കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
2 അതുകൊണ്ട് സഹോദരങ്ങളേ, ഞാൻ ദൈവത്തിന്റെ പാവനരഹസ്യം+ അറിയിക്കാൻ നിങ്ങളുടെ അടുത്ത് വന്നപ്പോൾ വാക്ചാതുര്യമുള്ളവനെന്നു+ കാണിക്കാനോ വലിയ ബുദ്ധിമാനെന്നു വരുത്താനോ ശ്രമിച്ചില്ല. 2 സ്തംഭത്തിലേറ്റി വധിച്ച യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ+ മറ്റൊന്നിനെക്കുറിച്ചും അറിയാത്ത ഒരാളായി നിങ്ങൾക്കിടയിൽ കഴിയാമെന്നു ഞാൻ തീരുമാനിച്ചു. 3 ഭയന്നുവിറച്ച് ദുർബലനായാണു ഞാൻ നിങ്ങളുടെ അടുത്ത് വന്നത്. 4 ഞാൻ സംസാരിച്ചതും പ്രസംഗിച്ചതും ജ്ഞാനത്തിന്റെ വശീകരണവാക്കുകൾ ഉപയോഗിച്ചല്ല. ദൈവാത്മാവിന്റെ ശക്തിയാണ് എന്റെ വാക്കുകളിൽ തെളിഞ്ഞുനിന്നത്.+ 5 നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിയാണ് എന്നു വരാൻവേണ്ടിയാണു ഞാൻ അങ്ങനെ ചെയ്തത്.
6 നമ്മൾ ഇപ്പോൾ ജ്ഞാനം സംസാരിക്കുന്നതു പക്വതയുള്ളവർക്കിടയിലാണ്.+ അത് ഈ വ്യവസ്ഥിതിയുടെയോ ഈ വ്യവസ്ഥിതിയുടെ* നശിക്കാനിരിക്കുന്ന ഭരണാധികാരികളുടെയോ ജ്ഞാനമല്ല,+ 7 മറിച്ച് പാവനരഹസ്യത്തിലെ ദൈവജ്ഞാനം,+ മറഞ്ഞിരിക്കുന്ന ദൈവജ്ഞാനം, ആണ്. അതു നമ്മുടെ മഹത്ത്വത്തിനായി യുഗങ്ങൾക്കു* മുമ്പേ ദൈവം മുൻകൂട്ടി നിശ്ചയിച്ചതാണ്. 8 ഈ ജ്ഞാനം ഈ വ്യവസ്ഥിതിയുടെ* ഭരണാധികാരികളിൽ ആരും അറിഞ്ഞില്ല.+ അവർ അത് അറിഞ്ഞിരുന്നെങ്കിൽ മഹിമാധനനായ കർത്താവിനെ കൊന്നുകളയില്ലായിരുന്നു.* 9 “തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനുഷ്യമനസ്സിനു വിഭാവനചെയ്യാൻപോലും കഴിഞ്ഞിട്ടില്ല” എന്ന് എഴുതിയിട്ടുണ്ടല്ലോ.+ 10 എന്നാൽ നമുക്കു ദൈവം തന്റെ ആത്മാവിലൂടെ അവ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.+ ആത്മാവ്+ എല്ലാ കാര്യങ്ങളും, എന്തിന്, ഗഹനമായ ദൈവകാര്യങ്ങൾപോലും+ അന്വേഷിച്ചറിയുന്നു.
11 മനുഷ്യന്റെ ചിന്തകൾ അയാളുടെ ഉള്ളിലുള്ള ആത്മാവിനല്ലാതെ* വേറെ ആർക്കാണ് അറിയാവുന്നത്? അങ്ങനെതന്നെ, ദൈവത്തിന്റെ ചിന്തകളും ദൈവാത്മാവിനല്ലാതെ ആർക്കും അറിയില്ല. 12 നമുക്കു കിട്ടിയിരിക്കുന്നതു ലോകത്തിന്റെ ആത്മാവല്ല ദൈവത്തിൽനിന്നുള്ള ആത്മാവാണ്.+ അങ്ങനെ, ദൈവം നമുക്കു കനിഞ്ഞുതന്നിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്കു കഴിയുന്നു. 13 മനുഷ്യജ്ഞാനത്തിൽനിന്ന് പഠിച്ച വാക്കുകൾ ഉപയോഗിച്ചല്ല,+ ദൈവാത്മാവ് പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു+ ഞങ്ങൾ ഇക്കാര്യങ്ങൾ സംസാരിക്കുന്നത്. അങ്ങനെ, ഞങ്ങൾ ആത്മീയകാര്യങ്ങൾ ആത്മീയവാക്കുകൾകൊണ്ട് വിശദീകരിക്കുന്നു.
14 ജഡികമനുഷ്യൻ* ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല. അവ അയാൾക്കു വിഡ്ഢിത്തമായി തോന്നുന്നു. അവ ആത്മീയമായി വിലയിരുത്തേണ്ടതുകൊണ്ട് അയാൾക്ക് അവ മനസ്സിലാക്കാൻ സാധിക്കുന്നില്ല. 15 എന്നാൽ ആത്മീയമനുഷ്യൻ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നു.+ മറ്റുള്ളവർക്ക് അയാളെ ശരിയായി വിലയിരുത്താൻ കഴിയുന്നുമില്ല. 16 “യഹോവയ്ക്ക്* ഉപദേശം കൊടുക്കാൻമാത്രം ആ മനസ്സ് അറിഞ്ഞ ആരാണുള്ളത്?”+ നമുക്കു പക്ഷേ ക്രിസ്തുവിന്റെ മനസ്സുണ്ട്.+