ഹബക്കൂക്ക്
3 ഹബക്കൂക്ക് പ്രവാചകന്റെ പ്രാർഥന, ഒരു വിലാപഗീതം:
2 യഹോവേ, അങ്ങയെക്കുറിച്ച് ഒരു വാർത്ത ഞാൻ കേട്ടിരിക്കുന്നു.
യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എന്നിൽ ഭയാദരവ് നിറയ്ക്കുന്നു.
വർഷങ്ങളുടെ മധ്യത്തിൽ* അവയ്ക്കു വീണ്ടും ജീവൻ പകരേണമേ,
വർഷങ്ങളുടെ മധ്യത്തിൽ* അവ വെളിപ്പെടുത്തേണമേ.
പ്രക്ഷുബ്ധകാലത്ത് കരുണ കാണിക്കാൻ അങ്ങ് ഓർക്കേണമേ.+
ദൈവത്തിന്റെ മഹത്ത്വം ആകാശത്തെ മൂടി,+
അവിടുത്തെക്കുറിച്ചുള്ള സ്തുതികൾ ഭൂമിയിൽ നിറഞ്ഞു.
4 ദൈവത്തിന്റെ ശോഭ സൂര്യപ്രകാശംപോലെയായിരുന്നു.+
അങ്ങയുടെ ശക്തി കുടികൊള്ളുന്ന തൃക്കൈയിൽനിന്ന്
രണ്ടു പ്രകാശകിരണങ്ങൾ പ്രസരിച്ചു.
5 പകർച്ചവ്യാധി ദൈവത്തിന്റെ മുന്നിലും+
ചുട്ടുപൊള്ളുന്ന പനി ദൈവത്തിന്റെ തൊട്ടുപിന്നിലും നടന്നുനീങ്ങി.
6 ദൈവം നിന്നു, ഭൂമി കുലുങ്ങി.+
ഒരു നോട്ടംകൊണ്ട് ദൈവം ജനതകളെ വിറപ്പിച്ചു.+
ശാശ്വതപർവതങ്ങൾ തകർന്നടിഞ്ഞു,
പുരാതനകുന്നുകൾ തല കുനിച്ചു.+
പണ്ടുപണ്ടുള്ള വഴികൾ ദൈവത്തിന്റേതല്ലോ.
7 കൂശാന്റെ കൂടാരങ്ങളിൽ പരിഭ്രാന്തി പടർന്നിരിക്കുന്നതു ഞാൻ കണ്ടു,
മിദ്യാന്റെ കൂടാരത്തുണികൾ വിറച്ചു.+
8 നദികൾക്കെതിരെയോ യഹോവേ,
നദികൾക്കെതിരെയോ അങ്ങയുടെ കോപം ജ്വലിക്കുന്നത്?
അതോ കടലിന് നേരെയോ അങ്ങയുടെ ക്രോധം?+
9 അങ്ങ് വില്ല് എടുത്ത് ഒരുക്കിവെച്ചിരിക്കുന്നു,
ആണയിട്ട് ആയുധങ്ങൾക്കു* നിയോഗം നൽകിയിരിക്കുന്നു.* (സേലാ)
അങ്ങ് ഭൂമിയെ നദികൾകൊണ്ട് വിഭജിക്കുന്നു.
10 അങ്ങയെ കണ്ടമാത്രയിൽ പർവതങ്ങൾ വേദനകൊണ്ട് പുളഞ്ഞു.+
പെരുമഴ പെയ്തു, വെള്ളം കുത്തിയൊഴുകി.
ആഴങ്ങളിൽനിന്ന് വെള്ളം ഗർജിച്ചു.+
അത് അതിന്റെ കൈകൾ ഉയർത്തി.
11 സൂര്യനും ചന്ദ്രനും ആകാശമേഘങ്ങളിൽ അനങ്ങാതെ നിന്നു.+
അങ്ങയുടെ അമ്പുകൾ പ്രകാശംപോലെ പുറപ്പെട്ടു.+
അങ്ങയുടെ കുന്തങ്ങൾ മിന്നൽപ്പിണർപോലെ തിളങ്ങി.
12 ക്രോധംപൂണ്ട് അങ്ങ് ഭൂമിയിലൂടെ നടന്നു.
കോപത്തോടെ അങ്ങ് ജനതകളെ ചവിട്ടിമെതിച്ചു.
13 അങ്ങയുടെ ജനത്തിന്റെ രക്ഷയ്ക്കായി, അങ്ങയുടെ അഭിഷിക്തനെ രക്ഷിക്കാൻ, അങ്ങ് പുറപ്പെട്ടു.
ദുഷ്ടന്മാരുടെ ഭവനത്തിന്റെ നേതാവിനെ അങ്ങ് തകർത്തു.
അതു മേൽക്കൂരയും* അടിത്തറയും ഉൾപ്പെടെ അപ്പാടേ തകർന്നടിഞ്ഞു. (സേലാ)
14 അവന്റെ യോദ്ധാക്കൾ എന്നെ ചിതറിക്കാൻ പാഞ്ഞടുത്തപ്പോൾ
അവന്റെ ആയുധങ്ങൾകൊണ്ടുതന്നെ* അങ്ങ് അവരുടെ തല കുത്തിത്തുളച്ചു.
കഷ്ടപ്പെടുന്നവനെ ആരുമറിയാതെ വിഴുങ്ങാൻ അവർക്ക് എത്ര സന്തോഷമായിരുന്നു!
15 ഇളകിമറിയുന്ന വിശാലമായ ജലാശയത്തിലൂടെ,
കടലിനെ കീറിമുറിച്ച് അങ്ങ് അങ്ങയുടെ കുതിരകളുമായി പാഞ്ഞുപോയി.
അസ്ഥികൾ ക്ഷയിച്ചു,+
എന്റെ മുട്ടുകൾ കൂട്ടിയിടിച്ചു.
എങ്കിലും, നമ്മളെ ആക്രമിക്കുന്ന ആളുകളുടെ മേലാണല്ലോ അതു വരുന്നതെന്ന് ഓർത്ത്
കഷ്ടതയുടെ ദിവസത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്.+
17 അത്തി മരം പൂവിടുന്നില്ലെങ്കിലും
മുന്തിരിവള്ളികൾ കായ്ക്കുന്നില്ലെങ്കിലും
ഒലിവ് മരത്തിൽനിന്ന് ഫലം കിട്ടുന്നില്ലെങ്കിലും
വയലിൽ* ആഹാരം വിളയുന്നില്ലെങ്കിലും
ആട്ടിൻപറ്റം കൂട്ടിൽനിന്ന് അപ്രത്യക്ഷമായാലും
തൊഴുത്തിൽ കന്നുകാലികൾ ഇല്ലാതായാലും
18 ഞാൻ യഹോവയിൽ ആഹ്ലാദിക്കും,
എന്റെ രക്ഷയുടെ ദൈവത്തിൽ ആനന്ദിക്കും.+
19 പരമാധികാരിയായ യഹോവയാണ് എന്റെ ബലം.+
ദൈവം എന്റെ കാലുകൾ മാനിന്റേതുപോലെയാക്കും.
എന്നെ ഉയർന്ന സ്ഥലങ്ങളിലൂടെ നടത്തും.+
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ.