എസ്ഥേർ
3 ഇതിനു ശേഷം അഹശ്വേരശ് രാജാവ് ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാനു സ്ഥാനക്കയറ്റം കൊടുത്ത്+ ഒപ്പമുണ്ടായിരുന്ന പ്രഭുക്കന്മാരെക്കാളെല്ലാം+ ഉയർന്ന പദവിയിലാക്കി ഹാമാനെ മഹത്ത്വപ്പെടുത്തി. 2 രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള എല്ലാ ഭൃത്യന്മാരും ഹാമാനെ താണുവണങ്ങി സാഷ്ടാംഗം നമസ്കരിച്ചിരുന്നു. കാരണം, അതു രാജകല്പനയായിരുന്നു. മൊർദെഖായി പക്ഷേ, വണങ്ങാനോ നമസ്കരിക്കാനോ തയ്യാറായില്ല. 3 അതുകൊണ്ട് രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള രാജഭൃത്യർ മൊർദെഖായിയോട് “താങ്കൾ എന്താ രാജകല്പന അനുസരിക്കാത്തത്” എന്നു ചോദിച്ചു. 4 അവർ ദിവസങ്ങളോളം ചോദിച്ചിട്ടും മൊർദെഖായി അവർക്കു ശ്രദ്ധകൊടുത്തില്ല. അപ്പോൾ അവർ ഹാമാനോട്, മൊർദെഖായിയുടെ ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കാവുന്നതാണോ എന്ന് ഒന്ന് ഉറപ്പിക്കണമെന്നു പറഞ്ഞു.+ കാരണം, താൻ ഒരു ജൂതനാണെന്നു മൊർദെഖായി അവരോടു പറഞ്ഞിരുന്നു.+
5 തന്നെ താണുവണങ്ങി സാഷ്ടാംഗം നമസ്കരിക്കാൻ മൊർദെഖായി കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ ഹാമാനു കടുത്ത ദേഷ്യം വന്നു.+ 6 പക്ഷേ, മൊർദെഖായിയെ മാത്രം വകവരുത്തുന്നതു* തനിക്കു കുറച്ചിലായി അയാൾക്കു തോന്നി. കാരണം, മൊർദെഖായിയുടെ ജനത്തെക്കുറിച്ച് അവർ അയാളോടു പറഞ്ഞിരുന്നു. അങ്ങനെ, അഹശ്വേരശ് രാജാവിന്റെ സാമ്രാജ്യത്തിലെങ്ങുമുള്ള എല്ലാ ജൂതന്മാരെയും, അതായത് മൊർദെഖായിയുടെ ജനത്തെ ഒന്നടങ്കം, കൊന്നൊടുക്കാൻ ഹാമാൻ ശ്രമം തുടങ്ങി.
7 അതിനുള്ള ദിവസവും മാസവും തീരുമാനിക്കാൻ അവർ അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്,+ അതായത് നറുക്ക്, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു. 8 അപ്പോൾ ഹാമാൻ അഹശ്വേരശ് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ സാമ്രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു ജനമുണ്ട്.+ അവരുടെ നിയമങ്ങൾ മറ്റെല്ലാവരുടേതിൽനിന്നും വ്യത്യസ്തമാണ്. മാത്രമല്ല, രാജാവിന്റെ നിയമങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിനു നല്ലതല്ല. 9 തിരുമനസ്സിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാനുള്ള ഒരു കല്പന എഴുതിയുണ്ടാക്കിയാലും. രാജാവിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ 10,000 താലന്തു* വെള്ളി ഞാൻ ഉദ്യോഗസ്ഥന്മാരുടെ കൈയിൽ ഏൽപ്പിക്കാം.”*
10 അപ്പോൾ രാജാവ് സ്വന്തം മുദ്രമോതിരം+ ഊരി ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെ ശത്രുവും ആയ ഹാമാനു+ കൊടുത്തു. 11 രാജാവ് ഹാമാനോടു പറഞ്ഞു: “വെള്ളിയും ജനവും, രണ്ടും ഞാൻ നിന്നെ ഏൽപ്പിക്കുന്നു. ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക.” 12 അങ്ങനെ, ഒന്നാം മാസം 13-ാം ദിവസം രാജാവിന്റെ സെക്രട്ടറിമാരെ+ വിളിച്ചുകൂട്ടി. ഹാമാന്റെ ആജ്ഞകളെല്ലാം അവർ രാജാവിന്റെ സംസ്ഥാനാധിപതിമാർക്കും സംസ്ഥാനങ്ങളുടെ മേൽ അധികാരമുള്ള ഗവർണർമാർക്കും വ്യത്യസ്തജനങ്ങളുടെ പ്രഭുക്കന്മാർക്കും വേണ്ടി ഓരോ സംസ്ഥാനത്തിന് അതതിന്റെ ലിപിയിലും* ഓരോ ജനത്തിന് അവരവരുടെ ഭാഷയിലും എഴുതിയുണ്ടാക്കി.+ ഇത് അഹശ്വേരശ് രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രവെച്ചു.+
13 യുവാക്കളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ജൂതന്മാരെ മുഴുവൻ 12-ാം മാസമായ ആദാർ+ മാസം 13-ാം തീയതി, ഒരൊറ്റ ദിവസംകൊണ്ട് കൊന്നുമുടിച്ച് നിശ്ശേഷം നശിപ്പിക്കാനും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്താനും ആജ്ഞാപിച്ചുകൊണ്ട് രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ മുഖേന കത്തുകൾ അയച്ചു.+ 14 ആ ദിവസത്തിനുവേണ്ടി ജനമെല്ലാം ഒരുങ്ങാൻ പ്രസ്തുത രേഖയുടെ ഒരു പകർപ്പ് ഓരോ സംസ്ഥാനത്തിലും ഒരു നിയമമായി കൊടുത്ത് എല്ലാ ജനങ്ങളുടെയും ഇടയിൽ പ്രസിദ്ധമാക്കണമായിരുന്നു. 15 രാജകല്പനപ്രകാരം സന്ദേശവാഹകർ തിടുക്കത്തിൽ പോയി.+ ശൂശൻ*+ കോട്ടയിലും* ആ നിയമം പുറപ്പെടുവിച്ചു. പിന്നെ രാജാവും ഹാമാനും കുടിക്കാൻ ഇരുന്നു; പക്ഷേ ശൂശൻ നഗരം ആകെ പരിഭ്രാന്തിയിലായി.