തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
1 പൗലോസും സില്വാനൊസും*+ തിമൊഥെയൊസും+ പിതാവായ ദൈവത്തോടും കർത്താവായ യേശുക്രിസ്തുവിനോടും യോജിപ്പിലുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്:
നിങ്ങൾക്കു ദൈവത്തിന്റെ അനർഹദയയും സമാധാനവും!
2 നിങ്ങളെ എല്ലാവരെയും പ്രാർഥനയിൽ ഓർക്കുമ്പോഴെല്ലാം ഞങ്ങൾ ദൈവത്തിനു നന്ദി പറയാറുണ്ട്.+ 3 വിശ്വസ്തതയോടെയുള്ള നിങ്ങളുടെ പ്രവൃത്തികളും സ്നേഹത്തോടെ നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശ+ നിമിത്തം നിങ്ങൾ കാണിക്കുന്ന സഹനശക്തിയും നമ്മുടെ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ എപ്പോഴും ഓർക്കുന്നു. 4 ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, നിങ്ങളെ ദൈവം തിരഞ്ഞെടുത്തിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയാം. 5 ഞങ്ങൾ നിങ്ങളോടു സന്തോഷവാർത്ത അറിയിച്ചപ്പോൾ അതു വാക്കുകളിൽ മാത്രമായി ഒതുങ്ങിനിന്നില്ല. പകരം ശക്തിയോടെയും പൂർണബോധ്യത്തോടെയും പരിശുദ്ധാത്മാവിനാലാണു* ഞങ്ങൾ പ്രസംഗിച്ചത്. ഞങ്ങൾ നിങ്ങൾക്കുവേണ്ടി നിങ്ങളുടെ ഇടയിൽ എങ്ങനെയുള്ളവരായിത്തീർന്നെന്നു നിങ്ങൾക്കുതന്നെ നന്നായി അറിയാമല്ലോ. 6 വളരെയേറെ കഷ്ടതകൾ+ സഹിക്കേണ്ടിവന്നെങ്കിലും പരിശുദ്ധാത്മാവിൽനിന്നുള്ള സന്തോഷത്തോടെ ദൈവവചനം സ്വീകരിച്ചവരാണു നിങ്ങൾ. അതുവഴി, നിങ്ങൾ ശരിക്കും ഞങ്ങളുടെയും+ കർത്താവിന്റെയും+ അനുകാരികളായി. 7 മാസിഡോണിയയിലും അഖായയിലും ഉള്ള വിശ്വാസികൾക്കെല്ലാം നിങ്ങൾ ഒരു മാതൃകയുമായി.
8 വാസ്തവത്തിൽ യഹോവയുടെ* വചനത്തിന്റെ മാറ്റൊലി നിങ്ങളിൽനിന്ന് മാസിഡോണിയയിലും അഖായയിലും പരന്നെന്നു മാത്രമല്ല ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം മറ്റെല്ലാ നാട്ടിലും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു.+ അതുകൊണ്ട് ഞങ്ങൾ ഇനി അവിടെയൊന്നും കൂടുതലായി എന്തെങ്കിലും പറയേണ്ടതില്ല. 9 ഞങ്ങൾ ആദ്യമായി നിങ്ങളുടെ അടുത്ത് എത്തിയതിനെക്കുറിച്ച് അവർതന്നെ വിവരിക്കുന്നല്ലോ. നിങ്ങൾ വിഗ്രഹങ്ങളെ വിട്ട്+ ജീവനുള്ള സത്യദൈവത്തിലേക്കു തിരിഞ്ഞ് ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചും 10 ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തിൽനിന്ന്+ നമ്മളെ രക്ഷിക്കുന്നവനും ആയ യേശു എന്ന ദൈവപുത്രൻ സ്വർഗത്തിൽനിന്ന് വരാൻ+ കാത്തിരിക്കുന്നതിനെക്കുറിച്ചും അവർ പറയുന്നു.