യോശുവ
11 സംഭവിച്ചതിനെക്കുറിച്ച് കേട്ട ഉടനെ ഹാസോർരാജാവായ യാബീൻ, മാദോൻരാജാവായ+ യോബാബിനും ശിമ്രോൻരാജാവിനും അക്ക്ശാഫ്രാജാവിനും+ 2 വടക്കൻ മലനാട്ടിലും കിന്നേരെത്തിനു തെക്ക് സമതലപ്രദേശത്തും* ഷെഫേലയിലും പടിഞ്ഞാറ് ദോർകുന്നിൻചെരിവുകളിലും+ ഉള്ള രാജാക്കന്മാർക്കും 3 കിഴക്കും പടിഞ്ഞാറും ഉള്ള കനാന്യർക്കും+ അമോര്യർക്കും+ ഹിത്യർക്കും പെരിസ്യർക്കും മലനാട്ടിലുള്ള യബൂസ്യർക്കും ഹെർമോന്റെ+ അടിവാരത്തിൽ മിസ്പ ദേശത്തുള്ള ഹിവ്യർക്കും+ സന്ദേശം കൊടുത്തയച്ചു. 4 അങ്ങനെ, അവർ എല്ലാവരും തങ്ങളുടെ സൈന്യങ്ങളുമായി പുറപ്പെട്ടു. ധാരാളം കുതിരകളും യുദ്ധരഥങ്ങളും സഹിതം കടൽത്തീരത്തെ മണൽത്തരികൾപോലെ എണ്ണമറ്റ ഒരു വൻപട! 5 ഒന്നിച്ചുകൂടാൻ ധാരണയിലെത്തിയ ഈ രാജാക്കന്മാരെല്ലാം വന്ന് ഇസ്രായേലിനോടു പോരാടാൻ മേരോമിലെ നീരുറവിന് അരികെ ഒരുമിച്ച് പാളയമടിച്ചു.
6 അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ നാളെ ഈ സമയത്ത് അവരെ ഒന്നടങ്കം ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. നിങ്ങൾ അവരെ കൊന്നുവീഴ്ത്തും. അവരുടെ കുതിരകളുടെ+ കുതിഞരമ്പു നിങ്ങൾ വെട്ടണം. അവരുടെ രഥങ്ങൾ തീയിലിട്ട് ചുട്ടുകളയണം.” 7 അങ്ങനെ, യോശുവയും എല്ലാ പോരാളികളും ചേർന്ന് മേരോമിലെ നീരുറവിന് അരികെവെച്ച് അവർക്കെതിരെ അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടു. 8 യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അവരെ തോൽപ്പിച്ച് സീദോൻ മഹാനഗരം+ വരെയും മിസ്രെഫോത്ത്-മയീം+ വരെയും കിഴക്ക് മിസ്പെ താഴ്വര വരെയും പിന്തുടർന്നു. ഒരാളെപ്പോലും ബാക്കി വെക്കാതെ എല്ലാവരെയും അവർ കൊന്നുകളഞ്ഞു.+ 9 തുടർന്ന്, യഹോവ തന്നോടു പറഞ്ഞിരുന്നതുപോലെതന്നെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ തീയിലിട്ട് ചുട്ടുകളഞ്ഞു.+
10 ഇതു കൂടാതെ, യോശുവ മടങ്ങിവന്ന് ഹാസോർ പിടിച്ചടക്കി അവിടത്തെ രാജാവിനെ+ വെട്ടിക്കൊന്നു. ഹാസോർ മുമ്പ് ഈ രാജ്യങ്ങളുടെയെല്ലാം തലപ്പത്തായിരുന്നു. 11 അവർ അവിടെയുള്ള എല്ലാവരെയും വെട്ടി നിശ്ശേഷം സംഹരിച്ചു;+ ജീവനുള്ള ഒന്നും ശേഷിച്ചില്ല.+ തുടർന്ന്, ഹാസോരിനെ തീക്കിരയാക്കി. 12 യോശുവ ഈ രാജാക്കന്മാരുടെ നഗരങ്ങളെല്ലാം പിടിച്ചടക്കി അവിടത്തെ രാജാക്കന്മാരെയെല്ലാം വാളുകൊണ്ട് സംഹരിച്ചു.+ യഹോവയുടെ ദാസനായ മോശ കല്പിച്ചിരുന്നതുപോലെതന്നെ അവരെ നിശ്ശേഷം സംഹരിച്ചു.+ 13 പക്ഷേ, കുന്നിന്മുകളിലുള്ള നഗരങ്ങളിൽ ഹാസോർ ഒഴികെ ഒന്നും ഇസ്രായേൽ തീക്കിരയാക്കിയില്ല; യോശുവ തീക്കിരയാക്കിയ ഒരേ ഒരു നഗരമായിരുന്നു ഹാസോർ. 14 ഈ നഗരങ്ങളിലെ എല്ലാ വസ്തുവകകളും അവിടെയുള്ള മൃഗങ്ങളെയും ഇസ്രായേല്യർ കൊള്ളയടിച്ച് സ്വന്തമാക്കി.+ പക്ഷേ, മനുഷ്യരെയെല്ലാം അവർ വാളുകൊണ്ട് വെട്ടിക്കൊന്നു.+ ഒരാളെയും അവർ ജീവനോടെ ബാക്കി വെച്ചില്ല.+ 15 യഹോവ തന്റെ ദാസനായ മോശയോടു കല്പിച്ചിരുന്നത് അങ്ങനെതന്നെ മോശ യോശുവയോടും കല്പിച്ചു;+ യോശുവ അങ്ങനെതന്നെ പ്രവർത്തിക്കുകയും ചെയ്തു. യഹോവ മോശയോടു കല്പിച്ചിരുന്ന കാര്യങ്ങളിൽ ഒന്നുപോലും യോശുവ ചെയ്യാതെ വിട്ടില്ല.+
16 യോശുവ മലനാടും നെഗെബ്+ മുഴുവനും ഗോശെൻ ദേശം മുഴുവനും ഷെഫേലയും+ അരാബയും+ ഇസ്രായേൽമലനാടും അതിന്റെ ഷെഫേലയും* കീഴടക്കി. 17 സേയീരിനു നേരെ ഉയർന്നുനിൽക്കുന്ന ഹാലാക്ക് പർവതം മുതൽ ഹെർമോൻ പർവതത്തിന്റെ+ അടിവാരത്തുള്ള ലബാനോൻ താഴ്വരയിലെ ബാൽ-ഗാദ്+ വരെയുള്ള പ്രദേശമായിരുന്നു അത്. യോശുവ അവരുടെ രാജാക്കന്മാരെയെല്ലാം പിടികൂടി വധിച്ചു. 18 ഏറെക്കാലം യോശുവ ഈ രാജാക്കന്മാരുമായി യുദ്ധത്തിലായിരുന്നു. 19 ഗിബെയോൻനിവാസികളായ ഹിവ്യരല്ലാതെ മറ്റൊരു നഗരവും ഇസ്രായേല്യരുമായി സമാധാനബന്ധം സ്ഥാപിച്ചില്ല.+ മറ്റുള്ളവരെയെല്ലാം അവർ യുദ്ധം ചെയ്ത് കീഴ്പെടുത്തി.+ 20 അവർ ഇസ്രായേലിനോടു യുദ്ധം ചെയ്യേണ്ടതിന് അവരുടെ ഹൃദയം ശാഠ്യമുള്ളതാകാൻ യഹോവ അനുവദിച്ചു.+ ഒരു പരിഗണനയും കാണിക്കാതെ അവരെ നിശ്ശേഷം നശിപ്പിക്കാൻവേണ്ടിയായിരുന്നു ദൈവം അങ്ങനെ ചെയ്തത്.+ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെ അവരെ നിശ്ശേഷം സംഹരിക്കണമായിരുന്നു.+
21 ആ സമയത്ത് യോശുവ അനാക്യരെ+ മലനാട്ടിൽനിന്ന് തുടച്ചുനീക്കി. ഹെബ്രോൻ, ദബീർ, അനാബ്, യഹൂദാമലനാട്, ഇസ്രായേൽമലനാട് എന്നീ സ്ഥലങ്ങൾ അതിൽപ്പെടും. യോശുവ അവരെയും അവരുടെ നഗരങ്ങളെയും നിശ്ശേഷം സംഹരിച്ചു.+ 22 ഗസ്സയിലും+ ഗത്തിലും+ അസ്തോദിലും+ അല്ലാതെ ഇസ്രായേല്യരുടെ ദേശത്ത് ഒരിടത്തും ഒരു അനാക്യൻപോലും ബാക്കിയുണ്ടായിരുന്നില്ല.+ 23 അങ്ങനെ, യഹോവ മോശയോടു വാഗ്ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+