ദിനവൃത്താന്തം രണ്ടാം ഭാഗം
16 യഹൂദാരാജാവായ ആസയുടെ അടുത്തേക്ക് ആരും വരുകയോ അവിടെനിന്ന് ആരും പോകുകയോ* ചെയ്യാതിരിക്കാൻ+ ആസയുടെ ഭരണത്തിന്റെ 36-ാം വർഷം ഇസ്രായേൽരാജാവായ ബയെശ+ യഹൂദയ്ക്കു നേരെ വന്ന് രാമ+ പണിയാൻതുടങ്ങി.* 2 അപ്പോൾ ആസ യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത്+ ദമസ്കൊസിൽ താമസിച്ചിരുന്ന സിറിയയിലെ രാജാവായ ബൻ-ഹദദിനു കൊടുത്തയച്ചു.+ എന്നിട്ട് ആസ പറഞ്ഞു: 3 “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളുടെ അപ്പനും തമ്മിലും സഖ്യമുണ്ടല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സ്വർണവും വെള്ളിയും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്നെ വിട്ട് പോകണമെങ്കിൽ താങ്കൾ ബയെശയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്നെ സഹായിക്കണം.”
4 ആസയുടെ അഭ്യർഥനപ്രകാരം ബൻ-ഹദദ് സൈന്യാധിപന്മാരെ ഇസ്രായേൽനഗരങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-മയീം എന്നിവയും നഫ്താലിനഗരങ്ങളിലുള്ള എല്ലാ സംഭരണശാലകളും പിടിച്ചടക്കി.+ 5 ഇത് അറിഞ്ഞ ഉടനെ ബയെശ രാമ പണിയുന്നതു+ നിറുത്തി. ബയെശ ആ പദ്ധതി ഉപേക്ഷിച്ചെന്നു കേട്ടപ്പോൾ 6 ആസ യഹൂദയിലുള്ളവരെയെല്ലാം കൂട്ടി രാമയിലേക്കു+ ചെന്ന് പണിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത് ഉപയോഗിച്ച് ആസ മിസ്പയും+ ഗേബയും+ പണിതു.*
7 ആ സമയത്ത് ദിവ്യജ്ഞാനിയായ ഹനാനി+ യഹൂദാരാജാവായ ആസയുടെ അടുത്ത് വന്ന് പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ* സിറിയയിലെ രാജാവിൽ ആശ്രയിച്ചതുകൊണ്ട് സിറിയയിലെ രാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു.+ 8 അനേകം രഥങ്ങളും കുതിരപ്പടയാളികളും ഉള്ള വലിയൊരു സൈന്യവുമായല്ലേ എത്യോപ്യക്കാരും ലിബിയക്കാരും വന്നത്? പക്ഷേ അന്നു നീ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ദൈവം അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ 9 പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി*+ തന്റെ ശക്തി പ്രകടിപ്പിക്കാൻ* യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.+ എന്നാൽ ഇക്കാര്യത്തിൽ നീ ബുദ്ധിമോശമാണു കാണിച്ചത്. അതുകൊണ്ട് ഇനിമുതൽ നിനക്കു യുദ്ധം ഉണ്ടാകും.”+
10 ഇതു കേട്ടപ്പോൾ ആസ പ്രകോപിതനായി; രാജാവ് ആ ദിവ്യജ്ഞാനിയോടു കോപിച്ച് അദ്ദേഹത്തെ തടവിലാക്കി.* അക്കാലത്ത് ആസ ജനങ്ങളിൽ ചിലരെ ഉപദ്രവിക്കാനും തുടങ്ങി. 11 യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ ആസയുടെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്.+
12 ആസയ്ക്കു ഭരണത്തിന്റെ 39-ാം വർഷം കാലിൽ ഒരു രോഗം പിടിപെട്ടു. രോഗം മൂർച്ഛിച്ചപ്പോൾപ്പോലും ആസ യഹോവയിലേക്കു തിരിഞ്ഞില്ല; പകരം വൈദ്യന്മാരിലേക്കാണു തിരിഞ്ഞത്. 13 പിന്നെ ആസ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ ഭരണത്തിന്റെ 41-ാം വർഷം ആസ മരിച്ചു. 14 അവർ ആസയെ ദാവീദിന്റെ നഗരത്തിൽ ആസ തനിക്കുവേണ്ടി വെട്ടിയുണ്ടാക്കിയ വിശേഷപ്പെട്ട കല്ലറയിൽ അടക്കം ചെയ്തു.+ സുഗന്ധതൈലവും പല ചേരുവകൾ ചേർത്ത് പ്രത്യേകമായി തയ്യാറാക്കിയ തൈലവും നിറച്ച ഒരു ശവമഞ്ചത്തിലാണ് അവർ ആസയെ കിടത്തിയത്.+ ശവസംസ്കാരച്ചടങ്ങിൽ അവർ ആസയ്ക്കുവേണ്ടി അതിഗംഭീരമായ ഒരു അഗ്നി ഒരുക്കുകയും ചെയ്തു.*