സഭാപ്രസംഗകൻ
2 “ഞാനൊന്ന് ആനന്ദിച്ചുല്ലസിക്കട്ടെ; അതുകൊണ്ട് എന്തു നേട്ടമുണ്ടെന്നു നോക്കാം” എന്നു ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ അതും വ്യർഥതയായിരുന്നു.
2 ചിരിയെക്കുറിച്ച്, “അതു ഭ്രാന്ത്!” എന്നും
ആനന്ദത്തെക്കുറിച്ച്, “അതുകൊണ്ട് എന്തു പ്രയോജനം” എന്നും ഞാൻ പറഞ്ഞു.
3 ജ്ഞാനം കൈവിടാതെതന്നെ ഞാൻ വീഞ്ഞു കുടിച്ച് രസിച്ച്+ ഹൃദയംകൊണ്ട് സൂക്ഷ്മവിശകലനം നടത്തി. ആകാശത്തിൻകീഴെയുള്ള ചുരുങ്ങിയ ആയുസ്സുകൊണ്ട് മനുഷ്യർക്കു ചെയ്യാനാകുന്ന ഏറ്റവും ഉത്തമമായ കാര്യം എന്തെന്ന് അറിയാൻ ഞാൻ വിഡ്ഢിത്തത്തിന്റെ പുറകേപോലും പോയി. 4 ഞാൻ മഹത്തായ സംരംഭങ്ങളിൽ ഏർപ്പെട്ടു.+ എനിക്കുവേണ്ടി അരമനകൾ പണിതു.+ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി.+ 5 ഞാൻ എനിക്കുവേണ്ടി തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലാ തരം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 6 വൃക്ഷത്തൈകൾ തഴച്ചുവളരുന്ന തോപ്പു* നനയ്ക്കാൻ ഞാൻ കുളങ്ങളും കുഴിച്ചു. 7 ഞാൻ ദാസന്മാരെയും ദാസിമാരെയും സമ്പാദിച്ചു.+ എന്റെ വീട്ടിൽ പിറന്ന ദാസരും* എനിക്കുണ്ടായിരുന്നു. ഞാൻ വൻതോതിൽ കന്നുകാലിക്കൂട്ടങ്ങളെയും ആട്ടിൻപറ്റങ്ങളെയും സമ്പാദിച്ചു.+ അങ്ങനെ, യരുശലേമിലെ എന്റെ ഏതു പൂർവികനെക്കാളും കൂടുതൽ മൃഗസമ്പത്ത് എനിക്കു സ്വന്തമായി. 8 ഞാൻ എനിക്കുവേണ്ടി സ്വർണവും വെള്ളിയും+ രാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും വിശേഷസമ്പത്തും*+ സ്വരൂപിച്ചുവെച്ചു. ഞാൻ ഗായകന്മാരെയും ഗായികമാരെയും സ്വന്തമാക്കി. ഒപ്പം, പുരുഷന് ആനന്ദകാരണമായ സ്ത്രീയെ, എന്തിന്, അനേകം സ്ത്രീകളെത്തന്നെ ഞാൻ സ്വന്തമാക്കി. 9 അങ്ങനെ, ഞാൻ മഹാനും യരുശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും ഉന്നതനും ആയി വളർന്നു.+ എന്റെ ജ്ഞാനമോ എന്നിൽത്തന്നെയുണ്ടായിരുന്നു.
10 ആഗ്രഹിച്ചതൊന്നും* ഞാൻ എനിക്കു നിഷേധിച്ചില്ല.+ ആനന്ദമേകുന്നതൊന്നും ഞാൻ ഹൃദയത്തിനു വിലക്കിയില്ല. കാരണം എന്റെ കഠിനാധ്വാനത്തെപ്രതി എന്റെ ഹൃദയം നല്ല ആഹ്ലാദത്തിലായിരുന്നു. ഇതായിരുന്നു എന്റെ എല്ലാ കഠിനാധ്വാനത്തിനും എനിക്കു കിട്ടിയ പ്രതിഫലം.*+ 11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+
12 പിന്നെ ഞാൻ ജ്ഞാനത്തിലേക്കും വിഡ്ഢിത്തത്തിലേക്കും ഭ്രാന്തിലേക്കും ശ്രദ്ധ തിരിച്ചു.+ (രാജാവിനു ശേഷം വരുന്നയാൾക്ക് എന്തു ചെയ്യാനാകും? നേരത്തേ ചെയ്തിട്ടുള്ള കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല.) 13 ഇരുളിനെക്കാൾ വെളിച്ചം പ്രയോജനകരമായിരിക്കുന്നതുപോലെ വിഡ്ഢിത്തത്തെക്കാൾ ജ്ഞാനം പ്രയോജനകരമെന്നു+ ഞാൻ കണ്ടു.
14 ബുദ്ധിയുള്ളവനു തലയിൽ കണ്ണുണ്ട്.*+ മണ്ടന്മാരോ ഇരുളിൽ നടക്കുന്നു.+ അവർക്കെല്ലാം സംഭവിക്കാനിരിക്കുന്നത് ഒന്നുതന്നെയെന്നും ഞാൻ മനസ്സിലാക്കി.+ 15 “മണ്ടന്മാർക്കു സംഭവിക്കുന്നതുതന്നെ എനിക്കും സംഭവിക്കും”+ എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. അങ്ങനെയെങ്കിൽ അതിബുദ്ധിമാനായതുകൊണ്ട് ഞാൻ എന്തു നേടി? അതുകൊണ്ട്, “ഇതും വ്യർഥതതന്നെ” എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. 16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+
17 അങ്ങനെ, സൂര്യനു കീഴെ സംഭവിക്കുന്നതെല്ലാം വേദനാജനകമായി തോന്നിയതുകൊണ്ട് ഞാൻ ജീവിതം വെറുത്തു.+ എല്ലാം വ്യർഥമാണ്,+ കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ 18 സൂര്യനു കീഴെ ഞാൻ എന്തിനൊക്കെവേണ്ടി കഠിനാധ്വാനം ചെയ്തോ അവയെ എല്ലാം ഞാൻ വെറുത്തു.+ കാരണം എനിക്കു ശേഷം വരുന്നവനുവേണ്ടി അവയെല്ലാം ഞാൻ വിട്ടിട്ടുപോകണമല്ലോ.+ 19 അവൻ ബുദ്ധിമാനോ വിഡ്ഢിയോ എന്ന് ആർക്ക് അറിയാം?+ അവൻ എങ്ങനെയുള്ളവനായാലും ഞാൻ വളരെ ശ്രമം ചെയ്ത് ജ്ഞാനം ഉപയോഗിച്ച് സൂര്യനു കീഴെ സമ്പാദിച്ചതെല്ലാം അവൻ കൈയടക്കും. ഇതും വ്യർഥതയാണ്. 20 സൂര്യനു കീഴെ ഞാൻ ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചെല്ലാം ഓർത്ത് എന്റെ ഹൃദയം നിരാശയിലായി. 21 ജ്ഞാനത്തോടെയും അറിവോടെയും വൈദഗ്ധ്യത്തോടെയും ഒരു മനുഷ്യൻ കഠിനാധ്വാനം ചെയ്തേക്കാം. പക്ഷേ, താൻ നേടിയതെല്ലാം അതിനുവേണ്ടി അധ്വാനിക്കാത്ത ഒരാൾക്കു വിട്ടുകൊടുക്കേണ്ടിവരും.+ ഇതും വ്യർഥതയും വലിയ ദുരന്തവും ആണ്.
22 വാസ്തവത്തിൽ, ഒരു മനുഷ്യനു സൂര്യനു കീഴെയുള്ള തന്റെ എല്ലാ കഠിനാധ്വാനംകൊണ്ടും അതിനു പ്രേരിപ്പിക്കുന്ന അതിമോഹംകൊണ്ടും* എന്തു നേട്ടമാണുള്ളത്?+ 23 ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന കാര്യങ്ങൾ നിരാശയ്ക്കും മനഃക്ലേശത്തിനും കാരണമാകുന്നു.+ രാത്രിയിൽപ്പോലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല.+ ഇതും വ്യർഥതയാണ്.
24 തിന്നുകയും കുടിക്കുകയും അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യന് ഒന്നുമില്ല.+ പക്ഷേ ഇതും സത്യദൈവത്തിന്റെ കൈകളിൽനിന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.+ 25 എന്നെക്കാൾ മെച്ചമായി തിന്നുകയും കുടിക്കുകയും ചെയ്യുന്ന വേറെ ആരുമില്ലല്ലോ.+
26 തന്നെ പ്രസാദിപ്പിക്കുന്നവനു സത്യദൈവം ജ്ഞാനവും അറിവും അത്യാനന്ദവും കൊടുക്കുന്നു.+ പക്ഷേ, ദൈവം പാപിക്കു ശേഖരിക്കാനുള്ള ജോലി കൊടുക്കുന്നു; തന്നെ പ്രസാദിപ്പിക്കുന്നവനു കൊടുക്കാൻവേണ്ടി കേവലം സമാഹരിക്കാനുള്ള ജോലി!+ ഇതും വ്യർഥതയാണ്; കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.