സംഖ്യ
5 യഹോവ പിന്നെ മോശയോടു പറഞ്ഞു: 2 “കുഷ്ഠരോഗികളായ എല്ലാവരെയും+ സ്രാവമുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധരായ എല്ലാവരെയും+ പാളയത്തിനു പുറത്തേക്ക് അയയ്ക്കാൻ ഇസ്രായേല്യരോടു കല്പിക്കുക. 3 സ്ത്രീപുരുഷവ്യത്യാസമില്ലാതെ നിങ്ങൾ അവരെ പുറത്തേക്ക് അയയ്ക്കണം. ഞാൻ പാളയങ്ങളിൽ താമസിക്കുന്നവർക്കിടയിൽ വസിക്കുന്നു.+ ആ പാളയങ്ങളെ അവർ അശുദ്ധമാക്കാതിരിക്കാനായി+ നീ അവരെ പാളയത്തിനു പുറത്തേക്ക് അയയ്ക്കണം.” 4 അങ്ങനെ ഇസ്രായേല്യർ അവരെ പാളയത്തിൽനിന്ന് പുറത്താക്കി. യഹോവ മോശയോടു പറഞ്ഞതുപോലെതന്നെ അവർ ചെയ്തു.
5 പിന്നെ യഹോവ മോശയോടു പറഞ്ഞു: 6 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഒരു പാപം ചെയ്ത് യഹോവയോട് അവിശ്വസ്തത കാണിച്ചാൽ ആ വ്യക്തി കുറ്റക്കാരനാണ്.+ 7 ചെയ്ത പാപം ഏറ്റുപറഞ്ഞ്+ ആ വ്യക്തി തന്റെ* തെറ്റിനു നഷ്ടപരിഹാരമായി മുഴുവൻ മുതലും തിരികെ ഏൽപ്പിക്കണം. അതോടൊപ്പം അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നും കൊടുക്കണം.+ അനീതിക്കിരയായവന് അതു കൊടുക്കണം. 8 നഷ്ടപരിഹാരം കൈപ്പറ്റാൻ അയാളോ അയാളുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമോ ഇല്ലെങ്കിൽ അത് യഹോവയ്ക്കു നൽകണം; അതു പുരോഹിതനുള്ളതായിരിക്കും. കുറ്റം ചെയ്തവന്റെ പാപപരിഹാരത്തിനുവേണ്ടി പുരോഹിതൻ അർപ്പിക്കുന്ന പാപപരിഹാരത്തിന്റെ ആൺചെമ്മരിയാടും പുരോഹിതനുള്ളതായിരിക്കും.+
9 “‘പുരോഹിതന്റെ അടുത്ത് കൊണ്ടുവരുന്ന, ഇസ്രായേല്യരുടെ വിശുദ്ധസംഭാവനകളെല്ലാം+ പുരോഹിതനുള്ളതായിരിക്കും.+ 10 ഓരോരുത്തരുടെയും വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. ഓരോരുത്തരും പുരോഹിതനു കൊടുക്കുന്നതെല്ലാം പുരോഹിതന്റേതായിരിക്കും.’”
11 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 12 “ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷന്റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തത കാണിക്കുന്നെന്നിരിക്കട്ടെ. 13 അതായത് മറ്റൊരു പുരുഷൻ ആ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും+ അങ്ങനെ സ്ത്രീ തന്നെത്തന്നെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അത് ആ സ്ത്രീയുടെ ഭർത്താവ് അറിയുകയോ അക്കാര്യം വെളിച്ചത്ത് വരുകയോ ചെയ്യുന്നില്ല. സ്ത്രീക്കെതിരെ സാക്ഷികളുമില്ല, സ്ത്രീ പിടിക്കപ്പെടുന്നുമില്ല. അപ്പോൾ ചെയ്യേണ്ടത് ഇതാണ്: 14 സ്ത്രീ കളങ്കിതയായിരിക്കെ സ്ത്രീയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ഭർത്താവിനു ജാരശങ്ക തോന്നിയാലും, സ്ത്രീ കളങ്കിതയല്ലാതിരിക്കെ സ്ത്രീയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ഭർത്താവിനു ജാരശങ്ക തോന്നിയാലും 15 അയാൾ തന്റെ ഭാര്യയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. ഭാര്യക്കുവേണ്ടി യാഗമായി, ഒരു ഏഫായുടെ പത്തിലൊന്നു* ബാർളിപ്പൊടിയും അയാൾ കൊണ്ടുവരണം. അയാൾ അതിൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്. കാരണം അതു തെറ്റിനെ ഓർമിപ്പിക്കുന്ന, സംശയത്തിന്റെ ധാന്യയാഗമാണ്.
16 “‘പുരോഹിതൻ ആ സ്ത്രീയെ കൊണ്ടുവന്ന് യഹോവയുടെ മുമ്പാകെ നിറുത്തണം.+ 17 പുരോഹിതൻ ഒരു മൺപാത്രത്തിൽ കുറച്ച് വിശുദ്ധജലം എടുത്ത് വിശുദ്ധകൂടാരത്തിന്റെ തറയിൽനിന്ന് കുറച്ച് പൊടി വാരി അതിൽ ഇടണം. 18 തുടർന്ന് പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിറുത്തി സ്ത്രീയുടെ മുടി അഴിച്ചിട്ടിട്ട് ഓർമിപ്പിക്കലിനുവേണ്ടിയുള്ള ധാന്യയാഗം, അതായത് സംശയത്തിന്റെ ധാന്യയാഗം,+ സ്ത്രീയുടെ കൈയിൽ വെക്കണം. ശാപം വരുത്തുന്ന കയ്പുവെള്ളം പുരോഹിതന്റെ കൈയിലുണ്ടായിരിക്കണം.+
19 “‘പിന്നെ പുരോഹിതൻ സ്ത്രീയെക്കൊണ്ട് സത്യം ചെയ്യിച്ച് സ്ത്രീയോടു പറയണം: “നീ നിന്റെ ഭർത്താവിന്റെ അധീനതയിലായിരിക്കെ+ മറ്റൊരു പുരുഷൻ നീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയോ നീ വഴിപിഴച്ച് കളങ്കിതയാകുകയോ ചെയ്തിട്ടില്ലെങ്കിൽ ശാപകരമായ ഈ കയ്പുവെള്ളംമൂലം നിനക്ക് ഒരു കുഴപ്പവും വരാതിരിക്കട്ടെ. 20 എന്നാൽ ഭർത്താവിന്റെ അധീനതയിലായിരിക്കെ നീ നിന്നെത്തന്നെ കളങ്കപ്പെടുത്തി വഴിപിഴച്ച് നിന്റെ ഭർത്താവല്ലാത്ത ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ...”+ 21 പിന്നെ പുരോഹിതൻ സ്ത്രീയെക്കൊണ്ട്, ശാപം ഉൾപ്പെടുന്ന ഒരു ആണ ഇടുവിച്ച് സത്യം ചെയ്യിക്കണം. പുരോഹിതൻ സ്ത്രീയോട് ഇങ്ങനെ പറയണം: “യഹോവ നിന്റെ തുട* ക്ഷയിക്കാനും* വയറു വീർക്കാനും ഇടവരുത്തട്ടെ, അങ്ങനെ നിന്റെ ജനം നിന്റെ പേര് പറഞ്ഞ് ശപിക്കാനും ആണയിടാനും യഹോവ ഇടവരുത്തട്ടെ. 22 ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ വയറു വീർപ്പിക്കുകയും തുട ക്ഷയിപ്പിക്കുകയും ചെയ്യും.” അപ്പോൾ സ്ത്രീ, “ആമേൻ! ആമേൻ!”* എന്നു പറയണം.
23 “‘പിന്നെ പുരോഹിതൻ ഈ ശാപങ്ങൾ പുസ്തകത്തിൽ എഴുതി അവ ആ കയ്പുവെള്ളത്തിലേക്കു കഴുകിയൊഴിക്കണം. 24 തുടർന്ന് പുരോഹിതൻ ശാപകരമായ ആ കയ്പുവെള്ളം സ്ത്രീയെക്കൊണ്ട് കുടിപ്പിക്കണം. ശാപകരമായ വെള്ളം സ്ത്രീയുടെ ഉള്ളിൽ ചെന്ന് കഷ്ടതയുടെ കയ്പുനീരായിത്തീരും. 25 പുരോഹിതൻ സംശയത്തിന്റെ ധാന്യയാഗം+ സ്ത്രീയുടെ കൈയിൽനിന്ന് എടുത്ത് യഹോവയുടെ മുമ്പാകെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം. പിന്നെ പുരോഹിതൻ അതു യാഗപീഠത്തിന് അരികെ കൊണ്ടുവരണം. 26 പുരോഹിതൻ ധാന്യയാഗത്തിൽനിന്ന് ഒരു പിടി എടുത്ത്, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി അതു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം.*+ അതിനു ശേഷം പുരോഹിതൻ സ്ത്രീയെക്കൊണ്ട് കയ്പുവെള്ളം കുടിപ്പിക്കണം. 27 സ്ത്രീ തന്നെത്തന്നെ കളങ്കപ്പെടുത്തി ഭർത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കിൽ പുരോഹിതൻ സ്ത്രീയെ ആ വെള്ളം കുടിപ്പിക്കുമ്പോൾ ശാപകരമായ ആ വെള്ളം സ്ത്രീയുടെ ഉള്ളിൽച്ചെന്ന് കഷ്ടതയുടെ കയ്പുനീരായിത്തീരും. സ്ത്രീയുടെ വയറു വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും. ജനത്തിന് ഇടയിൽ ആ സ്ത്രീയുടെ പേര് ഒരു ശാപവാക്കായിത്തീരും. 28 എന്നാൽ ആ സ്ത്രീ കളങ്കപ്പെടാത്തവളാണെങ്കിൽ, നിർമലയാണെങ്കിൽ, അത്തരം ശിക്ഷകളിൽനിന്ന് ഒഴിവുള്ളവളായിരിക്കും. ഗർഭിണിയാകാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ആ സ്ത്രീക്കു കഴിയും.
29 “‘ഇതാണു ജാരശങ്ക സംബന്ധിച്ച നിയമം.*+ ഒരു സ്ത്രീ ഭർത്താവിന്റെ അധീനതയിലായിരിക്കെ വഴിപിഴച്ച് തന്നെത്തന്നെ കളങ്കപ്പെടുത്തുകയോ 30 ഒരു പുരുഷനു തന്റെ ഭാര്യയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ജാരശങ്ക തോന്നുകയോ ചെയ്താൽ അയാൾ തന്റെ ഭാര്യയെ യഹോവയുടെ മുമ്പാകെ നിറുത്തണം. അപ്പോൾ പുരോഹിതൻ ഈ നിയമത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം ആ സ്ത്രീയുടെ കാര്യത്തിൽ നടപ്പാക്കണം. 31 പുരുഷൻ കുറ്റവിമുക്തനായിരിക്കും. എന്നാൽ അയാളുടെ ഭാര്യ തന്റെ കുറ്റത്തിന് ഉത്തരം പറയണം.’”