പുറപ്പാട്
39 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ+ എന്നിവകൊണ്ട് അവർ വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ടി മേത്തരം വസ്ത്രങ്ങൾ നെയ്തെടുത്തു. അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ+ അവർ ഉണ്ടാക്കിയത് യഹോവ മോശയോടു കല്പിച്ച അതേ രീതിയിൽത്തന്നെയായിരുന്നു.
2 സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.+ 3 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവയുമായി ഇടകലർത്തി പണിയാൻ സ്വർണത്തകിടുകൾ കനം കുറഞ്ഞ പാളികളായി അടിച്ചുപരത്തി നൂലുകളായി മുറിച്ചെടുത്ത് ഏഫോദിൽ ചിത്രപ്പണി ചെയ്തു. 4 അതിന് തോൾവാറുകൾ ഉണ്ടാക്കി. അവ അതിന്റെ രണ്ട് മുകളറ്റത്തും യോജിപ്പിച്ചിരുന്നു. 5 ഏഫോദ് കൃത്യസ്ഥാനത്ത് ഭദ്രമായി കെട്ടിനിറുത്താൻവേണ്ടി അതിൽ പിടിപ്പിച്ചിരുന്ന നെയ്തെടുത്ത അരപ്പട്ട+ ഉണ്ടാക്കിയതും സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിങ്ങനെ അതേ വസ്തുക്കൾകൊണ്ടായിരുന്നു; യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ചെയ്തു.
6 പിന്നെ നഖവർണിക്കല്ലുകൾ സ്വർണത്തടങ്ങളിൽ പതിപ്പിച്ചു. മുദ്ര കൊത്തുന്നതുപോലെ, ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ അവയിൽ കൊത്തി.+ 7 അവ ഇസ്രായേലിന്റെ ആൺമക്കൾക്കുവേണ്ടി സ്മാരകക്കല്ലുകളായി ഏഫോദിന്റെ തോൾവാറുകളിൽ വെച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ. 8 പിന്നെ നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവന്റെ പണിയായി മാർച്ചട്ട+ ഉണ്ടാക്കി. ഏഫോദ് ഉണ്ടാക്കിയ രീതിയിൽത്തന്നെ, സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടാണ് അത് ഉണ്ടാക്കിയത്.+ 9 അതു രണ്ടായി മടക്കുമ്പോൾ സമചതുരമായിരുന്നു. രണ്ടായി മടക്കുമ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതിയും വരുന്ന വിധത്തിലാണു മാർച്ചട്ട ഉണ്ടാക്കിയത്. 10 അതിൽ നാലു നിര കല്ലുകൾ പതിപ്പിച്ചു. ആദ്യത്തെ നിര മാണിക്യം, ഗോമേദകം, മരതകം. 11 രണ്ടാമത്തെ നിര നീലഹരിതക്കല്ല്, ഇന്ദ്രനീലം, സൂര്യകാന്തം. 12 മൂന്നാമത്തെ നിര ലഷം കല്ല്,* അക്കിക്കല്ല്, അമദമണി. 13 നാലാമത്തെ നിര പീതരത്നം, നഖവർണി, പച്ചക്കല്ല്. സ്വർണത്തടങ്ങളിലാണ് അവ പതിപ്പിച്ചത്. 14 ഇസ്രായേലിന്റെ 12 ആൺമക്കളുടെ പേരുകളനുസരിച്ചായിരുന്നു ഈ കല്ലുകൾ. 12 ഗോത്രങ്ങളിൽ ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഓരോ പേരും, മുദ്ര കൊത്തുന്നതുപോലെ അവയിൽ കൊത്തിയിരുന്നു.
15 പിന്നെ കയറുപോലെ പിരിഞ്ഞിരിക്കുന്ന ചങ്ങലകൾ മാർച്ചട്ടയിൽ ഉണ്ടാക്കി. അവ തനിത്തങ്കംകൊണ്ടുള്ളതായിരുന്നു.+ 16 സ്വർണംകൊണ്ട് രണ്ടു തടവും രണ്ടു വളയവും ഉണ്ടാക്കി. എന്നിട്ട്, ആ വളയങ്ങൾ രണ്ടും മാർച്ചട്ടയുടെ രണ്ടു കോണിലും പിടിപ്പിച്ചു. 17 അതിനു ശേഷം, മാർച്ചട്ടയുടെ കോണുകളിലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊണ്ടുള്ള ആ രണ്ടു ചരടു കോർത്തു. 18 പിന്നെ ചരടുകൾ രണ്ടിന്റെയും ഓരോ അറ്റം ഓരോ തടത്തിൽ കോർത്തു. അവ ഏഫോദിന്റെ മുൻവശത്തായി തോൾവാറുകളിൽ പിടിപ്പിച്ചു. 19 അടുത്തതായി സ്വർണംകൊണ്ട് രണ്ടു വളയം ഉണ്ടാക്കി മാർച്ചട്ടയുടെ ഉള്ളിലെ വിളുമ്പിന്റെ രണ്ട് അറ്റത്ത്, ഏഫോദിന് അഭിമുഖമായി പിടിപ്പിച്ചു.+ 20 തുടർന്ന് രണ്ടു സ്വർണവളയംകൂടെ ഉണ്ടാക്കി ഏഫോദിന്റെ മുൻവശത്ത് രണ്ടു തോൾവാറുകൾക്കു കീഴെ, അതു യോജിപ്പിച്ചിരിക്കുന്നതിന് അടുത്തായി, ഏഫോദിന്റെ നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിൽ പിടിപ്പിച്ചു. 21 ഒടുവിൽ, മാർച്ചട്ടയുടെ വളയങ്ങളിൽനിന്ന് ഏഫോദിന്റെ വളയങ്ങളിലേക്ക് ഒരു നീലച്ചരടു കെട്ടി. മാർച്ചട്ട ഏഫോദിലെ അതിന്റെ കൃത്യസ്ഥാനത്തുതന്നെ, നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിലായി, ഉറപ്പിച്ചുനിറുത്താനായിരുന്നു അത്. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെയാണ് അവർ ചെയ്തത്.
22 പിന്നെ ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി മുഴുവനായും നീലനൂലുകൊണ്ട് നെയ്ത്തുകാരന്റെ പണിയായി ഉണ്ടാക്കി.+ 23 കൈയില്ലാത്ത അങ്കിയുടെ മധ്യഭാഗത്ത് പടച്ചട്ടയുടെ കഴുത്തുപോലെ ഒരു കഴുത്തുണ്ടായിരുന്നു. അങ്കിയുടെ കഴുത്ത് കീറിപ്പോകാതിരിക്കാൻ അതിനു ചുറ്റും ഒരു പട്ടയും ഉണ്ടായിരുന്നു. 24 അടുത്തതായി അവർ നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവ കൂട്ടിപ്പിരിച്ച് അങ്കിയുടെ വിളുമ്പിൽ മാതളനാരങ്ങകളും ഉണ്ടാക്കി. 25 അവർ തനിത്തങ്കംകൊണ്ട് മണികൾ ഉണ്ടാക്കി അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റുമുള്ള മാതളനാരങ്ങകൾക്കിടയിൽ പിടിപ്പിച്ചു. 26 ശുശ്രൂഷയ്ക്കുവേണ്ടിയുള്ള ഈ അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും അവ ഒരു സ്വർണമണി, ഒരു മാതളനാരങ്ങ, ഒരു സ്വർണമണി, ഒരു മാതളനാരങ്ങ എന്നിങ്ങനെ ഒന്നിടവിട്ടാണു പിടിപ്പിച്ചത്. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ഇതു ചെയ്തു.
27 പിന്നെ അഹരോനും പുത്രന്മാർക്കും വേണ്ടി മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്ത്തുകാരന്റെ പണിയായി നീളൻ കുപ്പായങ്ങൾ ഉണ്ടാക്കി.+ 28 കൂടാതെ, മേന്മയേറിയ ലിനൻകൊണ്ട് തലപ്പാവും+ മേന്മയേറിയ ലിനൻകൊണ്ട്, അലങ്കാരപ്പണിയുള്ള തലേക്കെട്ടും+ പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് അടിവസ്ത്രങ്ങളും+ 29 പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവ ഉപയോഗിച്ച് നെയ്ത നടുക്കെട്ടും ഉണ്ടാക്കി, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
30 ഒടുവിൽ, തനിത്തങ്കംകൊണ്ട് സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ* തിളങ്ങുന്ന തകിട് ഉണ്ടാക്കി അതിൽ മുദ്ര കൊത്തുന്നതുപോലെ, “വിശുദ്ധി യഹോവയുടേത്” എന്ന വാക്കുകൾ ആലേഖനം ചെയ്തു.+ 31 അതിനെ തലപ്പാവിനോടു ചേർത്തുനിറുത്താൻ അതിൽ നീലനൂലുകൊണ്ടുള്ള ഒരു ചരടു പിടിപ്പിച്ചു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
32 അങ്ങനെ, സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ എല്ലാ പണിയും പൂർത്തിയായി. യഹോവ മോശയോടു കല്പിച്ച എല്ലാ കാര്യങ്ങളും ഇസ്രായേല്യർ ചെയ്തു.+ അങ്ങനെതന്നെ അവർ ചെയ്തു.
33 അവർ വിശുദ്ധകൂടാരം+ മോശയുടെ അടുത്ത് കൊണ്ടുവന്നു—കൂടാരവും+ അതിന്റെ എല്ലാ ഉപകരണങ്ങളും: അതിന്റെ കൊളുത്തുകൾ,+ അതിന്റെ ചട്ടങ്ങൾ,+ അതിന്റെ കഴകളും+ തൂണുകളും ചുവടുകളും,+ 34 ചുവപ്പുചായം+ പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോലുകൊണ്ടുള്ള അതിന്റെ ആവരണം, കടൽനായ്ത്തോലുകൊണ്ടുള്ള അതിന്റെ ആവരണം, മറയ്ക്കുന്ന തിരശ്ശീല,+ 35 സാക്ഷ്യപ്പെട്ടകവും അതിന്റെ തണ്ടുകളും+ മൂടിയും,+ 36 മേശ, അതിന്റെ എല്ലാ ഉപകരണങ്ങളും+ കാഴ്ചയപ്പവും, 37 തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്ക്, അതിന്റെ ദീപങ്ങൾ,+ അതായത് ദീപനിര, അതിന്റെ എല്ലാ ഉപകരണങ്ങളും+ ദീപങ്ങൾക്കുള്ള എണ്ണയും,+ 38 സ്വർണംകൊണ്ടുള്ള യാഗപീഠം,+ അഭിഷേകതൈലം,+ സുഗന്ധദ്രവ്യം,+ കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക,*+ 39 ചെമ്പുകൊണ്ടുള്ള+ യാഗപീഠം, അതിന്റെ ചെമ്പുജാലം, അതിന്റെ തണ്ടുകൾ,+ അതിന്റെ എല്ലാ ഉപകരണങ്ങളും,+ വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും,+ 40 മുറ്റത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകളും അവ ഉറപ്പിക്കാനുള്ള ചുവടുകളും,+ മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക,*+ അതിന്റെ കൂടാരക്കയറുകളും കൂടാരക്കുറ്റികളും+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും, 41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നെയ്തെടുത്ത മേത്തരം വസ്ത്രങ്ങൾ, പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ,+ പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്ത്രങ്ങൾ എന്നിവയാണ് അവർ കൊണ്ടുവന്നത്.
42 യഹോവ മോശയോടു കല്പിച്ചതുപോലെയായിരുന്നു ഇസ്രായേല്യർ എല്ലാ പണികളും ചെയ്തത്.+ 43 മോശ അവരുടെ പണി മുഴുവൻ പരിശോധിച്ചു, യഹോവ കല്പിച്ചതുപോലെതന്നെയാണ് അവർ എല്ലാം ചെയ്തിരിക്കുന്നതെന്നു കണ്ടു. മോശ അവരെ അനുഗ്രഹിച്ചു.