യോശുവ
10 യോശുവ ഹായി പിടിച്ചടക്കി അതിനെ നിശ്ശേഷം നശിപ്പിച്ചെന്നും യരീഹൊയോടും അവിടത്തെ രാജാവിനോടും+ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും+ ചെയ്തെന്നും ഗിബെയോൻനിവാസികൾ ഇസ്രായേലുമായി സമാധാനത്തിലായി+ അവരോടൊപ്പം കഴിയുന്നെന്നും യരുശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോൾ 2 അയാൾക്കു വലിയ പേടി തോന്നി.+ കാരണം, രാജാവ് ഭരിക്കുന്ന നഗരംപോലുള്ള ഒരു മഹാനഗരമായിരുന്നു ഗിബെയോൻ. അതു ഹായിയെക്കാൾ വലുതും+ അവിടത്തെ പുരുഷന്മാരെല്ലാം യുദ്ധവീരന്മാരും ആയിരുന്നു. 3 അതുകൊണ്ട്, യരുശലേംരാജാവായ അദോനീ-സേദെക് ഹെബ്രോൻരാജാവായ+ ഹോഹാമിനും യർമൂത്തുരാജാവായ പിരാമിനും ലാഖീശുരാജാവായ യാഫീയയ്ക്കും എഗ്ലോൻരാജാവായ+ ദബീരിനും ഈ സന്ദേശം അയച്ചു: 4 “വന്ന് എന്നെ സഹായിക്കൂ! നമുക്കു ഗിബെയോനെ ആക്രമിക്കാം. കാരണം, അവർ യോശുവയോടും ഇസ്രായേല്യരോടും സഖ്യം ചെയ്ത് സമാധാനത്തിലായിരിക്കുന്നു.”+ 5 അപ്പോൾ യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാർ+ തങ്ങളുടെ സൈന്യങ്ങളോടൊപ്പം ഒന്നിച്ചുകൂടി ഗിബെയോനോടു പോരാടാൻ അവിടേക്കു ചെന്ന് അതിന് എതിരെ പാളയമടിച്ചു.
6 അപ്പോൾ, ഗിബെയോനിലെ പുരുഷന്മാർ ഗിൽഗാൽപ്പാളയത്തിലുള്ള+ യോശുവയ്ക്ക് ഈ സന്ദേശം കൊടുത്തയച്ചു: “അങ്ങയുടെ ഈ അടിമകളെ കൈവിടരുതേ!*+ വേഗം വന്ന് ഞങ്ങളെ രക്ഷിക്കണേ! ഞങ്ങളെ സഹായിക്കണേ! മലനാട്ടിൽനിന്നുള്ള എല്ലാ അമോര്യരാജാക്കന്മാരും ഞങ്ങൾക്കെതിരെ സംഘടിച്ചിരിക്കുന്നു.” 7 അതുകൊണ്ട്, യോശുവ എല്ലാ പോരാളികളെയും വീരയോദ്ധാക്കളെയും കൂട്ടി ഗിൽഗാലിൽനിന്ന് അങ്ങോട്ടു പുറപ്പെട്ടു.+
8 യഹോവ അപ്പോൾ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ അവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ അവരിൽ ഒരാൾക്കുപോലും നിന്നോട് എതിർത്തുനിൽക്കാനാകില്ല.”+ 9 യോശുവ ഗിൽഗാലിൽനിന്ന് രാത്രി മുഴുവൻ നടന്ന് അവർ ഒട്ടും പ്രതീക്ഷിക്കാതിരുന്നപ്പോൾ അവരുടെ നേരെ ചെന്നു. 10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു. 11 അവർ ഇസ്രായേലിന്റെ മുന്നിൽനിന്ന് ഓടി ബേത്ത്-ഹോരോൻ ഇറക്കം ഇറങ്ങുമ്പോൾ യഹോവ ആകാശത്തുനിന്ന് അവരുടെ മേൽ വലിയ ആലിപ്പഴങ്ങൾ വർഷിച്ചു. അവർ അസേക്കയിൽ എത്തുന്നതുവരെ അതു തുടർന്നു. അങ്ങനെ, അവർ ചത്തൊടുങ്ങി. വാസ്തവത്തിൽ, ഇസ്രായേല്യർ വാളുകൊണ്ട് കൊന്നവരെക്കാൾ കൂടുതലായിരുന്നു ആലിപ്പഴം വീണ് മരിച്ചവർ.
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
“സൂര്യാ, നീ ഗിബെയോന്റെ+ മുകളിൽ നിശ്ചലമായി നിൽക്കൂ!+
ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയുടെ മുകളിലും!”
13 അങ്ങനെ, ഇസ്രായേൽ ജനത ശത്രുക്കളോടു പ്രതികാരം നടത്തിക്കഴിയുന്നതുവരെ സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും അനങ്ങിയില്ല. യാശാരിന്റെ പുസ്തകത്തിൽ+ ഇക്കാര്യം എഴുതിയിട്ടുണ്ടല്ലോ. ആ ദിവസം മുഴുവൻ സൂര്യൻ ആകാശമധ്യേ നിശ്ചലമായി നിന്നു; അത് അസ്തമിച്ചില്ല. 14 യഹോവ ഒരു മനുഷ്യന്റെ വാക്കിനു ചെവി കൊടുത്ത+ അതുപോലൊരു ദിവസം അതിനു മുമ്പോ പിമ്പോ, ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. കാരണം, യഹോവതന്നെയായിരുന്നു ഇസ്രായേല്യർക്കുവേണ്ടി പോരാടിയത്.+
15 അതിനു ശേഷം, യോശുവയും എല്ലാ ഇസ്രായേല്യരും ഗിൽഗാലിലെ+ പാളയത്തിലേക്കു മടങ്ങിപ്പോയി.
16 ഇതിനിടെ, ആ അഞ്ചു രാജാക്കന്മാർ ഓടിപ്പോയി മക്കേദയിലെ+ ഗുഹയിൽ ഒളിച്ചു. 17 “ആ അഞ്ചു രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു യോശുവയ്ക്കു വിവരം കിട്ടി.+ 18 അപ്പോൾ, യോശുവ പറഞ്ഞു: “ഗുഹാമുഖത്ത് വലിയ കല്ലുകൾ ഉരുട്ടിവെച്ച് കാവലിന് ആളെയും നിയമിക്കുക. 19 പക്ഷേ, നിങ്ങളിൽ ബാക്കിയുള്ളവർ നിൽക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരെ പിന്നിൽനിന്ന് ആക്രമിക്കണം.+ അവരുടെ നഗരങ്ങളിൽ കയറാൻ അവരെ അനുവദിക്കരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
20 യോശുവയുടെയും ഇസ്രായേല്യരുടെയും കൈയിൽനിന്ന് രക്ഷപ്പെട്ട് കോട്ടമതിലുള്ള നഗരത്തിൽ കയറിയ ഏതാനും പേർ ഒഴികെ എല്ലാവരെയും അവർ കൊന്നൊടുക്കി. 21 അതിനു ശേഷം, എല്ലാ പടയാളികളും സുരക്ഷിതരായി മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുത്ത് എത്തി. ഇസ്രായേല്യർക്കെതിരെ നാവ് അനക്കാൻപോലും ആരും ധൈര്യം കാണിച്ചില്ല. 22 അപ്പോൾ, യോശുവ പറഞ്ഞു: “ഗുഹ തുറന്ന് ആ അഞ്ചു രാജാക്കന്മാരെയും എന്റെ അടുത്ത് കൊണ്ടുവരൂ.” 23 അങ്ങനെ അവർ, യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ്+ എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് യോശുവയുടെ അടുത്ത് കൊണ്ടുവന്നു. 24 അവർ ഈ രാജാക്കന്മാരെ യോശുവയുടെ അടുത്ത് കൊണ്ടുവന്നപ്പോൾ യോശുവ എല്ലാ ഇസ്രായേൽപുരുഷന്മാരെയും വിളിച്ചുകൂട്ടി. എന്നിട്ട്, തന്നോടൊപ്പം പോന്ന പോരാളികളുടെ അധിപന്മാരോടു പറഞ്ഞു: “മുന്നോട്ടു വരുക. നിങ്ങളുടെ കാൽ ഈ രാജാക്കന്മാരുടെ കഴുത്തിന്റെ പിൻവശത്ത് വെക്കുക.” അങ്ങനെ, അവർ മുന്നോട്ടുവന്ന് തങ്ങളുടെ കാൽ അവരുടെ കഴുത്തിന്റെ പിൻവശത്ത് വെച്ചു.+ 25 അപ്പോൾ, യോശുവ അവരോടു പറഞ്ഞു: “പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. കാരണം, നിങ്ങൾ പോരാടുന്ന നിങ്ങളുടെ എല്ലാ ശത്രുക്കളോടും യഹോവ ഇതുതന്നെ ചെയ്യും.”+
26 യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു സ്തംഭത്തിൽ* തൂക്കി. വൈകുന്നേരംവരെ അവർ സ്തംഭത്തിൽ തൂങ്ങിക്കിടന്നു. 27 സൂര്യാസ്തമയസമയത്ത്, അവരുടെ ശവശരീരങ്ങൾ സ്തംഭത്തിൽനിന്ന് താഴെ ഇറക്കി+ അവർ ഒളിച്ചിരുന്ന ഗുഹയിലേക്ക് എറിയാൻ യോശുവ കല്പിച്ചു. പിന്നെ, വലിയ കല്ലുകൾ ഗുഹാമുഖത്ത് വെച്ചു. അവ ഇന്നും അവിടെയുണ്ട്.
28 യോശുവ അന്നു മക്കേദ പിടിച്ചടക്കി+ അതിനെ വാളിന് ഇരയാക്കി. അവിടത്തെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിശ്ശേഷം നശിപ്പിച്ചു. ആരെയും ബാക്കി വെച്ചില്ല.+ യരീഹൊരാജാവിനോടു ചെയ്തതുപോലെതന്നെ യോശുവ മക്കേദരാജാവിനോടും+ ചെയ്തു.
29 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി മക്കേദയിൽനിന്ന് ലിബ്നയിലേക്കു+ ചെന്ന് അതിന് എതിരെ പോരാടി. 30 യഹോവ അതിനെയും അവിടത്തെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കുകയും ചെയ്തു. ആരെയും ബാക്കി വെച്ചില്ല. യരീഹൊരാജാവിനോടു ചെയ്തതുപോലെതന്നെ+ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
31 അടുത്തതായി, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ലിബ്നയിൽനിന്ന് ലാഖീശിലേക്കു+ ചെന്ന് അവിടെ പാളയമടിച്ച് അതിന് എതിരെ പോരാടി. 32 യഹോവ ലാഖീശിനെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ രണ്ടാം ദിവസം അതിനെ പിടിച്ചടക്കി. ലിബ്നയോടു ചെയ്തതുപോലെതന്നെ അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കുകയും ചെയ്തു.+
33 അപ്പോൾ, ഗേസെർരാജാവായ+ ഹോരാം ലാഖീശിനെ സഹായിക്കാൻ അവിടേക്കു ചെന്നു. പക്ഷേ, യോശുവ ഒരാളെപ്പോലും ബാക്കി വെക്കാതെ ഹോരാമിനെയും ഹോരാമിന്റെ ആളുകളെയും വെട്ടിക്കൊന്നു.
34 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ലാഖീശിൽനിന്ന് എഗ്ലോനിലേക്കു+ ചെന്ന് അവിടെ പാളയമടിച്ച് അതിന് എതിരെ പോരാടി. 35 അവർ അന്നേ ദിവസം എഗ്ലോനെ പിടിച്ചടക്കി അതിനെ വാളിന് ഇരയാക്കി. ലാഖീശിനോടു ചെയ്തതുപോലെതന്നെ+ അവർ അന്ന് അവിടെയുള്ള എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.
36 പിന്നീട്, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു+ ചെന്ന് അതിന് എതിരെ പോരാടി. 37 അവർ അതിനെ പിടിച്ചടക്കി അതിനെയും അവിടത്തെ രാജാവിനെയും അതിന്റെ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും വാളിന് ഇരയാക്കി. ആരെയും ബാക്കി വെച്ചില്ല. എഗ്ലോനോടു ചെയ്തതുപോലെതന്നെ അതിനെയും അതിലുള്ള എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.
38 ഒടുവിൽ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ദബീരിനു+ നേരെ തിരിഞ്ഞ് അതിന് എതിരെ പോരാടി. 39 യോശുവ അതിനെയും അതിന്റെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചടക്കി. അവർ അവരെ വാളുകൊണ്ട് വെട്ടി എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.+ ആരെയും ബാക്കി വെച്ചില്ല.+ ഹെബ്രോനോടും ലിബ്നയോടും അവിടത്തെ രാജാവിനോടും ചെയ്തതുപോലെതന്നെ ദബീരിനോടും അവിടത്തെ രാജാവിനോടും ചെയ്തു.
40 മലനാട്, നെഗെബ്, ഷെഫേല,+ മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങൾ യോശുവ അധീനതയിലാക്കി. അവിടത്തെ എല്ലാ രാജാക്കന്മാരെയും യോശുവ കീഴടക്കി. അവിടെയെങ്ങും ആരെയും ബാക്കി വെച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെതന്നെ,+ ശ്വസിക്കുന്ന എല്ലാത്തിനെയും യോശുവ നിശ്ശേഷം സംഹരിച്ചു.+ 41 യോശുവ കാദേശ്-ബർന്നേയ+ മുതൽ ഗസ്സ+ വരെയും ഗോശെൻ ദേശം+ മുഴുവനും ഗിബെയോൻ+ വരെയും അവരെ കീഴടക്കി. 42 ഈ എല്ലാ രാജാക്കന്മാരെയും അവരുടെ ദേശങ്ങളെയും ഒറ്റയടിക്കു പിടിച്ചടക്കി. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു ഇസ്രായേലിനുവേണ്ടി പോരാടിയത്.+ 43 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ഗിൽഗാലിലെ പാളയത്തിലേക്കു മടങ്ങിവന്നു.+