ദിനവൃത്താന്തം രണ്ടാം ഭാഗം
32 ഹിസ്കിയ ഇക്കാര്യങ്ങളെല്ലാം വിശ്വസ്തമായി ചെയ്തു.+ അതിനു ശേഷം, അസീറിയൻ രാജാവായ സൻഹെരീബ് വന്ന് യഹൂദ ആക്രമിച്ചു. കോട്ടമതിലുള്ള നഗരങ്ങൾ പിടിച്ചടക്കാനായി അവയ്ക്ക് ഉപരോധം ഏർപ്പെടുത്തി.+
2 യരുശലേമിനോടു യുദ്ധം ചെയ്യാൻ സൻഹെരീബ് വന്നിരിക്കുന്നെന്ന് അറിഞ്ഞപ്പോൾ, 3 പ്രഭുക്കന്മാരോടും യോദ്ധാക്കളോടും ആലോചിച്ചശേഷം, നഗരത്തിനു പുറത്തുള്ള നീരുറവകൾ അടച്ചുകളയാൻ ഹിസ്കിയ തീരുമാനിച്ചു;+ അവർ രാജാവിനു പൂർണപിന്തുണ നൽകി. 4 കുറെ പേരെ ഹിസ്കിയ വിളിച്ചുകൂട്ടി. “അസീറിയൻ രാജാക്കന്മാർ വരുമ്പോൾ അവർക്കു വെള്ളം കിട്ടരുത്” എന്നു പറഞ്ഞ് അവർ എല്ലാവരുംകൂടെ, ദേശത്തിലൂടെ ഒഴുകിയിരുന്ന അരുവിയും എല്ലാ നീരുറവകളും മൂടിക്കളഞ്ഞു.
5 ഹിസ്കിയ നിശ്ചയദാർഢ്യത്തോടെ ചെന്ന്, പൊളിഞ്ഞുകിടന്ന മതിൽ മുഴുവൻ പുതുക്കിപ്പണിത് അതിന്മേൽ ഗോപുരങ്ങൾ നിർമിച്ചു. ആ മതിലിനു വെളിയിൽ മറ്റൊരു മതിൽകൂടി പണിതു. ദാവീദിന്റെ നഗരത്തിലുള്ള മില്ലോയുടെ*+ കേടുപാടുകൾ തീർക്കുകയും ധാരാളം ആയുധങ്ങളും പരിചകളും ഉണ്ടാക്കുകയും ചെയ്തു. 6 പിന്നെ ജനത്തിന്മേൽ സൈനികമേധാവികളെ നിയമിച്ചിട്ട് അവരെയെല്ലാം നഗരകവാടത്തിന് അടുത്തുള്ള പൊതുസ്ഥലത്ത്* കൂട്ടിവരുത്തി. അവർക്കു ധൈര്യം പകർന്നുകൊണ്ട്* ഹിസ്കിയ പറഞ്ഞു: 7 “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട് നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്.+ 8 വെറും മനുഷ്യശക്തിയിലാണ് അയാൾ ആശ്രയിച്ചിരിക്കുന്നത്. എന്നാൽ നമ്മുടെകൂടെയുള്ളതു നമ്മുടെ ദൈവമായ യഹോവയാണ്. നമ്മുടെ ദൈവം നമ്മളെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.”+ യഹൂദാരാജാവായ ഹിസ്കിയയുടെ ഈ വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.+
9 പരിവാരങ്ങളോടൊപ്പം* ലാഖീശിൽ പാളയമടിച്ചിരുന്ന അസീറിയൻ രാജാവായ സൻഹെരീബ്+ യരുശലേമിലേക്കു ദാസന്മാരെ അയച്ച് യഹൂദാരാജാവായ ഹിസ്കിയയോടും യരുശലേമിലുള്ള എല്ലാ യഹൂദ്യരോടും+ ഇങ്ങനെ പറഞ്ഞു:
10 “അസീറിയൻ രാജാവായ സൻഹെരീബ് പറയുന്നു: ‘എന്തു വിശ്വസിച്ചാണു നിങ്ങൾ ഉപരോധത്തിലായിരിക്കുന്ന യരുശലേമിൽത്തന്നെ കഴിയുന്നത്?+ 11 “അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് നമ്മുടെ ദൈവമായ യഹോവ നമ്മളെ രക്ഷിക്കും”+ എന്നു പറഞ്ഞ് ഹിസ്കിയ നിങ്ങളെ പറ്റിക്കുകയാണ്. അതു വിശ്വസിച്ചാൽ നിങ്ങൾ പട്ടിണി കിടന്നും ദാഹിച്ചും ചാകുകയേ ഉള്ളൂ. 12 ഈ ഹിസ്കിയതന്നെയല്ലേ നിങ്ങളുടെ ദൈവത്തിന്റെ* യാഗപീഠങ്ങളും+ ദൈവത്തെ ആരാധിക്കാനുള്ള ഉയർന്ന സ്ഥലങ്ങളും നീക്കിക്കളഞ്ഞത്?+ “നിങ്ങൾ ഒരു യാഗപീഠത്തിനു മുന്നിൽ മാത്രമേ കുമ്പിടാവൂ; അതിൽ മാത്രമേ യാഗവസ്തുക്കൾ ദഹിപ്പിക്കാവൂ”*+ എന്ന് യഹൂദയോടും യരുശലേമിനോടും പറഞ്ഞതും അയാൾത്തന്നെയല്ലേ? 13 ഇക്കണ്ട ദേശങ്ങളിലെ ജനതകളോടെല്ലാം ഞാനും എന്റെ പൂർവികരും ചെയ്തത് എന്താണെന്നു നിങ്ങൾക്ക് അറിയില്ലേ?+ അവരുടെ ദൈവങ്ങൾക്ക് എന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞോ?+ 14 എന്റെ പൂർവികർ നശിപ്പിച്ചുകളഞ്ഞ ജനതകളുടെ ഏതെങ്കിലുമൊരു ദൈവത്തിനു സ്വന്തം ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞോ? പിന്നെ എങ്ങനെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്ന് രക്ഷിക്കും?+ 15 നിങ്ങളെ ഇങ്ങനെ വഞ്ചിക്കാനും വഴിതെറ്റിക്കാനും ഹിസ്കിയയെ അനുവദിക്കരുത്!+ മറ്റു ജനതകളുടെയും രാജ്യങ്ങളുടെയും ദൈവങ്ങൾക്കൊന്നും എന്റെയോ എന്റെ പൂർവികരുടെയോ കൈയിൽനിന്ന് അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്ന് രക്ഷിക്കും? അതുകൊണ്ട് നിങ്ങൾ ഹിസ്കിയയെ വിശ്വസിക്കരുത്.’”+
16 സത്യദൈവമായ യഹോവയ്ക്കും ദൈവത്തിന്റെ ദാസനായ ഹിസ്കിയയ്ക്കും എതിരെ സൻഹെരീബിന്റെ ദാസന്മാർ മറ്റു പല കാര്യങ്ങളും പറഞ്ഞു. 17 ഇസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ചും അധിക്ഷേപിച്ചും+ കൊണ്ട് അയാൾ ഇങ്ങനെ ചില കത്തുകളും എഴുതി:+ “മറ്റു ദേശങ്ങളിലെ ദൈവങ്ങൾക്ക് എന്റെ കൈയിൽനിന്ന് അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല.+ ഹിസ്കിയയുടെ ദൈവത്തിനും സ്വന്തം ജനത്തെ രക്ഷിക്കാൻ കഴിയില്ല.” 18 മതിലിന്മേലുണ്ടായിരുന്ന യരുശലേംനിവാസികളുടെ ധൈര്യം ചോർത്തിക്കളയാൻവേണ്ടി അവർ ജൂതന്മാരുടെ ഭാഷയിൽ പലതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവരെ ഭയപ്പെടുത്തി നഗരം പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.+ 19 ഭൂമിയിലെ മറ്റു ജനതകളുടെ ദൈവങ്ങൾക്കെതിരെ, വെറും മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങൾക്കെതിരെ, സംസാരിക്കുന്നതുപോലെ അവർ യരുശലേമിലെ ദൈവത്തിന് എതിരെ സംസാരിച്ചു. 20 എന്നാൽ ഹിസ്കിയ രാജാവും ആമൊസിന്റെ മകനായ യശയ്യ പ്രവാചകനും+ ഇക്കാര്യങ്ങളെക്കുറിച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു; അവർ സഹായത്തിനായി സ്വർഗത്തിലെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.+
21 അപ്പോൾ യഹോവ ഒരു ദൂതനെ അയച്ച് അസീറിയൻ പാളയത്തിലെ എല്ലാ വീരയോദ്ധാക്കളെയും നായകന്മാരെയും സൈനികമേധാവികളെയും കൊന്നുകളഞ്ഞു.+ അങ്ങനെ അസീറിയൻ രാജാവ് നാണംകെട്ട് സ്വദേശത്തേക്കു തിരിച്ചുപോയി. പിന്നീട് അസീറിയൻ രാജാവ് അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ* ചെന്നപ്പോൾ അയാളുടെ ചില ആൺമക്കൾതന്നെ അയാളെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ 22 അങ്ങനെ അസീറിയൻ രാജാവായ സൻഹെരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്ന് യഹോവ ഹിസ്കിയയെയും യരുശലേംനിവാസികളെയും രക്ഷിച്ചു; ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും ദൈവം അവർക്കു സ്വസ്ഥത നൽകി. 23 ആ സംഭവത്തിനു ശേഷം എല്ലാ ജനതകളും ഹിസ്കിയയെ വളരെ ആദരിച്ചു. യഹോവയ്ക്കു കാഴ്ചകളും യഹൂദാരാജാവായ ഹിസ്കിയയ്ക്കു വിശിഷ്ടവസ്തുക്കളും ആയി ധാരാളം ആളുകൾ യരുശലേമിലേക്കു വന്നു.+
24 അക്കാലത്ത് ഒരു രോഗം വന്ന് ഹിസ്കിയ മരിക്കാറായി. അപ്പോൾ ഹിസ്കിയ യഹോവയോടു പ്രാർഥിച്ചു;+ ദൈവം ആ പ്രാർഥന കേട്ട് ഹിസ്കിയയ്ക്ക് ഒരു അടയാളം കൊടുത്തു.+ 25 എന്നാൽ ഹിസ്കിയയുടെ ഹൃദയം അഹങ്കരിച്ചു; ദൈവം ചെയ്തുകൊടുത്ത നല്ല കാര്യങ്ങൾക്കു ഹിസ്കിയ നന്ദി കാണിച്ചില്ല. അങ്ങനെ തന്റെതന്നെയും യഹൂദയുടെയും യരുശലേമിന്റെയും മേൽ ഹിസ്കിയ ദൈവകോപം വിളിച്ചുവരുത്തി. 26 എന്നാൽ ഹിസ്കിയയും യരുശലേമിലുള്ളവരും അവരുടെ അഹങ്കാരം വെടിഞ്ഞ് താഴ്മ കാണിച്ചതുകൊണ്ട്+ ഹിസ്കിയയുടെ കാലത്ത് യഹോവയുടെ ഉഗ്രകോപം അവരുടെ മേൽ വന്നില്ല.+
27 ഹിസ്കിയയുടെ സമ്പത്തും പ്രതാപവും വർധിച്ചു.+ സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, സുഗന്ധതൈലം,* പരിചകൾ എന്നിവയ്ക്കും വിശേഷപ്പെട്ട എല്ലാ വസ്തുക്കൾക്കും വേണ്ടി രാജാവ് സംഭരണമുറികൾ പണിതു.+ 28 ധാന്യത്തിനും പുതുവീഞ്ഞിനും എണ്ണയ്ക്കും വേണ്ടിയും സംഭരണശാലകൾ നിർമിച്ചു. രാജാവിന്റെ ആടുകൾക്കും മറ്റെല്ലാ മൃഗങ്ങൾക്കും വേണ്ടി കൂടുകളും തൊഴുത്തുകളും ഉണ്ടാക്കി. 29 ദൈവം ഹിസ്കിയയ്ക്കു ധാരാളം സമ്പത്തു നൽകി; രാജാവ് നഗരങ്ങൾ പണിയുകയും നിരവധി ആടുമാടുകളെയും കന്നുകാലികളെയും മറ്റു മൃഗങ്ങളെയും സമ്പാദിക്കുകയും ചെയ്തു. 30 ഹിസ്കിയയാണു ഗീഹോൻനീരുറവിലെ+ വെള്ളം കൊണ്ടുപോയിരുന്ന മുകളിലൂടെയുള്ള ചാൽ അടച്ച്+ വെള്ളം നേരെ പടിഞ്ഞാറ് ദാവീദിന്റെ നഗരത്തിലേക്കു+ തിരിച്ചുവിട്ടത്. ചെയ്ത എല്ലാത്തിലും ഹിസ്കിയ വിജയിച്ചു. 31 എന്നാൽ ദേശത്ത് ഉണ്ടായ+ അടയാളത്തെക്കുറിച്ച് അന്വേഷിക്കാൻ ബാബിലോൺപ്രഭുക്കന്മാരുടെ വക്താക്കൾ എത്തിയപ്പോൾ,+ ഹിസ്കിയയുടെ ഹൃദയത്തിലുള്ളത് എന്താണെന്ന്+ അറിയാനും ഹിസ്കിയയെ പരീക്ഷിക്കാനും+ വേണ്ടി ദൈവം ഹിസ്കിയയെ സഹായിക്കാതെ തനിച്ചുവിട്ടു.
32 ഹിസ്കിയയുടെ ബാക്കി പ്രവർത്തനങ്ങളെക്കുറിച്ചും ഹിസ്കിയ കാണിച്ച അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും+ ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ ദിവ്യദർശനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+ ആ ദർശനം യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.+ 33 പിന്നെ ഹിസ്കിയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ഹിസ്കിയയെ ദാവീദിന്റെ ആൺമക്കളുടെ ശ്മശാനസ്ഥലത്തേക്കുള്ള കയറ്റത്തിൽ അടക്കം ചെയ്തു.+ ഹിസ്കിയ മരിച്ചപ്പോൾ യഹൂദയിലും യരുശലേമിലും ഉള്ള എല്ലാവരും ഹിസ്കിയയോട് ആദരവ് കാണിച്ചു. ഹിസ്കിയയുടെ മകൻ മനശ്ശെ അടുത്ത രാജാവായി.