യോശുവ
14 കനാൻ ദേശത്ത് ഇസ്രായേല്യർ അവകാശമാക്കിയ പ്രദേശം ഇതാണ്. പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ആണ് ഇത് അവർക്ക് അവകാശമായി കൊടുത്തത്.+ 2 ഒൻപതര ഗോത്രത്തിന്റെ കാര്യത്തിൽ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെ, അവർ അവകാശം നറുക്കിട്ടെടുത്തു.+ 3 മറ്റേ രണ്ടര ഗോത്രത്തിനു യോർദാന്റെ മറുകരയിൽ*+ മോശ അവകാശം കൊടുത്തിരുന്നു. പക്ഷേ, ലേവ്യർക്ക് അവരുടെ ഇടയിൽ അവകാശം കൊടുത്തില്ല.+ 4 യോസേഫിന്റെ വംശജരെ മനശ്ശെ, എഫ്രയീം+ എന്നിങ്ങനെ രണ്ടു ഗോത്രമായി+ കണക്കാക്കിയിരുന്നു. അതേസമയം ലേവ്യർക്കു ദേശത്ത് ഓഹരിയൊന്നും കൊടുത്തില്ല. താമസിക്കാൻ നഗരങ്ങളും അവരുടെ കന്നുകാലികൾക്കും ആട്ടിൻപറ്റങ്ങൾക്കും വേണ്ടി ആ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങളും മാത്രമാണ് അവർക്കു കിട്ടിയത്.+ 5 അങ്ങനെ, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ ദേശം വിഭാഗിച്ചു.
6 പിന്നെ, യഹൂദാഗോത്രത്തിലെ പുരുഷന്മാർ ഗിൽഗാലിൽ+ യോശുവയുടെ അടുത്ത് ചെന്നു. കെനിസ്യനായ യഫുന്നയുടെ മകൻ കാലേബ്+ യോശുവയോടു പറഞ്ഞു: “എന്നെയും നിന്നെയും കുറിച്ച് യഹോവ കാദേശ്-ബർന്നേയയിൽവെച്ച്+ ദൈവപുരുഷനായ+ മോശയോടു പറഞ്ഞത്+ എന്താണെന്നു നന്നായി അറിയാമല്ലോ. 7 യഹോവയുടെ ദാസനായ മോശ എന്നെ കാദേശ്-ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കാൻ അയച്ചപ്പോൾ+ എനിക്ക് 40 വയസ്സായിരുന്നു. ഞാൻ മടങ്ങിവന്ന് ഉള്ള കാര്യങ്ങൾ അതേപടി അറിയിച്ചു.*+ 8 എന്നോടൊപ്പം പോന്ന എന്റെ സഹോദരന്മാർ ജനത്തിന്റെ ഹൃദയത്തിൽ ഭയം നിറയാൻ* ഇടയാക്കിയെങ്കിലും ഞാൻ എന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ* പറ്റിനിന്നു.+ 9 അന്നു മോശ ഇങ്ങനെ സത്യം ചെയ്തു: ‘എന്റെ ദൈവമായ യഹോവയോടു നീ മുഴുഹൃദയത്തോടെ പറ്റിനിന്നതുകൊണ്ട് നീ കാൽ വെച്ച ദേശം നിനക്കും നിന്റെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള അവകാശമാകും.’+ 10 ഇസ്രായേല്യർ വിജനഭൂമിയിലൂടെ സഞ്ചരിച്ച കാലത്ത്+ യഹോവ മോശയോട് ഈ വാഗ്ദാനം ചെയ്തതുമുതൽ ഇതുവരെ, ഇക്കഴിഞ്ഞ 45 വർഷവും, ആ വാഗ്ദാനംപോലെതന്നെ+ യഹോവ എന്നെ ജീവനോടെ കാത്തുസൂക്ഷിച്ചു.+ ഇപ്പോൾ എനിക്ക് 85 വയസ്സായി. ഞാൻ ഇന്നും ഇവിടെയുണ്ട്. 11 മോശ എന്നെ അയച്ച ദിവസം എനിക്കുണ്ടായിരുന്ന അതേ ആരോഗ്യം ഇന്നും എനിക്കുണ്ട്. യുദ്ധത്തിനും മറ്റു കാര്യങ്ങൾക്കും വേണ്ട കരുത്ത് എനിക്ക് അന്നത്തെപ്പോലെതന്നെ ഇന്നുമുണ്ട്. 12 അതുകൊണ്ട്, യഹോവ അന്നു വാഗ്ദാനം ചെയ്ത ഈ മലനാട് എനിക്കു തരുക. കോട്ടമതിലുകളോടുകൂടിയ മഹാനഗരങ്ങളുള്ള+ അനാക്യർ+ അവിടെയുള്ളതായി യോശുവ അന്നു കേട്ടതാണല്ലോ. എങ്കിലും, യഹോവ ഉറപ്പു തന്നതുപോലെ ഞാൻ അവരെ ഓടിച്ചുകളയും,*+ യഹോവ തീർച്ചയായും എന്റെകൂടെയുണ്ടായിരിക്കും.”+
13 അങ്ങനെ, യോശുവ യഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവകാശമായി കൊടുത്തു.+ 14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+ 15 ഹെബ്രോന്റെ പേര് മുമ്പ് കിര്യത്ത്-അർബ+ എന്നായിരുന്നു. (അനാക്യരിൽ മഹാനായിരുന്നു അർബ.) യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+