.+ ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ച അത്രയും സുഗന്ധതൈലം പിന്നീട് ഒരിക്കലും ആരും കൊണ്ടുവന്നിട്ടില്ല.
11 ഓഫീരിൽനിന്ന് സ്വർണം+ കൊണ്ടുവന്ന ഹീരാമിന്റെ കപ്പൽവ്യൂഹം അവിടെനിന്ന് കണക്കില്ലാതെ രക്തചന്ദനത്തടികളും+ അമൂല്യരത്നങ്ങളും+ കൊണ്ടുവന്നു. 12 രാജാവ് ആ രക്തചന്ദനത്തടികൊണ്ട് യഹോവയുടെ ഭവനത്തിനും രാജാവിന്റെ കൊട്ടാരത്തിനും വേണ്ടി താങ്ങുകളും ഗായകർക്കുവേണ്ടി കിന്നരങ്ങളും തന്ത്രിവാദ്യങ്ങളും+ നിർമിച്ചു. അത്രയും നല്ല രക്തചന്ദനത്തടികൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല, ഇന്നുവരെ കണ്ടിട്ടുമില്ല.
13 ശലോമോൻ രാജാവ്, താൻ ഉദാരമായി കൊടുത്ത സമ്മാനങ്ങൾക്കു പുറമേ, ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം കൊടുത്തു. പിന്നെ രാജ്ഞി ഭൃത്യന്മാരോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി.+
14 ശലോമോന് ഒരു വർഷം ലഭിക്കുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്തായിരുന്നു.+ 15 കച്ചവടക്കാരും ഗവർണർമാരും എല്ലാ അറബിരാജാക്കന്മാരും നൽകിയതിനും വ്യാപാരികളുടെ ലാഭത്തിൽനിന്ന് ലഭിച്ചതിനും പുറമേയായിരുന്നു ഇത്.
16 സങ്കരസ്വർണംകൊണ്ട് ശലോമോൻ രാജാവ് 200 വലിയ പരിചകളും+ (ഓരോന്നിനും 600 ശേക്കെൽ* സ്വർണം വേണ്ടിവന്നു.)+ 17 കൂടാതെ 300 ചെറുപരിചകളും* (ഓരോന്നിനും മൂന്നു മിന* സ്വർണം വേണ്ടിവന്നു.) ഉണ്ടാക്കി. രാജാവ് അവ ലബാനോൻ-വനഗൃഹത്തിൽ+ സൂക്ഷിച്ചു.
18 രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു മഹാസിംഹാസനം+ പണികഴിപ്പിച്ച് ശുദ്ധീകരിച്ച സ്വർണംകൊണ്ട് അതു പൊതിഞ്ഞു.+ 19 സിംഹാസനത്തിലേക്ക് ആറു പടികളുണ്ടായിരുന്നു. സിംഹാസനത്തിനു പിന്നിൽ വട്ടത്തിലുള്ള ഒരു മേലാപ്പും ഇരിപ്പിടത്തിന്റെ ഇരുവശങ്ങളിലും കൈ വെക്കാനുള്ള താങ്ങുകളും ഉണ്ടായിരുന്നു. ആ താങ്ങുകളുടെ സമീപത്ത് രണ്ടു സിംഹങ്ങളെ+ ഉണ്ടാക്കിവെച്ചിരുന്നു. 20 കൂടാതെ ഓരോ പടിയുടെയും രണ്ട് അറ്റത്തും ഓരോ സിംഹം എന്ന കണക്കിൽ ആറു പടികളിലായി 12 സിംഹങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരു രാജ്യത്തും ഇതുപോലെ ഒന്നുണ്ടായിരുന്നില്ല.
21 ശലോമോൻ രാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണംകൊണ്ടും ലബാനോൻ-വനഗൃഹത്തിലെ+ ഉപകരണങ്ങളെല്ലാം തനിത്തങ്കംകൊണ്ടും ഉള്ളതായിരുന്നു. വെള്ളികൊണ്ട് ഉണ്ടാക്കിയ ഒന്നുമുണ്ടായിരുന്നില്ല. കാരണം ശലോമോന്റെ കാലത്ത് വെള്ളിക്കു തീരെ വിലയില്ലായിരുന്നു.+ 22 രാജാവിനു ഹീരാമിന്റെ കപ്പൽവ്യൂഹത്തോടൊപ്പം കടലിൽ തർശീശുകപ്പലുകളുടെ+ ഒരു വ്യൂഹമുണ്ടായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ കൊണ്ടുവരുമായിരുന്നു.
23 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും+ സമ്പത്തുകൊണ്ടും+ ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു. 24 ദൈവം ശലോമോനു നൽകിയ ജ്ഞാനം+ കേൾക്കാനായി ഭൂമിയിൽ എല്ലായിടത്തുമുള്ള ആളുകൾ ശലോമോനെ കാണാൻ ആഗ്രഹിച്ചു. 25 രാജാവിന്റെ അടുത്ത് വരുന്നവരെല്ലാം രാജാവിനു സ്വർണത്തിന്റെയും വെള്ളിയുടെയും വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധതൈലം, കുതിരകൾ, കോവർകഴുതകൾ എന്നിങ്ങനെയുള്ള കാഴ്ചകൾ കൊണ്ടുവരുമായിരുന്നു. എല്ലാ വർഷവും ഇതു തുടർന്നു.
26 ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങളെയും സമ്പാദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും*+ ഉണ്ടായിരുന്നു. രാജാവ് അവയെ രഥനഗരങ്ങളിലും യരുശലേമിൽ തന്റെ അടുത്തും സൂക്ഷിച്ചു.+
27 ശലോമോൻ രാജാവ് വെള്ളിയെ കല്ലുകൾപോലെയും ദേവദാരുത്തടിയെ ഷെഫേലയിലെ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി.+
28 ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ശലോമോന്റെ കുതിരകൾ. രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.*+ 29 ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്ത ഓരോ രഥത്തിന്റെയും വില 600 വെള്ളിക്കാശും ഓരോ കുതിരയുടെയും വില 150 വെള്ളിക്കാശും ആയിരുന്നു. അവർ അവ ഹിത്യരുടെ+ എല്ലാ രാജാക്കന്മാർക്കും സിറിയയിലെ രാജാക്കന്മാർക്കും ഇറക്കുമതി ചെയ്തുകൊടുക്കുമായിരുന്നു.