ഫിലിപ്പിയിലുള്ളവർക്ക് എഴുതിയ കത്ത്
1 ഫിലിപ്പിയിലുള്ള+ മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും+ ഉൾപ്പെടെ ക്രിസ്തുയേശുവിനോടു യോജിപ്പിലായ എല്ലാ വിശുദ്ധർക്കും, ക്രിസ്തുയേശുവിന്റെ അടിമകളായ പൗലോസും തിമൊഥെയൊസും എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 നിങ്ങൾക്കെല്ലാംവേണ്ടി ഓരോ തവണ ഉള്ളുരുകി പ്രാർഥിക്കുമ്പോഴും നിങ്ങളെ ഓർത്ത് ഞാൻ എന്റെ ദൈവത്തിനു നന്ദി പറയാറുണ്ട്. 4 വളരെ സന്തോഷത്തോടെയാണു ഞാൻ ഓരോ തവണയും പ്രാർഥിക്കാറുള്ളത്.+ 5 കാരണം ആദ്യത്തെ ദിവസംമുതൽ ഈ നിമിഷംവരെ സന്തോഷവാർത്തയ്ക്കുവേണ്ടി നിങ്ങൾ എന്തെല്ലാമാണു സംഭാവന ചെയ്തത്!* 6 ഒരു കാര്യം എനിക്ക് ഉറപ്പാണ്: നിങ്ങളിൽ ഒരു നല്ല പ്രവൃത്തി തുടങ്ങിവെച്ച ദൈവം ക്രിസ്തുയേശുവിന്റെ ദിവസമാകുമ്പോഴേക്കും+ അതു തീർത്തിരിക്കും.+ 7 നിങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിക്കുന്നതു ന്യായമാണ്. കാരണം നിങ്ങളെ എല്ലാവരെയും ഞാൻ എന്റെ ഹൃദയത്തോടു ചേർത്തുവെച്ചിരിക്കുന്നു. ഞാൻ തടവിലായിരുന്നപ്പോഴും+ സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കാൻ+ ശ്രമിച്ചപ്പോഴും നിങ്ങൾ എന്റെകൂടെ നിൽക്കുകയും അങ്ങനെ എന്നോടൊപ്പം ദൈവത്തിന്റെ അനർഹദയയിൽനിന്ന് പ്രയോജനം നേടുകയും ചെയ്തല്ലോ.
8 ക്രിസ്തുയേശുവിന്റെ അതേ ആർദ്രപ്രിയത്തോടെ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിനു ദൈവം സാക്ഷി. 9 ശരിയായ* അറിവിലും+ തികഞ്ഞ വകതിരിവിലും+ നിങ്ങളുടെ സ്നേഹം ഇനിയുമിനിയും വർധിക്കട്ടെ+ എന്നു ഞാൻ പ്രാർഥിക്കുന്നു. 10 അങ്ങനെ നിങ്ങൾ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്താൻ കഴിവുള്ളവരാകണമെന്നും+ അതുവഴി ക്രിസ്തുവിന്റെ ദിവസംവരെ കുറ്റമറ്റവരും മറ്റുള്ളവരുടെ വിശ്വാസത്തിന് ഒരു തടസ്സമാകാത്തവരും*+ 11 ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കും വേണ്ടി യേശുക്രിസ്തുവിന്റെ സഹായത്താൽ നീതിയുടെ ഫലം നിറഞ്ഞവരും+ ആയിരിക്കട്ടെയെന്നും ആണ് എന്റെ പ്രാർഥന.
12 സഹോദരങ്ങളേ, എന്റെ ഇപ്പോഴത്തെ സാഹചര്യം വാസ്തവത്തിൽ സന്തോഷവാർത്തയുടെ വളർച്ചയ്ക്കു കാരണമായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 13 കാരണം എന്റെ ചങ്ങലകൾ+ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണെന്ന കാര്യം ചക്രവർത്തിയുടെ അംഗരക്ഷകരും* മറ്റെല്ലാവരും അറിഞ്ഞു.+ 14 കർത്താവിലുള്ള സഹോദരന്മാർ മിക്കവരും എന്റെ ചങ്ങലകൾ കാരണം മനോബലമുള്ളവരായി, പേടിയില്ലാതെ ദൈവവചനം സംസാരിക്കാൻ മുമ്പത്തേതിലും ധൈര്യം കാണിക്കുന്നു.
15 ശരിയാണ്, ചിലർ അസൂയയും മത്സരബുദ്ധിയും കാരണമാണു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുന്നത്. എന്നാൽ മറ്റു ചിലർ നല്ല മനസ്സോടെ അതു ചെയ്യുന്നു. 16 ഈ രണ്ടാമത്തെ കൂട്ടർ സ്നേഹം നിമിത്തമാണു ക്രിസ്തുവിനെക്കുറിച്ച് ഘോഷിക്കുന്നത്. കാരണം സന്തോഷവാർത്തയ്ക്കുവേണ്ടി വാദിക്കാൻ+ എന്നെ നിയമിച്ചിരിക്കുകയാണെന്ന് അവർക്ക് അറിയാം. 17 ആദ്യത്തവരോ നല്ല ഉദ്ദേശ്യത്തോടെയല്ല, വഴക്കുണ്ടാക്കാൻവേണ്ടിയാണ് അതു ചെയ്യുന്നത്. തടവിൽ കഴിയുന്ന എന്നെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് അവരുടെ ലക്ഷ്യം. 18 അതുകൊണ്ട് എന്തു സംഭവിച്ചു? കാപട്യത്തോടെയോ ആത്മാർഥതയോടെയോ എങ്ങനെയുമാകട്ടെ, ക്രിസ്തുവിനെക്കുറിച്ച് ഘോഷിക്കുന്നുണ്ടല്ലോ. അതു മതി. അതിൽ എനിക്കു സന്തോഷമുണ്ട്, ഞാൻ ഇനിയും സന്തോഷിക്കും. 19 കാരണം നിങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർഥനയാലും+ യേശുക്രിസ്തുവിലുള്ള ദൈവാത്മാവിന്റെ പിന്തുണയാലും+ അത് എന്റെ രക്ഷയിലേക്കു നയിക്കുമെന്ന് എനിക്ക് അറിയാം. 20 അതുകൊണ്ടുതന്നെ ഒരു കാരണവശാലും എനിക്കു ലജ്ജിക്കേണ്ടിവരില്ലെന്നാണു ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത്. ഞാൻ ജീവിച്ചാലും മരിച്ചാലും ശരി,+ പൂർണധൈര്യത്തോടെയുള്ള എന്റെ പ്രസംഗത്തിലൂടെ മുമ്പെന്നത്തെയുംപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്താൽ മഹിമപ്പെടും.
21 എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുകയെന്നാൽ ക്രിസ്തുവും+ മരിക്കുകയെന്നാൽ നേട്ടവും ആണ്.+ 22 ഞാൻ ഇനിയും ഈ ശരീരത്തിൽത്തന്നെ ജീവിച്ചിരുന്നാൽ എന്റെ പ്രവർത്തനത്തിനു കൂടുതൽ ഫലമുണ്ടാകും. പക്ഷേ ഏതു തിരഞ്ഞെടുക്കുമെന്നു ഞാൻ പറയുന്നില്ല. 23 ഇവ രണ്ടിൽ ഏതു വേണമെന്ന കാര്യത്തിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. കാരണം മോചനം നേടി ക്രിസ്തുവിന്റെകൂടെയായിരിക്കാൻ+ എനിക്ക് ആഗ്രഹമുണ്ട്. എന്തുകൊണ്ടും അതാണല്ലോ കൂടുതൽ നല്ലത്.+ 24 എങ്കിലും നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഈ ശരീരത്തിലായിരിക്കുന്നതാണു കൂടുതൽ പ്രധാനമെന്ന് എനിക്കു തോന്നുന്നു. 25 ഈ ബോധ്യമുള്ളതുകൊണ്ട്, ഞാൻ ഈ ശരീരത്തിൽ തുടരുമെന്നും നിങ്ങളുടെ പുരോഗതിക്കും വിശ്വാസത്താലുള്ള സന്തോഷത്തിനും വേണ്ടി നിങ്ങളുടെകൂടെയുണ്ടാകുമെന്നും എനിക്ക് അറിയാം. 26 അങ്ങനെ, ഞാൻ വീണ്ടും നിങ്ങളുടെകൂടെയായിരിക്കുമ്പോൾ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ സന്തോഷം ഞാൻ കാരണം കവിഞ്ഞൊഴുകാൻ ഇടവരട്ടെ.
27 ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു ചേർന്ന രീതിയിലായിരിക്കണം നിങ്ങളുടെ പെരുമാറ്റം.*+ അങ്ങനെയാകുമ്പോൾ ഞാൻ നിങ്ങളെ അവിടെ വന്ന് കണ്ടാലും ശരി, നിങ്ങളിൽനിന്ന് ദൂരെയായിരുന്നാലും ശരി, നിങ്ങൾ ഒരേ ആത്മാവിൽ ഒരേ മനസ്സോടെ+ ഉറച്ചുനിന്ന് സന്തോഷവാർത്തയിലുള്ള വിശ്വാസത്തിനുവേണ്ടി തോളോടുതോൾ ചേർന്ന് പോരാടുന്നെന്നും 28 ഒരു കാര്യത്തിലും എതിരാളികളെ ഭയപ്പെടാതെ നിൽക്കുന്നെന്നും എനിക്കു കേൾക്കാനാകുമല്ലോ. അവർ നശിച്ചുപോകുമെന്നും+ നിങ്ങൾ രക്ഷ നേടുമെന്നും+ സൂചിപ്പിക്കുന്ന, ദൈവത്തിൽനിന്നുള്ള ഒരു അടയാളമായിരിക്കും ഇതെല്ലാം. 29 ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കാനുംകൂടെയുള്ള പദവിയാണല്ലോ നിങ്ങൾക്കു കിട്ടിയിരിക്കുന്നത്.+ 30 നിങ്ങൾ കാൺകെ ഞാൻ നേരിട്ട അതേ പോരാട്ടമാണ് ഇപ്പോൾ നിങ്ങൾക്കുള്ളത്.+ ഞാൻ ഇപ്പോഴും അതേ പോരാട്ടത്തിലാണെന്നു നിങ്ങൾ കേൾക്കുന്നുണ്ടല്ലോ.