രൂത്ത്
3 രൂത്തിന്റെ അമ്മായിയമ്മ നൊവൊമി പറഞ്ഞു: “മോളേ, നിന്റെ നല്ല ഭാവിക്കുവേണ്ടി ഞാൻ നിനക്ക് ഒരു തുണ* അന്വേഷിക്കേണ്ടതല്ലേ?+ 2 ബോവസ് നമ്മുടെ ബന്ധുവാണ്.+ ബോവസിന്റെ ജോലിക്കാരികളുടെകൂടെയായിരുന്നല്ലോ നീ. ബോവസ് ഇന്നു രാത്രി മെതിക്കളത്തിൽവെച്ച് ബാർളി പാറ്റുന്നുണ്ട്. 3 നീ ഒരു കാര്യം ചെയ്യൂ, കുളിച്ച് സുഗന്ധതൈലം പൂശി നല്ല വസ്ത്രം* ധരിച്ച് മെതിക്കളത്തിലേക്കു ചെല്ലൂ. ബോവസ് തിന്നുകുടിച്ചുകഴിയുന്നതുവരെ നീ അവിടെയുള്ള കാര്യം അദ്ദേഹം അറിയരുത്. 4 ബോവസ് കിടക്കുമ്പോൾ ആ സ്ഥലം നോക്കിവെക്കുക. എന്നിട്ട് ബോവസിന്റെ കാലിൽനിന്ന് തുണി നീക്കി അവിടെ കിടന്നുകൊള്ളുക. നീ എന്താണു ചെയ്യേണ്ടതെന്നു ബോവസ് പറഞ്ഞുതരും.”
5 അപ്പോൾ രൂത്ത്, “അമ്മ എന്നോടു പറയുന്നതെല്ലാം ഞാൻ ചെയ്യാം” എന്നു പറഞ്ഞു. 6 അങ്ങനെ, അമ്മായിയമ്മ പറഞ്ഞതനുസരിച്ച് രൂത്ത് മെതിക്കളത്തിലേക്കു പോയി. 7 അപ്പോഴേക്കും ബോവസ് തിന്നുകുടിച്ച് നല്ല സന്തോഷത്തിലായിരുന്നു. അദ്ദേഹം ധാന്യക്കൂമ്പാരത്തിന്റെ അരികിൽ പോയി കിടന്നു. രൂത്ത് പതുക്കെ ചെന്ന് ബോവസിന്റെ കാലിൽനിന്ന് തുണി നീക്കി അവിടെ കിടന്നു. 8 പാതിരാത്രിയായപ്പോൾ വിറച്ച് എഴുന്നേറ്റ ബോവസ് നോക്കുമ്പോൾ തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നു. 9 “നീ ആരാണ്” എന്നു ബോവസ് ചോദിച്ചപ്പോൾ രൂത്ത് പറഞ്ഞു: “ഞാൻ രൂത്താണ്, അങ്ങയുടെ ദാസി. ഈ ദാസിയുടെ മേൽ അങ്ങയുടെ വസ്ത്രം വിരിക്കണേ. അങ്ങ് എന്റെ ഒരു വീണ്ടെടുപ്പുകാരനാണല്ലോ.”+ 10 അപ്പോൾ ബോവസ് പറഞ്ഞു: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. നീ ദരിദ്രരോ ധനികരോ ആയ ചെറുപ്പക്കാരുടെ പിന്നാലെ പോയില്ലല്ലോ. അങ്ങനെ, നീ ആദ്യസന്ദർഭത്തെക്കാൾ+ അധികം അചഞ്ചലസ്നേഹം ഈ ഒടുവിലത്തെ സന്ദർഭത്തിൽ കാണിച്ചിരിക്കുന്നു. 11 അതുകൊണ്ട്, പേടിക്കേണ്ടാ. നീ പറയുന്നതെല്ലാം ഞാൻ നിനക്കുവേണ്ടി ചെയ്യും.+ കാരണം, നീ ഒരു ഉത്തമസ്ത്രീയാണെന്നു നഗരത്തിലുള്ള എല്ലാവർക്കും* അറിയാം. 12 ഞാൻ ഒരു വീണ്ടെടുപ്പുകാരനാണെന്നുള്ളതും ശരിയാണ്;+ എങ്കിലും, എന്നെക്കാൾ അടുത്ത ബന്ധമുള്ള മറ്റൊരു വീണ്ടെടുപ്പുകാരനുണ്ട്.+ 13 ഈ രാത്രി ഇവിടെ തങ്ങുക. രാവിലെ അയാൾ നിന്നെ വീണ്ടെടുത്താൽ* നല്ലത്, അയാൾ വീണ്ടെടുത്തുകൊള്ളട്ടെ.+ പക്ഷേ, അയാൾക്കു നിന്നെ വീണ്ടെടുക്കാൻ മനസ്സില്ലെങ്കിൽ യഹോവയാണെ, ഞാൻതന്നെ നിന്നെ വീണ്ടെടുക്കും. രാവിലെവരെ ഇവിടെ കിടന്നുകൊള്ളൂ.”
14 അങ്ങനെ, രൂത്ത് രാവിലെവരെ ബോവസിന്റെ കാൽക്കൽ കിടന്നിട്ട് ആളറിയാറാകുന്നതിനു മുമ്പ് എഴുന്നേറ്റു. അപ്പോൾ ബോവസ്, “മെതിക്കളത്തിൽ ഒരു സ്ത്രീ വന്ന കാര്യം ആരും അറിയരുത്” എന്നു പറഞ്ഞു. 15 എന്നിട്ട് ഇങ്ങനെയും പറഞ്ഞു: “നീ ധരിച്ചിരിക്കുന്ന മേലാട കൊണ്ടുവന്ന് വിരിച്ചുപിടിക്കുക.” രൂത്ത് അതു വിരിച്ചുപിടിച്ചപ്പോൾ ബോവസ് അതിൽ ആറ് അളവ്* ബാർളി ഇട്ട് അതു രൂത്തിന്റെ മേൽ വെച്ചുകൊടുത്തു. എന്നിട്ട് അദ്ദേഹം നഗരത്തിലേക്കു പോയി.
16 രൂത്ത് അമ്മായിയമ്മയുടെ അടുത്തേക്കു പോയി. അപ്പോൾ അമ്മായിയമ്മ രൂത്തിനോട്, “മോളേ, പോയ കാര്യം എന്തായി”* എന്നു ചോദിച്ചു. ആ മനുഷ്യൻ ചെയ്തുതന്നതെല്ലാം രൂത്ത് അമ്മയോടു വിവരിച്ചു. 17 “‘നീ അമ്മായിയമ്മയുടെ അടുത്തേക്കു വെറുങ്കൈയോടെ പോകേണ്ടാ’ എന്നു പറഞ്ഞ് അദ്ദേഹം എനിക്ക് ഈ ആറ് അളവ് ബാർളി തന്നു” എന്നും പറഞ്ഞു. 18 അപ്പോൾ അമ്മായിയമ്മ രൂത്തിനോടു പറഞ്ഞു: “മോളേ, ഈ കാര്യം എന്താകുമെന്ന് അറിയുന്നതുവരെ ഇവിടെ ഇരിക്കുക. കാരണം, ഇതിന് ഇന്നൊരു തീരുമാനമുണ്ടാക്കാതെ അദ്ദേഹം അടങ്ങിയിരിക്കില്ല.”