രാജാക്കന്മാർ രണ്ടാം ഭാഗം
25 സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്നേസർ+ അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു.+ അയാൾ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+ 2 സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 11-ാം വർഷംവരെ അവർ നഗരം ഉപരോധിച്ചു. 3 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും നഗരത്തിൽ ക്ഷാമം രൂക്ഷമായി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ 4 കൽദയർ നഗരമതിൽ തകർത്തു.+ അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ ഓടിരക്ഷപ്പെട്ടു. രാജാവ് അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+ 5 പക്ഷേ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യരീഹൊമരുപ്രദേശത്തുവെച്ച് പിടികൂടി. സിദെക്കിയയുടെ സൈന്യം നാലുപാടും ചിതറിയോടി. 6 കൽദയസൈന്യം സിദെക്കിയയെ പിടിച്ച്+ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അവർ സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 7 അവർ സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. പിന്നെ നെബൂഖദ്നേസർ സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച് കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.+
8 അഞ്ചാം മാസം ഏഴാം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ+ യരുശലേമിലേക്കു വന്നു.+ 9 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും+ രാജകൊട്ടാരത്തിനും+ യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ പ്രമുഖവ്യക്തികളുടെ വീടുകളും ചുട്ടുചാമ്പലാക്കി.+ 10 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+ 11 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിൽ ശേഷിച്ചവരെയും കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ജനത്തിൽ ബാക്കിയുള്ളവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ 12 എന്നാൽ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കാനും അടിമപ്പണി ചെയ്യാനും ദരിദ്രരായ ചിലരെ കാവൽക്കാരുടെ മേധാവി ദേശത്ത് വിട്ടിട്ട് പോയി.+ 13 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+ 14 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും പാനപാത്രങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി. 15 തനിത്തങ്കവും+ വെള്ളിയും+ കൊണ്ടുള്ള കുഴിയൻപാത്രങ്ങളും കത്തിയ തിരി ഇടുന്ന പാത്രങ്ങളും കാവൽക്കാരുടെ മേധാവി കൊണ്ടുപോയി. 16 ശലോമോൻ യഹോവയുടെ ഭവനത്തിനുവേണ്ടി ഉണ്ടാക്കിയ ഉന്തുവണ്ടികളിലും കടലിലും രണ്ടു തൂണുകളിലും ഉപയോഗിച്ച ചെമ്പിന്റെ തൂക്കം, അളക്കാൻ കഴിയാത്തത്ര അധികമായിരുന്നു.+ 17 തൂണുകൾക്ക് ഓരോന്നിനും 18 മുഴം* ഉയരമുണ്ടായിരുന്നു.+ അതിനു മുകളിലുണ്ടായിരുന്ന, ചെമ്പുകൊണ്ടുള്ള മകുടത്തിന്റെ ഉയരം മൂന്നു മുഴമായിരുന്നു. മകുടത്തിനു ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴങ്ങളും ചെമ്പുകൊണ്ടുള്ളതായിരുന്നു.+ വലപ്പണിയോടുകൂടിയ രണ്ടാമത്തെ തൂണും അതുപോലെതന്നെയായിരുന്നു.
18 കാവൽക്കാരുടെ മേധാവി മുഖ്യപുരോഹിതനായ സെരായയെയും+ രണ്ടാം പുരോഹിതനായ സെഫന്യയെയും+ മൂന്നു വാതിൽക്കാവൽക്കാരെയും കൂടെ പിടിച്ചുകൊണ്ടുപോയി.+ 19 കാവൽക്കാരുടെ മേധാവി നഗരത്തിലുണ്ടായിരുന്ന സേനാപതിയായ ഒരു കൊട്ടാരോദ്യോഗസ്ഥനെയും രാജാവിന്റെ അടുത്ത സഹകാരികളിൽ അഞ്ചു പേരെയും ആളുകളെ വിളിച്ചുകൂട്ടുന്ന, സൈന്യാധിപന്റെ സെക്രട്ടറിയെയും അവിടെ കണ്ട സാധാരണക്കാരായ 60 ആളുകളെയും പിടികൂടി. 20 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ അവരെ രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുത്തേക്കു കൊണ്ടുപോയി.+ 21 ബാബിലോൺരാജാവ് ഹമാത്ത്+ ദേശത്തെ രിബ്ലയിൽവെച്ച് അവരെയെല്ലാം വെട്ടിക്കൊന്നു. അങ്ങനെ യഹൂദയ്ക്കു സ്വദേശം വിട്ട് ബന്ദിയായി പോകേണ്ടിവന്നു.+
22 പിന്നെ, ബാബിലോൺരാജാവായ നെബൂഖദ്നേസർ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ യഹൂദാദേശത്ത് താൻ ബാക്കി വെച്ച ആളുകളുടെ അധിപതിയായി നിയമിച്ചു.+ 23 ബാബിലോൺരാജാവ് ഗദല്യയെ നിയമിച്ച വിവരം അറിഞ്ഞ ഉടനെ എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും മിസ്പയിൽ ഗദല്യയുടെ അടുത്തേക്കു വന്നു. നെഥന്യയുടെ മകനായ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ, മാഖാത്യന്റെ മകനായ യയസന്യ എന്നിവരും അവരുടെ ആളുകളും ആണ് വന്നത്.+ 24 ഗദല്യ അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞു: “കൽദയരെ സേവിക്കുന്നതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ പേടിക്കേണ്ടാ. ദേശത്ത് താമസിച്ച് ബാബിലോൺരാജാവിനെ സേവിച്ചുകൊള്ളുക. അതു നിങ്ങൾക്കു ഗുണം ചെയ്യും.”+
25 എന്നാൽ ഏഴാം മാസം രാജവംശത്തിൽപ്പെട്ട* എലീശാമയുടെ മകനായ നെഥന്യയുടെ മകൻ യിശ്മായേൽ+ പത്തു പേരെയും കൂട്ടി വന്ന് ഗദല്യയെയും അദ്ദേഹത്തോടുകൂടെ മിസ്പയിലുണ്ടായിരുന്ന ജൂതരെയും കൽദയരെയും ആക്രമിച്ച് കൊലപ്പെടുത്തി.+ 26 അപ്പോൾ സൈന്യാധിപന്മാർ ഉൾപ്പെടെ ചെറിയവരും വലിയവരും ആയ ആളുകളെല്ലാം കൽദയരെ പേടിച്ച്+ ഈജിപ്തിലേക്കു രക്ഷപ്പെട്ടു.+
27 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാസത്തിലേക്കു പോയതിന്റെ 37-ാം വർഷം 12-ാം മാസം 27-ാം ദിവസം ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ വർഷംതന്നെ, തടവിൽനിന്ന് യഹോയാഖീനെ മോചിപ്പിച്ചു.*+ 28 എവീൽ-മെരോദക്ക് യഹോയാഖീനോടു ദയയോടെ സംസാരിച്ചു; യഹോയാഖീന്റെ സിംഹാസനത്തെ ബാബിലോണിൽ യഹോയാഖീനോടൊപ്പമുണ്ടായിരുന്ന മറ്റു രാജാക്കന്മാരുടെ സിംഹാസനത്തെക്കാൾ ഉയർത്തി. 29 അങ്ങനെ യഹോയാഖീൻ താൻ തടവറയിൽ ധരിച്ചിരുന്ന വസ്ത്രം മാറി. ജീവിതകാലം മുഴുവൻ യഹോയാഖീൻ പതിവായി ബാബിലോൺരാജാവിന്റെ സന്നിധിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. 30 യഹോയാഖീനു മരണംവരെ എല്ലാ ദിവസവും രാജാവിൽനിന്ന് ഭക്ഷണവിഹിതം കിട്ടിയിരുന്നു.